This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആതപനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആതപനം

Insolation

സൂര്യനില്‍നിന്നു ഭൂമിക്കും മറ്റു ഗ്രഹങ്ങള്‍ക്കും വികിരണരീതിയില്‍ ലഭിക്കുന്ന മൊത്തം ഊര്‍ജത്തെ സൂചിപ്പിക്കുന്ന സംജ്ഞ. ഭൗമതലത്തിലെ വിവിധ ഭാഗങ്ങളില്‍ത്തന്നെ ആതപനം വ്യത്യസ്ത തോതിലാണ് ഉണ്ടാകുന്നത്. നിശ്ചിതമേഖലയിലെ ആതപനത്തിന്റെ ദൈനിക-അളവ് പ്രധാനമായി നാലു ഘടകങ്ങളെ ആശ്രയിച്ചിരിക്കും: പ്രതലക്ഷേത്രഫലം, സൂര്യരശ്മികളുടെ ചായ്വ്, അന്തരീക്ഷത്തിന്റെ തെളിച്ചം, സ്വന്തം പ്രദക്ഷിണപഥത്തില്‍ ഭൂമിയുടെ പ്രത്യേകസ്ഥാനം. ഭൂമിയുടെ അന്തരീക്ഷത്തിനു മീതെ സൂര്യരശ്മികള്‍ക്ക് ലംബദിശയിലുള്ള ഒരു ച.മീ. വിസ്തൃതിയില്‍ ഓരോ സെക്കണ്ടിലും പതിക്കുന്ന സൗരോര്‍ജത്തിന്റെ അളവിനെ സൌരസ്ഥിരാങ്കം (volar constant) എന്നു പറയുന്നു. ഇത് 1400 m/m2 വരും.

വിഷുവദിന(equinox)ങ്ങളില്‍ ഭൂമിയുടെ എല്ലാഭാഗത്തും പകലിന്റെ ദൈര്‍ഘ്യം കൃത്യം 12 മണിക്കൂര്‍ ആയിരിക്കും. എന്നാല്‍ ഗ്രീഷ്മ സംക്രാന്തി(summer solstice)യോടടുത്ത് ഉച്ചാക്ഷാംശങ്ങളില്‍ പകലിന് നീളം കൂടുന്നു. കൂടുതല്‍ സമയം ചൂട് ലഭിക്കുക എന്നതു സൂര്യരശ്മികള്‍ ചരിഞ്ഞുപതിക്കുന്നതുമൂലമുണ്ടാകുന്ന തീവ്രതക്കുറവിന് പരിഹാരമാവുന്നു. അതുകൊണ്ട്, ഉച്ചാക്ഷാംശപ്രദേശങ്ങളിലെ ആതപനത്തിന്റെ തോത് താരതമ്യേന കൂടുതലാവുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ സൂര്യന്‍ ഉച്ചസ്ഥായിയായ പ്രദേശത്തല്ല കൂടുതല്‍ ആതപനം ലഭിക്കുന്നത്; മറിച്ച് പകല്‍ ദൈര്‍ഘ്യം കൂടുതല്‍ അനുഭവപ്പെടുന്ന ഉച്ചാക്ഷാംശ പ്രദേശങ്ങളിലാണ്. വാര്‍ഷികത്തോത് നോക്കുമ്പോള്‍ മധ്യരേഖാപ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ആതപനം ലഭിക്കുന്നു. ഉച്ചാക്ഷാംശങ്ങളിലേക്കു നീങ്ങുന്തോറും ഇത് ആദ്യം ക്രമേണയും പിന്നെ പെട്ടെന്നും കുറയുന്നു; തുടര്‍ന്ന് ക്രമേണയുള്ള കുറവ് ധ്രുവപ്രദേശത്തോളം അനുഭവപ്പെടുന്നു. ആതപനത്തിന്റെ വാര്‍ഷികാന്തരം ഏറ്റവും കുറവ് മധ്യരേഖയിലാണ്; ധ്രുവങ്ങളില്‍ ഇത് ഏറ്റവും കൂടിയിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%A4%E0%B4%AA%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍