This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദവംശം

എ.ഡി. ആറാം ശ.-ത്തിന്റെ പ്രഥമാര്‍ധത്തില്‍ ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങള്‍ വാണ ഒരു രാജവംശം. ഗുപ്തസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ദക്ഷിണേന്ത്യയില്‍ ഉടലെടുത്ത പല രാജവംശങ്ങളില്‍ ഒന്നാണിത്. ഇവരുടെ രാജ്യത്തിന്റെ ഉത്തരഭാഗം വെങ്കിയിലെ വിഷ്ണു കുണ്ഡിനന്‍മാരും, ദക്ഷിണഭാഗം കാഞ്ചീപുരം ആസ്ഥാനമാക്കി പല്ലവന്‍മാരുമാണ് ഭരിച്ചിരുന്നത്. ആനന്ദവംശത്തിലെ ആദ്യത്തെ രാജാവ് കന്ദരന്‍ (കാന്ദാരന്‍) ആയിരുന്നു. ഇദ്ദേഹം തന്റെ പുത്രിയെ ഒരു പല്ലവ രാജകുമാരനു വിവാഹം ചെയ്തു കൊടുത്ത് ആ രാജ്യവുമായി മൈത്രീബന്ധം സ്ഥാപിച്ചു. കൃഷ്ണാനദിക്കരയില്‍വച്ചു നടന്ന യുദ്ധത്തില്‍ കന്ദരന്‍ വിഷ്ണുകുണ്ഡിനന്‍മാരെ പരാജയപ്പെടുത്തി, ത്രികൂടപര്‍വത രാജാവ് എന്ന സ്ഥാനം സ്വീകരിച്ചു. ഇന്നത്തെ ഗുണ്ടൂര്‍-തെന്നാലി താലൂക്കുകള്‍ ഉള്‍പ്പെട്ട ഭൂവിഭാഗമായിരുന്നു ആനന്ദവംശക്കാരുടെ രാജ്യം. ഈ വംശത്തിലെ ഒരു പ്രമുഖരാജാവായ ദാമോദരവര്‍മന്റെ പിതാവ് നിരവധി യാഗങ്ങള്‍ നടത്തിയതായി പറയപ്പെടുന്നു. അത്തിവര്‍മന്‍ ഈ വംശത്തിലെ മറ്റൊരു രാജാവായിരുന്നു. കന്ദരന്റെ പൌത്രന്റെ പേര് അജ്ഞാതമാണെങ്കിലും അദ്ദേഹത്തിന്റെ ഒരു ശിലാശാസനം നിലവിലുണ്ട്: ചെസര്‍ല ശിലാശാസനം (എ.ഡി. ആറാം ശതകം). ഇവരില്‍ ആനന്ദവംശക്കാരുടെ തലസ്ഥാനം കന്ദരപുരം ആണെന്നു വിവരിച്ചിട്ടുണ്ട്. തലസ്ഥാനനഗരി സ്ഥാപിച്ചത് കന്ദരന്‍ ആയിരിക്കുമെന്നു കരുതപ്പെടുന്നു. ആനന്ദവംശരാജാക്കന്‍മാരില്‍ ദാമോദരവര്‍മന്‍ ഒഴിച്ച് മറ്റെല്ലാവരും ശൈവമതാനുയായികളായിരുന്നു; ദാമോദരവര്‍മന്‍ ബുദ്ധമതാവലംബിയും. ഏതായാലും അവരെല്ലാം മറ്റു മതങ്ങളോട് സഹിഷ്ണുത പുലര്‍ത്തിവന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍