This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആണ്ടിയാട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആണ്ടിയാട്ടം

ആണ്ടിക്കൂത്ത്, ആണ്ടിക്കളി, ആണ്ടിയാട്ടം ഇവ മൂന്നും ഏതാണ്ട് പര്യായങ്ങള്‍പോലെ പ്രയോഗിച്ചുവരുന്നുണ്ടെങ്കിലും ഇവയ്ക്കുതമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. ആണ്ടി എന്ന പദം സുബ്രഹ്മണ്യഭക്തനെക്കുറിക്കുന്നു; പണ്ടാരം, പരിവ്രാജകന്‍, അബ്രാഹ്മണനായ ശിവയോഗി, മോക്ഷത്തിനായി ഇരന്നുനടക്കുന്നവന്‍, പരദേശി എന്നിങ്ങനെയും അര്‍ഥകല്പനം ചെയ്തിട്ടുണ്ട്.

ആണ്ടികളുടെ കൂത്ത് അഥവാ കളി എന്ന അര്‍ഥത്തിലാണ് ആണ്ടിയാട്ടം എന്ന സംജ്ഞ പൊതുവേ പ്രയോഗിച്ചുവരുന്നത്. പണ്ടാരങ്ങള്‍ ഹനുമാന്റെ വേഷംകെട്ടി ആടുന്നതിനാണ് സാധാരണ ആണ്ടിയാട്ടം എന്നു പറയുക. ആണ്ടിപ്പണ്ടാരം ഹനുമാന്‍പണ്ടാരം എന്നീ പ്രയോഗങ്ങള്‍ ഭാഷയില്‍ വന്നത് ഈ കൂട്ടത്തില്‍നിന്നാണ്. ഇതിനു 'വരിക്കൂത്ത്' എന്നും ചില ദിക്കില്‍ പറഞ്ഞുവരുന്നു. എന്നാല്‍ ആണ്ടിക്കൂത്ത് മൂന്നു ദിവസംകൊണ്ടവസാനിക്കുന്ന 'തേയത്തുകളി'യില്‍ ഒന്നാംദിവസത്തെ കളിക്കു പറയുന്ന പേരാണ്. ഇതിനും 'ആണ്ടിയാട്ടം' എന്നു പറയാറുണ്ട്. രണ്ടാംദിവസത്തേതിനു 'വള്ളോന്‍' എന്നും മൂന്നാംദിവസത്തേതിനു 'മലമ' എന്നും പറയും.

പാലക്കാട്ടുശേരിയില്‍ മലയാളികള്‍ ഇന്നും നടത്തിവരുന്ന ഈ 'ആണ്ടിക്കൂത്ത്' കൊല്ലവര്‍ഷാരംഭത്തിന് 500 വത്സരം മുന്‍പെങ്കിലും ആരംഭിച്ചിരിക്കണം. ഈ കൂത്തിനെക്കുറിച്ചാണ് കുഞ്ചന്‍നമ്പ്യാര്‍ ആണ്ടിയാട്ടം എന്നു പറയുന്നത്. ഇതിനു പ്രത്യേക താളക്രമത്തിലുള്ള പാട്ടുകളുണ്ട്. 'കുഞ്ചിച്ചിടയുള്ളൊരാണ്ടി-താങ്കള്‍ക്കുടെവന്തുകൂത്താടുമാണ്ടി' ഇപ്രകാരമാണ് പാട്ടുപോകുന്നത്. ഇതിനു മന്ദത്തുകളി, ലാലാകളി, നന്ന്യാര്‍കളി, ദേശത്തെക്കളി (തേയത്തുകളി) എന്നിങ്ങനെയും പേര്‍ പറഞ്ഞുവരുന്നു. തമിഴ്നാട്ടില്‍ ഇതു സര്‍വസാധാരണമാണ്. കേരളത്തില്‍ തമിഴ്നാടിനോട് സാമീപ്യസമ്പര്‍ക്കമുള്ള പ്രദേശങ്ങളിലല്ലാതെ ആണ്ടിയാട്ടം അത്ര പ്രചാരത്തിലില്ല. നോ: കാവടിയാട്ടം

(ജി. ഭാര്‍ഗവന്‍ പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍