This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദിത്യവര്‍മ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആദിത്യവര്‍മ

മധ്യകാലഘട്ടങ്ങളില്‍ വേണാട്, വടക്കുംകൂര്‍, തെക്കുംകൂര്‍, ഓടനാട് തുടങ്ങിയ പല രാജ്യങ്ങളിലും നാടുവാണിരുന്ന ഏതാനും രാജാക്കന്‍മാര്‍. ഓരോ കാലത്ത് രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളില്‍ ഏതെങ്കിലും തരത്തില്‍ പ്രശസ്തി നേടിയിട്ടുള്ളവരാണ് ഇവര്‍. ചിലര്‍ക്ക് ഇതൊരു ബിരുദസംജ്ഞയും മറ്റു ചിലര്‍ക്കു പേരില്‍ ഉള്‍പ്പെട്ട ഒരു ഭാഗവുമാകുന്നു.

1. ആദിത്യവര്‍മ, വേണാട്. സ്യാനന്ദൂരപുരാണ സമുച്ചയത്തില്‍ പരാമൃഷ്ടനായ കോതവര്‍മയുടെ നാലു പുത്രന്‍മാരില്‍ രണ്ടാമന്‍; പൂര്‍ണമായ പേര് ശ്രീ വീരകോത ആദിത്യവര്‍മ, കിളിമാനൂര്‍ രേഖയനുസരിച്ച് കൊ. വ. 343-ല്‍ (എ.ഡി. 1168) ഇദ്ദേഹമായിരുന്നു വേണാട്ടു രാജാവ്. വഞ്ഞിപ്പുഴ രുദ്രന്‍ ശങ്കരന്‍, വിലക്കിലിമംഗലത്തു ദാമോദരന്‍ കൃഷ്ണന്‍, മകിഴഞ്ചേരി വിക്രമനാരായണന്‍, കമുകഞ്ചേരി ശക്തിവിക്രമന്‍, ശക്തി മുതലായവര്‍ ആദിത്യവര്‍മയുടെ കാലത്തെ പ്രബലരായ പ്രഭുക്കളായിരുന്നു.

2. ആദിത്യവര്‍മ, വേണാട്. കേരളചരിത്രത്തില്‍ പ്രശസ്തനായ ഒരു രാജാവ്. 'ചോളപ്രിയ' (1296) എന്ന ശകാബ്ദത്തില്‍ (എ.ഡി. 1375) ഇദ്ദേഹം നാടുവാണിരുന്നതായി തിരുവനന്തപുരം തിരുവാമ്പാടിയിലുള്ള ഒരു ശിലാലിഖിതത്തില്‍നിന്നു മനസ്സിലാക്കാം. ഇതില്‍ രാജാവിനെ സര്‍വാംഗനാഥന്‍ എന്നല്ലാതെ ആദിത്യവര്‍മ എന്നു പേരെടുത്തു പറഞ്ഞിട്ടില്ല. എന്നാല്‍ വടശ്ശേരി കൃഷ്ണസ്വാമി ക്ഷേത്രത്തിലുള്ള മറ്റൊരു ലിഖിതത്തില്‍ ആദിത്യവര്‍മന്‍ എന്ന സംബോധനയും സര്‍വാംഗനാഥന്‍ എന്ന വിശേഷണവും കാണുന്നു. കൂടാതെ ആദിത്യവര്‍മ സാഹിത്യം, സംഗീതം, സ്മൃതി, അര്‍ഥശാസ്ത്രം, പുരാണം, നിഗമം, 36 ശസ്ത്രപ്രയോഗങ്ങള്‍ മുതലായവയില്‍ പ്രവീണനായിരുന്നു എന്നും അതില്‍ പ്രസ്താവിച്ചിരിക്കുന്നു.

ഉണ്ണുനീലിസന്ദേശത്തില്‍ നായികയ്ക്കു ദൂതുമായി പോകുന്ന ആദിത്യവര്‍മയും ഈ ആദിത്യവര്‍മയും ഒരാളാണെന്ന് ചില സാഹിത്യചരിത്രകാരന്‍മാര്‍ വാദിക്കുന്നു. ശകാബ്ദം 1296-നു സമമായ കൊ.വ. 550-ല്‍ വേണാട്ടില്‍ തൃപ്പാപ്പൂര്‍ മൂപ്പുവാണിരുന്ന ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര് 'ഇരവി ആദിത്യവര്‍മ' എന്നാണ്; ശ്രീവേണാട്ടില്‍ തിരുവടി ഇരവി ആദിത്യവര്‍മ എന്നാണ് ഇദ്ദേഹത്തെ 550-ാമാണ്ടു മീനം 25-ന് ഉണ്ടായ മതിലകം രേഖയില്‍ പരാമര്‍ശിക്കുന്നത്. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ അല്പശി ഉത്സവത്തിന്റെ ചെലവിനുവേണ്ടി കുശവൂര്‍ക്കല്‍ എന്ന സ്ഥലത്ത് കുറേ നിലം ഇദ്ദേഹം ദാനംചെയ്തതായി പ്രസ്തുത രേഖയില്‍ കാണാം.

3. ആദിത്യവര്‍മ, വേണാട്. കൊ.വ. 644 (എ. ഡി. 1469)-ാമാണ്ടിടയ്ക്കു വേണാടു വാണിരുന്ന ഒരു രാജാവ്; സഹ്യനുകിഴക്കുള്ള ഏതാനും പ്രദേശങ്ങളും ഇദ്ദേഹത്തിന്റെ ഭരണത്തിലായിരുന്നു. തിരുനെല്‍വേലി ജില്ലയിലുള്ള തിരുക്കൂറുംകുടിക്ഷേത്രത്തിലേക്കു ആദിത്യവര്‍മ ഒരു പഞ്ചലോഹമണി ദാനംചെയ്തതായി രേഖയുണ്ട്. ഇതില്‍ ഗുണമണിശ്രേണി, വഞ്ചീപാല, വിശാഖപ്രഭു, അഖിലകലാവല്ലഭ, തിലകിതജയസിംഹാന്വയ, അധിഗതചിറവാ(യ്) മണ്ഡലേന്ദ്ര എന്നീ വിശേഷണങ്ങളാണ് ആദിത്യവര്‍മയ്ക്കു നല്കിയിരിക്കുന്നത്. ഇതില്‍ ഗുണമണിശ്രേണി, അഖിലകലാവല്ലഭ എന്നീ വിശേഷണങ്ങള്‍ രാജാവിന്റെ പൊതുവേയുള്ള ഗുണഗണങ്ങളെ വര്‍ണിക്കുന്നു. ജന്മനക്ഷത്രം വിശാഖമാണെന്നു വ്യക്തമാകുന്നു. തിലകിതജയസിംഹാന്വയ, എന്നതില്‍നിന്നു ജയസിംഹന്റെ വംശജനാണെന്നു മാത്രമല്ല ദേശിങ്ങനാട്ടു മൂപ്പനാണെന്നും മനസ്സിലാക്കാം. വേണാട്ടു രാജാവ് എന്ന അര്‍ഥത്തിലാണ് വഞ്ചിപാല എന്ന പ്രയോഗം. ഈ രാജാവിന്റെ കാലത്താണ് വേണാട്ടു രാജവംശത്തില്‍ ചിറവാമൂപ്പു ആദ്യമായി ഉദ്ഭവിച്ചത്. അതിനുമുന്‍പു ചിറവാ എന്നത് ഓടനാടിന്റെ ഒരു ശാഖയായിരുന്നു. ഓടനാട്ടിലെ ചിറവാശാഖ വേണാട്ടില്‍ ലയിച്ചതും വേണാട്ടില്‍ പുതിയ ഒരു മൂപ്പുസ്ഥാനം ഉണ്ടായതും ആദിത്യവര്‍മയുടെ കാലത്താണ്. അതുകൊണ്ടാണ് ഇദ്ദേഹത്തെ അധിഗതചിറവാ (യ്) മണ്ഡലേന്ദ്രന്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ രണ്ടു ഗ്രന്ഥവരികളില്‍ ഈ രാജാവിനെക്കുറിച്ചു പരാമര്‍ശമുണ്ട്. സ്ഥിരതാമസം തിരുനെല്‍വേലി ജില്ലയിലെ കല്ലടക്കുറിച്ചിയിലുള്ള രാജമന്ദിരത്തിലായിരുന്നു; ചെമ്പക ആദിത്യവര്‍മ എന്നും ഇദ്ദേഹത്തിനു പേരുണ്ടായിരുന്നതായി നാഗമയ്യ പറയുന്നു. 653 (1468)-മാണ്ടു കൊല്ലം നഗരത്തില്‍ ചെമ്പകരാമന്‍ പെരുന്തെരു സ്ഥാപിച്ചതും അതിനെ അഞ്ചിനാന്‍ പുകഴിടമായി പ്രഖ്യാപിച്ചതും ഈ രാജാവായിരുന്നു. അതിനുള്ള രാജകല്പന പുറപ്പെടുവിച്ചതു തിരുനല്‍വേലിയില്‍ നിന്നായിരുന്നുവെന്ന് തത്സംബന്ധമായി സ്ഥാപിതമായ ശിലാലിഖിതത്തില്‍ പറഞ്ഞിട്ടുണ്ട്.

4. ആദിത്യവര്‍മ, വേണാട്. കൊ.വ. 647 (1472)-ാമാണ്ടു കുംഭം 1-ന് ഉണ്ടായതും ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലുള്ളതുമായ ഒരു രേഖയില്‍ പരാമൃഷ്ടനായ ഈ വേണാട്ടുരാജാവിന്റെ പേര് ആദിത്യമാര്‍ത്താണ്ഡവര്‍മ എന്നാണ്. പഞ്ചാന്‍മഠത്തിലും കാഞ്ചീപുരത്തുമഠത്തിലും രാമവര്‍മന്‍ തിരുമഠത്തിലും മാര്‍ത്താണ്ഡമഠത്തിലും നിന്ന് അന്തിവിളക്കുകൊണ്ടുചെന്നു വച്ചതു സംബന്ധിച്ച കാര്യങ്ങളും ചില മുടക്കങ്ങളും വീരകോത ആദിത്യമാര്‍ത്താണ്ഡവര്‍മയുടെ സന്നിധിയില്‍ ഉണര്‍ത്തിച്ചു തീരുമാനമുണ്ടാക്കിയതായി ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കൊ. വ. 644-ല്‍ രാജാവായിരുന്ന സകലകലാവല്ലഭനായ ആദിത്യവര്‍മതന്നെയാണ് ഈ ആദിത്യമാര്‍ത്താണ്ഡവര്‍മ എന്നും ഒരഭിപ്രായം നിലവിലുണ്ട്.

5. ആദിത്യവര്‍മ, വേണാട്. കൊ. വ. 685 (1510)-ാമാണ്ട് വേണാട്ടില്‍ തൃപ്പാപ്പൂര്‍ മൂപ്പനായിരുന്ന രാജാവ്. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ചരിത്രപ്രസിദ്ധമായ നാഞ്ചിനാട്ടു ലഹള ഉണ്ടായത്. നാഞ്ചിനാട്ടില്‍ പറയരും ഈഴവരും തമ്മില്‍ ഒരു വര്‍ഗീയസംഘട്ടനം നടന്നുവരികയായിരുന്നു. അതിന്റെ ഭാഗമായി ഈഴവര്‍ സംഘംചേര്‍ന്നു പറച്ചേരിയില്‍ ചെന്നു പറയരെ ആക്രമിക്കുകയുണ്ടായി. പറയര്‍ ശ്രീപദ്മനാഭന്റെ അടിയാരാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞുകൊണ്ട് വീരനാരായണശ്ശേരിമഠത്തിലെ ബ്രാഹ്മണര്‍ തടസ്സം നിന്നു. സംഘട്ടനത്തിനിടയില്‍ പീച്ചപ്പള്ളി ഉഴുത്തിരന്‍ ശ്രീധരന്‍, ചിറ്റൂര്‍ ദത്തന്‍ദേവന്‍, പുളിങ്കീഴ് ഇന്നാന്‍ ഇന്നാന്‍ എന്നീ ബ്രാഹ്മണര്‍ക്കു മാരകമായി പരുക്കേറ്റു. ഈ സംഭവങ്ങളുടെ പേരില്‍ ആദിത്യവര്‍മ അവസാനം പ്രായശ്ചിത്തം ചെയ്തു.

6. ആദിത്യവര്‍മ, വേണാട്. കൊ.വ. 707 (1532)-ാമാണ്ട് വേണാട്ടില്‍ ചിറവാമൂപ്പുവാണ രാജാവ്. ഇരവി ആദിത്യവര്‍മ എന്നാണ് പൂര്‍ണമായ പേര്. തിരുവിതാംകോട്ടു കൊട്ടാരത്തിലാണ് പാര്‍ത്തിരുന്നത്. കൊ. വ. 707-ാമാണ്ടു മേടം 17-നു എഴുതിയുണ്ടാക്കിയ മതിലകം ഗ്രന്ഥവരിയില്‍ ഇദ്ദേഹത്തെപ്പറ്റി പരാമര്‍ശമുണ്ട്.

7. ആദിത്യവര്‍മ, വേണാട്. കൊ. വ. 707 (1532)-ാമാണ്ടത്തെ മതിലകം രേഖയില്‍ പരാമര്‍ശിക്കപ്പെടുന്ന ആളില്‍നിന്നും വിഭിന്നനായ മറ്റൊരു ആദിത്യവര്‍മ. 712-ാമാണ്ടു വീരരവിവര്‍മയായിരുന്നു ചിറവാമൂപ്പനെന്നു ശുചീന്ദ്രത്തുള്ള ഒരു ലിഖിതത്തില്‍ നിന്നും തെളിയുന്നു. അതുകൊണ്ട്, 77-ാമാണ്ടു ചിറവാമൂപ്പനായിരുന്ന ആദിത്യവര്‍മയും 717-ലെ ആദിത്യവര്‍മയും ഒരാളല്ല എന്നു സിദ്ധിക്കുന്നു. ശ്രീപണ്ടാരനിലം ബലാത്കാരമായി കൈയേറിയതും തുടര്‍ന്നു സംഘട്ടനങ്ങളുണ്ടായതും 717-ാമാണ്ടു തുലാം 15-ലെ മതിലകം രേഖയില്‍ വിവരിച്ചിട്ടുണ്ട്.

8. ആദിത്യവര്‍മ, വേണാട്. 739 (1564)-ാമാണ്ടു മേടം 13-ലെ മതിലകം രേഖയില്‍ പരാമൃഷ്ടനായ വേണാട്ടുരാജകുമാരന്‍. 754-ാമാണ്ട് ഇടവം 6-ലെ മറ്റൊരു രേഖയിലും ആദിത്യവര്‍മ പരാമര്‍ശിക്കപ്പെടുന്നു.

9. ആദിത്യവര്‍മ, വേണാട്. കൊ. വ. 743 (1568)-ല്‍ വേണാടു വാണിരുന്ന ഒരു രാജാവ്. 743-ാമാണ്ടു കുംഭം 21-ലെ മതിലകം രേഖയിലാണ് ഇദ്ദേഹത്തെപ്പറ്റി പറയുന്നത്. ദേശിങ്ങനാട്ടു സ്വരൂപത്തില്‍നിന്നും ചിറവാ മൂപ്പേറ്റു.

10. ആദിത്യവര്‍മ, വേണാട്. കൊ. വ. 743 (1568) കുംഭം 21-ന് മതിലകം രേഖയില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റൊരു വേണാട്ടുരാജാവ്. തൃപ്പാപ്പൂര്‍ സ്വരൂപത്തില്‍ നിന്നും ചിറവാമൂപ്പേറ്റ രാജാവാണ് ഈ ആദിത്യവര്‍മ.

11. ആദിത്യവര്‍മ, വേണാട്. കൊ. വ. 763 (1588)-ാമാണ്ടു തുലാം 26-ലെ മതിലകം രേഖയില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റൊരു വേണാട്ടുരാജകുമാരന്‍. അക്കൊല്ലം തുലാമാസത്തെ പള്ളിവേട്ടയ്ക്ക് ഈ ആദിത്യവര്‍മ അകമ്പടി സേവിച്ചു.

12. ആദിത്യവര്‍മ, വേണാട്. കൊ. വ. 785 (1610)-ാമാണ്ടു വേണാട്ടില്‍ രാജാവായ ആദിത്യവര്‍മ അതേ വര്‍ഷം വൈകാശിമാസം 16-നു തിരുവനന്തപുരത്ത് പുല്ലുക്കോട്ടു കൊട്ടാരത്തില്‍ മൃതിയടഞ്ഞു.

13. ആദിത്യവര്‍മ, വേണാട്. കൊ.വ. 848 (1673)-ാമാണ്ടു വേണാടു വാണ ഒരു രാജാവും ആദിത്യവര്‍മ എന്ന പേരില്‍ അറിയപ്പെടുന്നു. 852-ാമാണ്ടു മാശിമാസത്തില്‍ കല്ക്കുളത്തു കോയിക്കലില്‍ മൃതിയടഞ്ഞു; തിരുവട്ടാറ്റു വച്ച് പള്ളിയടക്കം നടത്തി. പള്ളിയടക്കവും ശേഷക്രിയകളും മറ്റും നടത്തിയത് ഉമയമ്മറാണിയുടെ ചുമതലയിലായിരുന്നു.

14. ആദിത്യവര്‍മ, വേണാട്. കൊ. വ. 894 (1719)-ാമാണ്ടു വേണാട്ടുരാജാവായിരുന്ന മറ്റൊരു ആദിത്യവര്‍മ. കോലത്തുനാട്ടില്‍ നിന്നും ദത്തുവഴിക്കാണ് വേണാട്ടില്‍ വന്നത്. ഇദ്ദേഹത്തിന്റെ കാലത്തും കോലത്തുനാട്ടില്‍ നിന്നും ദത്തെടുത്തു. 896 (1721)-ാമാണ്ടു മേടം 16-നു മുന്‍പ് അന്തരിച്ചതായി വിശ്വസിക്കപ്പെടുന്നു.

ആദിത്യവര്‍മ, വടക്കുംകൂര്‍. കൊ.വ. 508 (1333)-ാമാണ്ടടുപ്പിച്ച് വടക്കുംകൂര്‍ വാണിരുന്ന രാജാവ്. ഇദ്ദേഹത്തെപ്പറ്റി പ്രസിദ്ധമായ വൈക്കം ഗ്രന്ഥവരിയില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.

ആദിത്യവര്‍മ, തെക്കുംകൂര്‍. പൂര്‍ണമായ പേരു കേരള ആദിത്യവര്‍മ. കൊ. വ. 801 (1626) ചിങ്ങം 18-നും 804 (1629) വൃശ്ചികം 1-നും ഉണ്ടായിട്ടുള്ളതും വാക്കവഞ്ഞിപ്പുഴമഠത്തില്‍നിന്നും ലഭിച്ചതുമായ രണ്ടു ഗ്രന്ഥവരികളില്‍ പരാമര്‍ശിക്കപ്പെടുന്ന തെക്കുംകൂര്‍ രാജാവ്. താലമാനത്തു നടന്ന യുദ്ധം ഇദ്ദേഹത്തിന്റെ കാലത്തെ പ്രധാനസംഭവമായിരുന്നു.

1. ആദിത്യവര്‍മ, ഓടനാട്. ഹരിപ്പാടു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലുള്ള ഒരു ശിലാലിഖിതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കായംകുളം രാജാവ്. പൂര്‍ണമായ പേര് ഇരവി ആദിത്യവര്‍മ. കാലം വ്യക്തമല്ല; ഉണ്ണുനീലി സന്ദേശകാവ്യത്തോടടുപ്പിച്ചാണെന്നു കരുതപ്പെടുന്നു.

2. ആദിത്യവര്‍മ, ഓടനാട്. വാക്കവഞ്ഞിപ്പുഴമഠം രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു ഓടനാട്ടു രാജാവ്. കാലം വ്യക്തമല്ല. എ.ഡി. 15-ാം ശതകമാണെന്നു കരുതാവുന്നതാണ്.

(കെ. മഹേശ്വരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍