This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഥോസ്, മൗണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഥോസ്, മൗണ്ട്

Athos,Mount

ഗ്രീസിന്റെ രക്ഷാധികാരത്തിന്‍കീഴില്‍, വ.കിഴക്കന്‍ ഗ്രീസിലെ ചാല്‍സിഡൈസ് ഉപദ്വീപിന്റെ മുനമ്പില്‍ സ്ഥിതിചെയ്യുന്ന ഒരു മതാധിഷ്ഠിതരാഷ്ട്രം (Theocratic State). പ്രാചീനകാലത്ത് ഈ മുനമ്പ് അക്ടെ എന്നാണറിയപ്പെട്ടിരുന്നത്. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന സെര്‍ക്സിസിന്റെ (ബി.സി. 519-465) ഗ്രീസ് ആക്രമണകാലത്ത് (ബി.സി. 483-481) ഇദ്ദേഹം തന്റെ നാവികസേനയെ ഈ മുനമ്പ് ചുറ്റിക്കൊണ്ടു പോകുന്നതിനുള്ള ക്ലേശം ഒഴിവാക്കാനായി അതിന്റെ വീതി കുറഞ്ഞ ഭാഗത്ത് ഒരു തോടു വെട്ടിക്കുകയുണ്ടായി. അതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ഇവിടെ കാണാം. ഇന്ന് ഈ പ്രദേശം ഹോളി മൗണ്ടന്‍ (Holy Mountain) എന്നറിയപ്പെടുന്ന ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണ്. വിസ്തൃതി: 390 ച. കി.മി., ജനസംഖ്യ: 2,250; തലസ്ഥാനം: കാരിയേഴ്സ്.

മൗണ്ട് ആഥോസ്

ക്രിസ്തുമതത്തിലെ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പ്പെട്ട സന്ന്യാസികളുടെ 20 ആശ്രമങ്ങളും അവയെ ആശ്രയിച്ചുകഴിയുന്ന ഉദ്യോഗസ്ഥന്‍മാരും തൊഴിലാളികളും ഉള്‍പ്പെട്ട ഒരു സംഘം ജനങ്ങളും ഇവിടെ വസിച്ചുവരുന്നു. ഇവിടത്തെ ഏക പട്ടണം തലസ്ഥാനമായ കരിയേഴ്സാണ് ആണ്. പുരുഷന്‍മാര്‍ മാത്രം അധിവസിക്കുന്ന ഈ റിപ്പബ്ലിക്കിലെ ജനസംഖ്യയില്‍ 2,000 പേര്‍ സന്ന്യാസികളും ബാക്കിയുള്ളവര്‍ ഉദ്യോഗസ്ഥന്‍മാരും തൊഴിലാളികളുമാണ്. എ.ഡി. 1045-ലെ ഒരു നിയമപ്രകാരം സ്ത്രീകളെയും പെണ്‍വര്‍ഗത്തിലുള്ള ജന്തുക്കളെയും ഈ പ്രദേശത്ത് നിരോധിച്ചിരിക്കുന്നു.

ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്ത് എ.ഡി. 850-നു മുന്‍പു മുതല്‍ ക്രൈസ്തവ സന്ന്യാസിമാര്‍ അധിവാസം തുടങ്ങി. 10-ാം ശതാബ്ദത്തില്‍ അവര്‍ ചെറിയ സമൂഹങ്ങളായി പ്രോട്ടോസ് എന്ന പ്രധാന സന്ന്യാസിയുടെ നേതൃത്വത്തിന്‍കീഴില്‍ സംഘടിതരായി. 963-ല്‍ അത്തനേഷ്യസ് ആദ്യത്തെ സന്ന്യാസാശ്രമം ഇവിടെ സ്ഥാപിച്ചു. (ഗ്രേറ്റ്‍ലാവ്റ - Great Lavra - എന്ന ആശ്രമത്തിന്റെ സ്ഥാപനസഹസ്രാബ്ദി 1973-ല്‍ ആഡംബരപൂര്‍വം ആഘോഷിക്കപ്പെട്ടു). 10-ഉം 11-ഉം ശ.കങ്ങളില്‍ കൂടുതല്‍ ആശ്രമങ്ങള്‍ ഇവിടെ സ്ഥാപിതമായി. 1046-ല്‍ കോണ്‍സ്റ്റാന്റീന്‍ IX (1042-1054) വര്‍ധിച്ചുവന്ന സന്ന്യാസികളുടെ ജീവിതക്രമങ്ങളില്‍ ചില ചിട്ടകളും നിയന്ത്രണങ്ങളും നടപ്പാക്കി. 12-ാം ശ.-ത്തില്‍ ഒരു റഷ്യന്‍ ആശ്രമം ഇവിടെ സ്ഥാപിതമായി. സെര്‍ബിയക്കാര്‍ 1198-ല്‍ മറ്റൊരാശ്രമം ഇവിടെ സ്ഥാപിച്ചു. 4-ാം കുരിശുയുദ്ധത്തിനുശേഷം (1204) ഈ പ്രദേശം ആക്രമണവിധേയമായി. 1307-09 കാലഘട്ടത്തില്‍ കറ്റലന്‍സേന ഈ പ്രദേശം കൊള്ളയടിച്ചു. എന്നാല്‍ 14-ാം ശതാബ്ദത്തില്‍ ഈ ആശ്രമങ്ങള്‍ വീണ്ടും ഉദ്ധരിക്കപ്പെട്ടു. അന്‍ഡ്രോണിക്കസ് II (1282-1328) ഇവിടത്തെ ആശ്രമങ്ങളെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കിന്റെ ഭരണത്തിന്‍കീഴിലാക്കി. 1400-ഓടുകൂടി 19 സന്ന്യാസാശ്രമങ്ങള്‍ ഇവിടെ സ്ഥാപിതമായിക്കഴിഞ്ഞിരുന്നു; 20-ാമത്തെ ആശ്രമം 1542-ലും സ്ഥാപിക്കപ്പെട്ടു.

15-ാം ശ.-ത്തില്‍ വീണ്ടും ആശ്രമങ്ങളിലെ അന്തേവാസികളായ സന്ന്യാസികളുടെ ജീവിതക്രമത്തിലും ചിട്ടകളിലും ചില മാറ്റങ്ങള്‍ ഉണ്ടാക്കി. കൂട്ടായ ഉടമസമ്പ്രദായത്തില്‍ അയവു വരുത്തി, ചില സാധനങ്ങള്‍ സ്വന്തമായി കൈവശം വയ്ക്കാനുള്ള അനുമതി അന്തേവാസികള്‍ക്കു നല്കി; ആശ്രമ ഭരണം ആണ്ടുതോറും തിരഞ്ഞെടുക്കുന്ന രണ്ടു ട്രസ്റ്റികളുടെ കീഴിലുമാക്കി. തുര്‍ക്കി സുല്‍ത്താന്‍ സലോണിക്ക കീഴടക്കിയതോടുകൂടി (1430) ഈ സന്ന്യാസാശ്രമങ്ങള്‍ സുല്‍ത്താന് കീഴടങ്ങുകയും കപ്പം കൊടുക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്തു. ഇത് ഈ ആശ്രമങ്ങളെ സാമ്പത്തികവിഷമത്തിലാക്കി. 16-ാം ശ. മുതല്‍ പള്ളികള്‍ക്കു ചുറ്റുമായി സ്വതന്ത്രജനവാസകേന്ദ്രങ്ങള്‍ സ്ഥാപിതമായി. 1749-ല്‍ ഒരു അഥോണൈറ്റ് അക്കാദമി ഇവിടെ നിലവില്‍ വന്നു. 1783-ല്‍ പെട്രിയാര്‍ക്കായ ഗബ്രിയേല്‍ IV ആശ്രമങ്ങളില്‍ ചില പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. തുര്‍ക്കിക്കെതിരായുണ്ടായ ഗ്രീക്കു സ്വാതന്ത്ര്യസമരങ്ങ (1821)ളുടെ കാലത്ത് തുര്‍ക്കിസേന ഈ ആശ്രമങ്ങള്‍ക്കു കേടുവരുത്തി. 19-ാം ശ.-ത്തില്‍ റഷ്യന്‍ ആശ്രമം സാമ്പത്തികമായി വളരെ അഭിവൃദ്ധിപ്പെടുകയും മൗണ്ട് ആഥോസില്‍ റഷ്യന്‍ സ്വാധീനം വര്‍ധിക്കുകയും ചെയ്തു. 1912 ന.-ല്‍ ഗ്രീക്കുസേന മൌണ്ട് ആഥോസ് തുര്‍ക്കിയില്‍ നിന്നു സ്വതന്ത്രമാക്കി. 1913, 1920, 1923 എന്നീ വര്‍ഷങ്ങളില്‍ ഉണ്ടായ സന്ധികളുടെ ഫലമായി ഈ പ്രദേശം ഗ്രീസിന്റെ രക്ഷാധികാരത്തിന്‍കീഴിലുള്ള ഒരു സ്വതന്ത്ര റിപ്പബ്ളിക്കായിത്തീര്‍ന്നു.

1924-ല്‍ ഇവിടത്തെ സന്ന്യാസാശ്രമങ്ങളിലെ അന്തേവാസികള്‍ അവര്‍ക്കായി ഒരു ഭരണഘടനയുണ്ടാക്കി; 1927-ലെ ഗ്രീക് ഭരണഘടനയുടെ ഒരു ഭാഗമായി. ഗ്രീക് ഗവണ്‍മെന്റിനെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രീഫെക്റ്റ് ഉണ്ടെങ്കിലും, മൗണ്ട് ആഥോസിലെ യഥാര്‍ഥഭരണം 20 ആശ്രമങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന 20 സന്ന്യാസിമാരടങ്ങുന്നു ഹോളി കമ്യൂണിറ്റിയുടെ (Holy Community) നിയന്ത്രണത്തിലാണ്. ഇവരുടെ കാലാവധി ഒരു വര്‍ഷമാണ്. നാല് സന്ന്യാസിമാരടങ്ങുന്ന ഒരു ഭരണസമിതിയും (Holy Epistasia) നിലവിലുണ്ട്. പ്രധാനമായും രണ്ടു രീതിയിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന ആശ്രമങ്ങള്‍ മൗണ്ട് ആഥോസില്‍ കാണാം. എല്ലാ ആശ്രമങ്ങളും കടല്‍ത്തീരത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. സന്ന്യാസികള്‍ പ്രാര്‍ഥനയിലും ഉപവാസത്തിലും സമയം ചെലവഴിക്കുന്നു. ജീവസന്ധാരണത്തിനായി അവര്‍ കൃഷി, മത്സ്യബന്ധനം, വിഗ്രഹ (icons) വ്യാപാരം, കൈത്തൊഴില്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍