This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആത്മാറാം (1908 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആത്മാറാം (1908 - 83)

ഇന്ത്യന്‍ ഭൗതിക-രസതന്ത്രശാസ്ത്രജ്ഞന്‍. ശാസ്ത്രത്തിന്റെ സൈദ്ധാന്തിക-പ്രായോഗികരംഗങ്ങളില്‍ ഒന്നുപോലെ ഇദ്ദേഹം പ്രശസ്തനായി. 'ഓപ്ടിക്കല്‍ ഗ്ലാസ്' നിര്‍മിക്കുന്നതിനുളള സാങ്കേതികവിദ്യ, വിദേശീയസഹകരണം കൂടാതെതന്നെ, ഇദ്ദേഹം വികസിപ്പിച്ചു. നിര്‍മാണരഹസ്യം ഏറെ വെളിപ്പെടാത്തതും രാജ്യരക്ഷാപ്രാധാന്യമുള്ളതുമാണ് ഓപ്ടിക്കല്‍ ഗ്ലാസ്. ചെമ്പ് ഉപയോഗിച്ച് സ്ഫടികത്തിനു രക്തവര്‍ണം നല്കുന്നതിനുള്ള പുതിയ മാര്‍ഗം ആണ് ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവന. അതിന്റെ ശാസ്ത്രീയവശങ്ങളെപ്പറ്റി സമഗ്രമായ വിശകലനവും നടത്തി. ശാസ്ത്ര-വ്യാവസായിക ഗവേഷണ കൗണ്‍സിലിന്റെ (Council of Scienctific and Industrial Research-CSIR) 'ഭട്ട്നഗര്‍ അവാര്‍ഡ്' ആദ്യം നേടിയത് (1959) ആത്മാറാം ആണ്. സയന്‍സ് കോണ്‍ഗ്രസ്സിന്റെ ജനറല്‍ പ്രസിഡന്റ്, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സമ്പദ്വികാസത്തിനു ശാസ്ത്രവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തണം എന്നും ശാസ്ത്രം ജനങ്ങള്‍ക്ക് പ്രയോജനകരമാക്കണമെന്നുമുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസപ്രമാണം. 1959-ല്‍ ഇദ്ദേഹത്തിന് 'പദ്മശ്രീ' നല്‍കപ്പെട്ടു.

1908-ല്‍ മധ്യപ്രദേശിലെ ബിജ്നോറില്‍ ഒരു ഇടത്തരം കുടുംബത്തില്‍ ആത്മാറാം ജനിച്ചു. ഉര്‍ദു, പേര്‍ഷ്യന്‍ എന്നീ ഭാഷകള്‍ ഐച്ഛികമായി സ്വീകരിച്ച്, സ്വകാര്യ വിദ്യാര്‍ഥിയെന്ന നിലയില്‍ മെട്രിക്കുലേഷന്‍ പരീക്ഷ ജയിച്ചു. ബനാറസ് സര്‍വകലാശാലയില്‍നിന്നും ശാസ്ത്രവിഷയത്തില്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയും ആഗ്രാ സര്‍വകലാശാലയില്‍നിന്നും എം.എസ്സി., ഡി.എസ്സി. (1936) എന്നീ ബിരുദങ്ങളും ഇദ്ദേഹം നേടി. പ്രൊഫ. നീല്‍രത്തന്‍ധര്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ മാര്‍ഗദര്‍ശി. ഇന്ത്യന്‍ ജീവശാസ്ത്രജ്ഞനായ പ്രൊഫ. മേഘനാദ്സാഹയുമായുണ്ടായ സമ്പര്‍ക്കവും അദ്ദേഹത്തിന്റെ കൃതികളും ആത്മാറാമിന്റെ ചിന്താഗതിയെ പ്രയോഗാത്മകവിജ്ഞാനത്തിലേക്കു തിരിച്ചു.

ഉന്നതയോഗ്യതകള്‍ ഉണ്ടായിരുന്നിട്ടും തൊഴില്‍രഹിതനെന്ന നിലയില്‍ പല ചില്ലറ ജോലികളിലും അദ്ദേഹത്തിന് ഏര്‍പ്പെടേണ്ടിവന്നു. ഡോ. എസ്.എസ്. ഭട്ട്നഗറിന്റെ കീഴില്‍ ശാസ്ത്ര-വ്യാവസായിക ഗവേഷണ കൗണ്‍സിലില്‍ ഒരു ടെക്നിക്കല്‍ അസിസ്റ്റന്റ് ആയി ചേര്‍ന്ന ആത്മാറാം പീന്നീട് കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഗ്ലാസ് ആന്‍ഡ് സെറാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടര്‍ ആയി. 1966-ല്‍ ശാസ്ത്ര-വ്യാവസായിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായി ഉയര്‍ന്നു. തുടര്‍ന്നു കൊല്ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചു.

1983-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍