This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആത്മഗതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:16, 22 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആത്മഗതം

Soliloquy


ഭാരതീയസങ്കല്പമനുസരിച്ചുള്ള അഞ്ചുവിധം നാട്യോക്തികളില്‍ ഒന്ന്. നാടകകഥാപാത്രങ്ങള്‍ സ്വന്തം അന്തര്‍ഗതം മറ്റു കഥാപാത്രങ്ങളോടല്ലാതെ കാണികളുടെ അറിവിനു വേണ്ടിമാത്രം പ്രകാശിപ്പിക്കുന്നതാണ് ആത്മഗതം; ഈ സമ്പ്രദായം സ്വഗതം എന്ന പേരിലും അറിയപ്പെടുന്നു.

'അശ്രാവ്യം ഖലുയദ്വസ്തു

തദിഹ സ്വഗതം മതം.'

എന്ന് സാഹിത്യദര്‍പ്പണത്തില്‍ (ഷഷ്ഠപരിച്ഛേദം) വിശ്വനാഥകവിരാജന്‍ (എ.ഡി. 14-ാം ശ.) ചൂണ്ടിക്കാട്ടുന്നു.

'അന്യന്മാര്‍ കേട്ടുകൂടാത്തതായി നാടകത്തില്‍ യാതൊന്നുണ്ടോ, അത് സ്വഗതം (ആത്മഗതം) എന്നു പറയപ്പെടുന്നു.' (സാഹിത്യദര്‍പ്പണം; കാവുങ്ങല്‍ നീലകണ്ഠപ്പിള്ളയുടെ വ്യാഖ്യാനം). കഥാപാത്രങ്ങളുടെ താത്കാലികമാനസികാവസ്ഥ പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നതിനുള്ള ഈ സങ്കേതം 'സ്വയോക്തി' (monologue), 'ആത്മഭാഷണം' (soliloquy) എന്നീ പേരുകളില്‍ പാശ്ചാത്യനാടകങ്ങളിലും പ്രയോഗിക്കപ്പെടുന്നുണ്ട്. 'മോണോലോഗ്' താരതമ്യേന ദീര്‍ഘമായിരിക്കും; 'സൊളിലൊക്വി' ഹ്രസ്വവും. സൊഫോക്ളിസ്, ഷെയ്ക്സ്പിയര്‍ മുതലായ മഹാകവികള്‍ ഈ സങ്കേതം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ശാകുന്തളം ഒന്നാം അങ്കത്തില്‍ ശകുന്തളയെ കണ്ട ദുഷ്യന്തന്റെ അന്തര്‍ഗതം ആത്മഗതത്തിലൂടെയാണ് പ്രകാശിതമായിരിക്കുന്നത് ('സരസിജമനുവിദ്ധം', 'അസംശയക്ഷത്രപരിഗ്രഹക്ഷമാ' എന്നീ ശ്ലോകങ്ങള്‍). അവിടെത്തന്നെ 'ഇദ്ദേഹത്തെക്കണ്ടിട്ട്, ഞാന്‍ ആശ്രമവിരുദ്ധമായ വികാരത്തിനു വിധേയയായിരിക്കുന്നു' എന്നു ശകുന്തള പറയുന്നതും ആത്മഗതമാണ്. മൂന്നാം അങ്കം ആരംഭിക്കുന്നത് ദുഷ്യന്തന്റെ ആത്മഗതത്തോടെയാണ്. അഞ്ചാം അങ്കത്തിലെ 'രമ്യാണിവീക്ഷ്യ' എന്ന ശ്ളോകവും ദുഷ്യന്തന്റെ ആത്മഗതമാണ്. പ്രാചീന സംസ്കൃതനാടകങ്ങളിലെല്ലാം തന്നെ ആത്മഗതം എന്ന സങ്കേതം പ്രയോഗിച്ചിട്ടുണ്ട്. വിചിത്രവിജയം (എന്‍. കുമാരാനാശാന്‍), സീതാലക്ഷ്മി, രാജാകേശവദാസന്‍ (ഇ.വി. കൃഷ്ണപിള്ള), വേലുത്തമ്പിദളവ (കൈനിക്കര പദ്മനാഭപിള്ള) തുടങ്ങിയ മലയാളനാടകങ്ങളിലും ആത്മഗതത്തിന്റെ പ്രയോഗം ധാരാളം കാണാം. ആത്മഗതം, അരങ്ങിന്റെയും അഭിനയത്തിന്റെയും യാഥാര്‍ഥ്യത്തിനു കോട്ടം വരുത്തുന്നു എന്ന അടിസ്ഥാനത്തില്‍ ആധുനിക നാടകകൃത്തുക്കള്‍ ഈ സങ്കേതം പ്രയോഗിക്കാറില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%97%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍