This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനച്ചുവടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനച്ചുവടി

ആസ്റ്റെറേസീ (Asteraceae) സസ്യകുടംബത്തില്‍പ്പെടുന്ന ഓഷധി. ശാ.നാ.: എലഫന്റോപ്പസ് സ്കേബര്‍ (Elephantopus scaber). തറയോടു ചേര്‍ന്നു കാണപ്പെടുന്ന ദീര്‍ഘവൃത്താകാരമായ ഇലകളോടുകൂടിയ ഈ ചെടിക്ക് ആനയുടെ പാദത്തോട് സാദൃശ്യമുള്ളതിനാലാണ് ആനച്ചുവടി എന്ന പേര്‍ വന്നത്. 'ആനയടിയന്‍', 'ഹസ്തിപാദ' (elephant's foot) തുടങ്ങിയ പേരുകളും ഇതിന്റെ ആകൃതിയെ സൂചിപ്പിക്കുന്നു. 'കുഞ്ഞിരിക്ക' എന്നും ഇതിനു പേരുണ്ട്.

ആനച്ചുവടി

ഇന്ത്യയിലെവിടെയും ആനച്ചുവടി സസ്യം സമൃദ്ധമായി വളരുന്നു. ബംഗാളിലും ഈസ്റ്റ് ഇന്‍ഡീസിലുമാണ് ഏറ്റവും സുലഭമായി കാണപ്പെടുന്നത്. ആനച്ചുവടിയുടെ വളര്‍ച്ചയ്ക്കു തണല്‍ ആവശ്യമാണ്. ഉദ്ദേശം 15 സെ.മീ. നീളവും 5 സെ.മീ. വീതിയുമുള്ള ഇലകള്‍ തണ്ടിനുചുറ്റുമായി ഞെരുങ്ങിവളര്‍ന്ന് ആനച്ചുവടുപോലെ വൃത്താകൃതിയില്‍ നിലത്തു പറ്റി വളരുന്നു. ഇതിന്റെ പുഷ്പങ്ങള്‍ വളരെ ചെറുതാണ്. തറയില്‍നിന്നും അധികം ഉയരാത്ത ചെറുതണ്ടുകളിലാണ് ഇവ കാണപ്പെടുന്നത്. ചെടിയുടെ വേരുകളും ഇലകളും ഔഷധമായി ഉപയോഗിക്കുന്നു. ഇതു ചതച്ചുപിഴിഞ്ഞെടുക്കുമ്പോള്‍ കിട്ടുന്ന വഴുവഴുപ്പുള്ള ചാറ് ഹൃദയപേശികള്‍ക്കു ശക്തിനല്കുന്ന ഒരു സിദ്ധൗഷധമായി കരുതപ്പെടുന്നു. ഇതിന്റെ ഇലയും വേരും മുഖ്യ ഘടകങ്ങളായുള്ള കഷായം ജീരകവും തൈരും ചേര്‍ത്തു കഴിക്കുന്നത് മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും (dysurea,urethral discharges etc.), വയറിളക്കത്തിനും (diarrhoea), വയറുകടിക്കും (dysentery) ഔഷധമായി കരുതപ്പെടുന്നു. പാമ്പിന്‍വിഷത്തിനും ഇതൊരു നല്ല മറുമരുന്നാണ്. ഇലതാളിയായി തലയില്‍ തേച്ചാല്‍ മുടികൊഴിച്ചിലും താരനും മാറും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍