This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദഭൈരവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദഭൈരവി

20-ാം മേളകര്‍ത്താരാഗമായ നഠഭൈരവിയുടെ ജന്യം. തീവ്രധൈവതം കൂടുതല്‍ പ്രയോഗിക്കുന്നതുകൊണ്ടും കോമളധൈവതം വിരളമായിമാത്രം പ്രയോഗിക്കപ്പെടുന്നതുകൊണ്ടും ഈ രാഗം 22-ാം മേളകര്‍ത്താരാഗമായ ഖരഹരപ്രിയയുടെ ജന്യമായി കരുതേണ്ടതാണെന്ന് ശക്തമായ ഒരു പക്ഷമുണ്ട്.

ആരോഹണം സ ഗ രി ഗ മ പ ധ പ സ

അവരോഹണം സ നി ധ പ മ ഗ രി സ

പേരു സൂചിപ്പിക്കുന്നതുപോലെ ആനന്ദദായകവും ഉത്സാഹജനകവുമായ ഈ രാഗം ഏതു സമയത്തും പാടാവുന്നതാണ്.

ഷഡ്ജ പഞ്ചമസ്വരങ്ങള്‍ക്കു പുറമേ തീവ്ര ഋഷഭം, കോമളഗാന്ധാരം, തീവ്രഗാന്ധാരം, കോമള മാധ്യമം, കോമള ധൈവതം, തീവ്രധൈവതം, കോമളനിഷാദം എന്നിവയും ഈ രാഗത്തില്‍ വരും. ഗ മ നി എന്നിവ ഇതിലെ രാഗഛായാസ്വരങ്ങളാണ്.

ആരോഹണാവരോഹണങ്ങളില്‍ അന്യസ്വരം വരുന്ന ഒരു ഭാഷാംഗരാഗമാണിത്. സ്വകീയസ്വരമായ കോമളധൈവതത്തെക്കാള്‍ കൂടുതലായി അന്യസ്വരമായ തീവ്രധൈവതം ഈ രാഗത്തില്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നത് ഒരു പ്രത്യേകതയാണ്. പ ധ പ സാ പാ ധ നി ധ നി പാ, സ നി ധ പ എന്നീ സഞ്ചാരങ്ങളിലാണ് ഈ അന്യസ്വരം കടന്നുവരുന്നത്. അതേസമയം, പ ധ പ മ, മ ധ പ മ ഗ രി എന്നീ പ്രയോഗങ്ങളില്‍ ധൈവതം കോമളധൈവതമായി വരുന്നു. സ പാ പ, പ സ സ എന്നീ വര്‍ജ്യപ്രയോഗങ്ങളും സ ഗ മ പ നി പ, പ ഗാ രി എന്നിവയും ഈ രാഗത്തിലെ സവിശേഷപ്രയോഗങ്ങളാണ്. അന്തരഗാന്ധാരം, കാകളിനിഷാദം എന്നീ സ്വരക്കൂട്ടുകളിലും ഈ രാഗത്തിലുള്ള ചില കൃതികള്‍ ആലപിക്കാറുണ്ട്. ഇവ കൂടാതെ തന്നെ ഈ രാഗത്തിന്റെ സത്ത നിലനിര്‍ത്താന്‍ കഴിയുമെന്നതും ശ്രദ്ധേയമാണ്. മന്ദ്രസ്ഥായിനിഷാദത്തിനു കീഴെ ഈ രാഗത്തില്‍ നിന്നു സഞ്ചാരങ്ങളില്ല. വളരെ പ്രസിദ്ധങ്ങളായ ഒട്ടുവളരെ കൃതികള്‍ ഈ രാഗത്തിലുണ്ട്. പുരന്ദരദാസന്റെ രാമനാമ, ത്യാഗരാജസ്വാമിയുടെ നീകേതെലിയക, ശ്യാമാശാസ്ത്രിയുടെ മറിവേറെ ഗതി, ഓജഗദംബ, മുത്തുസ്വാമിദീക്ഷിതരുടെ മാനസഗുരു ഗുഹ, സ്വാതിതിരുനാളിന്റെ പാഹി തരക്ഷു തുടങ്ങിയവ ഇക്കൂട്ടത്തില്‍ ചിലതു മാത്രമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍