This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആത്രെഫ് വാ അക്വിറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആത്രെഫ്‍വാ അക്വിറ്റ്

Autrefois Acquit


ക്രിമിനല്‍ നടപടിയില്‍ പ്രതിയായ ഒരാള്‍ക്ക്, ഏതു വസ്തുതകളുടെ അടിസ്ഥാനത്തിലാണോ ഇപ്പോള്‍ അയാളുടെ മേല്‍ നടപടിയെടുക്കുന്നത്, ആ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മുന്‍പ് നടപടികള്‍ എടുത്ത് അയാളെ കുറ്റവിമുക്തനാക്കിയിട്ടുള്ളതിനാല്‍ ഇപ്പോഴത്തെ നടപടി നിലനില്ക്കുന്നതല്ല എന്ന് ഉന്നയിക്കാവുന്ന ഒരു വാദം. ഫ്രഞ്ചുഭാഷയിലുള്ള ഈ പദത്തിന്റെ അര്‍ഥം 'മുന്‍പു കുറ്റവിമുക്തനാക്കപ്പെട്ടു' എന്നാണ്. ഒരു സംഗതി സംബന്ധിച്ച് ഒന്നില്‍ക്കൂടുതല്‍ ക്രിമിനല്‍ നടപടി പാടില്ല എന്നത് ലോകത്തിലെ എല്ലാ പരിഷ്കൃതരാജ്യങ്ങളും പൊതുവേ അംഗീകരിച്ചിട്ടുള്ള തത്ത്വമാണ്. സിവില്‍ നടപടി സംഹിതയിലെ 11-ാം വകുപ്പില്‍ വ്യവസ്ഥചെയ്തിരിക്കുന്ന റെസ്ജൂഡിക്കാറ്റാ എന്ന വാദത്തിന്, അതായത് ഒരു വ്യവഹാരത്തില്‍ തീരുമാനമായ സംഗതി സംബന്ധിച്ച്, അതിലെ വാദിപ്രതികള്‍ തമ്മില്‍, അല്ലെങ്കില്‍ അവരില്‍നിന്ന് അവകാശം ലഭിക്കുന്നവരോ അവരുടെ അനന്തരാവകാശികളായവരോ തമ്മില്‍ വ്യവഹാരം അനുവദിക്കുന്നതല്ല എന്ന വാദത്തിനു സദൃശമായതാണ് ആത്രെഫ്‍വാ അക്വിറ്റ്. ഇതിനോടു ബന്ധപ്പെട്ടതാണ് ആത്രെഫ്‍വാ കണ്‍വിക്റ്റ്. ആത്രെഫ്‍വാ അക്വിറ്റ് എന്ന വാദം അംഗീകരിക്കപ്പെടണമെങ്കില്‍ പ്രോസിക്യൂഷന്‍ കേസിന്റെ ഗുണദോഷങ്ങള്‍ കോടതി പരിഗണിച്ചിരിക്കുകയും കുറ്റക്കാരന്റെ പേരിലുള്ള ആരോപണം തെളിയിക്കാന്‍ പര്യാപ്തമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നു കാണുകയും ചെയ്തിരിക്കണം. എന്നാല്‍ അധികാരപ്പെട്ട ഒരു മേല്‍ക്കോടതി, അപ്പീല്‍ നടപടികളില്‍ കേസ് വീണ്ടും നടത്തുന്നതിനു റിമാന്‍ഡ് ചെയ്താല്‍ ഈ വാദം ഉന്നയിക്കാവുന്നതല്ല.

(എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍