This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദതീര്‍ഥര്‍, സ്വാമി (1905 - 1987)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദതീര്‍ഥര്‍, സ്വാമി (1905 - 1987)

കേരളീയ സാമൂഹിക പരിഷ്കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയും. കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയിലെ ഗൗഡ സാരസ്വത ബ്രാഹ്മണ കുടുംബത്തില്‍ രാമചന്ദ്രറാവുവിന്റെയും ദേവുഭായിയുടെയും അഞ്ചാമത്തെ പുത്രനായി 1905 ജനു. 5-ന് ജനിച്ചു. തലശ്ശേരിയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനന്ദതീര്‍ഥര്‍ മദിരാശി പ്രസിഡന്‍സി കോളജില്‍ നിന്നും ഊര്‍ജതന്ത്രത്തില്‍ ഓണേഴ്സ് ബിരുദം കരസ്ഥമാക്കി. ചെറുപ്പത്തില്‍ത്തന്നെ ജാതിമതഭേദ ചിന്തകള്‍ക്കതീതമായി ചിന്തിച്ച ഇദ്ദേഹം 1928-ല്‍ ശിവഗിരിയില്‍ വച്ച് സന്ന്യാസം സ്വീകരിച്ച് ആനന്ദതീര്‍ഥരായി. തുടര്‍ന്ന് സന്ന്യാസത്തിന്റെ പരമ്പരാഗത പാത വിട്ട ആനന്ദതീര്‍ഥര്‍ അയിത്തോച്ചാടനവും അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉദ്ധാരണവും ജീവിതവ്രതമായി സ്വീകരിച്ചുകൊണ്ട് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.

വിദ്യാഭ്യാസ കാലത്തുതന്നെ സ്വാമി ആനന്ദതീര്‍ഥര്‍ ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഇദ്ദേഹം കാല്‍നടയായി സഞ്ചരിച്ച് സബര്‍മതിയില്‍ എത്തി ഗാന്ധിജിയെ സന്ദര്‍ശിച്ചു. ഉപ്പു നിയമലംഘനത്തിന്റെ കാലഘട്ടത്തില്‍ തമിഴ്നാട്ടിലെത്തിയ സ്വാമികള്‍ തഞ്ചാവൂരില്‍ നിന്നു വേദാരണ്യത്തിലേക്കുള്ള ഉപ്പു സത്യാഗ്രഹ ജാഥയില്‍ പ്രധാന സംഘാടകനായി പങ്കെടുത്തു. വേദാരണ്യത്തില്‍ രാജാജി തുടങ്ങിയ നേതാക്കളോടൊപ്പം ഇദ്ദേഹം അറസ്റ്റുവരിച്ചു. തുടര്‍ന്ന് വെല്ലൂര്‍ ജയിലില്‍ തടവിലായി. ഗാന്ധി-ഇര്‍വിന്‍ കരാറിനെ തുടര്‍ന്നു ജയില്‍ മോചിതനായി തലശ്ശേരിയില്‍ തിരിച്ചെത്തിയ ആനന്ദതീര്‍ഥര്‍ കള്ളുഷാപ്പ് ഉപരോധം, വിദേശ വസ്ത്ര ബഹിഷ്കരണം, ഖാദി പ്രചാരണം തുടങ്ങിയ ദേശീയ പ്രസ്ഥാന സംരംഭങ്ങളില്‍ പങ്കാളിയായി.

ദേശീയ പ്രസ്ഥാനത്തില്‍ സജീവമായിരിക്കെയാണ് സ്വാമികള്‍ അധഃസ്ഥിത വിഭാഗങ്ങള്‍ ജാതിയുടെ പേരില്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ തന്റെ പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിക്കുന്നത്. രാഷ്ട്രീയ സ്വാതന്ത്ര്യം മുഖ്യലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ്സിന്റെ സാമൂഹിക പരിഷ്കരണ സമീപനങ്ങള്‍, പ്രത്യേകിച്ചും അയിത്തോച്ചാടന സമീപനം സ്വാമികള്‍ക്ക് സ്വീകാര്യമായില്ല. സ്വാതന്ത്ര്യം എന്നത് കേവലം രാഷ്ട്രീയം മാത്രമല്ലെന്നായിരുന്നു ആനന്ദതീര്‍ഥരുടെ അഭിപ്രായം. ജാതിവ്യവസ്ഥയുടെ വ്യുത്‍പന്നമായ അയിത്തത്തെ നിര്‍മാര്‍ജനം ചെയ്യാതെ ഇന്ത്യയ്ക്ക് ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കാന്‍ കഴിയില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. ഈ ചിന്തയില്‍ അടിയുറച്ചു നിന്ന ആനന്ദതീര്‍ഥര്‍ ജാതിവ്യവസ്ഥയുടെ അടിത്തട്ടില്‍ അടിച്ചമര്‍ത്തലുകള്‍ അനുഭവിച്ചുകൊണ്ടിരുന്ന ദലിതരുടെ ഉന്നമനത്തിന് വേണ്ടിയാണ് തുടര്‍ന്നു കര്‍മനിരതനായത്. പിന്നീട് അധഃസ്ഥിതരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഇദ്ദേഹം 1931-ല്‍ പയ്യന്നൂരില്‍ സബര്‍ബതി ആശ്രമത്തിന്റെ മാതൃകയില്‍ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചു. 1934-ല്‍ ഗാന്ധിജി ഈ വിദ്യാലയം സന്ദര്‍ശിക്കുകയും അധഃസ്ഥിത ജനവിഭാഗങ്ങളുടെ നവോത്ഥാനത്തിനുവേണ്ടി സ്വാമികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ഉത്തര മലബാറിലെ തീയര്‍ തുടങ്ങിയ അവര്‍ണരുടെ ക്ഷേത്രങ്ങളില്‍പ്പോലും അക്കാലത്ത് ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. കാവുകള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇത്തരം ആരാധനാലയങ്ങളുടെ സമീപത്തുകൂടിപ്പോലും ദലിതരെ സഞ്ചരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഈ രീതിയിലുള്ള അയിത്താചാരത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഏ.കെ.ജി.യും, കേരളീയനും കുറെ ദലിത് കുട്ടികളുമായി തീയ സമുദായത്തിന്റെ ആരാധനാലയമായ കണ്ടോത്ത് കാവ് (പയ്യന്നൂര്‍) പരിസത്തെ പൊതുപാതയിലൂടെ ഒരു ജാഥ നയിച്ചു (1931). എന്നാല്‍ കാവിന്റെ പരിസരത്ത് വച്ച് യഥാസ്ഥിതിക തീയ സമുദായാംഗങ്ങള്‍ ജാഥയെ ആക്രമിക്കുകയും എ.കെ.ജി.യെയും കേരളീയനെയും മര്‍ദിച്ചു അവശരാക്കുകയും ചെയ്തു. ആശുപത്രിയില്‍ വച്ച് ആനന്ദതീര്‍ഥര്‍ ഏ.കെ.ജി.യെയും, കേരളീയനെയും സന്ദര്‍ശിച്ചു. പൊതുനിരത്തില്‍ ദലിതര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചത് സ്വാമികളെ വേദനിപ്പിച്ചു. ഏറെ വൈകാതെ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ സജീവമായി പങ്കെടുക്കാന്‍ ആനന്ദതീര്‍ഥര്‍ക്ക് ഈ സംഭവം ആവേശം നല്‍കി. കണ്ണൂരില്‍ നിന്നു ഗുരുവായൂരിലേക്ക് പുറപ്പെട്ട സത്യാഗ്രഹജാഥയില്‍ ആനന്ദതീര്‍ഥരും പങ്കെടുത്തു. അധഃസ്ഥിതര്‍ക്ക് പ്രവേശനം നിക്ഷേധിക്കപ്പെട്ട കാവുകളില്‍ ഈ വിഭാഗങ്ങള്‍ മദ്യവും മറ്റും നേര്‍ച്ച അര്‍പ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇദ്ദേഹം ഉദ്ബോധിപ്പിച്ചു.

ജാതിയുടെയും അയിത്തത്തിന്റെയും പേരില്‍ വിവേചനം നിലനിന്നിരുന്ന പൊതുസ്ഥാപനങ്ങളിലും സ്ഥലങ്ങളിലും എല്ലാം ആനന്ദതീര്‍ഥര്‍ തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ചായക്കടകള്‍, ബാര്‍ബര്‍ഷോപ്പ്, പൊതുവഴി, കുളം, കിണര്‍, ഊട്ടുപുര തുടങ്ങിയ ഇടങ്ങളിലെല്ലാം ഇദ്ദേഹം ദലിതരോടൊപ്പം കടന്നുചെന്നു. ഒരിക്കല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ബ്രാഹ്മണരുടെ ഊട്ടുപുരയില്‍ പൂണൂല്‍ ഇല്ലാതെ കടന്നുചെന്നു ആഹാരം കഴിച്ചതിനാല്‍ ഇദ്ദേഹത്തെ ക്ഷേത്രഭാരവാഹികളും ബ്രാഹ്മണരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് അഞ്ചുദിവസത്തോളം സ്വാമികള്‍ ക്ഷേത്രനടയില്‍ സത്യാഗ്രഹസമരം നടത്തിയതിന്റെയും ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ എന്ന സാമൂഹിക സംഘടന ഗുരുവായൂരിലേക്ക് പദയാത്ര സംഘടിപ്പിച്ചതിന്റെയും ഫലമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ജാതിഭേദമേന്യേ എല്ലാ ഹിന്ദുക്കള്‍ക്കും സദ്യ നല്‍കുന്ന രീതി നിലവില്‍ വന്നത്.

ആനന്ദതീര്‍ഥര്‍ പ്രത്യേകിച്ച് സംഘടനകള്‍ ഒന്നും തന്നെ രൂപീകരിച്ചിരുന്നില്ല. തന്റെ ജീവിതം തന്നെയാണ് തന്റെ സന്ദേശമെന്ന് തെളിയിച്ച സാമൂഹിക പ്രവര്‍ത്തനപരതയുടെ വക്താവായിരുന്നു സ്വാമി ആനന്ദതീര്‍ഥര്‍. ഗാന്ധിജിയും അംബേദ്കറും, നാരായണഗുരുവുമായിരുന്നു ഇദ്ദേഹത്തിന്റെ മാര്‍ഗദീപങ്ങള്‍. 1987 ന. 12-ന് സ്വാമി ആനന്ദതീര്‍ഥര്‍ ദിവംഗതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍