This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദമാര്‍ഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദമാര്‍ഗം

ഇന്ത്യയിലെ ഒരു ആധ്യാത്മിക സംഘടന. 'ആത്മമോക്ഷാര്‍ഥം ജഗദ്ഹിതായച' (ആത്മമോക്ഷത്തിനും ലോകനന്‍മയ്ക്കുംവേണ്ടി) എന്ന ആദര്‍ശത്തില്‍ അധിഷ്ഠിതമായ ഈ സംഘടന 1955 ജനു. 9-നു സ്ഥാപിതമായി. ഐ.എന്‍.എ-യിലും പിന്നീട് ഇന്ത്യന്‍ റെയില്‍വേയിലും സേവനം അനുഷ്ഠിച്ചിരുന്ന പ്രഭാത്രഞ്ജന്‍ സര്‍ക്കാര്‍ ആണ് ഇതിന്റെ സ്ഥാപകന്‍. ആനന്ദമൂര്‍ത്തി എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പശ്ചിമബംഗാളില്‍ പുരൂലിയ ജില്ലയിലെ ആനന്ദനഗര്‍ ആണ് സംഘടനയുടെ ആസ്ഥാനം. യൂറോപ്പിലും അമേരിക്കയിലും പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ചില നഗരങ്ങളിലും ഇതിന്റെ ശാഖകള്‍ രൂപംകൊണ്ടിട്ടുണ്ട്.

അവധൂതന്‍മാര്‍. സന്ന്യാസം സ്വീകരിച്ച ആനന്ദമാര്‍ഗാനുയായികളെ അവധൂതന്‍മാര്‍ എന്നാണ് വിളിച്ചുപോരുന്നത്; ആനന്ദമാര്‍ഗത്തിന്റെ തത്ത്വസംഹിതകളില്‍ വിശ്വസിച്ച് സാധനകള്‍ പരിശീലിക്കുന്ന വേറെയും കുറെ ആളുകള്‍ ആനന്ദമാര്‍ഗവിശ്വാസികളായി ഉണ്ട്. ഉപനിഷത്തുകളും ഭഗവദ്ഗീതയും ആധാരമാക്കിയാണ് ആനന്ദമാര്‍ഗത്തിന്റെ തത്ത്വസംഹിതകള്‍ക്കു രൂപം നല്കിയിട്ടുള്ളത്. ആനന്ദമാര്‍ഗത്തിന്റെ ചര്യാക്രമങ്ങളെ യമസാധനയെന്നും നിയമസാധനയെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം, ശൌചം, സന്തോഷം, തപസ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവയാണ് ഇവയുടെ അടിസ്ഥാനതത്ത്വങ്ങള്‍. സാധാരണയോഗസാധനകള്‍ക്കു പുറമേ അവധൂതന്‍മാര്‍ കാപാലികസാധനയും പരിശീലിച്ചുപോരുന്നു. ഇതിനുവേണ്ടി തലയോടും രണ്ടു കത്തികളും കുങ്കുമം തുടങ്ങിയ മറ്റു ചില ദ്രവ്യങ്ങളുമാണ് തിരഞ്ഞെടുക്കാറുള്ളത്.

സാമൂഹികപ്രവര്‍ത്തനം. 1963-ല്‍ ആനന്ദമാര്‍ഗത്തിന്റെ സേവനം വിദ്യാഭ്യാസം, ദുരിതനിവാരണം, വൈദ്യസഹായം, ജനക്ഷേമം എന്നീ വിവിധ രംഗങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനായി എഡ്യൂക്കേഷന്‍ റിലീഫ് ആന്‍ഡ് വെല്‍ഫെയര്‍ സെക്ഷന്‍ (ERAWS) എന്നൊരു പ്രത്യേക വിഭാഗം രൂപീകരിച്ചു. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഏതാനും വിദ്യാഭ്യാസസ്ഥാപനങ്ങളും ദുരിതനിവാരണകേന്ദ്രങ്ങളും ആശുപത്രികളും അനാഥാലയങ്ങളും പ്രസിദ്ധീകരണശാലകളും ഹോസ്റ്റലുകളും പ്രവര്‍ത്തിച്ചുവരുന്നു. ന്യൂഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രൗട്ടിസ്റ്റ് ഫോറം ഒഫ് ഇന്ത്യ എന്ന സംഘടന സാമ്പത്തിക സാമൂഹിക രാഷ്ട്രീയ തത്ത്വസംഹിതകള്‍ക്കു പ്രചാരം നല്കാനുദ്ദേശിക്കപ്പെട്ടുകൊണ്ടുള്ളതാണ്.

ആധ്യാത്മികസംഘടനയായി രൂപംകൊണ്ട ആനന്ദമാര്‍ഗം കാലക്രമേണ അക്രമപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു തുടങ്ങിയതായി ചില ആക്ഷേപങ്ങളുണ്ട്. ഇതിന്റെ കീഴില്‍ വി.എസ്.എസ്. (വിശ്വശാന്തിസേന) എന്നൊരു സൈനികസംഘടന രൂപമെടുത്തു. ആനന്ദമാര്‍ഗത്തിലെ തീവ്രവാദികളാണ് ഇതിലെ അംഗങ്ങള്‍. 1971-ല്‍ വി.എസ്.എസ്സിന്റെ സേനാപതി ആയ മാധവാനന്ദ അവധൂതനെ കൊലക്കുറ്റം ആരോപിച്ചുകൊണ്ട് പൊലീസ് തടവില്‍ പാര്‍പ്പിക്കുകയുണ്ടായി. ആറ് അനുയായികളുടെ കൊലപാതകത്തോട് ബന്ധപ്പെടുത്തി 1971 ഡി. 29-ന് ആനന്ദമൂര്‍ത്തിയെയും പൊലീസ് അറസ്റ്റു ചെയ്തു. വിവിധ കേസുകളില്‍ പ്രതികളായ ആനന്ദമാര്‍ഗത്തിലെ മറ്റു ചില പ്രവര്‍ത്തകരെയും തടങ്കലില്‍ ആക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍