This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനച്ചൊറിത(യ)ണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനച്ചൊറിത(യ)ണം

Nilgiri Nettle

അര്‍ട്ടിക്കേസി (urticaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ.: അര്‍ട്ടിക്ക പാര്‍വിഫ്ളോറ (Urtica parviflora); അര്‍ട്ടിക്ക ക്രെനുലേറ്റ (Urtica Crenulata); ലാപോര്‍ട്ടിയ ക്രെനുലേറ്റ (Laportea Crenulata); ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ആനച്ചൊറിതണം ധാരാളമായി വളരുന്നത്. കേരളത്തില്‍ പശ്ചിമഘട്ടത്തിലെ 1500 മീ. വരെ ഉയരുമുള്ള പ്രദേശങ്ങളില്‍ ഇത് വളരുന്നു. അസം, സിക്കിം എന്നിവിടങ്ങളിലാണ് ഈ സസ്യം കൂടുതലായി കാണുന്നത്.

ചൊറിതണ വിഭാഗത്തില്‍പ്പെടുന്ന സസ്യങ്ങളില്‍ വച്ചേറ്റവും തീക്ഷണമായ ചൊറിച്ചിലുണ്ടാക്കുന്നത് ആനച്ചൊറിതണമാണ്. ഇതിന്റെ രോമങ്ങളുടെ സ്പര്‍ശമേറ്റാല്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പുകച്ചിലോടുകൂടിയ വേദനയുണ്ടാകുന്നു. പുഷ്പകാലത്ത് ഇവയുടെ ലോമങ്ങള്‍ക്ക് വിഷശക്തികൂടുതലാണ്. അപ്പോള്‍ ഇത് ശക്തിയായ തുമ്മലും പനിയും ഉറക്കക്കുറവും ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. അതിനാല്‍ ഇത് 'ഡെവിള്‍ നെറ്റില്‍' എന്ന പേരിലും അറിയപ്പെടുന്നു.

മൂന്നോ നാലോ മീ. വരെ ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയെന്നോ ചെറുവൃക്ഷമെന്നോ ആനച്ചൊറിതണത്തെ വിശേഷിപ്പിക്കാം. സസ്യത്തിലാകമാനം ചെറുലോമങ്ങളുണ്ട്. കാണ്ഡം കട്ടികുറഞ്ഞതാണ്. വളരെ ലഘുവായ ഇലകള്‍ ഏകാന്തരക്രമത്തില്‍ വിന്യസിച്ചിരിക്കുന്നു. ആയതാകൃതിയോ കുന്താകാരമോ ആയ ഇലകള്‍ 12-30 സെ.മീ. നീളവും കട്ടിയും ഉള്ളതാണ്. അനുപര്‍ണങ്ങള്‍ വളരെച്ചെറുതാണ്. ആണ്‍പെണ്‍ പുഷ്പങ്ങള്‍ വെവ്വേറെ ചെടികളിലാണുണ്ടാവുക. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് പൂങ്കുലകളുണ്ടാകുന്നു. പുഷ്പങ്ങള്‍ വളരെ ചെറുതാണ്. ആണ്‍ പുഷ്പങ്ങളില്‍ നാലോ അഞ്ചോ പരിദളപുടങ്ങളും കേസരങ്ങളും ഉണ്ടായിരിക്കും. പെണ്‍പുഷ്പങ്ങള്‍ താരതമ്യേന വലുപ്പം കുറഞ്ഞതും മൂന്നോ നാലോ പരിദളപുടങ്ങളോടുകൂടിയതുമായിരിക്കും. വര്‍ത്തിക കനം കൂടിയതാണ്; പൂങ്കുലകള്‍ രോമാവൃതവും. കായ് അക്കീന്‍ (achene) ആണ്.

ആനച്ചൊറിതണത്തിന്റെ കാണ്ഡം, ഇല, പൂവ് എന്നിവ വിഷമയമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിഷാലുവസ്തു ഫോമിക് അമ്ളമാണ്. കൂടാതെ ലെസിതിന്‍, കാര്‍ബോളിക് അമ്ളം, അമോണിയ, പലതരം ലവണങ്ങള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതിന്റെ വേരുകൊണ്ടുണ്ടാക്കുന്ന കഷായം സേവിച്ചാല്‍ പനി കുറയും. ശരീരത്തിലുണ്ടാകുന്ന നീര്, മുഴ എന്നിവയ്ക്ക് ഇതിന്റെ വേരും ഇലയും അരച്ച് പുറമെ പുരട്ടുന്നത് പ്രയോജനപ്രദമാണ്. മൂത്രാശയസംബന്ധിയായ രോഗങ്ങള്‍ക്കും രക്തസ്രാവത്തിനും ഔഷധങ്ങളുണ്ടാക്കാനും ഇതുപയോഗിക്കുന്നു.

ആനച്ചൊറിതണത്തിന്റെ തളിരിലകള്‍ ഭക്ഷ്യയോഗ്യമാണ്. കാണ്ഡത്തിന്റെ പട്ടയില്‍ ബലമുള്ള ഒരിനം നാരുണ്ട്. അസമിലെ ഗോത്രവര്‍ഗക്കാര്‍ ഇത്തരം നാരുകൊണ്ട് വസ്ത്രങ്ങളുണ്ടാക്കാറുണ്ട്. ചാക്ക് നിര്‍മിക്കുന്നതിനും ഈ നാര് പ്രയോജനപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍