This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദിപ്രാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആദിപ്രാസം

ശബ്ദാലങ്കാരങ്ങളില്‍ ഒന്ന്. സംസ്കൃതാലങ്കാരികന്‍മാര്‍ ശബ്ദാലങ്കാരങ്ങളെ അനുപ്രാസം, യമകം, പുനരുക്തവദാഭാസം, ചിത്രം എന്നിങ്ങനെ നാലായി വിഭജിച്ചിട്ടുണ്ട്. അവയില്‍ അനുപ്രാസത്തിന് ഛേകം, വൃത്തി, അന്ത്യം, ലാടം എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളുമുണ്ട്. എന്നാല്‍ ആദിപ്രാസം എന്ന ഒരു വിഭാഗം കാണുന്നില്ല. കേരളത്തില്‍ പ്രചാരമുള്ള ദ്വിതീയാക്ഷരപ്രാസവും ഈ വിഭജനത്തില്‍ പെട്ടിട്ടില്ല. ദ്വിതീയാക്ഷരപ്രാസം കേരളത്തില്‍ പ്രചാരാധിക്യമുള്ളതുകൊണ്ട് കേരളപ്രാസം എന്നുകൂടി അറിയപ്പെടുന്നതുപോലെ, ഇംഗ്ലീഷുകവിതകളില്‍ പ്രചാരപ്രാചുര്യമുള്ള ആദിപ്രാസം ആംഗലപ്രാസം എന്ന പേരിലും വ്യവഹരിക്കപ്പെടാമെന്ന് ഭാഷാഭൂഷണകാരന്‍ അഭിപ്രായപ്പെടുന്നു. ഇംഗ്ളീഷ് സാഹിത്യപ്രവണതകളുടെ സ്വാധീനം മലയാള സാഹിത്യത്തില്‍ സംക്രമിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ ഇംഗ്ളീഷ് കവിതകളില്‍ സാധാരണമായി കണ്ടുവരുന്ന ഒരുതരം ശബാദാലങ്കാരമായ ഇതിന് ആദിപ്രാസം എന്ന പേരു നല്കി അദ്ദേഹം മലയാളസാഹിത്യശാസ്ത്രത്തിലും ഉള്‍പ്പെടുത്തിയതായിട്ടേ പരിഗണിക്കാന്‍ കഴിയൂ. സംസ്കൃതാലങ്കാരികപക്ഷത്തില്‍ ആദിപ്രാസം അനുപ്രാസം തന്നെയാണ്.

അടുത്തടുത്തുള്ള പദങ്ങളെ ഒരേവര്‍ണംകൊണ്ട് ആരംഭിക്കുക എന്നതാണ് ആദിപ്രാസത്തിന്റെ സ്വഭാവമായി ഭാഷാഭൂഷണകാരന്‍ വിവരിച്ചിട്ടുള്ളത്. ഉദാഹരണം:

'വാനില്‍ വായു വരുന്നതേറ്റു വടിവില്‍ ശക്രോപല

ഛായമാം

വാനോര്‍ വര്‍ഗവഴിക്കു വായ്ച സുഖവും പൂണ്ടിങ്ങു പോകുന്നു ഞാന്‍

താനേതന്നെ തണുത്ത നീരുനിറയും കാര്‍മേഘ

ഗര്‍ഭങ്ങളില്‍

താനേന്തും വലയാഗ്രവജ്രശകലനം കൊണ്ടിട്ടുരച്ചങ്ങനെ.'

(ചൂഡാമണി)

മറ്റൊരു ദൃഷ്ടാന്തം:

'കല്യാണദുര്‍ഗകലിയില്‍ കരവാളികയ്ക്കു

കല്യാശനം കലിതവിക്രമമേകിയേകി

കല്യാഭയാം വിജയലക്ഷ്മി കഴുത്തിലിട്ട

കല്യാണ മാലികയണിഞ്ഞു ശിവാജി മിന്നി.'

ഇവിടെ പൂര്‍വാര്‍ധത്തില്‍ അടുത്തടുത്ത നാലുപദങ്ങള്‍ കകാരം കൊണ്ട് ആരംഭിക്കുന്നതു നോക്കുക.

'കുടിലകചം കഠിനകുചം

കുന്ദസ്മിതകാന്തി കുങ്കുമഛായം

കുരുതേ വിഹൃതിം കാഞ്ച്യാം

കുലപര്‍വത സാര്‍വഭൗമ സര്‍വസ്വം'

(മൂകപഞ്ചശതി)

എന്ന സംസ്കൃതപദ്യം വേറെ ഒരു ദൃഷ്ടാന്തമാണ്.

ലക്ഷ്മീദാസന്റെ ശുകസന്ദേശത്തില്‍ നിന്ന് ഭാഷാ ഭൂഷണകാരന്‍ ഉദ്ധരിച്ചിട്ടുള്ള,

'തത്സേവാര്‍ഥം തരുണസഹിതാസ്താമ്രപാദാരവിന്ദാഃ

താമ്യന്‍മധ്യാഃ സ്തനഭരനതാസ് താരഹാരാവലീകാഃ

താരേശാസ്യാസ്തരളനയനാസ്തര്‍ജിതാം ഭോദകേശ്യഃ

തത്രസ്ഥാഃ സ്യുഃ സ്തബകിതകരാസ്താലവൃന്തൈ സ്തരുണ്യഃ'

എന്ന ശ്ളോകം ആദിപ്രാസം അമിതമായാല്‍ വിരസമായിത്തീരുമെന്നതിന് ഉദാഹരണമാണ്. പദാദിപ്രാസം എന്നതു ചുരുക്കി 'ആദിപ്രാസം' എന്നു പേരു കല്പിച്ചതായി വിചാരിക്കാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍