This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആത്മരക്ഷാവകാശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആത്മരക്ഷാവകാശം

Right to Private Defence


സ്വന്തം ജീവധനാദികളുടെ നേര്‍ക്കുണ്ടാകുന്ന നിയമവിരുദ്ധമായ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഓരോ വ്യക്തിക്കുമുള്ള നിയമപരമായ അവകാശം.

ആത്മരക്ഷാര്‍ഥം പ്രതിരോധിക്കുകയെന്നതു മനുഷ്യന്റെ നൈസര്‍ഗികവും അവിഭേദ്യവുമായ (inalienable) അവകാശമാണ്. പ്രകൃതിയുടെ പ്രാഥമികനിയമമാണത്. ഈ അവകാശത്തിനു ചില പരിമിതികള്‍ ഏര്‍പ്പെടുത്താമെന്നല്ലാതെ അതിനെ പാടെ നിരാകരിക്കാന്‍ ഒരു സമൂഹത്തിനും സാധ്യമല്ല. പരിമിതമായ ആത്മരക്ഷാവകാശം പുരാതനകാലത്തുതന്നെ അംഗീകരിക്കപ്പെട്ടിരുന്നു. ജീവാപായഭീഷണിക്കുമുന്നില്‍ കൊലപാതകം നടത്തുന്നതുപോലും പുരാതനഭാരതത്തില്‍ നിയമദൃഷ്ട്യാ അനുവദനീയമായിരുന്നു. ആത്മരക്ഷാര്‍ഥം ആയുധം ഉപയോഗിക്കുവാന്‍ മനുസ്മൃതിയില്‍ വ്യവസ്ഥകളുണ്ട്. ഹിന്ദുനിയമസംഹിതയിലും ആത്മരക്ഷാനടപടികള്‍ പ്രതിപാദിക്കപ്പെടുന്നു. ഇവിടെ ആത്മരക്ഷാര്‍ഥം നടത്തുന്ന കൊലപാതകത്തിനു നിയമസാധുത്വം നല്കപ്പെടുന്നു. ഇത്തരം കൊലപാതകങ്ങള്‍ സ്വന്തം ജീവഹാനി ഒഴിവാക്കാന്‍വേണ്ടി നടത്തുന്നതായിരിക്കണം; അതൊരു ശിക്ഷയോ പ്രതികാരമോ ആകരുത്. അതു പ്രതിരോധത്തിനുവേണ്ടി മാത്രമായിരിക്കണം. യഥാര്‍ഥമായ അപായം സംഭവിക്കുമെന്നു വരുമ്പോള്‍ മാത്രമേ ആത്മരക്ഷാവകാശം പ്രയോഗിക്കാന്‍ പാടുള്ളു. സത്യസന്ധതയോടും ഉത്തമവിശ്വാസത്തോടും കൂടി പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമേ ആത്മരക്ഷാവകാശത്തിന്റെ നിയമസംരക്ഷണം ലഭിക്കുകയുള്ളു. ആക്രമണത്തെ നീതീകരിക്കാന്‍ ആത്മരക്ഷാവാദത്തിന് അര്‍ഹതയില്ല.

ആത്മരക്ഷാവകാശത്തിന്റെ പ്രയോഗം, അത് എത്രകണ്ട് അനിവാര്യമായിരുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് ന്യായീകരിക്കപ്പെടുക. ജീവഹാനിയോ കടുത്ത ശാരീരികദണ്ഡനമോ ഉടനടി സംഭവിക്കുമെന്നു തോന്നുമ്പോള്‍ മാത്രമാണ് ആത്മരക്ഷാനടപടി അനിവാര്യമായിത്തീരുന്നത്. ആക്രമണം യഥാര്‍ഥത്തില്‍ സംഭവിക്കുകയോ സംഭവിക്കുമെന്നു പ്രബലമായ ധാരണയുണ്ടാവുകയോ ചെയ്താല്‍ ആത്മരക്ഷാവകാശത്തിനു പ്രസക്തി സിദ്ധിക്കുന്നു. ഇത്തരം കേസുകളില്‍ പ്രതിയുടെ നിലപാടിലൂടെയാണ് കോടതി സാഹചര്യങ്ങളെ വീക്ഷിക്കുന്നത്. എന്നിരുന്നാലും അപായശങ്കയുടെ അടിസ്ഥാനത്തില്‍ കൊലപാതകം ന്യായീകരിക്കപ്പെടണമെങ്കില്‍, അപായശങ്ക ഒരു യാഥാര്‍ഥ്യമായിരുന്നുവെന്നു കോടതിക്കു ബോധ്യപ്പെടേണ്ടതുണ്ട്. കൊല നടത്താനുണ്ടായ കാരണം സത്വരമായിരുന്ന അപായത്തെപ്പറ്റിയുണ്ടായ സത്യസന്ധവും അടിസ്ഥാനപൂര്‍ണവും ആയ ഉത്തമവിശ്വാസമായിരുന്നുവെന്നും തെളിയിക്കപ്പെടണം. നേരേമറിച്ച്, വൈരനിര്യാതനമാണ് കൊലപാതകകാരണമെങ്കില്‍ പ്രതിക്ക് ആത്മരക്ഷാവകാശത്തിന്റെ സംരക്ഷണം ലഭിക്കുകയില്ല. ബലപ്രയോഗത്തെ ബലപ്രയോഗം കൊണ്ട് നേരിടാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ ബലപ്രയോഗം ക്ഷതമേല്ക്കാതെ രക്ഷപ്പെടാന്‍ മാത്രമേ ആകാവൂ; പ്രതികാരത്തിനുവേണ്ടി ആകരുത്. സ്വയംകൃതമല്ലാത്ത സത്വരമായ ഒരു അപായത്തില്‍നിന്നു രക്ഷപ്രാപിക്കാന്‍ ആയുധസഹായം തേടുന്ന ഒരുവന് ആത്മരക്ഷാവകാശത്തിന്റെ നിയമസംരക്ഷണം ലഭ്യമാണ്. എന്നാല്‍ മുന്‍പ് ക്ഷതമേല്പിക്കപ്പെട്ടതിനു പകരമായി ബലപ്രയോഗം നടത്തിയാല്‍ അതിനെതിരായി ആത്മരക്ഷാവകാശസംരക്ഷണം കിട്ടുകയില്ല. ബലപ്രയോഗം അനിവാര്യമായിരുന്നുവെന്നു വരണം. ഈ അനിവാര്യത യഥാര്‍ഥമോ, യഥാര്‍ഥമെന്നു തോന്നിക്കുന്നതോ ആയിരുന്നു എന്നും സിദ്ധിക്കണം. അനുപേക്ഷണീയത ഉണ്ടാകുമ്പോള്‍ ആത്മരക്ഷാവകാശപ്രയോഗം ആരംഭിക്കുന്നു. അനുപേക്ഷണീയത നിലയ്ക്കുമ്പോള്‍ ആത്മരക്ഷാവകാശം അസ്തമിക്കയും ചെയ്യുന്നു.

സ്വകാര്യവ്യക്തികളുടെ ജീവധനാദികളെ നിയമവിരുദ്ധമായ ആക്രമണത്തില്‍നിന്നും സംരക്ഷിക്കാന്‍ സമൂഹം ബാധ്യസ്ഥമാണ്. ഈ ബാധ്യത ഏറിയകൂറും നിര്‍വഹിക്കപ്പെടുന്നുമുണ്ട്. സമൂഹത്തിന്റെ സഹായം ലഭ്യമാകുന്നിടത്തെല്ലാം വ്യക്തി അതു തേടുകതന്നെവേണം. എന്നാല്‍ അതു ലഭ്യമാകാത്ത സന്ദര്‍ഭങ്ങളില്‍ ആത്മരക്ഷയ്ക്കാവശ്യമായതെന്തും വ്യക്തികള്‍ക്കു ചെയ്യാവുന്നതാണ്. ഇവിടെയാണ് ആത്മരക്ഷാവകാശപ്രയോഗം അനുപേക്ഷണീയമായിത്തീരുന്നത്. എന്നാല്‍ ഒഴിവാക്കേണ്ടിയിരുന്ന ക്ഷതങ്ങളുടെ വ്യാപ്തിയിലും കവിഞ്ഞ ബലപ്രയോഗം നടത്താന്‍ പാടില്ലാത്തതാകുന്നു. അതു ദുരുദ്ദേശ്യപ്രേരിതമാകുകയുമരുത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 96 മുതല്‍ 106 വരെയുള്ള വകുപ്പുകളില്‍ ആത്മരക്ഷാവകാശത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. സ്വകാര്യപ്രതിരോധത്തിനായി ചെയ്യുന്ന യാതൊന്നും കുറ്റകൃത്യമാവുകയില്ല. സ്വന്തം ശരീരത്തെയോ മറ്റൊരാളിന്റെ ശരീരത്തെയോ ആക്രമണത്തില്‍നിന്നു പ്രതിരോധിക്കുവാന്‍ ഓരോ പൌരനും അവകാശമുണ്ട്. അതുപോലെ തന്നെ, സ്വന്തമോ മറ്റുള്ളവരുടെയോ സ്ഥാവരജംഗമസ്വത്തുക്കളുടെ മേലുള്ള കൈയേറ്റങ്ങള്‍ക്കെതിരായി പ്രതിരോധിക്കുവാനും അവകാശമുണ്ട്.

അന്യഥാ കുറ്റകരമാകുന്ന ഒരു പ്രവൃത്തിക്കെതിരായി മാത്രമാണ് ആത്മരക്ഷാവകാശം ഉന്നീതമാകുന്നത്. കുറ്റകരമെന്നു പ്രോസിക്യൂഷന്‍ ഭാഗം തെളിയിച്ചിട്ടില്ലാത്ത ഒരു കൃത്യത്തിനെതിരായി ആത്മരക്ഷാവാദം ഉന്നയിക്കേണ്ടതില്ല. എന്നാല്‍ ആത്മരക്ഷാവാദം ഉന്നയിക്കുന്നതിനു യഥാര്‍ഥത്തില്‍ ഒരു കുറ്റകൃത്യം നടന്നിരിക്കണമെന്നില്ല. കുറ്റകൃത്യം നടക്കുമെന്നു പ്രതിക്കു സംശയം തോന്നുകയും ആത്മരക്ഷാവകാശം പ്രയോഗിച്ചില്ലായിരുന്നെങ്കില്‍ പ്രസ്തുത കുറ്റകൃത്യം നടക്കാനിടയാകുമായിരുന്നുവെന്നു തോന്നുകയും ചെയ്താല്‍ മാത്രം മതിയാകുന്നതാണ്. നിയമം വ്യക്തിക്കു നല്കുന്ന ആത്മരക്ഷാവകാശം ഏറെ പരിമിതമാണ്. ആത്മരക്ഷാവകാശപ്രയോഗത്തെ അതിനിടയാക്കിയ സാഹചര്യങ്ങള്‍ തികച്ചും ന്യായീകരിക്കുന്നെങ്കില്‍ മാത്രമേ ഈ അവകാശത്തിന്റെ സംരക്ഷണം ലഭ്യമാകയുള്ളു. ആക്രമണം നടത്തുന്ന ആളിന് ആത്മരക്ഷാവകാശത്തിന്നര്‍ഹതയില്ല. ആക്രമിക്കപ്പെടുന്ന വ്യക്തിക്കു മാത്രമേയുള്ളു. മറ്റു പോംവഴിയില്ലാതെയാണ് പ്രതി എതിരാളിയെ ദേഹോപദ്രവം ഏല്പിക്കാനിടയാകുന്നതെന്നതാണ് ആത്മരക്ഷാവകാശപ്രയോഗത്തിന്റെ അടിസ്ഥാനം. അതിനാല്‍ പ്രതി സ്വരക്ഷയ്ക്കായി ചെയ്യുന്ന കൃത്യം കുറ്റകരമാവുകയില്ല. എന്നാല്‍ ആത്മരക്ഷാവാദം പരാജയപ്പെട്ടാല്‍ പ്രതി ചെയ്ത കൃത്യം ശിക്ഷാര്‍ഹമായ കുറ്റമായി ഭവിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍