This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആത്മാനന്ദഗുരു (1883 - 1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആത്മാനന്ദഗുരു (1883 - 1959)

കേരളീയനായ ആധ്യാത്മികാചാര്യന്‍. ഇന്ത്യയിലും വിദേശത്തും പ്രശസ്തി നേടിയ ഇദ്ദേഹത്തിന്റെ യഥാര്‍ഥനാമം പി. കൃഷ്ണമേനോന്‍ എന്നായിരുന്നു. ആത്മസാക്ഷാത്കാരത്തിനു കാഷായവസ്ത്രധാരണം അത്യന്താപേക്ഷിതമാണെന്നുള്ള സിദ്ധാന്തത്തിന് ഒരു അപവാദമായിരുന്നു ആത്മാനന്ദഗുരു. ഗൃഹസ്ഥവൃത്തിയില്‍ കഴിഞ്ഞുകൊണ്ടുതന്നെ അതു സാധിക്കാമെന്ന് ഇദ്ദേഹം സ്വജീവിതം കൊണ്ട് തെളിയിച്ചു.

1883 ഡി. 8-ന് തിരുവല്ലായ്ക്കടുത്ത് പെരിങ്ങര ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ മൂവിടത്തു മഠത്തില്‍ ഗോവിന്ദന്‍ നമ്പൂതിരിയും അമ്മ ചെറുകുളത്തുള്ള പാര്‍വതിഅമ്മയും ആയിരുന്നു. ബി.എ., ബി.എല്‍. എന്നീ പരീക്ഷകള്‍ ഉയര്‍ന്ന നിലയില്‍ പാസ്സായി. 1910-ല്‍ കരുനാഗപ്പള്ളിയിലെ കൊല്ലകബംഗ്ലാവില്‍ പാറുക്കുട്ടി അമ്മയെ വിവാഹം കഴിച്ചു. മൂന്നു സന്താനങ്ങള്‍ ഉണ്ടായി. ഹൈക്കോടതിയില്‍ കുറേക്കാലം ജോലി ചെയ്തതിനുശേഷം പൊലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ പ്രോസിക്യൂട്ടിങ് ഇന്‍സ്പെക്ടറായി നിയമിതനായി. പിന്നീട് നാഗര്‍കോവില്‍, ചെങ്ങന്നൂര്‍, ആലുവ, കോട്ടയം എന്നീ സ്ഥലങ്ങളില്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായും കൊല്ലത്ത് ഡിസ്ട്രിക്ട് സൂപ്രണ്ടായും സേവനം അനുഷ്ഠിച്ചു. 1930-ല്‍ പെന്‍ഷന്‍ പറ്റി. കാഷായ വസ്ത്രധാരികളായ സന്ന്യാസിമാരെ വാദത്തില്‍ തോല്പിക്കുക എന്നത് ഇദ്ദേഹത്തിന്റെ ഒരു യൌവനകാലവിനോദമായിരുന്നു. ആത്മീയഗുരുവിനുവേണ്ടി ദാഹിച്ച ഇദ്ദേഹത്തിന് 1919-ല്‍ ബംഗാളി ടര്‍ബനും നീണ്ട കാഷായവസ്ത്രവും ധരിച്ച് കൊല്ക്കത്തയില്‍നിന്നു വന്ന അജ്ഞാതനാമാവായ ഒരു മഹാത്മാവിന്റെ ശിഷ്യത്വം ലഭിച്ചു. ഒരു രാത്രികൊണ്ട് ഉപദേശം മുഴുമിപ്പിച്ച് ഗുരു മടങ്ങിപ്പോയി. ആദ്യം ഭക്തിമാര്‍ഗത്തിലും ക്രമേണ രാജയോഗം, ശിവരാജയോഗം, പ്രണവയോഗം എന്നീ മുറകളിലും അഭ്യാസം ചെയ്തു. പലപ്പോഴും ഇദ്ദേഹം ദീര്‍ഘനേരത്തെ നിര്‍വികല്പസമാധിസുഖം അനുഭവിച്ചിരുന്നു. സമയബന്ധിതമായ ഈ അനുഭൂതിയില്‍ തൃപ്തി കുറഞ്ഞു തുടങ്ങിയതോടെ ഇദ്ദേഹം ജ്ഞാനമാര്‍ഗത്തില്‍ ആകൃഷ്ടനാകുകയും ചുരുങ്ങിയ കാലയളവില്‍ത്തന്നെ ആത്മസാക്ഷാത്കാരം നേടുകയും ചെയ്തു. 1919-23 കാലഘട്ടത്തില്‍ത്തന്നെ ഇദ്ദേഹം സാധനകള്‍ പൂര്‍ത്തിയാക്കി. ഗുരുവിനെ നേരിട്ടു കണ്ട ഒരു രാത്രിക്കുശേഷം തുടര്‍ന്നുള്ള ഗുരൂപദേശങ്ങള്‍ ദര്‍ശനങ്ങള്‍ വഴിയാണ് ആത്മാനന്ദനു ലഭിച്ചിരുന്നത് എന്നു പറയപ്പെടുന്നു. ആത്മാനന്ദന്‍ എന്ന സന്ന്യാസനാമവും ഗുരുവില്‍ നിന്നു ലഭിച്ചതാണ്. സാധനാകാലത്ത് ഭാര്യ ഇദ്ദേഹത്തെ അതീവ താത്പര്യത്തോടും ശ്രദ്ധയോടും പരിചരിച്ചിരുന്നു.

പാശ്ചാത്യരും ഭാരതീയരുമായ നിരവധി ശിഷ്യന്‍മാര്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. അര്‍ജന്റീന, ഈജിപ്ത്, ഇംഗ്ളണ്ട്, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നും പ്രമുഖരായ വിദേശീയശിഷ്യന്‍മാരും ഉണ്ടായിരുന്നു. ഭാരതീയശിഷ്യരില്‍ പ്രമാണികള്‍ നോവലിസ്റ്റായ രാജാറാവു, അംബാസിഡറായിരുന്ന രാജേശ്വരദയാല്‍, പ്രൊഫ. കമല്‍വുഡ് ശ്രീവാസ്തവ എന്നിവരാണ്. ആത്മാനന്ദ ഗുരുവിന്റെ ഭാര്യാപുത്രാദികള്‍ ആദ്യത്തെ ശിഷ്യഗണങ്ങളില്‍പ്പെടുന്നു. ഇദ്ദേഹം സ്വമാതാവിനും ഉപദേശം കൊടുത്തിട്ടുണ്ട്. 1950-ല്‍ ആറാഴ്ചയോളം ഇദ്ദേഹം പാരിസ്, സ്വിറ്റ്സര്‍ലണ്ട് മുതലായ സ്ഥലങ്ങളില്‍ പര്യടനം നടത്തി.

1959 മേയ് 14-ന് തിരുവനന്തപുരത്തു വച്ച് ആത്മാനന്ദഗുരു സമാധിയായി. ചെങ്ങന്നൂരിനടുത്തുള്ള മാലക്കര ഗ്രാമത്തില്‍ സ്വവസതിയായ ആനന്ദവാടിയില്‍ ഭൗതികാവശിഷ്ടം നിക്ഷേപിക്കപ്പെട്ടു. ചെറുപ്പം മുതല്‍ ഭക്തിപ്രധാനമായ കവിതകളുടെ രചനയില്‍ അനല്പമായ വാസന ഇദ്ദേഹം പ്രകടമാക്കിയിരുന്നു. ആത്മദര്‍ശനം, ആത്മനിര്‍വൃതി, ആത്മാരാമം, രാധാമാധവം, താരാവതി ഇവയാണ് മുഖ്യകൃതികള്‍. ആത്മദര്‍ശനവും ആത്മനിര്‍വൃതിയും ഇദ്ദേഹം തന്നെ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍