This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദം

ഹര്‍ഷം, സുഖം, ദുഃഖാഭാവം എന്നീ അര്‍ഥങ്ങളുള്ളതും ബ്രഹ്മപര്യായമായി അദ്വൈതദര്‍ശനത്തില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ളതുമായ പദം. ജഗത്കാരണമായ പരബ്രഹ്മ-പരമാത്മതത്ത്വത്തെ ആനന്ദം എന്ന സംജ്ഞയിലൂടെ തൈത്തിരീയോപനിഷത്തിലാണ് ആദ്യമായി അവതരിപ്പിച്ചിട്ടുള്ളത്. 'യാതൊന്നില്‍നിന്നാണോ ഈ ഭൂതങ്ങളെല്ലാം ഉദ്ഭവിക്കുന്നത്, ഉദ്ഭവിച്ചവയെല്ലാം യാതൊന്നിലാണോ ജീവിക്കുന്നത്, ജീവിതാവസാനത്തില്‍ ഈ ലോകത്തില്‍ നിന്നു പ്രയാണം ചെയ്തു യാതൊന്നിലാണോ ഒടുവില്‍ വിലയം പ്രാപിക്കുന്നത്, അത്' എന്നാണ് ബ്രഹ്മത്തിന് അവിടെ കൊടുത്തിരിക്കുന്ന നിര്‍വചനം.

ബ്രഹ്മംതന്നെ ആനന്ദം. ഭൃഗു എന്ന മഹര്‍ഷി പിതാവായ വരുണനെ സമീപിച്ച് ബ്രഹ്മത്തെ തനിക്കുപദേശിക്കുവാന്‍ അപേക്ഷിച്ചപ്പോള്‍ വരുണന്‍ മകനു നല്കിയ മറുപടിയാണ് ഈ നിര്‍വചനം. ഉപദേശം ലഭിച്ച ഉടനെ ഭൃഗു ഈ തത്ത്വം സാക്ഷാത്കരിക്കുന്നതിനുവേണ്ടി തപസ്സുചെയ്ത് 'അന്നം' ആണ് ബ്രഹ്മമെന്നു മനസ്സിലാക്കി വരുണനെ സമീപിച്ച് തന്റെ കണ്ടുപിടിത്തം അറിയിച്ചു. ബ്രഹ്മത്തിന്റെ സ്ഥൂലരൂപം മാത്രമേ തന്റെ പുത്രനു മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുള്ളു എന്നറിഞ്ഞ് വരുണന്‍ വീണ്ടും പുത്രനെ തപസ്സിനു പറഞ്ഞയച്ചു. തപസ്സനുഷ്ഠിച്ച് പ്രാണനാണ് ബ്രഹ്മമെന്നു മനസ്സിലാക്കിയ ഭൃഗു അച്ഛനെ സമീപിച്ച് തന്റെ രണ്ടാമത്തെ കണ്ടുപിടിത്തം അറിയിച്ചപ്പോള്‍ മുമ്പത്തെക്കാള്‍ അല്പംകൂടി സൂക്ഷ്മത്തിലേക്കു ചെന്നു എന്നല്ലാതെ സത്യം ഇനിയും ബോധിച്ചിട്ടില്ലെന്നും പറഞ്ഞ് മകനെ വരുണന്‍ വീണ്ടും തപസ്സിനയച്ചു. തത്ഫലമായി മനസ്സാണ് ബ്രഹ്മമെന്നും, വീണ്ടും ചെയ്ത തപസ്സിന്റെ ഫലമായി വിജ്ഞാനമാണ് ബ്രഹ്മമെന്നും, തപസ്സു തുടര്‍ന്നു ചെയ്തപ്പോള്‍ ആനന്ദമാണ് ബ്രഹ്മമെന്നും ഭൃഗു കണ്ടെത്തി. ആനന്ദമാണ് ബ്രഹ്മമെന്ന പരമതത്ത്വം സാക്ഷാത്കരിച്ച മകനില്‍ വരുണന്‍ സന്തുഷ്ടനായി എന്നാണ് ഉപനിഷത്കഥ. അങ്ങനെയാണ് ബ്രഹ്മം ആനന്ദമാണ് എന്ന ആശയം വികസിച്ചിട്ടുള്ളത്. ഇപ്രകാരം ഉപനിഷത്പ്രതിപാദിതവും ബ്രഹ്മതത്ത്വാഭിന്നവുമായ ആനന്ദത്തെ ആസ്പദമാക്കിയാണ് ഈശ്വരനെ സച്ചിദാനന്ദസ്വരൂപനെന്നും മററും ലക്ഷണപൂര്‍വകം വര്‍ണിച്ചിട്ടുള്ളത്.

മേല്പറഞ്ഞ കഥയില്‍ ആനന്ദത്തിന്റെ വിവിധ വിതാനങ്ങളെ അഥവാ പല പടികളെ സൂചിപ്പിച്ചിട്ടുണ്ടെന്ന കാര്യവും സ്മര്‍ത്തവ്യമാണ്. പ്രപഞ്ചത്തിന്റെ ഘടന മനുഷ്യന്റേതുപോലെ സ്ഥൂലത്തില്‍ നിന്നു സൂക്ഷ്മത്തിലേക്ക് പല കോശങ്ങളായിട്ടാണ് എന്നും, അവയെ യഥാക്രമം അന്നമയകോശമെന്നും പ്രാണമയകോശമെന്നും, മനോമയകോശമെന്നും, വിജ്ഞാനമയകോശമെന്നും, ആനന്ദമയകോശമെന്നും പറയുന്നു എന്നുമാണ് നിലനില്പിനെക്കുറിച്ചുള്ള വിശകലനത്തിന്റെ നിഷ്കൃഷ്ടമായ നിഗമനം. ഓരോ ഘട്ടത്തിലും അഥവാ വിതാനത്തിലും അതിന്റേതായ ആനന്ദാനുഭവം ഭൃഗുവിനുണ്ടായിട്ടുണ്ട്. പക്ഷേ, പിന്നീട് പിന്നീടുണ്ടാകുന്ന ആനന്ദാനുഭവങ്ങള്‍ക്ക് മുന്‍പത്തേതിനെക്കാള്‍ ഘനത്വം കൂടുമെന്നും അന്തിമഘട്ടത്തില്‍ ഈ ഘനത്വം അതിന്റെ പരമകാഷ്ഠയിലെത്തുമെന്നും അതിനുപരിയായി അനുഭൂതി വിഷയമാകുന്ന ആനന്ദം വേറെ ഇല്ലെന്നുമാണ് കഥയുടെ സാരാംശം.

വൈഷയികാനന്ദം. തൈത്തിരീയോപനിഷത്തില്‍ത്തന്നെ ആനന്ദത്തെക്കുറിച്ച് വിശദമായ ഒരു ചര്‍ച്ചയും ഉണ്ട്. മനുഷ്യലോകത്തിലെ ഭോഗാനുഭവങ്ങളില്‍നിന്നു ലഭിക്കുന്ന എല്ലാ സുഖങ്ങളെയും കണക്കിലെടുത്തുകൊണ്ട് അവയെ യഥാര്‍ഥാനന്ദവുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു. മനുഷ്യന്‍, മനുഷ്യഗന്ധര്‍വന്‍മാര്‍, ദേവഗന്ധര്‍വന്‍മാര്‍, പിതൃക്കള്‍, അജാനജദേവന്‍മാര്‍, കര്‍മദേവന്‍മാര്‍, ദേവന്‍മാര്‍, ഇന്ദ്രന്‍, ബൃഹസ്പതി, പ്രജാപതി, ബ്രഹ്മാവ് എന്നിങ്ങനെ അനുക്രമം ഉയര്‍ന്നുപോകുന്ന ജീവികളുടെ ആനന്ദം അനുക്രമം നൂറിരട്ടി വീതമാണെന്നും ഈ വകക്കാര്‍ അനുഭവിക്കുന്ന ആനന്ദം ബ്രഹ്മനിഷ്ഠനായ ഒരുവന് സ്വതഃപ്രാപ്തമാണെന്നും ആകയാല്‍ പൂര്‍ണാനന്ദസ്വരൂപമായ പരബ്രഹ്മത്തിന്റെ സാക്ഷാത്കാരജന്യമായ ആനന്ദത്തെ അപേക്ഷിച്ച് മറ്റെല്ലാം പരമതുച്ഛങ്ങളാണെന്നും ആണ് ഈ ചര്‍ച്ചയുടെ സാരം. ആകയാല്‍ ആനന്ദത്തെ രണ്ടായി തിരിക്കാം. ഒന്നാമത്തേത് നിരതിശയവും ജ്ഞാനമാത്രലഭ്യവുമായ ബ്രഹ്മാനന്ദം; രണ്ടാമത്തേത് സാതിശയമായ വൈഷയികാനന്ദം. വിവേകികളെ സംബന്ധിച്ചിടത്തോളം സാതിശയമായ എത്ര വലിയ ആനന്ദവും ദുഃഖമാണ്. വിഷയതൃഷ്ണാരാഹിത്യമാണ് നിരതിശയാനന്ദത്തിലേക്കുള്ള മാര്‍ഗം.

വൈഷയികാനന്ദം വിവേവികള്‍ക്കു ദുഃഖമായിത്തോന്നുവാന്‍ കാരണം അതിന്റെ സാതിശയത്വവും സാപേക്ഷകതയുമാണ്. വ്യക്തിഭേദം, കാലഭേദം, ദേശഭേദം എന്നിവയനുസരിച്ച് വൈഷയികമായ അതായത് ഇന്ദ്രിയജന്യമായ ആനന്ദം ആനന്ദമല്ലാതായിത്തീരുന്നതു കാണാം. ചന്ദ്രകിരണ നളിനവന-ഭ്രമരധ്വനികള്‍ അന്യത്ര സുഖകരങ്ങളാണെങ്കിലും വിരഹികള്‍ക്ക് ദുഃഖഹേതുവാണല്ലോ. സാമവാക്യങ്ങള്‍ ശ്രുതിപുടങ്ങളില്‍ വീഴുമ്പോള്‍ സ്വതേ ആനന്ദപ്രദമാണെങ്കിലും ശത്രുവിന് അവ ദുഃഖത്തെ ജനിപ്പിക്കുന്നു. സൂകരശ്വാനാദികള്‍ക്ക് സുഖകരമായ അമേധ്യം, മനുഷ്യര്‍ക്ക് അപ്രിയങ്കരമാണ്. കാലം, വൃത്തി, വസ്തു എന്നീ ഘടകങ്ങളെ സംബന്ധിച്ചിടത്തോളം യാതൊരു നിശ്ചിതത്വവും വൈഷയികാനന്ദത്തിന് ഇല്ല. അഥവാ വൈഷയികാനന്ദത്തിനു ശാശ്വതത്വമില്ല. മാനസികാവസ്ഥ സത്വരജസ്തമോഗുണങ്ങളുടെ വൃത്തികള്‍ക്കനുസരിച്ച് ചലിക്കുന്നതുപോലെ വൈഷയികാനന്ദം ചഞ്ചലമായിരിക്കും. ഈ ദുഃസ്ഥിതി ബ്രഹ്മാനന്ദത്തെ ഒരിക്കലും ബാധിക്കുകയില്ല. കാലദേശാദ്യുപാധികളൊന്നും അതിനെ ഒരിക്കലും അന്യഥാകരിക്കുകയില്ല; അതു ശാശ്വതമാണ്, നിരപേക്ഷവുമാണ്.

ആനന്ദം ആത്മാവിന്റെ ലക്ഷണമായും സ്വഭാവമായും പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ആനന്ദം നിത്യമാണ്. ജാഗ്രത് സ്വപ്നസുഷുപ്ത്യാദ്യവസ്ഥകളിലെല്ലാം അത് അനുഭൂതി വിഷയമാണ്. ആനന്ദം എന്നത് ഇപ്രകാരം അദ്വൈതികളുടെ പക്ഷത്തില്‍ ഏറ്റവും ഉത്കൃഷ്ടമായ ഒരു ഭാവമാണ്. ആനന്ദം, സുഖം എന്നിവ സമാനാര്‍ഥത്തില്‍ പ്രയോഗിക്കപ്പെട്ടുവരുന്നുണ്ടെങ്കിലും സുഖം എന്നത് ലൌകികവും അനിത്യവുമായ അനുഭവത്തെയാണ് (ഉദാ. കളത്രസുഖം) മുഖ്യമായും വിവക്ഷിക്കുന്നത്. അതേ അനുഭവത്തിന്റെ ഉത്കൃഷ്ടമായ പ്രകാരത്തെയും സന്ദര്‍ഭംപോലെ ഈ പദംകൊണ്ട് പ്രകാശിപ്പിക്കാറുണ്ട്. അതുപോലെ ആനന്ദം എന്ന പദം ഉത്കൃഷ്ടമായ അനുഭവത്തെ അധികമായും സാധാരണ അനുഭവങ്ങളെ (ഉദാ. കാവ്യാനന്ദം) ആവശ്യംപോലെയും പ്രകാശിപ്പിക്കുന്നു. സുഖം പരിവര്‍ത്തനപ്രവണവും അസ്ഥിരവും, ആനന്ദം അഭംഗുരവും ആണ്. സുഖ-ദുഃഖങ്ങള്‍ ചേര്‍ന്ന് ഒരു ദ്വന്ദ്വമായി പ്രകീര്‍ത്തിക്കപ്പെടാറുണ്ട്. വേദാന്തികളുടെ ആനന്ദം ഈ ദ്വന്ദ്വത്തിനും മീതെയാണ്. സുഖത്തിന് ശരീരത്തോടും ആനനന്ദത്തിന് ആത്മാവിനോടുമാണ് ബന്ധം. സുഖം പ്രേയസ്സിന്റെയും ആനന്ദം ശ്രേയസ്സിന്റെയും പ്രാപ്തിയെക്കുറിക്കുന്നു. സുഖത്തിനു സത്വഗുണവുമായി വിരോധമുണ്ടാക്കുവാന്‍ സാധ്യമാണ്; ആനന്ദത്തിന് അത് ഒരിക്കലും സംഭവിക്കുകയില്ല. രണ്ടുതരം ആനന്ദം ഉണ്ടെന്നു പറഞ്ഞതില്‍ ബ്രഹ്മാനന്ദത്തിന് ആനന്ദം എന്നും തദിതര-സാതിശയാനന്ദങ്ങളെല്ലാം സുഖം എന്നും വ്യവഹരിക്കുകയാണ് ഉചിതമെന്ന് ഈ ചര്‍ച്ചയില്‍നിന്ന് വ്യക്തമാകുന്നു.

മറ്റു ദര്‍ശനങ്ങളില്‍. ബൗദ്ധദര്‍ശനത്തില്‍ സംസാരം ദുഃഖമയമാണ്. ദുഃഖമയമായ ഈ സംസാരം ഉപേക്ഷിച്ച് നിര്‍വാണപദം പൂകുകയാണ് ഓരോ ബൌദ്ധന്റെയും ലക്ഷ്യം. നിര്‍വാണാവസ്ഥയെ അവര്‍ ആനന്ദാവസ്ഥ എന്നോ മഹാസുഖമെന്നോ വ്യവഹരിക്കുന്നു. ജൈനദര്‍ശനപ്രകാരം ശരീരികള്‍ക്ക് ഒടുവില്‍ സിദ്ധിക്കുന്ന ഊര്‍ധ്വഗതിതന്നെയാണ് മോക്ഷം അഥവാ ആനന്ദം. പ്രത്യക്ഷം എന്ന ഒരൊറ്റ പ്രമാണത്തെ അംഗീകരിക്കുന്ന ചാര്‍വാകദര്‍ശനത്തില്‍ ദേഹാഭിന്നനായി ആത്മാവ് എന്ന ഒന്നില്ല. ആകയാല്‍ ഇന്ദ്രിയലബ്ധമായ-വൈഷയികമായ സുഖം തന്നെയാണ് അതില്‍ ആനന്ദമായി പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളത്. സാമൂഹികാചാരങ്ങളെ ബലികഴിക്കാതെ സംസാരത്തില്‍നിന്ന് അനുഭവിക്കാവുന്നിടത്തോളം 'സുഖം' അനുഭവിക്കുക എന്ന ലക്ഷ്യമേ ചാര്‍വാകന്‍ മുന്നോട്ടു വയ്ക്കുന്നുള്ളു. ചാര്‍വാകനോടു സാദൃശ്യമുള്ള ഒരു ദര്‍ശനമാണ് ഗ്രീസിലെ എപ്പിക്യൂറസിന്റേത്. ആനന്ദത്തെക്കുറിച്ചുള്ള എപ്പിക്യൂറസിന്റെ അഭിപ്രായം ചാര്‍വാകന്റേതുപോലെ സദ്ഗുണാധിഷ്ഠിതമാണ്. പക്ഷേ, അനിയന്ത്രിതമായ വിഷയോപഭോഗത്തിലും തജ്ജന്യമായ സുഖത്തിലും മാത്രം ശ്രദ്ധിക്കുവാന്‍ തുടങ്ങിയ അവരുടെ അനുയായികള്‍ മൂലം ഈ രണ്ടു സിദ്ധാന്തങ്ങളും കാലാന്തരത്തില്‍ അധഃപതിക്കുകയും ഹേയങ്ങളായിത്തീരുകയും ചെയ്തു. സാംഖ്യാസിദ്ധാന്തപ്രകാരം സുഖം സത്വഗുണത്തിന്റെ ലക്ഷണവും ഫലവുമാണ്. ബുദ്ധി സത്വരജസ്തമോമയിയായ പ്രകൃതിയുടെ അംഗമാകയാല്‍ ബുദ്ധിയിലും ബുദ്ധിക്കു വിഷയമായ ദൃശ്യാംശങ്ങളിലും സത്വഗുണം മുന്തിനില്ക്കുമ്പോള്‍ സുഖം അനുഭൂതിവിഷയമാകുന്നു. രജസ്തമോഗുണങ്ങള്‍ മുന്തിനില്ക്കുമ്പോള്‍ ദുഃഖവും. ആകയാല്‍ സുഖം ബുദ്ധിയുടെ ഗുണമാണ്-ദുഃഖത്തെപ്പോലെതന്നെ. നൈയായികന്‍മാര്‍ സുഖത്തെ ആത്മാവിന്റെ ഗുണമായി വ്യാഖ്യാനിച്ചിരിക്കുന്നു. ഈ അഭിപ്രായം സാംഖ്യന്‍മാര്‍ക്കു സമ്മതമല്ല. ഏതായാലും ഈ രണ്ടു ദര്‍ശനങ്ങളിലും മോക്ഷം എന്നത് സുഖത്തിനും ദുഃഖത്തിനും അതീതമായ ഒരവസ്ഥയാണ്. അതുകൊണ്ട് സുഖം ഇന്ദ്രിയങ്ങള്‍ വഴിയുള്ള ജാഗ്രതാവസ്ഥയിലെ അനുഭവങ്ങള്‍ നിലനില്ക്കുമ്പോഴും ഇന്ദ്രിയസംസ്കാരങ്ങളില്‍നിന്നുമുണ്ടായ സ്വപ്നാവസ്ഥയിലും മാത്രമേയുള്ളു എന്ന് ഈ സിദ്ധാന്തങ്ങള്‍ ഉദ്ഘോഷിക്കുന്നു.

പാശ്ചാത്യവീക്ഷണം. ജോണ്‍ ലോക്ക് (1632-1704), ഡേവിഡ് ഹ്യൂം (1711-76), ബെന്താം (1739-1832), ജോണ്‍ സ്റ്റുവര്‍ട് മില്‍ (1806-76) എന്നീ പാശ്ചാത്യചിന്തകന്‍മാര്‍ എപ്പിക്യൂറിയന്‍ സിദ്ധാന്തത്തെ അനുകൂലിച്ചിട്ടുള്ളവരാണ്. ഇവരില്‍ മില്‍ ആനന്ദത്തിന് ഉപയോഗിതാവാദത്തിന്റെ അടിസ്ഥാനത്തില്‍ നൂതനമായ ഒരു വ്യാഖ്യാനം കൊടുക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. സമൂഹത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനകരമായ ആനന്ദം സര്‍വശ്രേഷ്ഠമാണെന്നാണ് ഇദ്ദേഹത്തിന്റെ മതം. ക്രൈസ്തവദാര്‍ശനികനായ വിശുദ്ധ അഗസ്റ്റിന്‍ (356-430) ഈശ്വരസാക്ഷാത്കാരജന്യമായ ആനന്ദത്തെത്തന്നെയാണ് സര്‍വശ്രേഷ്ഠമായി ഉദ്ഘോഷിച്ചിട്ടുള്ളത്. അഫ്ലാതൂല്‍, സ്പിനോസാ, ഇമ്മാനുവല്‍ കാന്റ്, എഡിമോനിസ് മുതലായ മറ്റ് അനേകം പാശ്ചാത്യചിന്തകന്‍മാരും ആനന്ദത്തെക്കുറിച്ച് തങ്ങളുടെ ദര്‍ശനങ്ങളില്‍ ചര്‍ച്ചചെയ്തിട്ടുള്ളതായി കാണുന്നു.

മനശ്ശാസ്ത്രപരം. മനശ്ശാസ്ത്രപരമായി നോക്കിയാല്‍ ആനന്ദം എന്നത് മനസ്സിന്റെ ഒരവസ്ഥയാണ്. ഏതൊന്നിലേക്ക് മനസ് ആകര്‍ഷിക്കപ്പെടുന്നുവോ ആ വസ്തുവാണ് സുഖത്തിന്റെ ആസ്പദം. എല്ലാ പ്രാണികളും എല്ലാക്കാലത്തും അവനവന്റെ അവസ്ഥയ്ക്കനുസരിച്ച് എപ്പോഴും ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ആനന്ദത്തിന്റെ ലഘിഷ്ഠമായ ഭാവം മുതല്‍ ഗരിഷ്ഠമായ ഭാവം വരെ പല കാലത്തും പല രാജ്യത്തും ചിന്തകന്‍മാര്‍ തങ്ങളുടെ ബുദ്ധിക്കും അനുഭവത്തിനും അനുസരിച്ച് പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുള്ളതായി ഇതില്‍നിന്ന് അഭ്യൂഹിക്കാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍