This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദിത്യന്‍, എസ്.പി. (1905 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:52, 17 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആദിത്യന്‍, എസ്.പി. (1905 - 81)

തമിഴ്നാട്ടിലെ പത്രപ്രവര്‍ത്തകനും രാഷ്ട്രീയനേതാവും. സി.പാ. ആദിത്തനാര്‍ എന്നപേരില്‍ അറിയാനാണ് ആദിത്യന്‍ ഇഷ്ടപ്പെടുന്നത്. തിരുനെല്‍വേലി ജില്ലയില്‍ കായമൊഴി എന്ന സ്ഥലത്ത് സമ്പന്നമായ ഒരു നാടാര്‍ കുടുംബത്തില്‍ 1905 സെപ്. 25-ന് ജനിച്ചു. പിതാവ് ശിവന്തി ആദിത്യന്‍ ഒരു അഭിഭാഷകനായിരുന്നു. അമ്മയുടെ പേര് കനകം.

തിരുവൈകുണ്ഠപുരം സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ ആദിത്യന്‍ ത്രിശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജില്‍നിന്ന് 1928-ല്‍ എം.എ. ബിരുദം നേടി. തുടര്‍ന്ന് ഉപരിവിദ്യാഭ്യാസാര്‍ഥം ഇംഗ്ളണ്ടിലേക്കു പോയി. ലണ്ടനിലെ മിഡില്‍ ടെംപിളില്‍നിന്നു നിയമബിരുദം നേടി. സിങ്കപ്പൂരിലെത്തി വക്കീല്‍പണിയില്‍ ഏര്‍പ്പെട്ടു. ചുരുങ്ങിയ കാലംകൊണ്ട് നിപുണനായ ഒരു അഭിഭാഷകനെന്ന നില കരസ്ഥമാക്കുകയും സിങ്കപ്പൂരിലെ തമിഴരുടെ നേതാവായിത്തീരുകയും ചെയ്തു. സിങ്കപ്പൂരില്‍വച്ച് 1933-ല്‍ ഒ. രാമസ്വാമിനാടാരുടെ പുത്രി ഗോവിന്ദമ്മയെ വിവാഹം കഴിച്ചു.

സിങ്കപ്പൂരില്‍ ജപ്പാന്റെ ആക്രമണ ഭീഷണിയുണ്ടായപ്പോള്‍ ആദിത്യനും കുടുംബവും ഇന്ത്യയിലേക്കു മടങ്ങി. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ആദിത്യന്‍ 1942-ല്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും 'തമിഴ് രാജ്യകക്ഷി' എന്നൊരു സംഘടന രൂപവത്കരിക്കുകയും ചെയ്തു. ഈ സംഘടന പില്ക്കാലത്ത് 'നാം തമിഴര്‍' എന്ന പേരില്‍ അറിയപ്പെട്ടു. 'ഇന്ത്യന്‍ ദേശീയസേനാ സംരക്ഷണ-പുനരധിവാസക്കമ്മിറ്റി'യുടെ പ്രാദേശിക സെക്രട്ടറി, 'ഫ്രഞ്ച്-ഇന്ത്യന്‍ സ്വാതന്ത്ര്യസമര സഹായക്കമ്മിറ്റി'യുടെ അധ്യക്ഷന്‍ എന്നീ നിലകളില്‍ ആദിത്യന്‍ സ്വാതന്ത്ര്യസമരക്കാലത്ത് ശ്രദ്ധേയമായ സേവനം അനുഷ്ഠിക്കുകയുണ്ടായി. 1947 മുതല്‍ 1953 വരെ ഇദ്ദേഹം മദ്രാസ് ലെജിസ്ളേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്നു. ഇക്കാലമത്രയും ഇദ്ദേഹം കൗണ്‍സിലിലെ കോണ്‍ഗ്രസ് കക്ഷിയുടെ ചീഫ് വിപ്പായിരുന്നു. മാത്തൂരിലെ കര്‍ഷകപ്രക്ഷോഭണത്തിനു നേതൃത്വം നല്കിയ ആദിത്യന്‍ പനവൃക്ഷങ്ങള്‍ക്കു നികുതി ചുമത്തുന്നതിനെതിരായി സംസ്ഥാനവ്യാപകമായ ഒരു പ്രക്ഷോഭവും നടത്തിയിട്ടുണ്ട്. ഈ.വി. രാമസ്വാമി നായിക്കര്‍, സി.എന്‍. അണ്ണാദുരൈ എന്നിവരുമായി സഹകരിച്ചുകൊണ്ട് ഹിന്ദി വിരുദ്ധപ്രക്ഷോഭം നടത്തിയതിനു ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു. 1952-ല്‍ വിയന്നയില്‍ കൂടിയ ലോകസമാധാനസമ്മേളനത്തില്‍ പങ്കെടുത്തു. 1956-ല്‍ ഒരു ആഗോളപര്യടനം നടത്തി. 1967-ല്‍ 'നാം തമിഴര്‍' കക്ഷിയുടെ സ്ഥാനാര്‍ഥിയായി മദ്രാസ് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 'നാം തമിഴര്‍' പാര്‍ട്ടി ദ്രാവിഡമുന്നേറ്റ കഴകത്തില്‍ ലയിക്കുകയുണ്ടായി. നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ആദിത്യന്‍ ഒരു വര്‍ഷത്തിനുശേഷം തത്സ്ഥാനം രാജിവച്ചു. 1964-ല്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായി.

രാഷ്ട്രീയരംഗത്തെക്കാള്‍ ആദിത്യന്റെ സേവനം കൂടുതല്‍ ദൃശ്യമായത് തമിഴ്നാട്ടിലെ പത്രപ്രവര്‍ത്തന മണ്ഡലത്തിലായിരുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ പത്രപ്രവര്‍ത്തനത്തില്‍ തത്പരനായിരുന്നു. അക്കാലത്തു സ്വന്തമായി ഒരു അച്ചുക്കൂടം ഉണ്ടാക്കുകയും പ്രസിദ്ധീകരണ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. സിങ്കപ്പൂരില്‍ തമിഴ് മുരശ് എന്നൊരു ദിനപത്രം സ്ഥാപിച്ചു പ്രവര്‍ത്തിച്ചിരുന്നു. 1942-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ ദിനതന്തി എന്ന വൃത്താന്തപത്രം ആരംഭിച്ചു. ദിനതന്തിക്ക് ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, മധുര, തിരുനെല്‍വേലി എന്നീ നഗരങ്ങളില്‍ പ്രത്യേക പതിപ്പുകളുണ്ടായിരുന്നു. ആദിത്യന്‍ വിദ്യാഭ്യാസവിഷയത്തിലും ശ്രദ്ധിച്ചിരുന്നു. അതിനു തെളിവാണ് തിരുച്ചന്തുരിലെ 'ആദിത്തനാര്‍ കോളജ്'.

സംസ്ഥാന സ്വയംഭരണം ഉറപ്പു ചെയ്യുന്ന ഒരു ഫെഡറല്‍ ഇന്ത്യ എന്ന ആശയത്തോടായിരുന്നു ആദിത്യന് ആഭിമുഖ്യം. ജാതീയമായ വിവേചനത്തെ ഇദ്ദേഹം എതിര്‍ത്തിരുന്നു. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ പത്രം സാധാരണ വായനക്കാരെ ആകര്‍ഷിക്കാന്‍ പോരുന്ന തരത്തില്‍ സംവിധാനം ചെയ്യുന്നതില്‍ ആദിത്യന്‍ വിജയിച്ചിട്ടുണ്ട്. 1981 മേയ് 24-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍