This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡില്‍ഡ് പാര്‍ലമെന്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഡില്‍ഡ് പാര്‍ലമെന്റ്

The Addled Parliament


ജെയിംസ് I (1566-1625) 1614 ഏ.-ല്‍ വിളിച്ചുകൂട്ടിയ പാര്‍ലമെന്റ്. 1603 മാ. 24-നു രാജാവായിത്തീര്‍ന്ന ജെയിംസ് പാര്‍ലമെന്റ് വിളിച്ചുകൂട്ടാതെയാണ് അധികകാലവും രാജ്യം ഭരിച്ചത്. രാജാവിന്റെ ദൈവദത്താധികാരത്തില്‍ (Divine Right of Kingship) വിശ്വസിച്ചിരുന്ന ഏകാധിപതിയായിരുന്നു ജെയിംസ്. നയവൈകല്യം മൂലം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സഹകരണം സമ്പാദിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. ഹാംപ്ടണ്‍ കോര്‍ട്ട് കോണ്‍ഫറന്‍സിനെ (1604)ത്തുടര്‍ന്ന് ബ്രിട്ടീഷ് ജനതയ്ക്കു ജെയിംസിലുള്ള വിശ്വാസവും കുറഞ്ഞുവന്നു. രാജ്യത്തെ സാമ്പത്തികസ്ഥിതി തകരാറിലാവുകയും കടബാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് വിളിച്ചുകൂട്ടാന്‍ രാജാവ് നിര്‍ബന്ധിതനായി. എലിസബത്ത് I (1558-1603) ന്റെ ഉപദേഷ്ടാവും സാലിസ്ബറി പ്രഭുവുമായ റോബര്‍ട്ട് സെസിലിന്റെ (1520-98) നിര്യാണത്തോടെ, രാജാവും പാര്‍ലമെന്റും തമ്മില്‍ അകന്നുകഴിഞ്ഞിരുന്നു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ജെയിംസ് വിളിച്ചുകൂട്ടിയ ഏകപാര്‍ലമെന്റാണ് ആഡില്‍ഡ് പാര്‍ലമെന്റ്. പാര്‍ലമെന്റിനെക്കൂടാതെ നികുതി വര്‍ധിപ്പിക്കാന്‍ രാജാവിന് അവകാശമില്ലെന്ന് പുതിയ പാര്‍ലമെന്റ് അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്ന് ഈ ഹ്രസ്വകാല ആഡില്‍ഡ് പാര്‍ലമെന്റും പിരിച്ചുവിടപ്പെട്ടു (1614 ജൂണ്‍). പേരു സൂചിപ്പിക്കുന്നതുപോലെ അതൊരു നിഷ്പ്രയോജന പാര്‍ലമെന്റായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍