This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദ്യരംഗാചാര്യ (1904 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആദ്യരംഗാചാര്യ (1904 - 86)

കന്നഡ നാടകകൃത്ത്. രംഗാചാര്യ വാസുദേവാചാര്യ ജാഗിര്‍ദാര്‍ എന്നാണ് മുഴുവന്‍ പേര്‍; 'ശ്രീരംഗ' എന്ന തൂലികാനാമത്തിലും അറിയപ്പെടുന്നു. മാതൃഭാഷയിലും ഇംഗ്ളീഷിലും കൃതഹസ്തതയോടുകൂടി എഴുതാന്‍ കഴിവുള്ള രംഗാചാര്യ ചില നോവലുകളും ദാര്‍ശനിക പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

ബിജാപ്പൂര്‍ ജില്ലയിലെ അഗര്‍ഖേഡ് ഗ്രാമത്തില്‍ 1904 സെപ്. 26-നു ജനിച്ച രംഗാചാര്യ ബോംബെ-ലണ്ടന്‍ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കി എം.എ. ബിരുദം നേടി. ഭാരതീയ നാടകവേദിയുടെ പൊതുവായും കന്നഡസാഹിത്യത്തിന്റെ പ്രത്യേകിച്ചും ഉള്ള വികാസത്തിനുവേണ്ടി ഇദ്ദേഹം കനത്ത സംഭാവനകള്‍ പലതും ചെയ്തിട്ടുണ്ട്. ഉദാരവൈരാഗ്യം (1929), ഹരിജനവാര്‍ (1932), പുരൂഷ (1957) എന്നിവ ഉള്‍പ്പെടെ മുപ്പത്തിയഞ്ചോളം നാടകങ്ങളുടെയും രണ്ട് സഞ്ചികകളില്‍ സമാഹരിച്ചിട്ടുള്ള ഏകാങ്കങ്ങളുടെയും കര്‍ത്താവാണ് രംഗാചാര്യ. വിശ്വാമിത്രസൃഷ്ടി (1934), പുരുഷാര്‍ഥ (1947) എന്നീ നോവലുകളും ഗീതാഗാംഭീര്യ (1942) എന്ന തത്ത്വശാസ്ത്രകൃതിയും, കാളിദാസന്‍ (1970) എന്ന ഒരു പഠനവും കന്നഡയില്‍ രചിച്ചിട്ടുള്ളതിനുപുറമേ സംസ്കൃതനാടകം (Drama in Sankrit Literature, 1947) എന്ന പേരില്‍ ഇംഗ്ലീഷില്‍ സാഹിത്യചരിത്രസംബന്ധിയായ ഒരു ഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. 55-ാം കന്നഡ സാഹിത്യസമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു ഇദ്ദേഹം. കേന്ദ്രസാഹിത്യ അക്കാദമിയില്‍ അഗംമായിരുന്ന രംഗാചാര്യയ്ക്ക് സംഗീതനാടക അക്കാദമിയുടെയും സാഹിത്യ അക്കാദമിയുടെയും പ്രശസ്തിപത്രങ്ങളും, രാഷ്ട്രപതിയില്‍ നിന്നു പദ്മഭൂഷണ്‍ബിരുദവും (1971) നേടാന്‍ കഴിഞ്ഞു.

(ഡോ. സി.ആര്‍. ശര്‍മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍