This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദപാലന്‍ (ഭ.കാ. 1001 - 1012)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദപാലന്‍ (ഭ.കാ. 1001 - 1012)

കാബൂള്‍ താഴ്വരയും ഗാന്ധാരവും ഭരിച്ചിരുന്ന ഹിന്ദു ഷാഹി വംശത്തിലെ രാജാവ്. ജയപാലന്റെ മകനും പിന്‍ഗാമിയുമാണ് ആനന്ദപാലന്‍. ഉദഭാണ്ഡപുരമായിരുന്നു (ആധുനിക വൈഹിന്ദ്) ഹിന്ദുഷാഹി വംശത്തിന്റെ തലസ്ഥാനം. എ.ഡി. 1001-നോടടുപ്പിച്ച് ആനന്ദപാലന്‍ സ്ഥാനാരോഹണം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. എ.ഡി. 1005-1006-ല്‍ മുള്‍ട്ടാനിലെ ഭരണാധിപനായിരുന്ന അബുല്‍ഫത്തഹ് ദാവൂദിനെ ശിക്ഷിക്കുവാന്‍ എത്തിയ ഗസ്നാ (ഗസ്നി)യിലെ മഹ്മൂദിനും (971-1030) സൈന്യത്തിനും ആ രാജ്യത്തേക്കു കടക്കുവാന്‍ ആനന്ദപാലന്‍ അനുമതി നല്കിയില്ല. തുടര്‍ന്ന് പെഷാവറിനു സമീപം ആനന്ദപാലനുമായി മഹ്മൂദ് ഏറ്റുമുട്ടി. ആനന്ദപാലന്‍ പരാജയപ്പെട്ട് കാശ്മീര്‍ കുന്നുകളില്‍ അഭയംതേടി.

എ.ഡി. 1008-ല്‍ ആനന്ദപാലനെ ശിക്ഷിക്കുന്നതിനു മഹ്മൂദ് വീണ്ടും സൈന്യം ശേഖരിച്ച് എത്തിച്ചേര്‍ന്നു. ആനന്ദപാലന്റെ പുത്രനായ ബ്രഹ്മപാലന്റെ നേതൃത്വത്തില്‍ ഒരു സൈന്യം വൈഹിന്ദിനു സമീപമുള്ള നദീതീരത്തുവച്ച് ശത്രുവിനെ നേരിട്ടു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ആനന്ദപാലന്റെ സേന തോല്പിക്കപ്പെട്ടു. ഷാഹി തലസ്ഥാനമുള്‍പ്പെടെ സിന്ധു നദിക്കു പടിഞ്ഞാറുള്ള എല്ലാ പ്രദേശങ്ങളും മഹ്മൂദ് പിടിച്ചടക്കി. തുടര്‍ന്ന് ആനന്ദപാലന്‍ മഹ്മൂദുമായി സഖ്യം ചെയ്തു. ആനന്ദപാലന്റെ മരണംവരെ ഈ ഉടമ്പടി പാലിക്കപ്പെട്ടു.

എ.ഡി. 1011-ല്‍ മഹ്മൂദ് താനേശ്വരം കൊള്ളയടിക്കുവാന്‍ പുറപ്പെട്ടപ്പോള്‍ ആനന്ദപാലന്‍ മഹ്മൂദിനു വേണ്ട സഹായം നല്കി. എങ്കിലും ഹിന്ദുക്കള്‍ പരിപാവനമായി കരുതിയിരുന്ന താനേശ്വരം ക്ഷേത്രം കൊള്ളയടിക്കരുതെന്ന് ആനന്ദപാലന്‍ ചെയ്ത അഭ്യര്‍ഥന മഹ്മൂദ് നിരാകരിച്ചു. ഡല്‍ഹി ആക്രമിക്കുന്നതിന് മഹ്മൂദിന് ആഗ്രമുണ്ടായിരുന്നുവെങ്കിലും ആനന്ദപാലന്റെ സഹകരണത്തില്‍ വിശ്വാസമില്ലായിരുന്നതുകൊണ്ട് മഹ്മൂദ് നാട്ടിലേക്കു തന്നെ മടങ്ങിപ്പോയി. മടക്കത്തില്‍ മഹ്മൂദിന് എല്ലാവിധ സഹായങ്ങളും നല്കുവാന്‍ ആനന്ദപാലന്‍ മറന്നില്ല. ആനന്ദപാലന്‍ 1012-ല്‍ അന്തരിച്ചു.

(എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍