This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആണികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആണികള്‍

പദാര്‍ഥങ്ങള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്നതിനോ നിശ്ചിതസ്ഥാനത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതിനോ ഉപയോഗിക്കുന്ന വസ്തു. ഇരുമ്പ്, ഉരുക്ക്, പിത്തള, ചെമ്പ് തുടങ്ങിയ ലോഹങ്ങള്‍കൊണ്ടാണ് ഇവ നിര്‍മിക്കുന്നത്. തടിക്കഷണങ്ങള്‍ തമ്മില്‍ സന്ധിപ്പിക്കുന്നതിനുപയോഗിച്ചിരുന്ന തടിച്ചീളുകളാവാം ആണികളുടെ മുന്‍ഗാമികള്‍.

വിവിധതരം ആണികള്‍

നൂറിലധികം തരത്തിലുള്ള ആണികള്‍ ഇന്നു പ്രചാരത്തിലുണ്ട്. കുടയാണി, മേല്ക്കൂരയാണി, ഭിത്തിയാണി, കുഴലാണി, കമ്പിയാണി, തറയാണി, മൊട്ടില്ലാത്ത ആണി, തടയാണി, കസേരയാണി, ത്രികോണയാണി എന്നിങ്ങനെ പലതരം ആണികള്‍ പലതരം ആവശ്യങ്ങള്‍ക്കുപയോഗിച്ചുവരുന്നു. വണ്ണം, നീളം മുതലായവയിലുള്ള വൈവിധ്യംകൂടി പരിഗണിച്ചാല്‍ ആണികള്‍ ഏതാണ്ട് നാനൂറിലേറെ ഇനങ്ങളില്‍ ഉണ്ടാവും.

രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പുവരെ, ഒരു കുടില്‍വ്യവസായമെന്ന നിലയ്ക്ക് കൈകൊണ്ടാണ് ആണികള്‍ നിര്‍മിച്ചിരുന്നത്. പുരാതനകാലത്ത് കൈകൊണ്ടുണ്ടാക്കിയ ഒരു ഇരുമ്പാണിക്ക് കേരളത്തില്‍ ഒരു പറ നെല്ലുവരെ വിലയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഓരോ ആണിയും വണ്ണം കുറഞ്ഞ ഒരു ഇരുമ്പുകമ്പിയില്‍നിന്നും വെവ്വേറെ മുറിച്ച് രൂപപ്പെടുത്തി (forging) എടുക്കുകയായിരുന്നു പതിവ്. ലോഹപാളികളില്‍നിന്നു മുറിച്ചെടുത്തോ, വാര്‍ത്തോ (cast) നിര്‍മിച്ചിരുന്ന ആണികളെ അപേക്ഷിച്ച് ഇത്തരം ആണികള്‍ക്കു പല മേന്‍മകളും ഉണ്ടായിരുന്നു.

പാശ്ചാത്യരാജ്യങ്ങളില്‍ 19-ാം ശ.-ത്തിന്റെ ആരംഭത്തോടുകൂടി ആണികള്‍ യന്ത്രസഹായത്താല്‍ നിര്‍മിക്കാനാരംഭിച്ചു. ലോഹപാളികളില്‍നിന്നും മുറിച്ചെടുക്കുന്നതരം ആണികളാണ് ആദ്യം യന്ത്രത്തില്‍ നിര്‍മിച്ചിരുന്നതിലധികവും. മുറിച്ചെടുക്കുന്നതരം ആണികളുടെ നീളം ലോഹക്കഷണങ്ങളുടെ വീതിയായിരിക്കും. 19-ാം ശ.-ത്തിന്റെ മധ്യത്തോടെ ഫ്രഞ്ചുകാര്‍ യന്ത്രസഹായത്തോടെ വിപുലമായ തോതില്‍ കമ്പികളില്‍നിന്നും ആണി നിര്‍മിക്കാനാരംഭിച്ചു. മരപ്പണികള്‍ക്ക് ഇത്തരം ആണികള്‍ കൂടുതല്‍ അനുയോജ്യമായി കണ്ടതിനാല്‍ മറ്റു രാജ്യങ്ങളിലും ഈ നിര്‍മാണരീതി പെട്ടെന്നു പ്രചാരത്തില്‍ വന്നു.

മരപ്പണികള്‍ക്ക് ഇപ്പോള്‍ വിവിധതരം ആണികള്‍ ഉപയോഗപ്പെടുത്തിവരുന്നു. അടിച്ചു കയറ്റുമ്പോള്‍ തടിഉരുപ്പടികള്‍ പിളര്‍ന്നുപോവാത്തവിധം കുറഞ്ഞ വ്യാസവും കൂര്‍ത്ത മുനയും ഉള്ള ആണികളാണ് മരപ്പണികള്‍ക്ക് അധികവും ഉപയോഗപ്പെടുത്തുന്നത്. കുറഞ്ഞ ചെലവില്‍ വാര്‍ത്തെടുക്കുന്നതരം ആണികള്‍ പലതരം മരപ്പണികള്‍ക്കും അനുയോജ്യമാണ്. എന്നാല്‍ വാര്‍ത്തെടുക്കുന്ന ആണികള്‍ പൊതുവേ കാഴ്ചയ്ക്കു ഭംഗി കുറവുള്ളവയും വേഗത്തില്‍ ഒടിഞ്ഞുപോവാന്‍ സാധ്യതയുള്ളവയുമാണ്. വിവിധതരം പിരിയാണികളും മരപ്പണികള്‍ക്ക് ഉപയോഗിക്കാറുണ്ട്.

വിവിധതരം പിരിയാണികള്‍

യന്ത്രസഹായത്തോടെ ഇരുമ്പുകമ്പികളില്‍നിന്ന് ആണികള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത് വിപ്ളവകരമായ ഒരു വ്യതിയാനമായിരുന്നു. തകിടുകളില്‍നിന്നുണ്ടാക്കുന്ന ആണികളെക്കാള്‍ പ്രചാരക്കൂടുതല്‍ കമ്പികളില്‍നിന്നുണ്ടാക്കുന്നവയ്ക്കാണ്. കമ്പികളില്‍നിന്നും ആണികള്‍ നിര്‍മിക്കുന്നതിനുള്ള ചെലവ് താരതമ്യേന കുറവാണ്. കമ്പികളില്‍നിന്നും ആണികള്‍ നിര്‍മിക്കുന്നതിന് 'കോള്‍ഡ് ഫോര്‍ജിങ്ങ്' (cold forging) രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. രണ്ടു ഡൈ (die) ഉപയോഗിച്ച് കമ്പിയില്‍നിന്നും ഒരറ്റം കൂര്‍ത്തതും ആവശ്യമായ നീളത്തില്‍ ഉചിതമായ ആകൃതി വരുത്തിയതും ആയ ആണികള്‍ ഉണ്ടാക്കുന്നു. മറ്റേ അറ്റത്ത് തലയും (head) രൂപപ്പെടുത്തുന്നു. ഇത്തരത്തില്‍ മിനിറ്റില്‍ 50 മുതല്‍ 700 വരെ ആണികള്‍ നിര്‍മിക്കാവുന്ന യന്ത്രങ്ങളുണ്ട്. കമ്പിയില്‍നിന്നും മുറിച്ചെടുത്ത ആണികള്‍ ഉടന്‍തന്നെ കുറെ അറക്കപ്പൊടി ചേര്‍ത്ത് കറങ്ങുന്ന വീപ്പകളിലിട്ട് നന്നായി കുലുക്കുന്നു. ഇതുമൂലം ആണികള്‍ പരസ്പരം ശക്തിയായി ഉരസി മിനുസപ്പെട്ടുകിട്ടുന്നു. ഇപ്പോള്‍ എല്ലാത്തരം ആണികളും യന്ത്രവത്കൃതഫാക്ടറികളില്‍ വന്‍തോതില്‍ നിര്‍മിച്ചുവരുന്നു.

ആകൃതിയും വലുപ്പവും അനുസരിച്ച് ആണികളെ തരംതിരിക്കാറുണ്ട്; 50 മി. മീ x 9 ഉരുണ്ടയാണി (rounded nail), 35 മി. മീ. x 10 നാകം പൂശിയ പരന്നയാണി (galvanised slate nail) എന്നിവ ഇതിനുദാഹരണങ്ങളാണ്. കമ്പിയാണികളുടെ നീളം മി. മീറ്ററിലും വണ്ണം (കനം) ഗേജി(guage)ലുമാണ് സാധാരണ പറയാറ്. ഗേജുകളുടെ എണ്ണം കൂടുന്തോറും വണ്ണം കുറഞ്ഞുവരും; 8 ഗേജ് ആണിയെക്കാള്‍ 15 ഗേജ് ആണിക്ക് വണ്ണം കുറവായിരിക്കും. മുറിച്ചെടുക്കുന്നതരം ആണികളുടെ (cut nails) നീളം മാത്രമേ സാധാരണ പറയാറുള്ളു.

ഇരുമ്പാണികള്‍ തുരുമ്പിക്കാതിരിക്കാന്‍ അവയുടെ പുറത്ത് നാകമോ മറ്റു ലോഹങ്ങളോ പൂശാറുണ്ട്. ആവശ്യത്തിനനുസരിച്ച് വിവിധതരം ലോഹങ്ങള്‍ ആണിനിര്‍മാണത്തിനുപയോഗിക്കുന്നു. ചെമ്പുകൊണ്ടുണ്ടാക്കിയ ആണികളാണ് കപ്പല്‍ നിര്‍മാണത്തിന് മുഖ്യമായും ഉപയോഗിക്കുന്നത്. മേല്‍ക്കൂരഷീറ്റുകള്‍ ഉറപ്പിക്കുന്നതിനുള്ള ആണികളില്‍ അധികവും ചെമ്പോ നാകമോ കൊണ്ട് നിര്‍മിക്കുന്നവയാണ്. ഇരുമ്പാണികളാണ് പൊതുവേ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. നോ: ആപ്പാണികളും ആണിപ്പൊഴികളും

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%A3%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍