This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദകുമാരസ്വാമി (1877 - 1947)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദകുമാരസ്വാമി (1877 - 1947)

പൗരസ്ത്യകലയ്ക്കും ദര്‍ശനത്തിനുംവേണ്ടി നിലകൊണ്ട കലാമീമാംസകന്‍. ആംഗ്ലോ-സിലോണീസ് സന്തതിയായ ഇദ്ദേഹം 1877-ല്‍ കൊളംബോയില്‍ ജനിച്ചു; പൂര്‍ണമായ പേര് ആനന്ദ്കെന്റിഷ് കുമാരസ്വാമി എന്നാണ്. ഇംഗ്ലണ്ടില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 25-ാമത്തെ വയസ്സില്‍ ശ്രീലങ്കയില്‍ മടങ്ങിയെത്തി. മിനറോളജിക്കല്‍ സര്‍വേയുടെ ഡയറക്ടറായി 3 വര്‍ഷം അവിടെ ജോലി നോക്കി. അതിനുശേഷം കലയെക്കുറിച്ച് പഠിക്കുന്നതിനും വ്യവസായവത്കരണത്തിന്റെ അതിപ്രസരം മൂലം പരമ്പരാഗതമായ കല നശിച്ചുപോകാതെ സൂക്ഷിക്കുന്നതിനും വേണ്ടി ഉദ്യമിച്ചു. ഭാരതീയചിന്തയ്ക്കും കലകള്‍ക്കുമുള്ള പ്രാധാന്യത്തെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു ബോധ്യമാക്കിക്കൊടുക്കുന്നതില്‍ കുമാരസ്വാമി വിജയിക്കുകയുണ്ടായി.

1917-ല്‍ അമേരിക്കയിലെ ബോസ്റ്റണില്‍ ലളിതകലാമ്യൂസിയത്തിലെ ഒരു റിസര്‍ച്ച് ഫെല്ലോ ആയി ഇദ്ദേഹം നിയമിതനായി. ഏറെ താമസിയാതെ ആ സ്ഥാപനത്തിലെ ഇന്ത്യന്‍, പേര്‍ഷ്യന്‍, ഇസ്ലാമിക കലാശാഖകളുടെ ചുമതലക്കാരനായിത്തീരുകയും ചെയ്തു. അക്കാലത്ത് കുമാരസ്വാമിയുടെ വമ്പിച്ച ചിത്രകലാശേഖരം ആ സ്ഥാപനം വിലയ്ക്കുവാങ്ങി. കൂടാതെ ഏഷ്യയിലെ ചിത്രകല, കൊത്തുപണി, കളിമണ്‍വേല, ആഭരണനിര്‍മാണം എന്നീ സുകുമാര കലാവിഭാഗങ്ങളിലെ അത്യുത്തമങ്ങളായ വളരെയധികം സമുന്നതസൃഷ്ടികള്‍ പ്രസ്തുത സ്ഥാപനത്തിനുവേണ്ടി ഇദ്ദേഹം സംഭരിക്കുകയും ചെയ്തു. ചിത്രകലയെയും കൊത്തുപണിയെയും കുറിച്ച് അനവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അവയില്‍ ചിലത് താഴെ പറയുന്നു:

മിഡീവല്‍ സിന്‍ഹളീസ് ആര്‍ട്ട്, ദി ഇന്‍ഡ്യന്‍ ക്രാഫ്റ്റ്സ്മാന്‍, രജപൂട് പെയിന്റിങ്, മിത്സ് ഒഫ് ഹിന്ദൂസ് ആന്‍ഡ് ബുദ്ധിസ്റ്റ്സ്, ദ് ഡാന്‍സ് ഒഫ് ശിവ, ഹിസ്റ്ററി ഒഫ് ഇന്ത്യന്‍ ആന്‍ഡ് ഇന്‍ഡോനേഷ്യന്‍ ആര്‍ട്ട്.

ചിത്രകലയ്ക്കു മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരികോന്നമനത്തിനുവേണ്ടിയും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1924-ല്‍ ന്യൂയോര്‍ക്കില്‍ ഒരു ഇന്ത്യന്‍ സാംസ്കാരികകേന്ദ്രം സ്ഥാപിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയകമ്മിറ്റിയുടെ പ്രസിഡന്റായി വാഷിങ്ടണില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിയോടുകൂടി ഇന്ത്യയില്‍ വരണമെന്ന് ഇദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനിടയായില്ല. 1947 സെപ്. 10-ന് അദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍