This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദിച്ചരാമന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആദിച്ചരാമന്‍

തിരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ഒരു ഉപക്ഷേത്രമായ തിരുവാമ്പാടിയുടെ തെക്കേച്ചുവരില്‍ എഴുതിയിട്ടുള്ള ഒരു ദ്വിഭാഷാശാസനത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വ്യക്തി. ശാസനദാതാവും ഇദ്ദേഹമാകുന്നു. സംസ്കൃതത്തിലും തമിഴിലും ഈ ശാസനം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സംസ്കൃതത്തില്‍

'സ്യാനന്ദൂരേകഗോഷ്ഠാലയകമലദൃശേ

ഗോദമാര്‍ത്താണ്ഡഗോളം-

ബാധീശച്ഛത്ര വാഹീ ധനുഷി ച കൃതനൈ-

വേദ്യമുത്തുംഗജീവേ

ശ്രീമാനാദിത്യരാമസ്സഹീരജത കൃതം

ഡിണ്ഡിമം മന്ദരാഭം

ഡിണ്ഡീരാഖണ്ഡഷണ്ഡദ്യുതിശുഭമദിശ-

ന്മാന്യ ആത്മാക്ഷമായാഃ'

എന്നു രേഖപ്പെടുത്തിയിരിക്കുന്നു. തമിഴ്ഭാഗത്തു മരുതിമണ്‍ ആതിച്ചരാമന്‍ എന്നു പ്രയോഗിച്ചിരിക്കുന്നു. അതില്‍നിന്നു മരുതിമണ്‍ സ്വദേശിയാണ് ആദിച്ചരാമനെന്നും സംസ്കൃതപദ്യത്തില്‍ നിന്നു വേണാട്ടു രാജാവായ കോതമാര്‍ത്താണ്ഡവര്‍മയുടെ (ഉദയമാര്‍ത്താണ്ഡവര്‍മ, (1175-95) ഛത്രവാഹിയായിരുന്നുവെന്നും മനസ്സിലാക്കാം.

'മാന്യ ആത്മാക്ഷമായാഃ' എന്ന വാക്യം കലിദിന സൂചകമാണ്. അതിന്റെ മൂല്യം 15, 65, 015 എന്നു കടപയാദിപ്രകാരം ഗണിച്ചാല്‍ കിട്ടും. കലിദിനവും കലിവര്‍ഷവും ഗതങ്ങളായിട്ടാണ് വരുന്നത്. അതുകൊണ്ട് ആദിച്ചരാമന്റെ ദാനകാലം പിറ്റേദിവസമാണെന്നു സിദ്ധിക്കുന്നു.

ആദിച്ചരാമന്‍ തിരുവാമ്പാടിയില്‍ നടയ്ക്കുവച്ചതു രജത നിര്‍മിതമായ ഒരു തിരുവണുക്കത്തുടിയും (ഒരു വാദ്യവിശേഷം) ദിനംപ്രതി ഇരുനാഴി അരിയുടെ തിരുവമൃതു നടത്താന്‍ വേണ്ടതായ മൂന്നു ശലാകയും മുപ്പതു അഴകച്ചും ആയിരുന്നു. ആദിച്ചരാമന്‍ വേണാട്ടുരാജാവായിരുന്നു എന്ന് ഒരു കാലത്തു പണ്ഡിതന്‍മാര്‍ക്കിടയിലുണ്ടായിരുന്ന വാദം ആധുനികകാലത്തു വിസ്മൃതപ്രായമായിരിക്കുന്നു.

(കെ. മഹേശ്വരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍