This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദിത്യപൂജ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആദിത്യപൂജ

സൂര്യനെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രത്യേകപൂജ. ദീപത്തിന്റെ ചുവട്ടില്‍ വൃത്താകാരമായി വരച്ച മണ്ഡലത്തിന്‍മേല്‍ വച്ച ജലകുംഭത്തിലോ ഇലയില്‍ ധാന്യം (ഗോതമ്പ്) പരത്തി അതിന്‍മേല്‍ വച്ച ദര്‍ഭകൂര്‍ച്ചത്തിലോ ആദിത്യനെ ആവാഹിച്ചു പൂജിക്കുകയാണ് പതിവ്. പൂജകന്‍ സ്നാനം ചെയ്തു ശുദ്ധനായി പൂജാദ്രവ്യങ്ങള്‍ ഒരുക്കി പൂര്‍വാഭിമുഖനായി ഇരുന്നശേഷം സങ്കല്പം, കലശപൂജ, ശംഖപൂജ, ആത്മപൂജ, പീഠപൂജ എന്നീ സാമാന്യപൂജകള്‍ക്കുശേഷം മണിനാദം മുഴക്കി ആദിത്യനെ പ്രത്യേകമായി ഇപ്രകാരം ധ്യാനിക്കുന്നു:

'അരുണസരോരുഹസംസ്ഥഃ

ത്രിദൃഗരുണോ രുണസരോജയുഗളധരഃ

കലിതാഭയവരദകരഃ

ദ്യുതിബിംബോ മിതഭൂഷണസ്ത്വിനോ വതു നഃ'

(ചെന്താമരയില്‍ ഇരിക്കുന്നവനും മൂന്നു കണ്ണുകളോടുകൂടിയവനും രണ്ടു കൈകളില്‍ ചെന്താമരകളും മറ്റു രണ്ടു കൈകളില്‍ അഭയം, വരം എന്നിവ ധരിച്ചവനും പ്രകാശമാകുന്ന സ്വരൂപത്തോടുകൂടിയവനും ധാരാളം ഭൂഷണങ്ങളണിഞ്ഞവനും ആയ സൂര്യന്‍ നമ്മെ രക്ഷിക്കട്ടെ). ഇപ്രകാരം ധ്യാനിച്ചതിനുശേഷം ജലകുംഭത്തില്‍ അല്ലെങ്കില്‍ ദര്‍ഭകൂര്‍ച്ചത്തില്‍ 'അസ്മിന്‍ ജലകുംഭേ-കൂര്‍ച്ചേ വാ-ആദിത്യം ആവാഹയാമി, ഓ ഭൂഃ ആദിത്യം ആവാഹയാമി, ഓം ഭൂവഃ ആദിത്യം ആവാഹയാമി. ആവാഹിതോ ഭവ, സന്നിഹിതോ ഭവ, സന്നിരുദ്ധോ ഭവ, സുപ്രസന്നോ ഭവ, വരദോ ഭവ. സ്വാഗത മസ്തു. സ്വാമിന്‍ പ്രസീദ പ്രസീദ സര്‍വജഗന്നാഥ. യാവത് പൂജാവസാനകം താവത് ത്വം പ്രീതിഭാവേന കുംഭേസ്മിന്‍ സന്നിധിം കുരു' എന്നിങ്ങനെ ആദിത്യനെ ആവാഹിച്ചിരുത്തുക. പിന്നീട് ആദിത്യന്റെ പ്രാണങ്ങളെ പ്രതിഷ്ഠിക്കണം. അതിനായി ഉപയോഗിക്കുന്ന മന്ത്രം:

'ആം ഹ്രീം ക്രോം ക്രോം ഹ്രീം അം യരലവശഷസഹോം ഹംസഃ സോഹം സോഹം ഹംസഃ ആദിത്യസ്യ പ്രാണാഃ അസ്മിന്‍ കുംഭേ തിഷ്ഠന്തു. ജീവസ്തിഷ്ഠതു. സര്‍വേന്ദ്രിയാണി വാങ്മനശ്ചക്ഷുഃ ശ്രോത്രജിഹ്വാഘ്രാണ പ്രാണാപാനവ്യാനോദാനസമാനാഃ ഇഹൈവാഗത്യാഗത്യ അസ്മിന്‍ കുംഭേ സുഖം ചിരം തിഷ്ഠന്തു സാന്നിധ്യം കുര്‍വന്തു ജീവിഷ്യന്തു സ്വാഹാ.'

പ്രാണപ്രതിഷ്ഠയ്ക്കുശേഷം ആസനപാദ്യാദി ഷോഡശോപചാരപൂര്‍വം ആദിത്യനെ പൂജിച്ച് പാപനിവൃത്തിക്കായി പ്രദക്ഷിണം ചെയ്യുന്നു. പിന്നീട് നമസ്കാരമാണ്.

'നമസ്സവിത്രേ ജഗദേകചക്ഷുഷേ

ജഗത്പ്രസൂതിസ്ഥിതിനാശഹേതവേ

ത്രയീമയായ ത്രിഗുണാത്മധാരിണേ

വിരിഞ്ചനാരായണശംകരാത്മനേ'

എന്നാണ് അപ്പോള്‍ ചൊല്ലുന്ന ശ്ളോകം. ഒടുവില്‍ ക്രിയകളില്‍ വന്ന എല്ലാ വൈകല്യങ്ങള്‍ക്കും ക്ഷമാപണം ചെയ്തു കൊണ്ട് പൂജ അവസാനിപ്പിച്ച് ആദിത്യനെ കുംഭത്തില്‍നിന്നും സൂര്യമണ്ഡലത്തില്‍ മുന്‍പോലെ പ്രതിഷ്ഠിക്കുന്നു. ഇതാണ് ആദിത്യപൂജയുടെ ക്രമം.

ഭൂമിയിലുള്ള ജീവിതം മുഖ്യമായും ആദിത്യദേവനെ ആശ്രയിച്ചുള്ളതായതുകൊണ്ടാണ് ആദിത്യാരാധനയില്‍ വൈകാരികമായ അംശത്തിനു മുന്‍തൂക്കമുണ്ടായിക്കാണുന്നത്. ദക്ഷിണായനം കഴിഞ്ഞ് ഉത്തരാഭിമുഖമായുള്ള യാത്രയുടെ ഇടയ്ക്ക് സൂര്യന്‍ കൃത്യമായി കി. ദിക്കില്‍ ഉദിക്കുന്ന ദിവസമാണ് മേടം 10-ാം തീയതി (ഏ. 21, 22, 23, 24). ആണ്ടുതോറും ഈ പത്താമുദയത്തില്‍ മധ്യകേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ വിപുലമായ തോതില്‍ ആദിത്യപൂജ നടത്തി വരുന്നുണ്ട്. പ്രകൃതി കോപങ്ങളില്‍നിന്നു രക്ഷപ്പെടാനും ക്ഷേമൈശ്വര്യങ്ങള്‍ക്കു പാത്രീഭവിക്കാനും ഇതു സഹായകമാണെന്നു വിശ്വസിക്കപ്പെടുന്നു. രാവിലെ മുതല്‍ ആദിത്യ സ്തോത്രങ്ങള്‍കൊണ്ട് ക്ഷേത്രാന്തരീക്ഷം മുഖരിതമായിരിക്കും. ഉച്ചയോടടുക്കുമ്പോള്‍ പൂജാവസ്തുക്കള്‍ നിറച്ച തട്ടുകള്‍ ക്ഷേത്രമുറ്റത്ത് ഭക്തന്‍മാര്‍ നിരത്തുന്നു. കൃത്യം പന്ത്രണ്ടുമണിക്ക് വാദ്യങ്ങളുടെയും കലശങ്ങളുടെയും അകമ്പടിയോടുകൂടി മുഖ്യപൂജാരി രണ്ടു കൈകളിലും താലങ്ങളേന്തിക്കൊണ്ട് പുറത്തേക്കു വരുന്നു. ഭക്തന്‍മാരുടെ മധ്യത്തില്‍ നിന്നുകൊണ്ട് അദ്ദേഹം താലങ്ങള്‍ മേല്പോട്ടുയര്‍ത്തിപ്പിടിച്ച് ആദിത്യനെ പൂജിക്കുന്നു. ഭക്തന്‍മാര്‍ അത് അനുകരിക്കുന്നു; പലവട്ടം ഇതാവര്‍ത്തിക്കുന്നു. അനന്തരം താലങ്ങളും നൈവേദ്യങ്ങളും മറ്റും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിനു പുറമേ പ്രദക്ഷിണംവച്ച് അകത്തേക്കു പ്രവേശിക്കുന്നു. അവിടെവച്ച് താലം ചൊരിയുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുന്നു. അന്നേ ദിവസം ചില ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍നിന്നും കൊളുത്തിയ കെടാവിളക്കുകള്‍ വാങ്ങിക്കൊണ്ടുപോയി അടുത്ത വര്‍ഷംവരെ നിലവറയ്ക്കുള്ളില്‍ സൂക്ഷിക്കുന്ന പതിവും ഉണ്ട്.

ആദിത്യനമസ്കാരം, ആദിത്യപൂജ എന്നിവ നിത്യാനുഷ്ഠാനമായി ആചരിക്കുന്ന ചില കുടുംബങ്ങള്‍ കേരളത്തിലുണ്ട്. കല്ലിലോ ലോഹത്തിലോ കൊത്തിയ ആദിത്യവിഗ്രഹം ഇങ്ങനെയുള്ള ഭവനങ്ങളിലെ അങ്കണങ്ങളില്‍ ഒരു മറവുമില്ലാതെ സ്ഥാപിച്ചിരിക്കും. അട (വത്സന്‍) ആണ് ആദിത്യനുള്ള മുഖ്യ നിവേദ്യം.

കുംഭമാസത്തിലെ വെളുത്ത സപ്തമി ആദിത്യപൂജയ്ക്കു വിശേഷമാണെന്ന് ടി.സി. പരമേശ്വരന്‍ മൂസ്സത് രചിച്ച തന്ത്രരത്നം (1951) എന്ന പുസ്തകത്തില്‍ കാണുന്നു.

(വി.എസ്.വി. ഗുരുസ്വാമി ശാസ്ത്രി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍