This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദിയുലാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആദിയുലാ

ചേരമാന്‍ പെരുമാള്‍ നായനാര്‍ തമിഴില്‍ രചിച്ച കൃതി; തിരുകൈലാസജ്ഞാന ഉലാ എന്നതാണ് ശരിയായ പേര്; ജ്ഞാന ഉലാ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഉലാ എന്ന കാവ്യവിഭാഗത്തില്‍ ഉണ്ടായ ആദ്യത്തെ കൃതി എന്ന അര്‍ഥത്തിലും ആദിഭഗവാനെ സ്തുതിച്ചുപാടുന്ന കൃതി എന്ന അര്‍ഥത്തിലും ആണ് ആദിയുലാ എന്ന് പ്രസിദ്ധി വന്നത്.

ഉലാ എന്ന കാവ്യരീതി തമിഴ് സാഹിത്യത്തിലുള്ള 96 കാവ്യവിഭാഗങ്ങളില്‍ ഒന്നാണ്. കഥാനായകന്‍ ഘോഷയാത്രയായി വരുമ്പോള്‍ അദ്ദേഹത്തിന്റെ സൗന്ദര്യസൗഭാഗ്യങ്ങള്‍ കാണാനിടവരുന്ന ഗണികകള്‍ വാഴ്ത്തിപ്പാടുന്ന രീതിയിലാണ് ഉലാകള്‍ രചിക്കപ്പെടുന്നത്. അകപ്പൊരുള്‍ (പ്രേമസംബന്ധികളായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന) കാവ്യങ്ങളില്‍ ഇത്തരം വര്‍ണനകള്‍ വേണ്ടിവരുമ്പോള്‍ നായകന്റെ പേര് പറയാറില്ല; എന്നാല്‍ ഉലായില്‍ നായകന്റെ പേരു പറയുന്നു. ഈ പ്രേമകാവ്യരീതിക്ക് തമിഴില്‍ കൈക്കിളൈതിണൈ എന്നു പേരുണ്ട്. ഇതില്‍ സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ പ്രേമത്തിന്റെ വര്‍ണന മാത്രമാണുള്ളത്. ഉലാകൃതികളില്‍ നായകനായി ഈശ്വരനെയോ ഗുരുനാഥനെയോ രക്ഷാധികാരിയെയോ സ്വീകരിക്കുന്നു. ഈശ്വരനെ നായകനാക്കി ചേരമാന്‍പെരുമാള്‍ നായനാര്‍ രചിച്ച ആദിയുലായും, ഗുരുനാഥനെ നായകനാക്കി തത്വരായര്‍ രചിച്ച ജ്ഞാനവിനോദ ഉലായും, രക്ഷാധികാരിയെ നായകനാക്കി ഒട്ടകൂത്തര്‍ രചിച്ച മാവര്‍ ഉലായും തമിഴിലെ മാതൃകാപരമായ ഉലാകൃതികളാണ്; ഇവയുടെ രചനയ്ക്ക് കലിവെണ്‍പാ വൃത്തമാണ് സ്വീകരിച്ചുകാണുന്നത്.

തമിഴിലെ ശൈവഭക്തിപ്രസ്ഥാനത്തിനു മുതല്ക്കൂട്ടു നല്കിയ 63 നായനാര്‍മാരില്‍ ഉള്‍പ്പെടുന്ന കേരളീയനായ ചേരമാന്‍പെരുമാള്‍ നായനാര്‍ മൂന്നു കൃതികള്‍ തമിഴില്‍ രചിച്ചിട്ടുണ്ട്. തിരുവാരൂര്‍, മുമണിക്കോവൈ, പൊന്‍വണ്ണത്തന്താദി എന്നീ കൃതികള്‍ക്കുശേഷം ഒടുവില്‍ ഇദ്ദേഹം ആദിയുലാ രചിച്ചു എന്നു വിശ്വസിച്ചുവരുന്നു. ഈ കൃതിയില്‍ 197 കണ്ണികള്‍ (ഈരടികള്‍) ഉണ്ട്. ആദിയുലാ ഉള്‍പ്പെടെ ചേരമാന്‍പെരുമാള്‍ നായനാര്‍ രചിച്ച ശിവസ്തുതിപരമായ മൂന്നു കൃതികളും നമ്പിയാണ്ടാര്‍നമ്പി സമാഹരിച്ച് പതിനൊന്നാം തിരുമുറൈയില്‍ ചേര്‍ത്തിരിക്കുന്നു.

(അമ്പലത്തറ ഉണ്ണിക്കൃഷ്ണന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%A6%E0%B4%BF%E0%B4%AF%E0%B5%81%E0%B4%B2%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍