This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദരംഗപിള്ള (1709 - 61)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദരംഗപിള്ള (1709 - 61)

തമിഴ്നാട്ടിലെ ഒരു വര്‍ത്തകപ്രമാണിയും ഗ്രന്ഥകാരനും. ബ്രിട്ടീഷുകാരുടെയും ഫ്രഞ്ചുകാരുടെയും ഈസ്റ്റിന്ത്യാക്കമ്പനികള്‍ ദക്ഷിണേന്ത്യയില്‍ ആധിപത്യത്തിനായി പരസ്പരം മത്സരിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ ഫ്രഞ്ചുകാരുടെ പക്ഷത്തുനിന്നു സേവനം അനുഷ്ഠിക്കുന്നതിന് ഇദ്ദേഹം മുന്‍കൈയെടുത്തു.

ആനന്ദരംഗപിള്ള ചെന്നൈ നഗരത്തിനു സമീപമുള്ള ഐനാവരം എന്ന ഗ്രാമത്തില്‍ 1709 മാ. 30-നു തിരുവേങ്കടം പിള്ളയുടെയും ലക്ഷ്മി അമ്മാളിന്റെയും പുത്രനായി ജനിച്ചു. ചെങ്കല്‍പേട്ടയിലെ ഒരു പോളിഗാര്‍ (വലിയ ജന്‍മി) ആയിരുന്ന ശേഷാദ്രിപ്പിള്ളയുടെ പുത്രി മങ്കത്തായി അമ്മാളായിരുന്നു ഇദ്ദേഹത്തിന്റെ പത്നി. വ്യാപാരരംഗത്തു കൂടുതല്‍ അഭിവൃദ്ധി നേടുന്നതിനായി തിരുവേങ്കടംപിള്ള പോണ്ടിച്ചേരിയിലേക്കു താമസം മാറ്റി, ഫ്രഞ്ച് ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഗവര്‍ണറായ ഡ്യൂപ്ലേ(1697-1763)യുടെ ഒരു ദുബാഷ് (ദ്വിഭാഷി) ആയിത്തീര്‍ന്നു. പിതാവു മരിക്കുമ്പോള്‍ (1726) ആനന്ദരംഗപിള്ളയ്ക്കു 17 വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. ധനികനായ ഒരു വ്യാപാരിയും ഫ്രഞ്ചു മേധാവികളുടെ വിശ്വസ്തോപദേഷ്ടാവും ദൗത്യവാഹിയും ആയിത്തീരുന്നതിന് ആനന്ദരംഗപിള്ളയ്ക്ക് അവസരം ലഭിച്ചു. ലെനോയര്‍, ഡ്യൂമാസ് എന്നീ രണ്ടു ഫ്രഞ്ചുഗവര്‍ണര്‍മാരുടെ പ്രീതിയും മതിപ്പും പിള്ള സമ്പാദിച്ചു. അടുത്ത ഗവര്‍ണറും പ്രഗല്ഭനുമായ ഡ്യൂപ്ലേയുടെ ഭരണകാലത്താണ് പിള്ളയുടെ ഉദ്യോഗനിലയും സ്വാധീനശക്തിയും ഉയര്‍ന്നത്. ഇന്ത്യയില്‍ ഫ്രഞ്ചുമേധാവിത്വം സ്ഥാപിക്കുന്നതിനായി ഡ്യൂപ്ലേ ആസൂത്രണം ചെയ്ത എല്ലാ പദ്ധതികളിലും പിള്ളയുടെ ആലോചനയും സഹകരണവുമുണ്ടായിരുന്നു. കര്‍ണാട്ടിക്ക് നവാബ്, നിസാം, ബ്രിട്ടീഷുകാര്‍ ഇവരോടെല്ലാം ഡ്യൂപ്ളേ നടത്തിയ നയതന്ത്രപരമായ ഇടപാടുകളില്‍ ആനന്ദരംഗപിള്ള പ്രധാന ദൌത്യവാഹകനായി വര്‍ത്തിച്ചു. പിള്ളയുടെ കാര്യശേഷിയും വിശ്വസ്തതയും പരിഗണിച്ച് ഡ്യൂപ്ളേ ഇദ്ദേഹത്തിന് ഒരു ജാഗീര്‍ദാരുടെ സ്ഥാനവും ചെങ്കല്‍പേട്ട കോട്ടയുടെ ആധിപത്യവും നല്കി. ഡ്യൂപ്ളേയുടെ പത്നിക്കാകട്ടെ പിള്ളയോടു വിദ്വേഷമാണുണ്ടായിരുന്നത്. മാഡം ഡ്യൂപ്ളേയുടെ ഇടപെടലുകളും നയവൈകല്യവും ആനന്ദരംഗപിള്ളയുടെ പുരോഗതിയെയും ഡ്യൂപ്ളേയുടെ വിജയത്തെയും തകരാറിലാക്കി. ഫ്രാന്‍സിലെ ഭരണമേധാവികള്‍ ഡ്യൂപ്ലേയെ ഗവര്‍ണര്‍ സ്ഥാനത്തുനിന്നു നീക്കിയത് ആനന്ദരംഗപിള്ളയ്ക്ക് ഒരു വലിയ ആഘാതമായി. പിന്നീടു കുറേക്കാലം ഇദ്ദേഹം സജീവമായ പ്രവര്‍ത്തനങ്ങളില്‍നിന്നും വിരമിച്ച്, പോണ്ടിച്ചേരിയിലുള്ള വസതിയില്‍ താമസിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഗവര്‍ണറായ കൌണ്ട് ഡി ലാലി ഒരു മന്ത്രിയുടെ നിലയില്‍ സ്വീകരിച്ചതിനാല്‍ ഇദ്ദേഹത്തിന്റെ സ്വാധീനശക്തി പിന്നെയും വര്‍ധിച്ചു. ലാലിയുടെ വിജയസാധ്യതയില്‍ ഉറച്ച വിശ്വാസം ഉണ്ടായിരുന്ന പിള്ള ബ്രിട്ടീഷുകാരെ തോല്പിക്കുന്നതിനുള്ള എല്ലാ പ്രയത്നങ്ങള്‍ക്കും പിന്തുണ നല്കി. എങ്കിലും ലാലിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. ആനന്ദരംഗപിളള 1761 ജനു. 12-നു നിര്യാതനായി.

ആനന്ദരംഗപിള്ള മാതൃഭാഷയായ തമിഴിനു പുറമേ ഫ്രഞ്ച്, പേര്‍ഷ്യന്‍ എന്നീ ഭാഷകളും വശമാക്കിയിരുന്നു. നല്ല തമിഴ് ശൈലിയില്‍ ഇദ്ദേഹം എഴുതിയിട്ടുള്ള ദിനവൃത്താന്തക്കുറിപ്പുകള്‍ ചരിത്രകാരന്‍മാരുടെയും സാഹിത്യവിമര്‍ശകരുടെയും പ്രശംസയ്ക്കു പാത്രീഭവിച്ചിട്ടുണ്ട്. 1736 മുതല്‍ 1761 വരെയുള്ള ദക്ഷിണേന്ത്യയുടെ ചരിത്രത്തെയും അക്കാലത്തെ ജനങ്ങളുടെ സാമൂഹിക സ്ഥിതിയെയുംപറ്റി വിശദവും വിശ്വാസയോഗ്യവുമായ അനവധി വസ്തുതകള്‍ പിള്ളയുടെ ഡയറിയില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്. ഈ കൃതി ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ളീഷില്‍ 12 വാല്യങ്ങളായിട്ടാണ് അതിന്റെ പൂര്‍ണമായ പതിപ്പ് പ്രസാധനം ചെയ്യപ്പെട്ടിട്ടുള്ളത്.

(പ്രൊഫ. ആര്‍. ഈശ്വരന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍