This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദ്, മുല്‍ക് രാജ് (1905 - 2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദ്, മുല്‍ക് രാജ് (1905 - 2004)

ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരന്‍. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കലാനിരൂപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്. ഭാരതത്തിലെ ദരിദ്രജനതയുടെ ജീവിതം അനുകമ്പയോടും യഥാതഥമായും ചിത്രീകരിച്ച സാഹിത്യകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് മുല്‍ക് രാജ് ആനന്ദ്. പഞ്ചാബി, ഹിന്ദുസ്ഥാനി ഭാഷകളിലെ പല പദപ്രയോഗങ്ങളും ഇംഗ്ലീഷ് ഭാഷയിലേക്കു സന്നിവേശിപ്പിച്ച ആദ്യത്തെ ഭാരതീയ സാഹിത്യകാരനും ഇദ്ദേഹമാണ്. ഇക്കാരണങ്ങളാല്‍ 'ഭാരതത്തിന്റെ ചാള്‍സ് ഡിക്കന്‍സ്' എന്ന വിശേഷണം ആനന്ദിനു ലഭിച്ചിട്ടുണ്ട്.

മുല്‍ക് രാജ് ആനന്ദ്

പെഷവാറില്‍ ലാല്‍ ചന്ദിന്റെയും ഈശ്വര്‍ കൌറിന്റെയും മകനായി ആനന്ദ് ജനിച്ചു. ബാല്യകാലത്തുതന്നെ ബ്രിട്ടിഷ് ഭരണത്തോടുള്ള പിതാവിന്റെ വിധേയത്വത്തെ ആനന്ദ് എതിര്‍ത്തിരുന്നു. ഒരു മുസ്ലിം വനിതയുമായിരുന്ന് ആഹാരം കഴിച്ചതിനു സമുദായത്തില്‍നിന്നു പുറത്താക്കപ്പെട്ട ഒരു അമ്മായിയുടെ ആത്മഹത്യയാണ് ആനന്ദിന്റെ തൂലിക ആദ്യമായി ചലിപ്പിച്ചത്. ഒരു മുസ്ലിം വനിതയോടുള്ള പ്രേമം കവിതാരചനയ്ക്കും പ്രചോദനമേകി. അമൃത്സറിലെ ഖല്‍സാ കോളജിലെ വിദ്യാഭ്യാസത്തിനുശേഷം 1921-ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ പഠനം തുടരുകയും 1924-ല്‍ പ്രശസ്തമായ നിലയില്‍ ബിരുദം നേടുകയും ചെയ്തു. പിന്നീട് കേംബ്രിഡ്ജിലും ലണ്ടന്‍ സര്‍വകലാശാലയിലും പഠനം തുടര്‍ന്ന ആനന്ദ് 1929-ല്‍ ഡോക്ടറേറ്റ് നേടി. ജനീവയിലെ ലീഗ് ഒഫ് നേഷന്‍സ് സ്കൂള്‍ ഒഫ് ഇന്റലക്ച്വല്‍ കോ-ഓപ്പറേഷനിലും 1932-45 കാലയളവില്‍ ലണ്ടനിലെ വര്‍ക്കേഴ്സ് എഡ്യൂക്കേഷണല്‍ അസോസിയേഷനിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു.

1930-കളിലും 40-കളിലും ലണ്ടനിലെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കുപരിയായി ഭാരതത്തിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളിലും ആനന്ദ് സജീവമായി പങ്കെടുത്തിരുന്നു. സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ റിപ്പബ്ളിക്കന്‍ പ്രവര്‍ത്തകരുമായി സഹകരിക്കാനും ആനന്ദ് തയ്യാറായി. രണ്ടാം ലോകയുദ്ധകാലത്ത് ലണ്ടനിലെ ബി.ബി.സി.യുടെ ഫിലിം ഡിവിഷനില്‍ പ്രക്ഷേപകനായും സ്ക്രിപ്റ്റ് റൈറ്ററായും സേവനമനുഷ്ഠിച്ചു. ഇക്കാലത്തു പ്രശസ്ത സാഹിത്യകാരനായ ജോര്‍ജ് ഓര്‍വലിന്റെ ഉത്തമസുഹൃത്തായിരുന്നു ആനന്ദ്.

രണ്ടാംലോക യുദ്ധത്തിനുശേഷം ഭാരതത്തില്‍ തിരിച്ചെത്തിയ ആനന്ദ് മുംബൈയില്‍ വാസമുറപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുകയും ചെയ്തു. 1946-ല്‍ കലാമാസികയായ മാര്‍ഗ പ്രസിദ്ധീകരിച്ചു തുടങ്ങി. അതോടൊപ്പം 'കുത്തബ്' പ്രസാധകശാലയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. 1948-66 കാലയളവില്‍ പല ഇന്ത്യന്‍ സര്‍വകലാശാലകളിലും അധ്യാപനത്തിലേര്‍പ്പെട്ടു. 1960-കളില്‍ പഞ്ചാബ് സര്‍വകലാശാലയിലെ ലിറ്ററെച്ചര്‍ ആന്‍ഡ് ഫൈന്‍ ആര്‍ട്സ് വകുപ്പില്‍ പ്രൊഫസറായും സിംലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1965-70 കാലയളവില്‍ നാഷണല്‍ അക്കാദമി ഒഫ് ആര്‍ട്സില്‍ ഫൈന്‍ ആര്‍ട്സ് ചെയര്‍മാനായിരുന്നു. 1970-ല്‍ ലോകായത ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിക്കപ്പെട്ടു. ന്യൂഡല്‍ഹിയിലെ ഹൗസ്ഘാസില്‍ ഒരു സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ട്രസ്റ്റ് രൂപീകരിക്കപ്പെട്ടത്.

ചെറുപ്പകാലത്തുതന്നെ ആനന്ദ് സാഹിത്യരചന ആരംഭിച്ചിരുന്നു. പഞ്ചാബിയും ഹിന്ദുസ്ഥാനിയുമാണ് മാതൃഭാഷകളെങ്കിലും ഇംഗ്ലീഷ് ഭാഷയിലുള്ള രചനകള്‍ക്കാണ് പെട്ടെന്ന് പ്രസാധകരെ ലഭിച്ചത്. പ്രശസ്തകവിയായ ടി.എസ്. എലിയട്ടിന്റെ ക്രൈറ്റീരിയന്‍ എന്ന മാസികയില്‍ പുസ്തകനിരൂപണം നടത്തിയിരുന്നു. ഇക്കാലത്ത് ഇ.എം.ഫോസ്റ്റര്‍, ഹെര്‍ബര്‍ട് റീഡ്, ഹെന്‍റി മില്ലര്‍ മുതലായ പ്രശസ്ത സാഹിത്യകാരന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തി. എങ്കിലും ആനന്ദിന്റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ചത് മഹാത്മാഗാന്ധി ആയിരുന്നു.

1930-കളില്‍ കലാചരിത്രത്തെ സംബന്ധിച്ചു പല രചനകളും നടത്തി. 1935-ല്‍ പ്രസിദ്ധീകരിച്ച അണ്‍ടച്ചബിള്‍ എന്ന നോവലും 1936-ല്‍ പ്രസിദ്ധീകരിച്ച കൂലി എന്ന നോവലുമാണ് ആനന്ദിനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. പതിനഞ്ചു വയസ്സുള്ള ഒരു ബാലവേലക്കാരന്റെ ദുരിതപൂര്‍ണമായ ജീവിതമാണ് കൂലി എന്ന നോവലില്‍ ഹൃദയസ്പൃക്കായി ചിത്രീകരിക്കുന്നത്. അയിത്തക്കാരനായ ബവ എന്ന യുവാവിന്റെ ഒരു ദിവസത്തെ ജീവിതത്തിലെ പീഡാനുഭവങ്ങളാണ് അണ്‍ടച്ചബിള്‍ എന്ന നോവലിലെ പ്രമേയം. അഭിമാനിയും ആരോഗ്യവാനുമായ ബവ അയിത്തക്കാര്‍ക്കിടയിലെ പ്രമുഖനാണെന്നു സ്വയം കരുതുന്നു. എങ്കിലും കക്കൂസ് വേലക്കാരനായി ജീവിതം നയിക്കുവാന്‍ വിധിക്കപ്പെട്ടവനാണ്. ഇന്ത്യന്‍ ജാതിവ്യവസ്ഥയെ അതികഠിനമായി വിമര്‍ശിക്കുന്ന ഈ നോവല്‍ ബ്രിട്ടീഷ് ഭരണംമൂലം അയിത്തക്കാരുടെ അവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണമായെന്നും ചൂണ്ടിക്കാണിക്കുന്നു. പല പ്രാവശ്യം തള്ളിക്കളഞ്ഞശേഷമാണ് ഇ.എം. ഫോസ്റ്ററുടെ അവതാരികയോടെ ഈ നോവല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യയെ പുറമേനിന്നും നോക്കിക്കാണുന്ന ഒരു ഇന്ത്യാക്കാരനു മാത്രമേ അണ്‍ടച്ചബിള്‍ എന്ന നോവല്‍ എഴുതാന്‍ കഴിയുകയുള്ളു എന്ന് ഇ.എം. ഫോസ്റ്റര്‍ അഭിപ്രായപ്പെടുകയുണ്ടായി.

1937-ല്‍ പ്രസിദ്ധീകരിച്ച ടു ലീവ്സ് ആന്‍ഡ് എ ബഡ് എന്ന നോവലിലും ഇന്ത്യന്‍ സമൂഹത്തെയാണ് ആനന്ദ് അപഗ്രഥിക്കുന്നത്. ദരിദ്രനായ ഒരു പഞ്ചാബി കൃഷിക്കാരനാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. തേയിലത്തോട്ടത്തിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ അയാളെ ക്രൂരമായി ചൂഷണം ചെയ്യുകയും അയാളുടെ മകളെ മാനഭംഗപ്പെടുത്തുകയും അവസാനം അയാളെ വധിക്കുകയും ചെയ്യുന്നു. സാമൂഹികപ്രതിബദ്ധത പുലര്‍ത്തുന്ന ഈ നോവലുകള്‍ അക്കാലത്തു ബ്രിട്ടനിലും അമേരിക്കയിലും പ്രസിദ്ധീകരിച്ചിരുന്ന പ്രോലിറ്റേറിയന്‍ നോവലുകള്‍ക്കിടയില്‍ ശ്രദ്ധേയമായി.

ദ് വില്ലേജ് (1939), എക്രോസ് ദ് ബ്ളാക്ക് വാട്ടേഴ്സ് (1940), ദ് സ്വോഡ് ആന്‍ഡ് ദ് സിക്കിള്‍ (1942) എന്നീ പേരുകളില്‍ ആനന്ദ് പ്രസിദ്ധീകരിച്ച നോവല്‍ത്രയം സാമൂഹികാനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവയാണ്. ചെറുപ്പകാലത്തുതന്നെ വിപ്ലവകാരിയായി മാറിയ ലായ്സിങ്ങിന്റെ ഒന്നാം ലോകയുദ്ധക്കാലത്തെ അനുഭവങ്ങളും നാട്ടില്‍ തിരിച്ചെത്തിയശേഷമുള്ള വിപ്ളവപ്രവര്‍ത്തനങ്ങളുമാണ് ഈ നോവലുകളില്‍ ചിത്രീകരിക്കുന്നത്. ഇംഗ്ലണ്ടിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായുള്ള ആനന്ദിന്റെ സഹവര്‍ത്തിത്വം ഈ നോവലുകളില്‍ പ്രതിഫലിച്ചുകാണാം.

1953-ല്‍ പ്രസിദ്ധീകരിച്ച ദ് പ്രൈവറ്റ് ലൈഫ് ഒഫ് അന്‍ ഇന്‍ഡ്യന്‍ പ്രിന്‍സ് ആനന്ദിന്റെ പ്രശസ്തിക്കു മാറ്റു വര്‍ധിപ്പിച്ചു. ഈ നോവലില്‍ മനുഷ്യമനസ്സിനെയും വൈയക്തിക സംഘര്‍ഷങ്ങളെയുമാണ് ആനന്ദ് അപഗ്രഥിക്കുന്നത്. 1950-കളില്‍ ആനന്ദിന്റെ ആത്മകഥ സെവന്‍ ഏജസ് ഒഫ് മാന്‍ എന്ന പേരില്‍ ഏഴു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചുതുടങ്ങി. സെവന്‍ സമ്മേഴ്സ് (1951), മോണിങ് ഫെയ്സ് (1968), കണ്‍ഫഷന്‍സ് ഒഫ് എ ലവര്‍ (1976), ദ് ബബിള്‍ (1984) എന്നീ വാല്യങ്ങളുടെ പ്രസിദ്ധീകരണം പൂര്‍ത്തിയാക്കി.

മാര്‍ക്സ്, ഏംഗല്‍സ്, ടാഗോര്‍, നെഹ്റു മുതലായവരെക്കുറിച്ചും കാമസൂത്ര, രതിശില്പങ്ങള്‍, ദന്തശില്പങ്ങള്‍ മുതലായ വിഷയങ്ങളെക്കുറിച്ചും ആനന്ദ് രചനകള്‍ നടത്തിയിട്ടുണ്ട്.

പദ്മഭൂഷണ്‍, സാഹിത്യഅക്കാദമി അവാര്‍ഡ്, വേള്‍ഡ് പീസ് കൌണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ പീസ് പ്രൈസ് തുടങ്ങി അനേകം പുരസ്കാരങ്ങള്‍ ആനന്ദിനു ലഭിച്ചിട്ടുണ്ട്. 2004 സെപ്. 28-ന് പൂണെയില്‍ ആനന്ദ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍