This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദമതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദമതം

ആനന്ദലബ്ധി എന്ന ആത്യന്തികലക്ഷ്യവും ഈ ലക്ഷ്യപ്രാപ്തിക്കുള്ള യുക്തിസഹമായ പരിപാടികളും അടങ്ങിയ ഒരു ജീവിതവീക്ഷണം. സംഘടിതമതങ്ങളുടെ ലക്ഷണങ്ങളൊന്നും ഇതിനില്ല. ഇത് ആ നിലപാടില്‍ നോക്കുമ്പോള്‍ ഒരു മതമെന്നതിനെക്കാള്‍ ഒരു പ്രസ്ഥാനമാണെന്നു പറയുന്നതാവും ശരി. വേദങ്ങള്‍, ഉപനിഷത്തുകള്‍, ഭഗവദ്ഗീത, ഇതരമതഗ്രന്ഥങ്ങള്‍ എന്നിവയെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അപഗ്രഥിച്ച് ജീവിതലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഉതകുന്നവയെ മാത്രം സ്വീകരിച്ച് ക്രോഡീകരിച്ചുണ്ടാക്കിയതാണ് ആനന്ദമതദര്‍ശനം അഥവാ ആനന്ദാദര്‍ശം.

ജനതയുടെ ഭൗതികവും സാംസ്കാരികവും ആത്മീയവുമായ അഭിവൃദ്ധിക്ക് ധാര്‍മികമായ ഒരു നവീകരണം അത്യന്താപേക്ഷിതമാണെന്ന പ്രേരണയാണ് ആനന്ദാദര്‍ശത്തിന്റെ ആവിര്‍ഭാവത്തിനാധാരം. പ്രപഞ്ചം പരമാര്‍ഥവും ജീവിതം ആസ്വാദ്യവുമായി ക്കരുതി ആത്മാര്‍ഥതയോടും അഭ്യൂദയവാഞ്ഛയോടുംകൂടി ജീവിതസമരങ്ങളില്‍ പങ്കുകൊള്ളണമെന്ന് ആനന്ദാദര്‍ശം ഉദ്ബോധിപ്പിക്കുന്നു. ആധ്യാത്മികതയുടെ പരിവേഷമണിഞ്ഞുകൊണ്ട് ലൗകികജീവിതത്തില്‍നിന്നൊളിച്ചോടിപ്പോകരുതെന്നും അത് അനുശാസിക്കുന്നുണ്ട്.

അടിസ്ഥാനലക്ഷ്യം. എല്ലാ ജീവരാശികളുടെയും ആന്ത്യന്തികലക്ഷ്യം ആനന്ദലബ്ധി മാത്രമാണെന്നും അതിനാല്‍ ആനന്ദമാണ് സര്‍വപ്രധാനമായിട്ടുള്ളതെന്നും അതു കരുതുന്നു. തൈത്തരീയോപനിഷത്തിലെ 'ആനന്ദാധ്യേവഖല്വിമാനി ഭൂതാനിജായന്തേ, ആനന്ദേന ജാതാനിജീവന്തി, ആനന്ദം പ്രയന്ത്യഭിസംവിശന്തി' എന്ന തൈത്തരീയോപനിഷത്ത് സൂക്തത്തെ ആനന്ദാദര്‍ശം അംഗീകരിക്കുന്നു. മനസ്സിന് ആനന്ദാദര്‍ശം ഏറ്റവും വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്. മനുഷ്യന്റെ ശത്രുവും മിത്രവും മനസ്സാണ്. ആശകൊണ്ട് ദുഷിച്ച മനസ്സാണ് ശത്രു; ദുഷിക്കാത്ത മനസ് ബന്ധുവും. കാമക്രോധാദികള്‍ മനസ്സിന്റെ വൃത്തികളാണ്. ഈ വൃത്തികളെ നിരോധിച്ച് മനസ്സിന്റെ സ്വസ്ഥത സമ്പാദിക്കണം. അതാണ് ആനന്ദത്തിനു കാരണം. മനഃസ്വസ്ഥത അഥവാ മനോലയം ആണ് മോക്ഷമെന്ന് പറയപ്പെടുന്നത്. മരണാനന്തരം ഉള്ള മോക്ഷത്തെയല്ല ജീവിച്ചിരിക്കുമ്പോള്‍ ഉള്ള മോക്ഷത്തെയാണ് ആനന്ദാദര്‍ശം പ്രതിപാദിക്കുന്നത് എന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു.

'ആനന്ദ ഏവ വിജയതേ

മനഃസ്വസ്ഥതൈവാനന്ദഃ

മനോജയ ഏവ മഹാജയഃ

അഹിംസൈവപരമോ ധര്‍മഃ

അജ്ഞാനദുഃഖായൈവ, യജ്ഞാദികര്‍മ

ആനന്ദമതമേവ സഹജം

സര്‍വേഷാമന്യത് സര്‍വം കല്പിതം'

ഈ വരികള്‍ ആണ് ആനന്ദാദര്‍ശത്തിന്റെ മുദ്രാവാക്യങ്ങള്‍.

വിഗ്രഹാരാധനയെ അത് ഒരു കര്‍ത്തവ്യമായി അംഗീകരിക്കുന്നില്ല. വിഗ്രഹാരാധന, യാഗം, തീര്‍ഥയാത്ര, വ്രതം മുതലായവ ദുഃഖജനകങ്ങളാണെന്നും ചിത്തശുദ്ധി അവനവന്‍ തന്നെ പരിശ്രമിച്ചു നേടേണ്ടതാകയാല്‍ ദേവനും ദേവാലയങ്ങളും ഒന്നും ആവശ്യമില്ലെന്നും പ്രഖ്യാപിക്കുന്നു. സര്‍വവ്യാപകമായ ഒരഖണ്ഡചൈതന്യത്തെ ആനന്ദമതം അംഗീകരിക്കുന്നുണ്ട്. എന്നാല്‍ പ്രാപഞ്ചികസുഖഭോഗങ്ങള്‍ക്കു വേണ്ടി അതിന്റെയെല്ലാം സര്‍വാധിപതിയായി ഒരീശ്വരനെ സങ്കല്പിച്ച് ആ ഈശ്വരനെ അനേകം കര്‍മങ്ങള്‍ ചെയ്തു പ്രസാദിപ്പിച്ചാല്‍ മതി എന്ന ധാരണ അബദ്ധമാണെന്ന് ഈ മതം സമര്‍ഥിക്കുന്നു. അതുകൊണ്ടുതന്നെ ജാതിമതങ്ങള്‍ കേവലം നിരര്‍ഥകങ്ങളും കൃത്രിമങ്ങളുമാണ് എന്നാണ് ഈ മതം ഉദ്ഘോഷിച്ചിട്ടുള്ളത്.

ആനന്ദമതത്തിലെ മുഖ്യധാര അഹിംസയാണ്. 'കൊല്ലാതുറുമ്പിനെക്കൂടി' എന്നാണ് ആനന്ദാദര്‍ശം പ്രഖ്യാപിക്കുന്നത്. ദേവാലയങ്ങളിലും മറ്റും ദൈവപ്രീതിക്കുവേണ്ടി നടത്തുന്ന ജന്തുബലിയെ അത് എതിര്‍ക്കുന്നു. ആലോചന, പൌരുഷം, ജ്ഞാനം മുതലായവയുടെ മഹത്ത്വത്തെ അത് പ്രകീര്‍ത്തിക്കുന്നു. ജീവിതസാക്ഷാത്കാരത്തിന് അവ അത്യന്താപേക്ഷിതമാണെന്നു വാദിക്കുന്നു. മനുഷ്യരില്‍ ത്യാജ്യഗ്രാഹ്യവിവേചനശക്തി വളര്‍ത്തേണ്ട ആവശ്യകതയെ അത് ഊന്നിപ്പറഞ്ഞിരിക്കുന്നു.

ഭക്തിയോഗത്തെയോ കര്‍മയോഗത്തെയോ ആനന്ദമതം അംഗീകരിക്കുന്നില്ല. മറിച്ച്, രാജയോഗത്തെ അംഗീകരിക്കുകയും ചെയ്യുന്നു. പുനര്‍ജന്‍മത്തെയോ മുജ്ജന്മത്തെയോ ആനന്ദാദര്‍ശം അംഗീകരിക്കുന്നില്ല. സ്വര്‍ഗനരകങ്ങളും പരിഗണനാര്‍ഹങ്ങളല്ല. മനസ്സിന്റെ ശാന്തി സ്വര്‍ഗവാസവും അശാന്തി നരകവുമാണ്. വേറെ സ്വര്‍ഗനരകങ്ങളില്ല.

പ്രഥമാചാര്യന്‍. ആനന്ദാദര്‍ശത്തിന്റെ പ്രണേതാവ് ബ്രഹ്മാനന്ദസ്വാമി ശിവയോഗികളാണ്. രാജയോഗോദ്ധാരകനും സാമൂഹികവിപ്ളവകാരിയുമായാണ് സ്വാമി അറിയപ്പെടുന്നത്. 1852 ആഗ. 26-നു (ചിങ്ങമാസത്തിലെ ഉത്രാടം നാളില്‍) പാലക്കാട് ജില്ലയില്‍പ്പെട്ട കൊല്ലംകോട്ടെ കാരാട്ട് വീട്ടിലാണ് സ്വാമി ജനിച്ചത്. ഗോവിന്ദന്‍കുട്ടി എന്നായിരുന്നു ആദ്യനാമധേയം. അംശം മേനവന്‍, സംസ്കൃതാധ്യാപകന്‍ തുടങ്ങിയ ജോലികള്‍ നോക്കിയിരുന്നുവെങ്കിലും കാലക്രമത്തില്‍ ആധ്യാത്മികതയില്‍ ലീനനാവുകനിമിത്തം ഔദ്യോഗികജീവിതത്തില്‍നിന്നു വിരമിക്കുകയാണ് ചെയ്തത്.

ആധ്യാത്മികചിന്തയില്‍ മുഴുകിയതിനുശേഷം സ്വാമി ലോകയോഗക്ഷേമത്തെ ലക്ഷ്യമാക്കി ആനന്ദാദര്‍ശം രൂപപ്പെടുത്തുകയും പാലക്കാട് ജില്ലയില്‍പ്പെട്ട ആലത്തൂരിനടുത്തുള്ള വാനൂര്‍ എന്ന ഗ്രാമത്തില്‍ ഒരു പര്‍ണശാല കെട്ടി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ശിഷ്യന്‍മാരുടെ പരിശ്രമത്തില്‍ ആലത്തൂര്‍ പട്ടണപ്രാന്തത്തില്‍ നവീനമാതൃകയില്‍ ഒരാശ്രമം നിര്‍മിക്കുകയും 1957-ല്‍ അവിടേക്കു മാറുകയും ചെയ്തു. ആനന്ദാദര്‍ശപ്രചരണത്തിനായി 1918-ല്‍ ആനന്ദമഹാസഭ സ്ഥാപിച്ചു. 1929 സെ. 10-നു മഹാസമാധിയടയുകയും ചെയ്തു.

ബ്രഹ്മാനന്ദസ്വാമി ശിവയോഗികള്‍ പതിനഞ്ചില്‍പ്പരം സിദ്ധഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1893-ല്‍ പ്രഥമകൃതിയായ ശിവയോഗരഹസ്യം പ്രസിദ്ധപ്പെടുത്തി. കൃതികളില്‍ മുഖ്യമായ മോക്ഷപ്രദീപം 1905-ലും 1400 സംസ്കൃത ശ്ലോകങ്ങളുള്ളതും ആനന്ദാദര്‍ശത്തിന്റെ ശാസ്ത്രീയതയെ പ്രതിപാദിക്കുന്നതുമായ ആനന്ദാദര്‍ശമെന്ന ബൃഹത് ഗ്രന്ഥം 1927-ലും പ്രസിദ്ധീകൃതമായി. ആനന്ദാദര്‍ശാംശം, ആനന്ദസോപാനം, സിദ്ധാനുഭൂതി, ആനന്ദവിമാനം, ആനന്ദസൂത്രം, വിഗ്രഹാരാധനാഖണ്ഡനം, ആനന്ദമതപരസ്യം, സ്ത്രീവിദ്യാപോഷിണി, ആനന്ദകല്പദ്രുമം, ആനന്ദഗാനം എന്നിവയാണ് ഇതരകൃതികള്‍. ഇവയില്‍ പല ഗ്രന്ഥങ്ങള്‍ക്കും ഇംഗ്ളീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളില്‍ വിവര്‍ത്തനമുണ്ടായിട്ടുണ്ട്.

സഭയുടെ അടുത്ത പ്രസിഡന്റ് യോഗിനിമാതാവ് ആയിരുന്നു. 1956-ല്‍ അവര്‍ സമാധിയായി. പിന്നീട് നിര്‍മലാനന്ദയോഗി മഹാസഭയുടെയും സിദ്ധാശ്രമത്തിന്റെയും അധ്യക്ഷനായി. പ്രചാരണത്തിനു വേണ്ടി കണ്ണൂരില്‍നിന്ന് സാരഗ്രാഹി എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്.

(എ.പി. ബാലന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍