This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡിസ് അബാബ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഡിസ് അബാബ

Addis Ababa

എത്യോപ്യയുടെ തലസ്ഥാനം. 9° വ. 38° 31' കി. എത്യോപ്യയിലെ മധ്യസമതലത്തിന്റെ തെക്കരികിലായി സമുദ്രനിരപ്പില്‍നിന്നും 2,440 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ആഡിസ് അബാബ രാജ്യത്തെ ഏറ്റവും വലിയ നഗരമാണ്. ജനസംഖ്യ: 29,73,004 (2005); വിസ്തീര്‍ണം: 530 സ്ക്വയര്‍ കി.മീറ്റര്‍.

ആരോഗ്യപ്രദവും ഉന്‍മേഷജനകവുമായ സമീകൃതകാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. നഗരത്തിന്റെ പശ്ചപ്രദേശം (Hinterland) ആയ ഷോവാപ്രവിശ്യ ജലസമൃദ്ധമായ കാര്‍ഷികമേഖലയാണ്; ഇവിടെ കാലിവളര്‍ത്തലും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്; തന്നിമിത്തം നഗരം ഒരു വിപണനകേന്ദ്രമായി മാറിയിരിക്കുന്നു. എന്നാല്‍ ഭരണകേന്ദ്രമെന്ന നിലയ്ക്കാണ് ആഡിസ് അബാബയുടെ പ്രാധാന്യം; രാജകീയ ആസ്ഥാനവുമായിരുന്നു. ചക്രവര്‍ത്തിയുടെ കൊട്ടാരം, പാര്‍ലിമെന്റ് മന്ദിരം, ഗവണ്‍മെന്റ് ആഫീസുകള്‍ എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു; രാജ്യത്തെ വിദ്യാഭ്യാസ കേന്ദ്രവുമാണ് ഇവിടം. 1950-ല്‍ സ്ഥാപിതമായ യൂണിവേഴ്സിറ്റി കോളജുള്‍പ്പെടെ ഏതാനും കോളജുകളും നിരവധി സ്കൂളുകളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. മറ്റു പ്രധാന സ്ഥാപനങ്ങളില്‍ സെന്റ് ജോര്‍ജ് പള്ളി, എന്‍ഡാ മെദനീ ആലം, തെക്ലാ ഹൈമനാത് എന്നീ ദേവാലയങ്ങളും, മ്യൂസിയം, ദേശീയഗ്രന്ഥശാല, ഓപ്പറാ ഹൗസ് തുടങ്ങിയവയും ഉള്‍പ്പെടുന്നു.

ലിബര്‍ട്ടി സ് ക്വയര്‍ : ആഡിസ് അബാബ

ഇടതൂര്‍ന്ന അധിവാസത്തിന്റെ അഭാവം ഈ നഗരത്തിന്റെ സവിശേഷതയാണ്. ഇറ്റലിയുടെ അധിനിവേശക്കാലത്ത് (1936-41) നഗരത്തില്‍ പല പരിഷ്കാരങ്ങളും ഏര്‍പ്പെടുത്തപ്പെട്ടു. പഴയ എടുപ്പുകളുടെയും ഹര്‍മ്യങ്ങളുടെയും സ്ഥാനത്ത് ആധുനികരീതിയിലുളള മന്ദിരങ്ങള്‍ നിര്‍മിതമായി; ആപണവീഥികളും വിനോദശാലകളും ധാരാളം പൊതുസ്ഥാപനങ്ങളും നിര്‍മിക്കപ്പെട്ടു. തദ്ദേശീയരെയും ഇറ്റലിക്കാരെയും വേര്‍തിരിച്ചു താമസിപ്പിക്കുവാന്‍ പോന്ന അധിവാസവ്യവസ്ഥകളും ഭാഗികമായി അക്കാലത്ത് പൂര്‍ത്തിയാക്കപ്പെട്ടു.

ഏദന്‍ ഉള്‍ക്കടല്‍ത്തീരത്തെ ജീബൂതി തുറമുഖവുമായി ആഡിസ് അബാബ റെയില്‍ മാര്‍ഗം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു (778 കി.മീ.); രാജ്യത്തിലെ മറ്റു പട്ടണങ്ങളുമായി ഘടിപ്പിക്കുന്ന ഒന്നാംതരം റോഡുകളുണ്ട്. നഗരത്തിനു 4 കി.മീ. തെ.പടിഞ്ഞാറായി ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ട്. ഈ നഗരം ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിച്ചുവരുന്നു.

നഗരത്തിലെ ജനങ്ങളില്‍ നല്ലൊരുശതമാനം വിദേശീയരാണ്. തദ്ദേശീയരില്‍ എത്യോപ്യയിലെ എല്ലാവിഭാഗക്കാരും ഉള്‍പ്പെടുന്നു. ഒരു ക്രൈസ്തവരാജ്യമായാണ് കരുതപ്പെടുന്നതെങ്കിലും മുസ്ലിങ്ങളുടെ അംഗസംഖ്യയും ഒട്ടും കുറവല്ല. ജനസംഖ്യയില്‍ 82 ശ.മാ. ഓര്‍ത്തഡോക്സ് ക്രിസ്റ്റ്യാനികളും 12.7 ശ.മാ. മുസ്ലീങ്ങളുമാണ്. ആമാരിക് ഭാഷയാണ് പൊതുവായുപയോഗത്തിലുള്ളത്.

1889-ല്‍ എന്ററ്റോയുടെ നിഷ്കാസനത്തെത്തുടര്‍ന്ന് തന്റെ തലസ്ഥാനമെന്ന നിലയില്‍ മെനെലിക് I സ്ഥാപിച്ച നഗരമാണ് ആഡിസ് അബാബ. ആമാരിക് ഭാഷയില്‍ ഇതിന് 'പുതുപുഷ്പം' എന്നാണര്‍ഥം. മെനെലിക്കിന്റെ കാലത്ത് നഗരത്തിനു നാനാമുഖമായ അഭിവൃദ്ധിയുണ്ടായി. ഹെയ്ലി സലാസി ചക്രവര്‍ത്തിയും ആഡിസ്-അബാബയുടെ വികസനത്തില്‍ പ്രത്യേകം ശ്രദ്ധാലുവായിരുന്നു. യു.എന്‍. സാമ്പത്തികക്കമ്മിഷന്റെ ആഫ്രിക്കയിലെ ആസ്ഥാനം എത്യോപ്യയിലാണ്. ആഫ്രിക്കന്‍ ഐക്യസംഘടന (Organisation of African Unity) തുടങ്ങി മറ്റു ചില അന്താരാഷ്ട്ര സംഘടനകളുടെയും ആസ്ഥാനം ഇവിടെയാണ്. 1955-ല്‍ ഹെയ്‍ലിസലാസിയുടെ സില്‍വര്‍ ജൂബിലി സ്മാരകമായി നാഷണല്‍ പാലസ് ഇവിടെ നിര്‍മിക്കപ്പെട്ടു. എത്യോപ്യന്‍ പ്രസിഡന്റിന്റെ വസതിയാണിത്. ആഫ്രിക്കയിലെ ഏറ്റവും വലിയ തുറന്ന വിപണി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. 2003-ല്‍ ഇവിടെയുള്ള ബൊലെ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍