This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനത്തിമിംഗലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:42, 22 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആനത്തിമിംഗലം

Sea Elephant


'കടലാന' എന്നുകൂടി പേരുള്ള ഒരു സസ്തനി. സീലുകളില്‍ ഏറ്റവും വലുപ്പംകൂടിയതാണ് ഇത്. തുമ്പിക്കൈപോലെ തോന്നിക്കുന്ന നീണ്ട മുഖവും (snout), ആനയെപ്പോലെ വലുപ്പവും ഉള്ളതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. മിറൂങ്ഗാ (Mirounga) ജീനസ്സില്‍പ്പെടുന്ന രണ്ടു സ്പീഷീസ് ജീവിച്ചിരിപ്പുണ്ട്. പസിഫിക് തീരങ്ങളില്‍ കാണപ്പെടുന്ന മിറൂങ്ഗാ അങ്ഗൂസ്റ്റിറോസ്റ്റ്രിസ് (Mirounga angustirostris) ആണ് ഒരിനം. 19-ാം ശ.-ത്തിന്റെ അവസാനത്തോടെ ഇവ ഏതാണ്ട് അസ്തമിതമായിത്തുടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ അംഗസംഖ്യ വീണ്ടും വര്‍ധിച്ചുവരുന്നുണ്ട്. ഉത്തരമേഖലയിലാണ് ഇവ കാണപ്പെടുന്നത്. ഇവയില്‍ ആണ്‍ ആനത്തിമിംഗലങ്ങള്‍ക്ക് ഉദ്ദേശം 5-6 മീ. നീളവും 2,200-ലേറെ കി.ഗ്രാം ഭാരവും ഉണ്ടാകും. പെണ്‍ തിമിംഗലങ്ങളുടെ നീളം 2.5-3 മീ. ആണ്.

ആനത്തിമിംഗലങ്ങള്‍

'ആന്റാര്‍ട്ടിക് കടലാന' എന്നറിയപ്പെടുന്ന മിറുങ്ഗാ ലിയൊനൈന (Mirounga Leonina) ദക്ഷിണമേഖലയില്‍ കാണപ്പെടുന്നു; ഫാക് ലന്‍ഡ് ദ്വീപപ്രദേശങ്ങളിലാണ് ഇവ ഏറ്റവുമധികം കാണപ്പെടുന്നത്. മിറൂങ്ഗാ അങ്ഗിസ്റ്റിറോസ്റ്റ്രിസിനെക്കാള്‍ വലുപ്പം കൂടിയവയാണിവ. ആണിന് 7 മീ. നീളവും 5-6 മീ. വരെ വണ്ണവും (ഇടഭാഗത്ത്) ഉണ്ടാകും.

പൂര്‍ണവളര്‍ച്ചയെത്തിയ കടലാനകളുടെ ശരീരം ചെറുരോമങ്ങളാല്‍ ആവൃതമായിരിക്കുന്നു. ഈ രോമങ്ങള്‍ക്കു മഞ്ഞകലര്‍ന്ന തവിട്ടു നിറംമുതല്‍ സ്ലേറ്റിന്റെ നിറംവരെ ഏതുമാകാം. കോപിഷ്ടനോ വികാരഭരിതനോ ആയ ആനത്തിമിംഗലത്തിന്റെ 'തുമ്പിക്കൈ'യ്ക്കുള്ളിലുള്ള അറകള്‍ വായുനിറഞ്ഞ് വീര്‍ക്കുന്നതു കാണാം. ഇവയുടെ കൊഴുപ്പ് (blubber) ശുദ്ധമായ എണ്ണയാണ്. ഒരു വലിയ ആണ്‍ തിമിംഗലത്തിന്റെ ശരീരത്തില്‍നിന്നും 200 ഗ്യാലനിലേറെ എണ്ണ ലഭിക്കും. യന്ത്രങ്ങള്‍ക്ക് ഈ എണ്ണ ഏറ്റവും പറ്റിയതാണെന്നു കരുതപ്പെടുന്നു.

കരയില്‍ സഞ്ചരിക്കാന്‍ ഇവയ്ക്കു കഴിയുമെങ്കിലും മന്ദഗതിയിലേ മുന്നോട്ടു നീങ്ങാന്‍ സാധിക്കൂ. കടലോരത്തെ മണല്‍പ്പുറത്ത് പകല്‍ കിടന്നുറങ്ങുകയും, രാത്രിയില്‍ ആഹാരസമ്പാദനത്തിന് കടലില്‍ ഇറങ്ങുകയുമാണ് ഇവയുടെ പതിവ്. ചില പ്രത്യേകയിനം മത്സ്യങ്ങള്‍ (rat fish), കണവ, ചെറു തിരണ്ടികള്‍, 'പഫര്‍' സ്രാവുകള്‍ എന്നിവയാണ് ഇവയുടെ മുഖ്യ ഭക്ഷണം. കടല്‍പ്പായലുകളും (sea weeds) ഇവ ഭക്ഷിക്കാറുണ്ട്. പല്ലുകള്‍ അകന്നതും ചവയ്ക്കാന്‍ പറ്റാത്ത തരത്തിലുള്ളതുമാകയാല്‍ ഭക്ഷണസാധനം ഒന്നായി വിഴുങ്ങാന്‍ മാത്രമേ ഇവയ്ക്കു കഴിയൂ. അതിനാല്‍ താരതമ്യേന ചെറു ജീവികളെ മാത്രമേ ആഹരിക്കാറുള്ളൂ. 'കില്ലര്‍ വെയ് ല്‍' (killer whale) എന്ന തിമിംഗലമാണ് ഇവയുടെ ഏക ശത്രു. നീന്തിപ്പോകുന്നതിനിടയില്‍ ഇവ ഈ 'കൊലയാളി'കളാല്‍ ആക്രമിക്കപ്പെടാറുണ്ട്.

ഒരു പെണ്‍ കടലാന വര്‍ഷംതോറും ഓരോ കുഞ്ഞിനെ വീതം പ്രസവിക്കുന്നു. മനുഷ്യനെ അധികം ഭയമില്ലാത്ത ജീവികളാണിവ. കൂട്ടങ്ങളായി കഴിഞ്ഞുകൂടുന്ന ഇവയെ വളരെ വേഗം വലയിലകപ്പെടുത്താന്‍ സാധിക്കും. തുകലിനും ദന്തത്തിനും മറ്റുമായി മനുഷ്യന്‍ ഇവയെ നിര്‍ദാക്ഷിണ്യം വേട്ടയാടിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവയുടെ വംശനാശം ഏതാണ്ട് അടുത്തിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇപ്പോള്‍ പല ഗവണ്മെന്റുകളും 'സീല്‍വേട്ട' നിയമംമൂലം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. കാലിഫോര്‍ണിയയില്‍ സാന്താ ബാര്‍ബറാ ദ്വീപുകളുടെ സമുദ്രങ്ങളില്‍നിന്നും മനുഷ്യനെ ഭയന്ന് ഇവ ഓടിപ്പോയിരുന്നു. എന്നാല്‍ ഗവണ്മെന്റ് സുരക്ഷാനടപടികള്‍ കൈക്കൊണ്ടതിനെത്തുടര്‍ന്ന് ഇവ വീണ്ടും അവിടേക്കു തിരിച്ചുവന്നു തുടങ്ങിയിരിക്കുന്നു. ഉത്തരമേഖലയിലെ കടലാനകള്‍ക്കു മാത്രമേ ഇത്തരം സംരക്ഷണം ലഭിക്കുന്നുള്ളൂ; സംരക്ഷണം കിട്ടാത്ത ദക്ഷിണമേഖലയിലെ കടലാനകള്‍ അതിദ്രുതം വംശനാശത്തെ അഭിമുഖീകരിക്കുകയാണെന്നു പറയാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍