This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആണിരോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആണിരോഗം

Plantar Warts

മനുഷ്യരുടെ കാല്‍വെള്ള (Verruca Pedis) യിലുണ്ടാകുന്ന ഒരു രോഗം. വെരുക്കപെഡിസ് (ഢലൃൃൌരമ ജലറശ) എന്ന വൈറസാണ് രോഗഹേതു. ഈ വൈറസുകള്‍ ചര്‍മത്തിനുള്ളിലേക്കു വളരുന്നതോടെ കട്ടിയേറിയ ആണി രൂപം കൊള്ളുന്നു. നടക്കുമ്പോഴും നില്ക്കുമ്പോഴും ആണി ചര്‍മത്തിനുള്ളിലേക്കു തള്ളപ്പെടുന്നതിനാല്‍ വേദന അനുഭവപ്പെടുന്നു. അമര്‍ത്തുമ്പോള്‍ വളര്‍ന്നുമുറ്റിയ ദൃഢീകൃത ശരീരകല (ആണി) നാഡികളുടെ അഗ്രങ്ങളെ (nerve endings) സ്പര്‍ശിക്കുന്നതിനാലാണ് വേദന അനുഭവപ്പെടുന്നത്.

ഏതാണ്ട് പത്തു ശ.മാ. യുവാക്കള്‍ക്കും ആണിരോഗമുള്ളതായാണ് കണക്കാക്കപ്പെടുന്നത്. നഗ്നപാദരായി നടക്കുന്നതും വൃത്തിഹീനമായ പൊതുകുളിമുറികളുടെ ഉപയോഗവുമാണ് ഈ രോഗമുണ്ടാകാന്‍ പലപ്പോഴും കാരണമാകുന്നത്. കാല്‍വെള്ളയിലുണ്ടാകുന്ന പോറലുകള്‍, ചെറിയമുറിവുകള്‍ എന്നിവയിലൂടെ വൈറസ് ചര്‍മത്തിനുള്ളില്‍ പ്രവേശിക്കുന്നു. വൈറസുകള്‍ ചൂടും തണുപ്പും ഉള്ള സാഹചര്യങ്ങളില്‍ വളര്‍ച്ചാശേഷിയുള്ളവയാണ്. കാല്‍ പാദരക്ഷകളില്‍ തങ്ങിനില്ക്കുന്നത് ഇത്തരം വൈറസുകള്‍ക്ക് വളരാനുള്ള അനുകൂല സാഹചര്യമൊരുക്കുന്നു.

കാല്‍വെള്ളയിലെ ആണിരോഗം പാദങ്ങളുടെ ഏതു ഭാഗത്തേക്കും വ്യാപിക്കാം. ഇവയില്‍ ചിലവ വലുപ്പം കൂടുകയും ഇതിനുചുറ്റിലുമായി ചെറിയ ധാരാളം ആണികള്‍ ഉണ്ടായി ഒരു 'മൊസേക്' പ്രതീതി ഉളവാക്കുകയും ചെയ്യുന്നു.

കാലുകളിലുണ്ടാകുന്ന സാധാരണ വടുക്ക(തഴമ്പ്-calluses)ളില്‍നിന്നും ആണികളെ തിരിച്ചറിയാന്‍ പ്രയാസമാണ്. ആണിയുടെ ഉപരിതലത്തിലായി വളരെച്ചെറിയ കറുത്തപൊട്ടുകള്‍ കാണാന്‍കഴിയും. കാപ്പിലറി രക്തക്കുഴലുകളുടെ അഗ്രഭാഗമാണ് കറുത്തപൊട്ടുകളായി തോന്നിക്കുന്നത്. എന്നാല്‍ വടുക്കളില്‍ രക്തക്കുഴലുകളില്ല. ഇവ മെഴുകുപോലെ ഇരിക്കും. അധിക ബാഹ്യസമ്മര്‍ദം മൂലമാണ് തഴമ്പ് ഉണ്ടാകുന്നത്.

ആദ്യഘട്ടങ്ങളില്‍ സാലിസിലിക് അമ്ലം ആണികളില്‍ പുരട്ടുന്നത് രോഗം മാറുന്നതിന് സഹായകമാണ്. ക്രമാതീതമായി വളര്‍ന്നുകഴിഞ്ഞ ആണി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. ചിലപ്പോള്‍ പലപ്രാവശ്യം ഈ പ്രക്രിയ ആവര്‍ത്തിക്കേണ്ടതായി വന്നേക്കാം. ആണിയുള്ള ഭാഗം കുത്തിവച്ച് മരവിപ്പിച്ചശേഷം ദ്രവ നൈട്രജന്‍ ഉപയോഗിച്ചു തണുപ്പിച്ച് ആണി അലിയിച്ചുകളയുന്നതാണ് മറ്റൊരു ചികിത്സാരീതി. പ്യൂമിക് കല്ലു(Pumic stone)കൊണ്ട് നിത്യേന ഉരച്ചും ആണി അകറ്റാനാകും. പാഡുകളും (corn pade), പ്ലാസ്റ്ററുകളും ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%A3%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍