This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദിമ കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആദിമ കല

Prehistoric Art

ചരിത്രാതീതകാലമനുഷ്യന്‍ പാറക്കെട്ടുകളുടെ പാര്‍ശ്വങ്ങളിലും ഗുഹാഭിത്തികളിലും മച്ചുകളിലും രേഖപ്പെടുത്തിയിട്ടുള്ള പ്രപഞ്ചദൃശ്യങ്ങളുടെ ചിത്രണങ്ങളെയാണ് ആദിമകലയായി ഇവിടെ വിവരിക്കുന്നത്. അക്ഷരവിദ്യയുടെ കണ്ടുപിടിത്തത്തിനു മുന്‍പുള്ള, അതായത് ഏകദേശം 6,00,000 വര്‍ഷങ്ങളോളം പഴക്കമുള്ള, കാലഘട്ടത്തിന്റെ കല എന്ന് ഇതിനെക്കുറിച്ച് ചരിത്രഗവേഷകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, വിവിധപ്രദേശങ്ങളില്‍ വിവിധകാലഘട്ടങ്ങളിലാണ് ഇത്തരത്തില്‍പ്പെട്ട ആദിമകലാരൂപങ്ങള്‍ ആവിര്‍ഭവിച്ചിട്ടുള്ളതെന്ന വസ്തുത വിസ്മരിക്കാനാവില്ല.

ജാക്വസ് ബുഹെര്‍ഡെ, ക്രെവെസോയില്‍ ഡെവെര്‍തസ്, എഡ്വേര്‍ഡ് ലാര്‍ടെറ്റ്, ഗബ്രിയേല്‍ ഡെമോര്‍ട്ടിലെറ്റ് എന്നീ പുരാവസ്തുശാസ്ത്രജ്ഞന്‍മാരുടെ ഗവേഷണഫലമായിട്ട് ആദിമകലയെപ്പറ്റി വളരെയധികം വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഉത്ഖനന സമ്പ്രദായങ്ങളില്‍ ഉണ്ടായിട്ടുള്ള ശാസ്ത്രീയ പുരോഗതിയുടെ ഫലമായി ആദിമ നാഗരികതയുടെ ആരംഭവും വളര്‍ച്ചയും കൃത്യമായി കണക്കുകൂട്ടാന്‍ കഴിയുന്നുണ്ട്. ആദിമകലയുടെ തുടക്കം വിശദമാക്കുന്നതിനു ശിലാഭൂതസസ്യവിജ്ഞാനം (Palaeobotany), പുരാതനജീവിതന്ത്രം (Palaeontology), ശിലാലേഖനശാസ്ത്രം (Petrography), ഭൂവിജ്ഞാനീയം (Geology) എന്നീ ശാസ്ത്രശാഖകള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്.

ഓരോരോ പ്രദേശങ്ങളില്‍ നിലവിലിരുന്ന തൊഴിലുകളെയും അവയ്ക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെയും മറ്റും അടിസ്ഥാനമാക്കി ആദിമകലയെ വിവിധകാലഘട്ടങ്ങളിലേതായി വിഭജിക്കാന്‍ കഴിയും. കാലാനുക്രമികമായ ഒരു വിഭജനമല്ല, മറിച്ച് മനുഷ്യരാശിയുടെ വികാസത്തിന്റെ വിവിധഘട്ടങ്ങളെ ആശ്രയിച്ചുള്ള ഒരു വിഭജനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇതനുസരിച്ച് ആദിമകല മൂന്നു വലിയ കാലഘട്ടങ്ങളിലായിട്ടാണ് ഉരുത്തിരിഞ്ഞിട്ടുള്ളതെന്നു പറയാം: അവ യഥാക്രമം പുരാതന ശിലായുഗം (Palaeolithic), ഉത്തര-ആദിശിലായുഗം (Mesolithic), നവശിലായുഗും (Neolithic) ഇവയാണ്; ഈ മൂന്നു കാലഘട്ടങ്ങള്‍ക്കു പിന്നാലെ വരുന്ന ചരിത്രാരംഭകാലം വെങ്കലയുഗവും അയോയുഗവും ചേര്‍ന്നതാണ്.

പുരാതനശിലായുഗം.

ഗുഹാഭിത്തില്‍ പതിച്ച കൈപ്പത്തിയുടെ രൂപം

ആചാരാനുഷ്ഠാനങ്ങളുടെയും മാന്ത്രികവിദ്യയുടെയും ഭാഗമായാണ് ആദിമകല വികസിച്ചതെന്ന് ഒരു പക്ഷമുണ്ട്. തികച്ചും യാദൃച്ഛികവും അബോധപൂര്‍വവും ആയി കളിമണ്ണിലും പാറപ്പുറത്തും പതിഞ്ഞ കൈപ്പത്തിപ്പാടുകളാണ് ആദിമകലയ്ക്കു രൂപം കൊടുത്തതും പ്രചോദനം നല്കിയതും എന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല. ആദ്യകാലങ്ങളില്‍ യാദൃച്ഛികമായാണ് ഇതു സംഭവിച്ചതെങ്കിലും ഇത്തരം അടയാളങ്ങള്‍കൊണ്ട് ചില പ്രയോജനങ്ങളുണ്ടെന്നു ബോധ്യം വന്നതോടെ ആദിമ മനുഷ്യന്‍ ബോധപൂര്‍വംതന്നെ അടയാളങ്ങള്‍ രേഖപ്പെടുത്തുവാന്‍ തുടങ്ങി. അറിഗ്നേഷ്യന്‍ ഗുഹാഭിത്തികളില്‍ പതിക്കപ്പെട്ടിട്ടുള്ള കൈപ്പത്തി അടയാളം ഇവിടെ സ്മരണീയമാണ്. ദേവതകളുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍ രേഖപ്പെടുത്തപ്പെട്ടത് പിന്നെയും വളരെക്കാലങ്ങള്‍ക്കുശേഷമാണ്. ബി.സി. 50,000-നും 15,000-നും ഇടയ്ക്ക് ജീവിച്ചിരുന്ന ശിലായുഗമനുഷ്യന്‍ നല്ല കലാവാസന പ്രകടിപ്പിച്ചിട്ടുള്ളതായി ചില തെളിവുകളില്‍നിന്നു കാണാം. എല്ലുകൊണ്ടുള്ള ഉപകരണങ്ങളിലും ആയുധങ്ങളിലും കൊത്തിരൂപപ്പെടുത്തിയിട്ടുള്ള ചിത്രങ്ങള്‍, കല്ലുകൊണ്ടും കളിമണ്ണുകൊണ്ടും നിര്‍മിച്ചിട്ടുള്ള രൂപങ്ങള്‍ എന്നിവ ശ്രദ്ധാര്‍ഹങ്ങളാണ്. ഗുഹാഭിത്തികളില്‍ വിവിധവര്‍ണങ്ങളിലുള്ള മണ്ണുപയോഗിച്ച് വരച്ചിട്ടുള്ള ചിത്രങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവയത്രെ. പ. ഫ്രാന്‍സു മുതല്‍ കി. റഷ്യ വരെയുള്ള പ്രദേശങ്ങളില്‍ നിന്നും കല്ലിലും ദന്തത്തിലും കൊത്തപ്പെട്ടിട്ടുള്ള സ്ത്രീരൂപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മതപരമെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ ചിത്രങ്ങള്‍ സമൃദ്ധിയുടെ ദേവതകളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നു കരുതപ്പെടുന്നു. റഷ്യയില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞ ഒരു ശിലായുഗവസതിയില്‍നിന്നും അനേകം വിഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്; അതുപോലെ പടിഞ്ഞാറന്‍ ഫ്രാന്‍സില്‍നിന്നു തുകല്‍കുപ്പായം ധരിച്ചിട്ടുള്ള ഒരാളുടെ അര്‍ധകായരൂപവും കണ്ടെത്തിയിട്ടുണ്ട്. സ്പെയിനിനടുത്തുള്ള അള്‍ട്ടാമിറയിലെ ഗുഹാചിത്രങ്ങള്‍ മഗ്ദലെനിയന്‍ കാലഘട്ടത്തിന്റെ സംഭാവനയാണ്. മൃഗങ്ങളുടെ ചിത്രണമായിരുന്നു ഇക്കാലത്തെ കലാസൃഷ്ടികളില്‍ ഏറിയ പങ്കും. പുരാണശിലായുഗത്തിലേതെന്നു കരുതപ്പെടുന്ന അത്യുദാത്തകലാസൃഷ്ടികളില്‍ പലതും ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്. അള്‍ട്ടാമിറയിലെ കാട്ടുപോത്തിന്റെ പ്രസിദ്ധമായ ചിത്രീകരണം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ലസ്കാക്സിലെ ചിത്രങ്ങളും അവികലങ്ങളാണ്. നരവംശശാസ്ത്രജ്ഞനായ അന്ത്രേ ലെറോയ് ഗുര്‍ഹാന്‍ ഇതിനെപ്പറ്റി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്; ഈ ചിത്രങ്ങള്‍ മാന്ത്രികമോ താന്ത്രികമോ അനുഷ്ഠാനപ്രധാനമോ ആയ കര്‍മങ്ങളുടെയോ അവയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെയോ ചിത്രണമല്ല. അവ ഒരുതരം ആഖ്യാനചിത്രങ്ങള്‍ തന്നെയാണെന്ന് ഇദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. ലസ്കാക്സില്‍നിന്നു ലഭിച്ചിട്ടുള്ള വേട്ടക്കാരനെ നേരിടുന്ന കാട്ടുപോത്തിന്റെ ചിത്രവും, അറീഗേയിലെ ഗുഹയില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള മുഖംമൂടിയിട്ട മാന്ത്രികന്റെ ചിത്രവും വേട്ടയാടലിന്റെയും മാന്ത്രികവിദ്യയുടെയും ഭാഗം മാത്രമല്ല, മനുഷ്യ-ജന്തുജീവിതങ്ങള്‍ വിവരിക്കുന്ന പ്രതിരൂപാത്മകരചനകളാണെന്നു പറയാം. അവ രചിച്ച കലാകാരന്‍മാരുടെ പ്രതിഭാവിലാസത്തെ ആ ചിത്രങ്ങള്‍ തന്നെ ഉദ്ഘോഷിക്കുന്നു. വടക്കന്‍ സ്പെയിനിലും പടിഞ്ഞാറന്‍ ഫ്രാന്‍സിലുമായി ഇത്തരം ചിത്രങ്ങളുള്ള നാല്പതോളം ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്. ഡോഗ്നെയിലെ ഏറ്റവും മഹത്തായ ചിത്രങ്ങള്‍ കണ്ടെത്തിയത് രണ്ടാം ലോകയുദ്ധകാലത്താണ്. ഫ്രാന്‍സിലും ചെക്കോസ്ലോവാക്യയിലും നിന്ന് എല്ലില്‍ കൊത്തിയ രൂപങ്ങള്‍ കിട്ടിയിട്ടുണ്ട്. മൂര്‍ച്ചയുള്ള കൊത്തുളി ഉപയോഗിച്ചാണ് ഇത്തരം ആലേഖ്യരചനകള്‍ ചെയ്തിട്ടുള്ളത്. ചുവപ്പ്, മഞ്ഞ, തവിട്ട് എന്നീ നിറങ്ങള്‍ ഇവയില്‍ ധാരാളം ഉപയോഗിച്ചിരിക്കുന്നു. ചായം, എണ്ണക്കരി തുടങ്ങിയവ മണ്ണില്‍ ചേര്‍ത്തുണ്ടാക്കുന്ന ഒരു വക മിശ്രിതം ഉപയോഗിച്ചും ചിത്രങ്ങള്‍ വരച്ചിരുന്നു. കാട്ടുമൃഗങ്ങളുടെ രൂപങ്ങളാണ് അക്കാലത്തെ മിക്ക ചിത്രങ്ങളിലും കാണുന്നത്. മനുഷ്യരുടെ ചിത്രങ്ങള്‍ വളരെ അപൂര്‍വമായേ കാണപ്പെടുന്നുള്ളു. ഫ്രാന്‍സിലെ ചില ഗുഹകളില്‍ മൃഗങ്ങളുടെ രൂപങ്ങള്‍ കൊത്തിവച്ചിട്ടുള്ളതായി കാണപ്പെട്ടിട്ടുണ്ട്; എന്നാല്‍ ആഖ്യാനരൂപത്തിലുള്ളവ തീരെ കുറവാണ്.

ലസ്‍കാക് സ് ഗുഹയിലെ കുതിരയുടെ ചിത്രം

ഉത്തര-ആദിശിലായുഗം. മധ്യകാല മെസോലിത്തിക് കാലത്ത് ജനങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ട പാര്‍പ്പിടസൌകര്യങ്ങള്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെട്ടുവരുന്നു. മെസോലിത്തിക് കാലഘട്ടം യൂറോപ്പില്‍ ബി.സി. 9000 മുതല്‍ 5000 വരെയാണ്. സമീപപൂര്‍വദേശത്തെ നവശിലായുഗവും പശ്ചിമയൂറോപ്പിലെ ഉത്തര-ആദിശിലായുഗവും ഏതാണ്ട് ഒരേ കാലത്താണ് നിലനിന്നിരുന്നതെന്നു റേഡിയോ കാര്‍ബണ്‍ രീതി ഉപയോഗിച്ചുള്ള ആധുനികഗവേഷണങ്ങളും കാലനിര്‍ണയവും വ്യക്തമാക്കുന്നു. ഈ കാലഘട്ടത്തിന്റെ സംഭാവനയാണ് മൈക്രോലിത്തിക് ഉപകരണങ്ങള്‍. മൂസെ ദെ ആന്‍തിക്വിത്സ് നാഷണേലി (Musee Des Antiquites Nationaley)യില്‍ സൂക്ഷിച്ചിട്ടുള്ള കല്ക്കത്തികള്‍, സ്കാന്‍ഡിനേവിയന്‍ പ്രദേശങ്ങളില്‍നിന്നും കണ്ടെടുത്തിട്ടുള്ള കോടാലി, കല്ക്കത്രിക, മറ്റായുധങ്ങള്‍ എന്നിവ ഈ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്നതാണെന്നു കരുതപ്പെടുന്നു.

വില്ലെന്‍ ഡോര്‍ഫിലെ വീനസ്സിന്റെ പ്രതിമ
റയിന്‍ഡീയറിന്റെ എല്ലില്‍ നിര്‍മിച്ച കവണ

നവശിലായുഗം. മനുഷ്യജീവിതത്തില്‍ സാംസ്കാരിക പുരോഗതി ദൃശ്യമായ ഒരു കാലഘട്ടമാണ് നവശിലായുഗം. 'നിയോലിത്തിക് വിപ്ളവം' (Neolithic Revolution) എന്നു വിശേഷിപ്പിക്കത്തക്കവണ്ണം ഈ കാലഘട്ടം അത്രവളരെ പുരോഗതി കൈവരിച്ചിരുന്നു. വേട്ടയാടല്‍, കായ്കനി ശേഖരണം എന്നിവയുടെ സ്ഥാനത്ത് കൃഷിയും മൃഗസംരക്ഷണവും നിലവില്‍ വന്നു. മണ്‍പാത്രനിര്‍മാണം, കല്ലുമിനുസപ്പെടുത്തല്‍, നൂല്‍നൂല്പ്, ഗ്രാമങ്ങളുടെ ആസൂത്രണം എന്നിവ ഈ കാലഘട്ടമായപ്പോഴേക്കും വികസിച്ചിരുന്നു. ഈ കാലത്ത് സ്പെയിന്‍ മുതല്‍ അയര്‍ലണ്ടു വരെയുള്ള അത്ലാന്തിക് തീരങ്ങളില്‍ ദേവതാരാധനയുണ്ടായിരുന്നതായും ദേവതകളുടെ രൂപങ്ങള്‍ കല്ലിലും കളിമണ്‍പാത്രങ്ങളിലും വരച്ചിരുന്നതായും കാണാം. സ്കാന്‍ഡിനേവിയയിലെ പാറകളില്‍ യോദ്ധാക്കളുടെയും കാഹളം മുഴക്കുന്നവരുടെയും ചിത്രങ്ങല്‍ കാണപ്പെടുന്നുണ്ട്. നവശിലായുഗത്തിന്റെ അവസാനമായപ്പോഴേക്കും സ്പെയിന്‍, ബൊഹിമിയ എന്നിവിടങ്ങളില്‍ മണിയുടെ ആകൃതിയിലുള്ളവയും മെടഞ്ഞെടുത്തതുപോലുള്ളവയും ആയ മണ്‍പാത്രങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. പാശ്ചാത്യരാജ്യങ്ങളില്‍ വാസ്തുവിദ്യയുടെ തുടക്കം കുറിച്ച മെഗാലിത്തിക് സ്മാരകങ്ങളുണ്ടായി എന്നതാണ് നവശിലായുഗത്തിന്റെ സവിശേഷത. മതപരമായ ആവശ്യങ്ങള്‍ക്കാണ് ഈ സ്മാരകങ്ങള്‍ ഉപയോഗിച്ചിരുന്നത്. മിനുസപ്പെടുത്തിയ കല്ലില്‍നിന്നും ലോഹയുഗങ്ങളിലേക്കുള്ള കാലമാണ് ചാല്ക്കോലിത്തിക് കാലഘട്ടം (ബി.സി. 2000). ഇതോടെ ചെമ്പിന്റെ ഉപയോഗം കണ്ടെത്തി. ആധുനികതയിലേക്കുള്ള ഈ വഴിത്തിരിവില്‍ ആദിമമനുഷ്യന്റെ കലാസാംസ്കാരികനേട്ടങ്ങളുടെ തിരശ്ശീല വീഴുന്നു. പിന്നീടിങ്ങോട്ടുള്ള പുരോഗതി ആധുനികനാഗരികതയുടെ അടിത്തറയൊരുക്കുന്നതിന് പില്ക്കാലമനുഷ്യനെ പ്രാപ്തനാക്കാന്‍ വേണ്ട കരുത്താര്‍ജിച്ചതാണ്. പ്രകൃതിയില്‍നിന്നും ഒളിച്ചോടാനാവാത്ത മനുഷ്യന്‍ പ്രകൃതിയില്‍നിന്നും മാനസികമായി അകന്നുതുടങ്ങിയെന്നതാണ് ഈ വഴിത്തിരിവിനുള്ള പ്രാധാന്യം.

ഇന്ത്യയില്‍. മധ്യപ്രദേശിലെ ബിംബെട്കാ എന്ന പ്രദേശത്തു കണ്ടെത്തിയിട്ടുള്ള 600-ഓളം വരുന്ന ശിലായുഗ ഗുഹകളില്‍നിന്നുമാണ് ഇന്ത്യയിലെ ആദിമകലയെപ്പറ്റിയുളള സൂചനകള്‍ മുഖ്യമായും ലഭിക്കുന്നത്; ഇവയില്‍ 475 ഗുഹകളിലും ചുവര്‍ചിത്രങ്ങളുണ്ട്. ആയിരക്കണക്കിന് സംവത്സരങ്ങള്‍ ചൂടും തണുപ്പും ഏറ്റിട്ടും അവയിലെ മിക്ക ചിത്രങ്ങളും ഇപ്പോഴും കേടുകൂടാതെയിരിക്കുന്നു. ഈ ചിത്രങ്ങള്‍ക്കു പ്രധാനമായും ചുവപ്പും വെള്ളയും നിറങ്ങളാണ് ഉപയോഗിച്ചു കാണുന്നത്; അപൂര്‍വമായി പച്ചയും മഞ്ഞയും കൂടിക്കാണാം. കാവിമണ്ണും ചെമ്മണ്ണുമാണ് ചുവപ്പു നിറത്തിനു സാമാന്യേന ഉപയോഗിച്ചിരിക്കുന്നത്. ചായങ്ങള്‍ നിര്‍മിക്കുന്നതിന് ഏതെങ്കിലും രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നു മനസ്സിലാക്കുവാന്‍ സാധിച്ചിട്ടില്ല. ആള്‍താമസമില്ലാതിരുന്ന ഗുഹകളിലും ചുവര്‍ചിത്രങ്ങള്‍ കാണപ്പെടുന്നുണ്ട്. ചില ഗുഹകളില്‍ ആളുകള്‍ക്ക് സാധാരണരീതിയില്‍ ചെന്നെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ പോലും ചിത്രരചന നടത്തിയിട്ടുണ്ട്. ചിത്രങ്ങളിലെ പ്രതിപാദ്യവിഷയങ്ങള്‍ വിവിധങ്ങളാണ്. ആദ്യകാലചിത്രങ്ങളില്‍ മുഖ്യമായും മൃഗങ്ങളെയാണ് കാണുന്നത്. സമൂഹനൃത്തങ്ങള്‍, വേട്ട, ശവസംസ്കാരം, കായികാഭ്യാസം, യുദ്ധം എന്നിവയും ചിത്രരചനയ്ക്കു വിഷയീഭവിച്ചിട്ടുണ്ട്. ഒരേ ഗുഹയില്‍ ഒരേ സ്ഥലത്ത് വിവിധതലമുറയിലെ ചിത്രകാരന്‍മാര്‍ ചിത്രരചന നടത്തിയിരുന്നതായി അനുമാനിക്കുവാനുള്ള ലക്ഷ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യമുണ്ടായിരുന്ന ചിത്രങ്ങള്‍ക്കു പുറത്ത് ഒന്നിനു മീതെ മറ്റൊന്നായി പുതിയ ചിത്രങ്ങള്‍ വരച്ചുചേര്‍ത്തിട്ടുള്ളതിന്റെ ലക്ഷണങ്ങളാണിവ. ഈ ചിത്രങ്ങള്‍ കാലനിര്‍ണയത്തെ വളരെയധികം സഹായിക്കുന്നുണ്ട്.

ചിത്രകല കൂടാതെ ശില്പകലയും ബിംബെട്കാ പ്രദേശത്തു കാണപ്പെടുന്നു. ഭീമന്‍പുരാ ഗ്രാമത്തിനു കി. പാണ്ഡവപുരം എന്ന ഒരു ഒഴിഞ്ഞ സ്ഥലത്ത് ചില വാസ്തുശില്പാവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവയും ഗുപ്തഗംഗാ, ബല്‍ഗംഗാ എന്നിവിടങ്ങളിലെ അരുവികളുടെ സമീപം കണ്ടെത്തിയിട്ടുള്ള കലാസൃഷ്ടികളും ഏറിയ പങ്കും ക്ഷേത്രാവശിഷ്ടങ്ങളാണ്. ഭീമന്‍പുരാ, വിനായക, ദുര്‍ഗാശ്രമം, ലഖജുപാര്‍ എന്നിവിടങ്ങളില്‍ ചെറിയ കോട്ടകള്‍, പാര്‍പ്പിടങ്ങള്‍, സ്തൂപങ്ങള്‍ എന്നിവയുടെ നഷ്ടാവശിഷ്ടങ്ങള്‍ നിലനില്ക്കുന്നുണ്ട്.

കേരളത്തില്‍.

വണ്ടി - ആര്യന്മാര്‍ക്കു മുമ്പുള്ള കല

ലഭ്യമായിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, കേരളത്തിലെ ചരിത്രാതീതകാലഘട്ടം ബി.സി. 300-നും ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടിനും മധ്യേയാണ്; അതായത് മഹാശിലാകാലഘട്ടത്തിനു മുന്‍പുള്ള കേരളത്തെക്കുറിച്ച് യാതൊരറിവും ഇല്ല. പഴയ ശിലായുഗത്തിലെയോ പുതിയ ശിലായുഗത്തിലെയോ അവശിഷ്ടങ്ങള്‍ കേരളത്തില്‍ നിന്നും കണ്ടുകിട്ടിയിട്ടില്ല. ശാസ്ത്രീയമായ ഗവേഷണങ്ങളുടെ അപര്യാപ്തതയാണ് ഇതിനു കാരണമെന്ന് ഒരു പക്ഷമുണ്ട്. ഇന്ത്യയുടെ ചരിത്രാതീത കാലത്തെയും ചരിത്രാരംഭകാലത്തെയും കുറിച്ചു നടത്തിയിട്ടുളള ഗവേഷണങ്ങളുടെ ഫലമായി വെങ്കല്‍പ്പാറ (quartzcite)യുടെയും മറ്റു ചിലതരം മണല്‍ക്കല്ലുകളു (basic trap rock) ടെയും അലഭ്യതയായിരിക്കണം ഇതിനു കാരണമെന്ന് ബ്രൂസ്ഫുട് എന്ന പുരാവസ്തുശാസ്ത്രജ്ഞന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചരിത്രാതീതമനുഷ്യന്‍ ഇവ ഉപയോഗിച്ച് ഉപകരണങ്ങളും മറ്റും നിര്‍മിച്ചിരുന്നു. കേരളത്തില്‍ പലയിടങ്ങളില്‍നിന്നും മെഗാലിത്തിക് സ്മാരകങ്ങളും ശവകുടീരങ്ങളുടെ അവശിഷ്ടങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. ഇവയില്‍ സ്മാരകശിലകള്‍ (dolmenoid cists), ശിലാഫലകങ്ങള്‍ (slabbed cists), ശവകുംഭം (urnburial), തൊപ്പിക്കല്ല് (umberlla stone), ഒറ്റപ്പത്തിക്കല്ല് (lood stone), നിരവധി പത്തികളുള്ള കല്ല് (multiple lood stone), സ്തംഭശിലകള്‍ (standing stone) തുടങ്ങിയവ ഉള്‍പ്പെടുന്നു. നോ: അള്‍ടാമിറ; കല; പുരാവസ്തുശാസ്ത്രം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%A6%E0%B4%BF%E0%B4%AE_%E0%B4%95%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍