This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദചാര്‍ലു, പി. (1843 - 1908)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദചാര്‍ലു, പി. (1843 - 1908)

ചിത്രം:Vol4p17 Anada-charlu.jpg
പി.ആനന്ദചാർലു

ഇന്ത്യന്‍ ദേശീയ നേതാവ്. ആന്ധ്രാപ്രദേശില്‍ ചിറ്റൂര്‍ ജില്ലയിലെ കടമഞ്ചി ഗ്രാമത്തില്‍ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തില്‍, ജില്ലാക്കോടതി ശിരസ്തദാരായ ശ്രീനിവാസ ചാര്‍ലുവിന്റെ മൂത്ത പുത്രനായി പനമ്പക്കം ആനന്ദചാര്‍ലു, 1843 ആഗ.-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ പ്രപിതാമഹന്‍മാരുടെ ജന്‍മസ്ഥലം തമിഴ്നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലെ പനമ്പക്കം ആയിരുന്നു. ഇംഗ്ളീഷ്, സംസ്കൃതം, തെലുഗു എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയ ചാര്‍ലു ചെന്നൈയിലെ പച്ചയ്യപ്പാസ് ഹൈസ്കൂളില്‍ 1865 മുതല്‍ 1869 വരെ അധ്യാപകനായി കഴിഞ്ഞു. 1869-ല്‍ ബി.എല്‍. പാസായശേഷം മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രഗല്ഭനായ ഒരു വക്കീലായി പ്രശസ്തി നേടി. മദ്രാസ് അഡ്വോക്കേറ്റ്സ് അസോസിയേഷന്‍ സ്ഥാപിക്കാന്‍ (1889) ആനന്ദ ചാര്‍ലുവാണ് മുന്‍കൈയെടുത്തത്. മദ്രാസിലെ ട്രിപ്ളിക്കെയിന്‍ ലിറ്റററി സൊസൈറ്റി(1884)യും ഇദ്ദേഹം സ്ഥാപിച്ചതാണ്. മദ്രാസ് നേറ്റീവ് അസോസിയേഷന്റെ പുനരുദ്ധാരണവും മദ്രാസ് മഹാജനസഭയുടെ സ്ഥാപനവും ആനന്ദചാര്‍ലുവിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു. മദ്രാസ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗമായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1885-99). മദ്രാസ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബില്ലിനെതിരായി സമരം സംഘടിപ്പിച്ചത് ഇദ്ദേഹമായിരുന്നു.

മുംബൈയില്‍വച്ച് 1885-ല്‍ നടന്ന ആദ്യത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത 72 പ്രതിനിധികളില്‍ ആനന്ദചാര്‍ലുവും ഉള്‍പ്പെടുന്നു. അക്കാലം മുതല്‍ ഇദ്ദേഹം കോണ്‍ഗ്രസ്സില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1891-ല്‍ നാഗ്പൂരില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായും 1892-ല്‍ കോണ്‍ഗ്രസ് സെക്രട്ടറിയായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1895-ല്‍ കേന്ദ്ര നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 8 വര്‍ഷം ആ സ്ഥാനം വഹിച്ചു. കോണ്‍ഗ്രസ് പിളര്‍പ്പി(1907-08)നെത്തുടര്‍ന്ന് ഇദ്ദേഹം മിതവാദിഭാഗത്ത് നിലയുറപ്പിച്ചു. ആനന്ദചാര്‍ലുവിന്റെ നിയമഗ്രന്ഥങ്ങളില്‍ ഹൗ റ്റു റിഫോം കോര്‍ട്ട്സ് (1882), ദ് മദ്രാസ് ലീഗല്‍ പ്രൊഫഷന്‍: ഹൗ റ്റു റിഫോം ഇറ്റ് (1883) എന്നിവ ഉള്‍പ്പെടുന്നു. ഹിന്ദു പത്രത്തിന്റെ സ്ഥാപനത്തിലും ഇദ്ദേഹത്തിനു പങ്കുണ്ട്. വൈജയന്തി എന്നൊരു പത്രം ഇദ്ദേഹം മുന്‍പുതന്നെ നടത്തിയിരുന്നു. വനിതാവിദ്യാഭ്യാസത്തിനും വിധവാവിവാഹത്തിനും നിയമപരമായ അംഗീകാരം നേടുന്നതിന് ഇദ്ദേഹം പ്രയത്നിച്ചു. തെലുഗു പണ്ഡിതന്‍മാരെയും കവികളെയും പ്രോത്സാഹിപ്പിച്ച ഇദ്ദേഹം വിസ്മൃതിയിലാണ്ടുകിടന്നിരുന്ന നിരവധി തെലുഗു ക്ലാസ്സിക്ക് കൃതികള്‍ വെളിച്ചത്തു കൊണ്ടുവന്നു. 1908-ല്‍ ആനന്ദചാര്‍ലു അന്തരിച്ചു. ഇദ്ദേഹത്തിന്റെ പുത്രനാണ് പ്രശസ്ത തെലുഗു സാഹിത്യകാരനായ ശ്രീനിവാസചാര്‍ലു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍