This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദം മാലിക്ക് (1917 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആദം മാലിക്ക് (1917 - 84)

Adam Malik

ആദം മാലിക്ക്

ഇന്തോനേഷ്യയിലെ മുന്‍വിദേശകാര്യമന്ത്രി. കിഴക്കന്‍ സുമാത്രയിലെ പെമാതാങ് സിയാന്‍തര്‍ എന്ന സ്ഥലത്ത് 1917 ജൂല. 22-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസാനന്തരം ഒരു മതവിദ്യാലയത്തില്‍ ഇദ്ദേഹം ഉപരിപഠനം നടത്തി. 1937 ഡി. 13-ന് ജക്കാര്‍ത്തയില്‍ അന്റാറാ എന്ന ഇന്തോനേഷ്യന്‍ വാര്‍ത്താ ഏജന്‍സി സ്ഥാപിക്കുന്നതില്‍ മുന്‍കൈയെടുത്തത് മാലിക്കാണ്. 1940-41-ല്‍ 'ജെറിന്‍ഡോ പാര്‍ട്ടി'യുടെ എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗമായി സേവനം അനുഷ്ഠിച്ചു. ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ സമ്പാദനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള യുവജനപ്രസ്ഥാനത്തിലെ അംഗമാവുകയും (1945), ജോഗ് ജക്കാര്‍ത്തയില്‍ രൂപവത്കരിക്കപ്പെട്ട ഒരു സംയുക്ത സമരമുന്നണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടരുകയും ചെയ്തു. അക്കാലത്തു രൂപീകൃതമായ പാര്‍ലമെന്റിലെ മൂന്നാം ഉപാധ്യക്ഷനായി (1945-47) ഇദ്ദേഹം സേവനം അനുഷഠിച്ചു. 1946-ല്‍ ഇദ്ദേഹം 'പാര്‍ട്ടായി റക്ജാത്' എന്ന ജനകീയസംഘടന സ്ഥാപിച്ച്, സജീവരാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് മുര്‍ബ പാര്‍ട്ടി സ്ഥാപിക്കുകയും അതിലെ സജീവാംഗമായി 1948 മുതല്‍ 1956 വരെ പ്രവര്‍ത്തിക്കുകയും ചെയ്തു. 1956-ല്‍ ഇന്തോനേഷ്യന്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട മാലിക്ക് 1959-ല്‍ പ്രൊവിഷണല്‍ സുപ്രീം അഡ്വൈസറി കൗണ്‍സിലില്‍ അംഗമായി. 1959-ല്‍ മുന്‍ യു.എസ്.എസ്.ആര്‍., പോളണ്ട് എന്നീ രാജ്യങ്ങളിലെ അംബാസഡറായി നിയമിക്കപ്പെട്ടു. 1962-ല്‍ വാഷിങ്ടണില്‍വച്ച് പശ്ചിമ ഇറിയന്‍ പ്രശ്നത്തെ സംബന്ധിച്ച് ഡച്ചു ഗവണ്‍മെന്റും ഇന്തോനേഷ്യയും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ ഇന്തോനേഷ്യന്‍ റിപ്പബ്ളിക്കിന്റെ മുഖ്യ പ്രതിനിധിയായി പങ്കെടുത്തു. പശ്ചിമ ഇറിയനെ സംബന്ധിച്ച പ്രശ്നങ്ങളില്‍ ഡച്ചു ഗവണ്‍മെന്റുമായി ഒരു ധാരണയില്‍ എത്തിച്ചേര്‍ന്നതില്‍ (1962 ആഗ.) ആദം മാലിക്ക് നിര്‍ണായകമായ പങ്കു വഹിച്ചു. അന്റാറാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗമായി 1962 സെപ്.-ല്‍ നിയമിതനായി; 1963 ന. 13-ന് വ്യാപാരവകുപ്പു മന്ത്രിപദം ഏറ്റെടുത്തു. ആ വര്‍ഷം തന്നെ 'സുപ്രീം കമാന്‍ഡ് ഒഫ് ഇക്കണോമിക് ഓപ്പറേഷ'ന്റെ ഡെപ്യൂട്ടി കമാന്‍ഡറായി സേവനം അനുഷ്ഠിച്ചു. 1964-ല്‍ യു.എന്‍. കമ്മിഷന്‍ ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റിലെ മുഖ്യപ്രതിനിധിയായി. നിയന്ത്രിത സാമ്പത്തികനയം (Guided Economy) ഇന്തോനേഷ്യയില്‍ നടപ്പാക്കുന്നതിന്റെ ചുമതല 1965 മാ. 31-ന് ഏറ്റെടുത്തു. 1966 മാ. 18-ന് ഇന്തോനേഷ്യയുടെ രണ്ടാം വൈസ് പ്രസിഡന്റുപദവും വിദേശകാര്യമന്ത്രിപദവും ഇദ്ദേഹത്തില്‍ നിക്ഷിപ്തമായി. ഏതാനും ദിവസങ്ങള്‍ക്കുശേഷം (മാ. 27) സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളുടെ ചുമതലയുള്ള, ഉപപ്രധാനമന്ത്രിയായിത്തീര്‍ന്നു. 1968 ജൂണ്‍ 6 മുതല്‍ വിദേശകാര്യമന്ത്രിയായി. 1971 സെപ്. 21-ന് 26-ാമത് യു.എന്‍. ജനറല്‍ അസംബ്ളിയുടെ അധ്യക്ഷനായി ആദം മാലിക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ആദം മാലിക്കിന്റെ വിശിഷ്ട സേവനങ്ങളുടെ അംഗീകാരമായി 1961-ല്‍ 'മഹാപുത്തേര' മെഡലും 1973-ല്‍ 'അദിപ്രദമ' മെഡലും ഇദ്ദേഹത്തിനു നല്കപ്പെട്ടു. 1984-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍