This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡിറ്റോറിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഡിറ്റോറിയം

Auditorium

ആളുകള്‍ കൂട്ടമായി സംബന്ധിക്കുന്നതിനു സജ്ജമാക്കിയിട്ടുള്ള പൊതുകെട്ടിടങ്ങളിലെ ഹാളുകളെ അതായത് ആളുകള്‍ക്ക് ഇരിപ്പിടം സജ്ജീകരിച്ചിട്ടുള്ള ഭാഗത്തെ സൂചിപ്പിക്കുന്ന സാങ്കേതികപദം. നാടകശാലകള്‍, ഗാനമേളാശാലകള്‍, പ്രസംഗശാലകള്‍, സിനിമാശാലകള്‍, പള്ളികള്‍ ആദിയായവയിലെ ഇരിപ്പിടഭാഗമാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ആഡിറ്റോറിയം എന്ന വാക്കിന്റെ നിര്‍വചനം ഇങ്ങനെയാണെങ്കിലും, പ്രസംഗം, പാട്ടുകച്ചേരി ആദിയായ ശബ്ദപ്രധാനമായ ചടങ്ങുകള്‍ക്കു വേണ്ടി സജ്ജീകരിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ പൊതുവായി ഈ പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

നാടകങ്ങള്‍ ഒരേ സമയത്തു ദൃശ്യപ്രധാനവും ശ്രവ്യപ്രധാനവും ആയതുകൊണ്ട് നാടകശാലകള്‍ക്ക് ആഡിറ്റോറിയത്തിന്റെ പരിഗണനകള്‍ സംഗതമാണ്. സിനിമയും ടെലിവിഷന്‍ പരിപാടികളും എല്ലാം ഇപ്പോള്‍ സശബ്ദമായതുകൊണ്ട് അവയുടെ പ്രദര്‍ശനവേദികളും ഇക്കൂട്ടത്തില്‍പ്പെടുന്നു. ക്രൈസ്തവ-മുസ്ലിം പ്രാര്‍ഥനാലയങ്ങള്‍ സമൂഹപ്രാര്‍ഥനാവേദികളാണ്. അവിടെ പ്രസംഗങ്ങളും സംഗീതാത്മകമായ ശുശ്രൂഷകളും നടക്കാറുണ്ട്. ആഡിറ്റോറിയനിര്‍മാണത്തില്‍ പ്രസക്തമായ പല കാര്യങ്ങളും അവയുടെ നിര്‍മാണത്തിലും ശ്രദ്ധിക്കാനുണ്ടെങ്കിലും അവയെ ആഡിറ്റോറിയങ്ങളായി കരുതാറില്ല. കലാലയങ്ങളിലെ പ്രസംഗശാലകള്‍, സര്‍വകലാശാലകളിലെ കോണ്‍വൊക്കേഷന്‍ ഹാളുകള്‍, നഗരതലസ്ഥാനങ്ങളിലെ പൊതുയോഗമണ്ഡപങ്ങള്‍, സംഗീതക്കച്ചേരികളെ മുഖ്യലക്ഷ്യമാക്കിയുള്ള ഹാളുകള്‍ എന്നിവയെ സാമാന്യമായി ഉള്‍പ്പെടുത്തിയാണ് ആഡിറ്റോറിയം എന്ന പദം ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. അവയില്‍ത്തന്നെ അതിപ്രധാനമായ ഒരു വിഭാഗം പാട്ടുകച്ചേരികള്‍ നടത്താനുള്ള ഹാളുകളാണ്.

നിര്‍മാണപ്രശ്നങ്ങള്‍. ഒരു യോഗശാലയുടെ നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട പല സംഗതികളില്‍ പ്രധാനമായവ, അത് ഉപയോഗപ്പെടുത്തുന്ന ആളുകള്‍ക്ക് സുഗമമായി അവിടെ എത്തിച്ചേരുന്നതിനും പിരിഞ്ഞുപോകുന്നതിനും വേണ്ട സൗകര്യം ഉണ്ടാക്കുക, ചടങ്ങുകള്‍ എല്ലാവര്‍ക്കും സുഗമമായും സൗകര്യമായും ഇരുന്ന് സംബന്ധിക്കുന്നതിനു സൌകര്യപ്പെടുത്തുക, ചടങ്ങുകള്‍ എല്ലാവര്‍ക്കും സുഖമായി വീക്ഷിക്കുന്നതിനും കേള്‍ക്കാനുള്ളത് എല്ലാവര്‍ക്കും വ്യക്തമായി കേള്‍ക്കുന്നതിനും സൗകര്യം ഉണ്ടാക്കുക ആദിയായവയാണ്. അതിനാല്‍ സ്ഥാനനിര്‍ണയം, പരിസരസംവിധാനം, കെട്ടിടസംവിധാനം, ഇരിപ്പിടസംവിധാനം, വായുസഞ്ചാരക്രമീകരണം, താപസാഹചര്യനിയന്ത്രണം, പ്രകാശസംയമം, ശബ്ദാനുകൂലനം എന്നിവ ആഡിറ്റോറിയനിര്‍മാണത്തില്‍ പ്രത്യേകം ശ്രദ്ധേയങ്ങളാണ്.

സ്ഥാനനിര്‍ണയവും പരിസരസംവിധാനവും. ശരിയായ ഗതാഗതസൗകര്യങ്ങള്‍ ഉള്ള സ്ഥലത്തായിരിക്കണം ഒരു ആഡിറ്റോറിയം സ്ഥാപിക്കേണ്ടത്. പട്ടണങ്ങളിലെ കേന്ദ്രഭാഗങ്ങളിലോ, പ്രധാനപ്പെട്ട തെരുവുകളുടെ സമീപമോ ആഡിറ്റോറിയം പണിക്കഴിപ്പിക്കുന്നതു നന്നായിരിക്കും. നല്ല വെളിച്ചവും വായുസഞ്ചാരവും കിട്ടുക, അടുത്തുള്ള തെരുവില്‍നിന്നുള്ള ശബ്ദം, പൊടി ആദിയായവയില്‍നിന്നുമുള്ള ശല്യം തടയുക, പരിസരങ്ങളില്‍ തിരക്ക് ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങള്‍ പ്രാപിക്കാന്‍ കെട്ടിടങ്ങളുടെ ചുറ്റുമായി ധാരാളം സ്ഥലം തുറസ്സായി ഇടേണ്ടതുണ്ട്. മനോഹരങ്ങളായ മരങ്ങളും ചെടികളും ചുറ്റും വച്ചുപിടിപ്പിക്കുന്നതും വളരെ അഭികാമ്യമാണ്.

കെട്ടിടസംവിധാനവും ഇരിപ്പിടസംവിധാനവും. മേല്ക്കൂര താങ്ങാനായി നടുക്ക് തൂണുകളും ഇടഭിത്തികളും തടസ്സങ്ങളും ഉണ്ടാക്കിയാല്‍ കാഴ്ച മറയ്ക്കുമെന്നത് ഓര്‍ക്കേണ്ടതാണ്. ബാല്‍ക്കണികള്‍ ഉള്ള ശാലകളില്‍ അവയെ താങ്ങിനിര്‍ത്തുന്ന തൂണുകളും കാഴ്ചക്കാര്‍ക്ക് അസൌകര്യം ഉണ്ടാക്കും. നിര്‍മാണശാസ്ത്രപുരോഗതിയുടെ ഫലമായി തൂണുകള്‍ കൂടാതെ പ്രദര്‍ശനശാലകള്‍ നിര്‍മിക്കാന്‍ കഴിയുന്നതുകൊണ്ട് ഇത് ഒരു വലിയ പ്രശ്നമായി ഇപ്പോള്‍ അനുഭവപ്പെടുന്നില്ല.

കാഴ്ചയുടെ കാര്യത്തില്‍ ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യം പിന്നില്‍ ഇരിക്കുന്നവരുടെ കാഴ്ച മുന്നില്‍ ഇരിക്കുന്നവര്‍ മറയ്ക്കാതിരിക്കണം എന്നതാണ്. ഇതിനു പിന്നിലോട്ട് പിന്നിലോട്ട് തറ ഏകസമാനമായോ പടിപടിയായോ ഉയര്‍ത്തിക്കൊണ്ടു വരുന്ന സമ്പ്രദായമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. കേന്ദ്രസ്ഥാനത്തുനിന്നുള്ള ദൂരം വര്‍ധിക്കുന്തോറും കാഴ്ചയുടെ വ്യക്തത കുറഞ്ഞുവരുമല്ലോ. അതുകൊണ്ട് ആളുകളെ പ്രവേശിപ്പിക്കേണ്ട ശാലകളില്‍ ഹാളിന്റെ മൊത്തം വലുപ്പം വര്‍ധിപ്പിക്കാതെ, പല നിരകളിലുള്ള ബാല്‍ക്കണികള്‍ പണിത് വേണ്ട സൌകര്യങ്ങള്‍ ഉണ്ടാക്കാം. ഹാളിന്റെ പിന്നിലും രണ്ടു വശങ്ങളിലുമായി പടിപടിയായി കെട്ടി താഴ്ത്തിയോ, ഏകസമാനമായി മുമ്പോട്ട് ചരിഞ്ഞോ ഉള്ള ഒന്നോ അതിലധികമോ ബാല്‍ക്കണികള്‍ സംഘടിപ്പിച്ചിട്ടുള്ള സംഗീതശാലകളും സിനിമാതിയെറ്ററുകളും ഇന്നു ധാരാളമുണ്ട്.

വായുസഞ്ചാരക്രമീകരണവും താപസാഹചര്യനിയന്ത്രണവും. ശരിയായ വായുസഞ്ചാരക്രമീകരണം (ventilation) ആഡിറ്റോറിയങ്ങളില്‍ വളരെ ആവശ്യമാണ്. ഏതാണ്ടു മണിക്കൂറൊന്നിന് ഒരാള്‍ക്ക് 100 ഘ. മീ-ല്‍ കുറയാതെ ശുദ്ധവായുസഞ്ചാരം ആവശ്യമാണ്.

വലിയ ശാലകളില്‍ സ്വാഭാവിക വായുസഞ്ചാരം (natural ventilation) മതിയാകാത്തതിനാല്‍ കൃത്രിമമായി സൃഷ്ടിക്കുന്ന വായുസഞ്ചാരത്തെ (mechanical ventilation) ആശ്രയിക്കുന്നു. സാധാരണരീതിയിലുള്ള ഫാനുകള്‍ മച്ചുകളില്‍നിന്നും തൂക്കിയിട്ടിരുന്നാല്‍ പലപ്പോഴും അതു കാഴ്ചത്തടസ്സം സൃഷ്ടിക്കുന്നു. ആയതിനാല്‍ പുറംഭിത്തികളില്‍ ഘടിപ്പിച്ചാണ് ഫാനുകള്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ ഉപയോഗിക്കുന്ന ഫാനുകള്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നവയായിരിക്കണം. ചിലപ്പോള്‍ ഭിത്തികളിലും കൂരകളിലും നിര്‍വാതീകരണഫാനുകള്‍ (exhaust fans) കൂടി ഘടിപ്പിക്കുന്നത് വളരെ സൗകര്യമായിരിക്കും. ഇവ കൂടാതെ വലിയ ശാലകളില്‍ ഒരു വലിയ ഫാന്‍ പ്ലാന്റില്‍ (fan plant) നിന്നും ഹാളിന്റെ എല്ലാഭാഗത്തും ശരിയായി വായുസഞ്ചാരം ലഭിക്കത്തക്കവണ്ണം കുഴലുകള്‍വഴിയായി വായുസഞ്ചാരം ക്രമപ്പെടുത്തുന്നുണ്ട്. ആധുനികശാലകളില്‍ ഇങ്ങനെയുള്ള വായുസഞ്ചാരം ക്രമപ്പെടുത്തുന്നത് താപസാഹചര്യനിയന്ത്രണത്തോടുകൂടിയാണ്. ഹാളില്‍ ഇരിക്കുന്ന ആളുകളുടെ സുഖത്തിനായി വായുവിന്റെ ആര്‍ദ്രത (humidity), ചൂട് ആദിയായവ ക്രമപ്പെടുത്തുന്നതിനും വായുവിലെ മലിനവസ്തുക്കളെ ദൂരീകരിക്കുന്നതിനും വേണ്ട സജ്ജീകരണങ്ങളാണുള്ളത്.

പ്രകാശസംയമം. ആഡിറ്റോറിയങ്ങളില്‍ സ്റ്റേജില്‍ നിന്നുള്ള വെളിച്ചത്തിന്റെ (stage light) ക്രമീകരണം വളരെ പ്രധാനപ്പെട്ട സംഗതിയാണ്. സ്റ്റേജില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് അസുഖകരമാവാത്ത രീതിയിലും, എന്നാല്‍ അവര്‍ക്ക് ഉചിതമായ വെളിച്ചം കിട്ടത്തക്ക വിധത്തിലും ഇതു ക്രമപ്പെടുത്തേണ്ടതാണ്.കൂടാതെ ആളുകള്‍ക്ക് ഇരിപ്പിടങ്ങളിലേക്ക് എത്തത്തക്കവിധത്തില്‍ ഹാളിനുള്ളിലും പ്രകാശം ലഭിക്കേണ്ടതാണ്. കവാടങ്ങളുടെ അടുത്ത് പ്രത്യേകിച്ചും വിളക്കുകള്‍ സംവിധാനം ചെയ്യേണ്ടതാണ്. ഹാളിനെ മോടിപിടിപ്പിക്കത്തക്ക വിധത്തില്‍ പൊതുവേ പ്രകാശസംവിധാനം നടത്തുന്നത് ഉചിതമായിരിക്കും.

ശബ്ദാനുകൂലനം. സുഗമമായ ശ്രവണസൗകര്യം ആഡിറ്റോറിയത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാണ്. ഗാനമേള, പ്രസംഗം ആദിയായവ ഹാളിന്റെ എല്ലാ ഭാഗത്തും അനായാസമായും വ്യക്തമായും കേള്‍ക്കാനുള്ള സജ്ജീകരണമാണാവശ്യം.

ഒരു പ്രസംഗകന്‍ സംസാരിക്കുമ്പോള്‍ ഓരോ അക്ഷരവും വ്യക്തമായി ഹാളിന്റെ എല്ലാ ഭാഗത്തും കേള്‍ക്കത്തക്കവണ്ണം ഉച്ചമായിരിക്കുകയും പൊടുന്നനേ അടുത്ത അക്ഷരം ശ്രവിക്കത്തക്കവണ്ണം തൊട്ടുമുന്‍പുള്ള ശബ്ദം നശിക്കുകയും ചെയ്യുകയാണ് പ്രസംഗശാലകളെ സംബന്ധിച്ചുള്ള ശബ്ദാനുകൂലനംകൊണ്ട് സാധിക്കേണ്ടത്. ഒരു ഗാനം ആലപിക്കുമ്പോള്‍ അതിന്റെ ഒരു കൂട്ടം നോട്ടുകള്‍ (notes) ഹാളില്‍ ഇരിക്കുന്ന എല്ലാവരുടെയും ശ്രവണപുടത്തില്‍ വ്യക്തമായി പതിഞ്ഞയുടന്‍തന്നെ അടുത്ത കൂട്ടം ശരിയായി ശ്രവിക്കത്തക്കവണ്ണം മുന്‍പുള്ള നോട്ടുകള്‍ മറഞ്ഞിരിക്കേണ്ടതാണ്. ഒരു ആഡിറ്റോറിയത്തിലെ സ്റ്റേജില്‍നിന്നും പുറപ്പെടുന്ന ശബ്ദവീചികള്‍ പാഞ്ഞുചെന്ന് ഹാളിന്റെ എല്ലാ ഭിത്തികളിലും തട്ടുകയും ഉടന്‍തന്നെ പ്രതിഫലിക്കുകയുമാണ് സാധാരണ സംഭവിക്കാറുള്ളത്. പ്രതിഫലിച്ചുവരുന്ന വീചികള്‍ ഒരു പരിധിക്കപ്പുറം വൈകിയാണ് ശ്രവണേന്ദ്രിയങ്ങളില്‍ എത്തുന്നതെങ്കില്‍ പ്രതിധ്വനി മൂലം കേള്‍വി സ്ഫുടമാകാതെ പോകുന്നു. പതിനേഴ് മീ.-ല്‍ കൂടുതല്‍ നീളമുള്ള ഹാളുകളില്‍ ശബ്ദപ്രതിപതനം മൂലം സ്ഫുടത നഷ്ടപ്പെടുന്നതിനാല്‍ ശബ്ദവീചികളെ വേണ്ടത്ര അവശോഷണം ചെയ്യത്തക്കവിധത്തില്‍ സജ്ജീകരണം ആവശ്യമാണ്. ഫര്‍ണിച്ചര്‍, ഹാളിലുള്ള ആളുകള്‍ എന്നിവയെല്ലാം ശബ്ദം അവശോഷണം ചെയ്യുമെങ്കിലും പ്രധാനമായും ഭിത്തികള്‍, മച്ച്, തറ ആദിയായവയ്ക്കുപയോഗിക്കുന്ന നിര്‍മാണവസ്തുക്കളെയും നിര്‍മാണരീതിയെയും ആശ്രയിച്ചാണ് ഒരു ഹാളിലെ ശബ്ദസ്ഫുടത ക്രമപ്പെടുത്തുവാന്‍ സാധിക്കുന്നത്. ഗാനങ്ങള്‍ ശ്രവിക്കുന്നതിന് പ്രഭാഷണത്തെക്കാള്‍ കൂടുതല്‍ അനുരണന (reverberation) സ്വഭാവമുള്ള ഹാളുകളാണ് നല്ലത്. ഒരു ശാല തന്നെ പലപല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ ശബ്ദാനുകൂലനം വേണ്ടത്ര തൃപ്തികരമാക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും അനുരണനം കുറയ്ക്കേണ്ട സന്ദര്‍ഭങ്ങളില്‍ നല്ല തിരശ്ശീലകളും മറ്റും ഉപയോഗിച്ച് കുറെയെല്ലാം ശബ്ദം അവശോഷണം ചെയ്യുവാന്‍ സാധിക്കും.

ഒരു ഹാളിലെ ശബ്ദസ്ഫുടതയ്ക്കു പ്രതിപതനം ഉപകാരപ്രദവുംകൂടിയാണ്. ശരിരായ വിധത്തില്‍ സംവിധാനം നടത്തിയാല്‍ പ്രതിപതിച്ചു വരുന്ന ശബ്ദം നേരിട്ട് കിട്ടുന്ന ശബ്ദവുമായി ചേര്‍ന്ന് ശക്തമാക്കുവാന്‍ സാധിക്കുന്നതാണ്. ആയതിനാല്‍ ആഡിറ്റോറിയങ്ങളുടെ സംവിധാനത്തില്‍ ശബ്ദപ്രതിഫലനവും അവശോഷണവും തമ്മിലുള്ള ഒരു അനുരഞ്ജനമാണ് പലപ്പോഴും ആവശ്യം.

സാധാരണമായി വലിയ ഹാളുകളില്‍ ഉച്ചഭാഷിണി ഘടിപ്പിച്ച് ശബ്ദം ശക്തമാക്കുക പതിവാണ്. ശബ്ദം പ്രത്യേക ഭാഗങ്ങളില്‍ കേന്ദ്രീകരിക്കാതിരിക്കുന്നതിനും, ഭിത്തി, മച്ച് ആദിയായവയില്‍ നിന്നും പ്രതിഫലിച്ച് ശബ്ദകോലാഹലം ഉണ്ടാകാതിരിക്കത്തക്കവിധത്തിലും ഉച്ചഭാഷിണിയുടെ സ്ഥാനം വളരെ സൂക്ഷ്മമായി നിര്‍ണയിക്കേണ്ടതാണ്.

ചില പ്രധാനപ്പെട്ട ആഡിറ്റോറിയങ്ങള്‍. ഒരു ആഡിറ്റോറിയത്തിലെ ഇരിപ്പിടങ്ങളുടെ എണ്ണത്തോട് ബന്ധപ്പെടുത്തിയാണ് അതിന്റെ വലുപ്പം സാധാരണയായി അറിയപ്പെടുന്നത്. ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു:

വിജ്ഞാനഭവന്‍, ന്യൂഡല്‍ഹി:

വിജ്ഞാന്‍ഭവനില്‍ വലിയ ഒരു അസംബ്ലിഹാളും സെമിനാറുകളും കോണ്‍ഫറന്‍സുകളും നടത്താനുള്ള പല ചെറിയ കോണ്‍ഫറന്‍സ് മുറികളും ഉണ്ട്. അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍ നടത്തുമ്പോള്‍ പ്രസംഗം പല ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. ഓരോ സീറ്റിനടുത്തും പ്രസംഗിക്കുന്നതിനുള്ള മൈക്കും, പരിഭാഷപ്പെടുത്തിയ പ്രസംഗം കേള്‍ക്കുന്നതിനു വേണ്ട ഇയര്‍ഫോണും സജ്ജീകരിച്ചിട്ടുണ്ട്.

കേരളത്തിലെ ചില ആഡിറ്റോറിയങ്ങളുടെ പേരുകള്‍ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു. ഏതാണ്ട് 700 മുതല്‍ 1400 വരെ ആളുകള്‍ക്ക് ഇരിക്കുവാന്‍ സൗകര്യപ്പെടുത്തിയിട്ടുള്ളവയാണ് ഇവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍