This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആത്രെഫ് വാ കണ്‍വിക്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആത്രെഫ്‍വാ കണ്‍വിക്റ്റ്

Autrefois Convict

ഒരാളുടെമേല്‍ ചില വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഒരിക്കല്‍ നടപടിയെടുക്കുകയും അയാളെ ശിക്ഷിക്കുകയും ചെയ്തതിനുശേഷം, അതേ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അയാളെ വീണ്ടും പ്രോസിക്യൂട്ട് ചെയ്യുകയാണെങ്കില്‍ അതിനെതിരായി അയാള്‍ക്കുന്നയിക്കാവുന്ന നിയമപരമായ ഒരു വാദം. 'മുന്‍പ് കുറ്റസ്ഥാപനം ചെയ്യപ്പെട്ടു' എന്നാണ് ഫ്രഞ്ചുഭാഷയിലുള്ള ഈ പദത്തിന്റെ അര്‍ഥം. പരിഷ്കൃതങ്ങളായ രാജ്യങ്ങളുടെ ഭരണഘടനകളില്‍ത്തന്നെ ഈ തത്ത്വം ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു കാണാം. ഇന്ത്യന്‍ ഭരണഘടനയിലെ 20-ാം അനുച്ഛേദം (2)-ാം ഖണ്ഡത്തില്‍ 'യാതൊരാളും ഒരേ കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യാന്‍ പാടുള്ളതല്ല' എന്നു വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. ഭരണഘടനയിലെ മൗലികാവകാശങ്ങളില്‍ ഒന്നായി ഈ തത്ത്വം വ്യവസ്ഥ ചെയ്യുന്നതിനു മുന്‍പുതന്നെ സാമാന്യ ഖണ്ഡങ്ങള്‍ ആക്റ്റ് 1897-ലെ 26-ാം വകുപ്പില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ഒരു കൃത്യമോ കൃത്യവിലോപമോ രണ്ടോ അതിലധികമോ അധിനിയമങ്ങള്‍ക്കു കീഴില്‍ കുറ്റമാകുന്നിടത്ത്, കുറ്റക്കാരന്‍ ആ അധിനിയമങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ കീഴില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യാവുന്നതും എന്നാല്‍ ഒരേ കുറ്റത്തിനു രണ്ടുപ്രാവശ്യം ശിക്ഷിക്കപ്പെടാവുന്നതല്ലാത്തതും ആകുന്നു. ഇതിനു സദൃശമായ വ്യവസ്ഥ ക്രിമിനല്‍ നടപടി നിയമസംഹിത 1898-ലെ 403-ാം വകുപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു; 1974 ഏ. 1-ന് പ്രാബല്യത്തില്‍ വന്ന പുതിയ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ 300-ാം വകുപ്പിലും ഈ വ്യവസ്ഥയുണ്ട്. അതിന്റെ ചുരുക്കം ഇതാണ്: അധികാരപ്പെട്ട ഒരു കോടതിയാല്‍ ഒരു കുറ്റത്തിന് ഒരിക്കല്‍ വിചാരണ ചെയ്യപ്പെടുകയും അങ്ങനെയുള്ള കുറ്റം സംബന്ധിച്ച് കുറ്റസ്ഥാപനം ചെയ്യപ്പെടുകയോ കുറ്റവിമുക്തനാക്കപ്പെടുകയോ ചെയ്യുകയും ചെയ്യുന്ന ഒരാള്‍, അങ്ങനെയുള്ള കുറ്റസ്ഥാപനമോ കുറ്റവിമോചനമോ പ്രാബല്യത്തിലിരിക്കുമ്പോള്‍, അതേ കുറ്റത്തിനോ, അല്ലെങ്കില്‍ അതേ വസ്തുതകളിന്‍മേല്‍ ഏതു കുറ്റത്തിനാണോ അയാള്‍ക്കെതിരായുള്ള ചാര്‍ജില്‍നിന്നു വ്യത്യസ്തമായ ഒരു ചാര്‍ജ് ഉണ്ടാക്കാമായിരുന്നത്, അല്ലെങ്കില്‍ അയാളെ കുറ്റസ്ഥാപനം ചെയ്യാമായിരുന്നത്, അങ്ങനെയുള്ള മറ്റേതെങ്കിലും കുറ്റത്തിനോ വീണ്ടും വിചാരണ ചെയ്യപ്പെടാന്‍ ബാധ്യസ്ഥനായിരിക്കുന്നതല്ല. എന്നാല്‍ ഒരു കുറ്റത്തിനു കുറ്റവിമുക്തനാക്കപ്പെടുകയോ കുറ്റസ്ഥാപനം ചെയ്യപ്പെടുകയോ ചെയ്ത ഒരാളെ, മുന്‍പിലത്തെ വിചാരണയില്‍ അയാള്‍ക്കെതിരായി വേറെ ചാര്‍ജുണ്ടാക്കാമായിരുന്ന മറ്റേതെങ്കിലും കുറ്റത്തിനു വിചാരണ ചെയ്യപ്പെടാവുന്നതാണ്. അതുപോലെ ഒരാളുടെമേല്‍ ഒരു കുറ്റം ആരോപിക്കുകയും കുറ്റസ്ഥാപനം ചെയ്യുകയും ചെയ്താല്‍ത്തന്നെയും, അയാള്‍ ചെയ്ത കുറ്റത്തിന്റെ അനന്തരഫലമായി, ആ അനന്തരഫലം അങ്ങനെ കുറ്റസ്ഥാപനം ചെയ്യുന്നതിന് മുന്‍പോ പിന്‍പോ ഉണ്ടായാലും, വേറെ ഏതെങ്കിലും ചാര്‍ജിന് അയാളെ പ്രോസിക്യൂട്ട് ചെയ്യാവുന്നതാണെങ്കില്‍, ആ വ്യത്യസ്തമായ കുറ്റത്തിനു പിന്നീടു വിചാരണ ചെയ്യാവുന്നതാണ്. അതായത്, ഗുരുതരമായ ക്ഷതമേല്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരാളുടെ മേല്‍ നടപടിയെടുക്കുകയും കുറ്റസ്ഥാപനം ചെയ്യുകയും ചെയ്തതിനുശേഷം, ക്ഷതമേറ്റയാള്‍ ആ ക്ഷതത്തിന്റെ ഫലമായി മരണമടയുകയാണെങ്കില്‍ ക്ഷതമേല്പിച്ചയാളുടെ മേല്‍ കൊലപാതകത്തിനു നടപടിയെടുക്കാവുന്നതാണ്. കൂടാതെ അധികാരമില്ലാത്ത ഒരു കോടതിയായിരുന്നു ഒരാളുടെ മേല്‍ കുറ്റസ്ഥാപനം നടത്തിയത് എങ്കില്‍ വീണ്ടും നടപടിയെടുക്കുന്നതിന് തടസ്സമില്ല. പരാതി തള്ളിക്കളയുന്നതോ കുറ്റാരോപണം ചെയ്യപ്പെട്ടിട്ടുള്ളയാളെ ഡിസ്ചാര്‍ജ് ചെയ്യുന്നതോ കുറ്റവിമോചനം ആകുന്നില്ല. ആ നിലയ്ക്കു വീണ്ടും നടപടിയെടുക്കാവുന്നതാണ്.

ഈ തത്ത്വത്തിന് അമേരിക്കന്‍ നിയമത്തില്‍ ഡബിള്‍ ജിയോ പാര്‍ഡി (Double Jeopardy) എന്നു പറയുന്നു. ആത്രെഫ്‍വാ കണ്‍വിക്റ്റ് എന്ന വാദം വിചാരണയുടെ ഏതു ഘട്ടത്തിലും ഉന്നയിക്കാവുന്നതാണ്. ഒരാള്‍ക്കെതിരായി നല്ലനടപ്പിന് ജാമ്യം ആവശ്യപ്പെടുന്നതിനുള്ള നടപടിയെ ഈ തത്ത്വം ബാധിക്കുന്നതല്ല. ക്രിമിനല്‍ നടപടി നിയമസംഹിതയിലെ 125-ാം വകുപ്പിന്‍ കീഴില്‍ ഒരു ഭാര്യയോ കുട്ടിയോ മാതാവോ പിതാവോ ചെലവിന് ആവശ്യപ്പെടുന്ന നടപടികളില്‍ അത് ഒരു കുറ്റത്തിനുള്ള പ്രോസിക്യൂഷനല്ലാത്തതിനാല്‍, ഈ വാദം ഉന്നയിക്കാവുന്നതല്ല. അതുപോലെ കരുതല്‍ തടങ്കല്‍ നിയമത്തിന്‍കീഴിലുള്ള നടപടികളെയും ഈ വാദം ബാധിക്കുന്നതല്ല.

(എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍