This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡിറ്റ് ബ്യൂറോ ഒഫ് സര്‍ക്കുലേഷന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഡിറ്റ് ബ്യൂറോ ഒഫ് സര്‍ക്കുലേഷന്‍സ്

The Audit Bureau of Circulations-ABC

പത്രപ്രസിദ്ധീകരണങ്ങളുടെ പ്രചാരവ്യാപ്തി തിട്ടപ്പെടുത്തി സര്‍ട്ടിഫിക്കറ്റു നല്കുന്ന സംഘടന. 'ആഡിറ്റ് ബ്യൂറോ ഒഫ് സര്‍ക്കുലേഷന്‍സ്' എന്ന പേരില്‍ ഈ സംഘടന വിവിധരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു; വിശേഷിച്ച് യു.എസ്., ബ്രിട്ടന്‍, ഇന്ത്യ എന്നിവിടങ്ങളില്‍. ഓരോ രാജ്യത്തിലെയും ബ്യൂറോകള്‍ പരസ്പരം ബന്ധപ്പെട്ടവയാണെങ്കിലും പ്രവര്‍ത്തനകാര്യങ്ങളില്‍ ഇവ തികച്ചും സ്വതന്ത്രങ്ങളാണ്. യാതൊരു കേന്ദ്രീകൃത നിയന്ത്രണത്തിനും അവ വിധേയമല്ല. ഓരോരോ ബ്യൂറോയും അതതുരാജ്യങ്ങളിലെ സവിശേഷതകള്‍ക്കനുരോധമായ പ്രവര്‍ത്തനശൈലികള്‍ സ്വീകരിക്കുന്നു. ബ്യൂറോയില്‍ അംഗങ്ങളായിച്ചേരുന്ന പ്രസിദ്ധീകരണങ്ങളുടെ വില്ക്കപ്പെടുന്ന പ്രതികള്‍ എത്രയെന്നു തിട്ടപ്പെടുത്തി, സര്‍ട്ടിഫിക്കറ്റുകള്‍ നല്കുകയെന്നതാണ് ഈ സംഘടനയുടെ പ്രധാന കര്‍ത്തവ്യം.

പ്രസാധകര്‍, പരസ്യദാതാക്കള്‍, പരസ്യ ഏജന്‍സികള്‍ എന്നിവരുള്‍ക്കൊള്ളുന്ന ആഡിറ്റ് ബ്യൂറോ ഒഫ് സര്‍ക്കുലേഷന്‍സ് 1948-ല്‍ ആണ് ഇന്ത്യയില്‍ സ്ഥാപിതമായത്. ഇതിന്റെ ആസ്ഥാനം മുംബൈയാണ്.

ബ്യൂറോയുടെ നയരൂപീകരണവും നടത്തിപ്പും തെരഞ്ഞെടുക്കപ്പെടുന്ന ഒരു മാനേജിങ് കൌണ്‍സിലില്‍ നിക്ഷിപ്തമായിരിക്കുന്നു. കൌണ്‍സില്‍ നിയോഗിക്കുന്ന നിര്‍വാഹകസമിതിയാണ് ദൈനംദിനഭരണം നടത്തുന്നത്.

പത്രങ്ങളുടെ പ്രചാരനിര്‍ണയനം സംബന്ധിച്ച് ഐകരൂപ്യമുള്ള ഒരു മാനദണ്ഡം ബ്യൂറോ ആവിഷ്കരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അംഗങ്ങളായ പത്രങ്ങള്‍ കണക്കുകളും മറ്റു രേഖകളും എഴുതി സൂക്ഷിക്കുന്നു. ബ്യൂറോയുടെ പരിശോധനയില്‍ ഈ കണക്കുകള്‍ ശരിയാണെന്നു ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ട പത്രങ്ങള്‍ക്ക് എ.ബി.സി. സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നു. സര്‍ട്ടിഫിക്കറ്റ് നല്കുന്ന കാര്യത്തില്‍ ഒരു പത്രത്തിന്റെ ആകെ അച്ചടിക്കുന്ന പ്രതികളില്‍ യഥാര്‍ഥമായി വില്ക്കപ്പെടുന്നവ മാത്രമേ കണക്കാക്കുകയുള്ളു.

ബ്യൂറോയുടെ സേവനം പ്രസാധകനും പരസ്യദാതാവിനും വായനക്കാരനും പ്രയോജനകരമാണ്. പ്രസാധകനു തന്റെ പ്രസിദ്ധീകരണത്തിന്റെ പ്രചാരവ്യാപ്തി സാക്ഷ്യപ്പെടുത്തിക്കിട്ടുന്നു. ഈ സാക്ഷിപത്രം പരസ്യദാതാവിന്റെ പരിഗണനയ്ക്കു വിധേയമാകുന്നു. പരസ്യം നല്കുന്ന പത്രത്തിന്റെ യഥാര്‍ഥസ്ഥിതിവിവരമാണ് പരസ്യദാതാവിനു ലഭിക്കുന്നത്. പരസ്യക്കാരുടെ അംഗീകാരത്തിലൂടെ പത്രത്തിന്റെ മൂല്യത്തെപ്പറ്റി മനസ്സിലാക്കാന്‍ വായനക്കാരനും ഇതുമൂലം കഴിയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍