This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആത്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആത്ത

അനോനേസീ (Annonaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ചെറുവൃക്ഷം. ശാ.നാ: അനോന സ്ക്വാമോസ (Annona squamosa). ഇതിന്റെ ജന്‍മദേശം അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു കരുതപ്പെടുന്നു. 5-8 മീ. വരെ ഉയരത്തില്‍ ഇവ വളരുന്നു. ധാരാളം ശാഖോപശാഖകളോടുകൂടിയ ആത്തയ്ക്ക് ചെറിയ നീണ്ട ഇലകളാണുള്ളത്. പൂക്കള്‍ ദ്വിലിംഗികളാണ്; ഫലം യുക്താണ്ഡപ(syncarpium)വും.

ആത്ത

അനോന ജീനസ്സില്‍ വിവിധ ഇനങ്ങള്‍ കണ്ടുവരുന്നു. 'ചെറിമോയ' എന്നറിയപ്പെടുന്ന അനോന ചെറിമോളയും (Annona cherimola), 'ഷുഗര്‍ ആപ്പിള്‍' (sweetsop എന്നും ഇതിനു പേരുണ്ട്) എന്നറിയപ്പെടുന്ന അനോന സ്ക്വാമോസയും ഇതിന്റെ മധുരഫലങ്ങളാലാണ് വിലമതിക്കപ്പെടുന്നത്. ചെറിമോയപ്പഴങ്ങള്‍ സുഗന്ധമുള്ളതാണ്. പോണ്ട് ആപ്പിള്‍ (Pond apple), അലിഗേറ്റര്‍ ആപ്പിള്‍ (Alligator apple) എന്നൊക്കെ അറിയപ്പെടുന്ന അനോന ഗ്ലാബ്ര (Annona glabra) 10-15 മീ. വരെ ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ്. ദക്ഷിണ അമേരിക്കയും വെസ്റ്റ് ഇന്‍ഡീസ് ദ്വീപുകളുമാണ് ഇതിന്റെ ജന്‍മദേശം. ഇതിന്റെ തടിക്കാണ് പ്രാധാന്യം. കോര്‍ക്കിന്റെ എല്ലാവിധ ഉപയോഗങ്ങളും ഈ തടികൊണ്ട് നിര്‍വഹിക്കാവുന്നതാണ്. ഇതിന്റെ പഴങ്ങള്‍ പാകംചെയ്യാതെ കഴിക്കുക പതിവില്ല. ജെല്ലിയുണ്ടാക്കുന്നതിന് ഇതു ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്.

നമ്മുടെ മണ്ണിനോടും കാലാവസ്ഥയോടും നന്നായി ഇണങ്ങിക്കഴിഞ്ഞിരിക്കുന്ന ആത്ത പലേടത്തും കാട്ടുചെടികളോടൊപ്പം, അധികമാരുടെയും ശ്രദ്ധയില്‍പ്പെടാതെ, സമൃദ്ധിയായി വളരുന്നതു കാണാം. ആന്ധ്രപ്രദേശത്തില്‍ അനേകായിരം ഏക്കറുകളില്‍ ഇവ ഇങ്ങനെ വളരുന്നുണ്ട്. ഇതിനെ ഒരു കാര്‍ഷികവിളയായി മാറ്റിയിട്ടുള്ള ചില സംസ്ഥാനങ്ങളാണ് തമിഴ്നാട്, അസം, ഉത്തര്‍പ്രദേശ് എന്നിവ. കേരളത്തില്‍ ഇപ്പോഴും ഇവ കൃഷിചെയ്തു തുടങ്ങിയിട്ടില്ല. വീട്ടുപറമ്പുകളില്‍ അവിടവിടെ തനിയേ വളരുകയോ നട്ടുവളര്‍ത്തുകയോ ആണ് ചെയ്യുന്നത്.

നമ്മുടെ നാട്ടില്‍ വളരുന്ന ആത്തകളില്‍ പൊതുവേ വളരെ കുറച്ചു കായ്കളേ ഉണ്ടാകാറുള്ളു. മഴക്കാലത്തുണ്ടാകുന്ന പുഷ്പങ്ങളില്‍നിന്ന് താരതമ്യേന നല്ല വിള കിട്ടുന്നു. കൂടുതല്‍ ഫലപ്രദമായ പരാഗണമാകണം ഇതിനു കാരണം. ഇപ്പോള്‍ കൃത്രിമമായ പരാഗണംമൂലം വിളവു വര്‍ധിപ്പിക്കാന്‍ സാധ്യമായിത്തീര്‍ന്നിട്ടുണ്ട്. ഏകദേശം 20 കൊല്ലത്തോളം നല്ല വിളവു ലഭിക്കും. പിന്നീട് വിളവു കുറയാന്‍ തുടങ്ങും.

കായ്കള്‍ നന്നായി വിളഞ്ഞുകഴിഞ്ഞാല്‍ പറിച്ചുവച്ചു പഴുപ്പിക്കണം. അല്ലാതെ മരത്തില്‍തന്നെ നിര്‍ത്തിയിരുന്നാല്‍ അവ ശരിയായ രീതിയില്‍ പഴുക്കുകയില്ല. കൃമികീടങ്ങളുടെ ഉപദ്രവമോ മറ്റേതെങ്കിലും കാര്യമായ രോഗങ്ങളോ സാധാരണയായി ഇതിനെ ബാധിക്കാറില്ല.

ആത്തച്ചക്ക. അനോന (Annona) ജീനസ്സിലെ പല സ്പീഷീസിന്റെയും ഫലങ്ങള്‍ക്ക് പൊതുവായി പറയപ്പെടുന്ന പേര്. ഇതിന് സീതപ്പഴം, രാമപ്പഴം എന്നീ പേരുകളുമുണ്ട്. 8-12 വരെ സെ.മീ. വ്യാസമുള്ള മാധുര്യമേറിയ ഫലങ്ങള്‍ വളരെയധികം സാമ്പത്തികപ്രാധാന്യമുള്ളവയാണ്. അനേകം മുന്തിരപ്പഴങ്ങള്‍ ഞെക്കിഞെരുക്കി ചേര്‍ത്തുവച്ചതുപോലെയാണ് ആത്തച്ചക്കയുടെ ബാഹ്യരൂപം. വെസ്റ്റ് ഇന്‍ഡീസില്‍ കാണപ്പെടുന്ന ആത്തപ്പഴങ്ങളുടെ മാംസളഭാഗത്തിന് ചെറിയ ചുവപ്പുകലര്‍ന്ന മഞ്ഞനിറമാണുള്ളത്. വെണ്ണപോലെ മൃദുവായ ഈ ഭാഗത്തിന്റെ മാധുര്യം കൊണ്ടാണ് വാണിജ്യപ്രാധാന്യമുണ്ടായിട്ടുള്ളത്. പുറത്തിന് ഇരുണ്ട തവിട്ടുനിറമുള്ള ഇവയുടെ വിത്തിനുള്ളില്‍ കാണപ്പെടുന്ന പരിപ്പുകള്‍ വിഷമുള്ളവയാണെന്നു കരുതപ്പെടുന്നു.

ആത്തച്ചക്കയെ യുക്താണ്ഡപം എന്നറിയപ്പെടുന്ന ഫലവിഭാഗത്തിലാണ് ചേര്‍ത്തിരിക്കുന്നത്. ജനിപത്രങ്ങളും (carpels) പുഷ്പാസനങ്ങളും (receptacles) ഒന്നിച്ച് വളര്‍ന്നു ചേര്‍ന്നുണ്ടാകുന്നവയാണ് ഇവ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%A4%E0%B5%8D%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍