This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദ്യകാല ക്രൈസ്തവകല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആദ്യകാല ക്രൈസ്തവകല

യഹൂദമതത്തിന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട ക്രിസ്തുമതത്തിന് പ്രതിരൂപരചനയും വിഗ്രഹാരാധനയും വിലക്കപ്പെട്ടവയായിരുന്നു. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദം നിമിത്തം തങ്ങളുടെ വിശ്വാസസംബന്ധികളായ പ്രമേയങ്ങളെ ചിത്രീകരിക്കുവാന്‍ ആദ്യകാല ക്രൈസ്തവര്‍ നിര്‍ബദ്ധരായിത്തീര്‍ന്നു. മധ്യധരണ്യാഴിയുടെ തീരങ്ങളില്‍ അങ്ങിങ്ങായി ക്രൈസ്തവസമൂഹങ്ങള്‍ രൂപംകൊണ്ടിരുന്നുവെങ്കിലും റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനനഗരി തന്നെയായിരുന്നു അവയുടെ മുഖ്യകേന്ദ്രം. അവിടെ അവര്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. അവര്‍ പാര്‍ത്തിരുന്നതും ആരാധന നടത്തിയിരുന്നതും മൃതദേഹങ്ങള്‍ മറവു ചെയ്തിരുന്നതും നഗരപ്രാന്തങ്ങളിലെ ഭൂഗര്‍ഭസങ്കേതങ്ങളായ 'കാറ്റക്കൂമ്പു'കളില്‍ ആയിരുന്നു. ഇവിടെവച്ചുള്ള ആശയവിനിമയത്തിന് അവര്‍ ചില പ്രതീകങ്ങള്‍ നിര്‍ണയിക്കുകയും അവയെ ആരാധനാസ്ഥലങ്ങളില്‍ ചിത്രീകരിക്കയും ചെയ്തു. നിരുപദ്രവങ്ങളെന്നു തങ്ങളുടെ പീഡകര്‍ക്ക് തോന്നുന്നവയും തങ്ങള്‍ക്കുമാത്രം പേരുകളറിയാവുന്നവയുമായിരുന്നു ഈ പ്രതീകങ്ങള്‍; ഉദാഹരണത്തിന് ക്രിസ്തുവിനെ റോമന്‍ദൈവങ്ങളായ 'അപ്പോളോ', 'ഓര്‍ഫ്യൂസ് എന്നിവരില്‍ ആരെങ്കിലുമായോ ആട്ടിന്‍കുട്ടിയായോ ആയിരുന്നു അവര്‍ ചിത്രീകരിച്ചിരുന്നത്. മോശ പാറയെ വടികൊണ്ടടിക്കുന്നത് ജ്ഞാനസ്നാനത്തിന്റെയും, യോന തിമിംഗലത്തിന്റെ വായില്‍നിന്നു പുറത്തുവരുന്നത് പുനരുത്ഥാനത്തിന്റെയും പ്രതീകങ്ങളായിരുന്നു. പക്ഷേ, റോമയിലെയോ പോംപെയിലെയോ ചുവര്‍ ചിത്രങ്ങളെപ്പോലെ ഇതൊന്നും അവര്‍ മോടിപിടിപ്പിച്ചിരുന്നില്ല. കലാപരമായിരുന്നില്ല അവരുടെ ലക്ഷ്യം.

ഒടുവില്‍ എ.ഡി. നാലാം ശ.-മായപ്പോഴേക്കും ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടു. എ.ഡി. 323-ല്‍ കോണ്‍സ്റ്റെന്‍റൈറന്‍ ചക്രവര്‍ത്തി തലസ്ഥാനം റോമയില്‍നിന്നു കി. ഗ്രീസിലുള്ള ബൈസാന്തിയം എന്ന നഗരത്തിലേക്കു മാറ്റി. കുസ്തന്തീനൊസ്പൊലീസ് അഥവാ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന പുതിയ പേര്‍ നല്കപ്പെട്ട ഈ നഗരത്തില്‍ സെന്റ് സോഫിയാ പള്ളിപോലുള്ള ഭീമാകാരങ്ങളായ ആരാധനാകേന്ദ്രങ്ങള്‍ ഉയര്‍ന്നു. രാജകീയ പ്രതാപത്തിനു ചേര്‍ന്നവിധം ഈ പള്ളികളെ അലങ്കരിക്കേണ്ടതായി വന്നപ്പോള്‍ ക്രൈസ്തവകലയ്ക്കു രൂപാന്തരം സംഭവിച്ചു. റോമാക്കാര്‍ക്ക് പരിചിതമായ 'മൊസെയ്ക്' രീതിയാണ് അവര്‍ ആന്തരികാലങ്കരണത്തിന് സ്വീകരിച്ചത്. നിറമുള്ള മാര്‍ബിള്‍ കഷണങ്ങള്‍, കണ്ണാടിത്തുണ്ടുകള്‍ മുതലായവ നിലത്തും ചുമരിലും പതിച്ച് ചിത്രതലങ്ങള്‍ രചിക്കുന്നതാണ് ഈ രീതി. അവര്‍ മൊസെയ്ക് കൊണ്ട് മതപരവും അല്ലാത്തതുമായ വലിയ രൂപങ്ങള്‍ രചിച്ചു. ഇവ നേരെ നിവര്‍ന്നുനിന്ന് പ്രേക്ഷകനെ തുറിച്ചുനോക്കുന്നു. നാടകീയത ഇല്ല. ചലനമില്ല. വസ്ത്രച്ചുളിവുകളുടെ സംവിധാനം രൂപങ്ങളുടെ ലാളിത്യവും ഗാംഭീര്യവും വര്‍ധമാനമാക്കുന്നു.

ആദ്യത്തെ ക്രൈസ്തവകല മറ്റൊരു വഴിക്കും തിരിഞ്ഞു. വിശുദ്ധ ഗ്രന്ഥങ്ങളുടെ കൈയെഴുത്തുപ്രതികളെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കുകയെന്നതായിരുന്നു ഈ വികാസം. ബൈസാന്തിയന്‍ കലയിലെ നിശ്ചലദൃശ്യങ്ങള്‍പോലെയല്ല, കഥാകഥനപ്രധാനങ്ങളാകകൊണ്ട് ഈ കൊച്ചു ചിത്രങ്ങള്‍ നാടകീയങ്ങള്‍ കൂടിയായിരുന്നു. ബാഹ്യരേഖകള്‍ അനലംകൃതങ്ങളാണ്. ചിലപ്പോള്‍ റോമന്‍ ചുമര്‍ചിത്രകലയിലെപ്പോലെ വെളിച്ചത്തിന്റെയും നിഴലിന്റെയും സംവിധാനവും കണ്ടെന്നുവരും. പ്രാരംഭകാല മൊസെയ്ക് ചിത്രങ്ങളുള്ള പള്ളികളില്‍ റോമയിലെ സാന്താമാരായ മാഗിയോര്‍, സാന്താ കോണ്‍സ്റ്റന്‍സാ എന്നിവ പ്രധാനങ്ങളാണ്. നാലും അഞ്ചും ശതകങ്ങളിലാണ് ഇവ രചിക്കപ്പെട്ടത്. അഞ്ചും ആറും ശതകങ്ങളില്‍ അഡ്രിയാറ്റിക് സമുദ്രതീരത്തെ 'രാവെന്ന' നഗരത്തില്‍ ഏതാനും പള്ളികള്‍ നിര്‍മിക്കപ്പെട്ടു. ഇവയില്‍പ്പെട്ട സാന്താ വിത്തേല്‍ പള്ളിയിലെ ഒരു മൊസെയ്ക് ബൈസാന്തിയന്‍ ശൈലിക്ക് ഉത്തമോദാഹരണമായി നിലനില്ക്കുന്നു. റോമന്‍ നിയമാവലി ക്രോഡീകരിച്ച ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ പത്നി തിയോഡോറാ ചക്രവര്‍ത്തിനിയും പരിവാരങ്ങളും പള്ളിയിലേക്ക് കാണിക്കയുമായി വരുന്നതാണ് ചിത്രം.

ക്രമേണ ബൈസാന്തിയവും റോമയും തമ്മില്‍ അകലുകയും രണ്ടു പ്രത്യേക സാമ്രാജ്യങ്ങള്‍ നിലവില്‍ വരികയും ചെയ്തു. പള്ളിയില്‍ പ്രതിമകളാകാമെന്നു റോമയും, പാടില്ലെന്നു ബൈസാന്തിയവും ശഠിച്ചതാണ് പടിഞ്ഞാറും കിഴക്കുമുള്ള സാമ്രാജ്യതലസ്ഥാനങ്ങള്‍ പിരിയുന്നതിനുള്ള പ്രധാനകാരണങ്ങളില്‍ ഒന്ന്. റോമയില്‍ മാര്‍പ്പാപ്പാസ്ഥാനം സുപ്രതിഷ്ഠിതമാകയും കിഴക്കന്‍ തലസ്ഥാനത്ത് ഓര്‍ത്തഡോക്സ് സഭ നിലവില്‍ വരികയും ചെയ്തത് ഈ വിഭജനത്തെത്തുടര്‍ന്നാണ്. കിഴക്കന്‍സഭ പ്രതിമകള്‍ നിരോധിച്ചുവെങ്കിലും പൊതുജനഹിതത്തെ മാനിച്ച് 'ഐക്കോണ്‍' എന്നു വിവക്ഷിക്കുന്ന വിശുദ്ധ ചിത്രങ്ങള്‍ അനുവദിക്കയുണ്ടായി. ഗ്രീക് ഓര്‍ത്തഡോക്സ് സഭ കോണ്‍സ്റ്റാന്റിനോപ്പിളിനു വടക്കുള്ള അതിവിശാലമായ ഒരു ഭൂഖണ്ഡത്തിലേക്കുകൂടെ വ്യാപിച്ചു. എ.ഡി. 955-ല്‍ റഷ്യയിലെ വിധവയായ രാജ്ഞി ഓള്‍ഗാ ബൈസാന്തിയത്തില്‍വന്ന് ക്രിസ്തുമതം സ്വീകരിച്ചതാണ് റഷ്യയിലെങ്ങും ക്രിസ്തുമതം പ്രചരിക്കുന്നതിന് ഇടനല്‍കിയ സംഭവം. കീവില്‍ നിര്‍മിച്ച വിശുദ്ധ സോഫിയായുടെ ദേവാലയമാണ് റഷ്യയില്‍ നിര്‍മിച്ച ആദ്യത്തെ പള്ളി. ഇത് ബൈസാന്തിയന്‍ ശൈലിയിലാണ് നിര്‍മിച്ചത്. തുടര്‍ന്ന് ഉള്ളിയുടെ ആകൃതിയിലുള്ള ഗോപുരങ്ങള്‍കൊണ്ട് നിബദ്ധമായ അനേകായിരം പള്ളികള്‍ റഷ്യയില്‍ തലയുയര്‍ത്തി.

കിഴക്കും പടിഞ്ഞാറും ഉള്ള സഭകള്‍ തമ്മിലുണ്ടായിരുന്ന വിടവ് 8-ാം ശ.ത്തോടുകൂടി വര്‍ധിക്കുകയും ഇരുസഭകളും പരസ്പരബന്ധം വിച്ഛേദിക്കുകയും ചെയ്തു. വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ അധിപതിയായിത്തീര്‍ന്ന ഷാര്‍ലെമെന്‍ ചക്രവര്‍ത്തി പൂര്‍വകാല ക്രൈസ്തവകലാരൂപങ്ങളെ പ്രോത്സാഹിപ്പിച്ചു. റോമയുടെ ക്ളാസ്സിക്കല്‍ ശൈലിയും പുനരുദ്ധരിക്കപ്പെട്ടു. കൈയെഴുത്തു പ്രതികളെ ചിത്രാങ്കിതമാക്കുന്ന കല പൂര്‍വാധികം വികസിച്ചു. ഇംഗ്ളണ്ടില്‍ 'കെല്‍റ്റിക് ഇല്യൂമിനേഷന്‍' എന്ന ഉദാഹരണ ചിത്രശൈലിയും ഇക്കാലത്ത് നിലവില്‍ വന്നു. പത്താം ശ.-ത്തോടുകൂടി പ്രാരംഭകാല ക്രൈസ്തവകലാശൈലി ക്ഷയിക്കുകയും ക്ലാസ്സിക്കല്‍ റോമന്‍ശൈലിയില്‍ അധിഷ്ഠിതമായ പുതിയൊരുശൈലി രൂപംകൊള്ളുകയും ചെയ്തു.

ഭാരതത്തിലെ, വിശേഷിച്ചും കേരളത്തിലെ, ആദ്യകാല ക്രൈസ്തവകലയെക്കുറിച്ച് നമുക്ക് ആധികാരികമായ തെളിവുകളൊന്നുമില്ല. മാര്‍ത്തോമാ സ്ഥാപിച്ചുവെന്ന് കരുതപ്പെടുന്ന ഏഴു പള്ളികളില്‍ ഒന്നും അവശേഷിച്ചിട്ടില്ല. പില്ക്കാല ദേവാലയങ്ങളുടെ കലാശൈലിയുടെ പശ്ചാത്തലത്തില്‍ ഇവിടത്തെ പ്രാരംഭകാല ക്രൈസ്തവകല, പൂര്‍വദേശസഭയെ അനുകരിച്ചിരിക്കുവാനാണ് സാധ്യത എന്നുമാത്രം അനുമാനിക്കാം.

(ഇ.എം.ജെ. വെണ്ണിയൂര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍