This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡിയോമീറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഡിയോമീറ്റര്‍

Audiometer

ശ്രവണശേഷി അളക്കാനുള്ള ഉപകരണം. സ്വന(tone) സങ്കേതങ്ങളോ (tone signals) വാമൊഴി സങ്കേതങ്ങളോ (speech signals) ഉപയോഗിച്ചാണ് അളക്കുന്നത്. അളവുരീതി അനുസരിച്ച് ആഡിയോമീറ്ററുകള്‍ രണ്ടുതരത്തിലുണ്ട്; ശുദ്ധടോണ്‍ (pure-tone) ആഡിയോമീറ്റര്‍, വാമൊഴി (speech) ആഡിയോമീറ്റര്‍.

ശുദ്ധ ടോണ്‍ ആഡിയോമീറ്റര്‍. ആധുനിക രീതിയിലുള്ള ഇത്തരം ആഡിയോമീറ്ററിനു മൂന്നു പ്രധാന ഭാഗങ്ങളുണ്ട്: ആവശ്യമായ ആവൃത്തികളില്‍ പ്രത്യാവര്‍ത്തി (alternating) കറന്റ് ഉത്പാദിപ്പിക്കാനുള്ള ഒരു ഇലക്ട്രോണിക ദോലകം (Electronic oscillator), ക്ഷീണകാരി(Attenuator)യോടുകൂടിയ ഒരു പ്രവര്‍ധകം (Amplifier), കേള്‍വിക്കാരന്റെ ചെവിയിലേക്കു ശബ്ദം പകരുന്ന ഒരു ശ്രവണ സഹായി (Earphone). പുറം ചെവി(Quter ear)യുടെ നാളിയിലുള്ള വായുവിലൂടെ ശബ്ദം അകംചെവിയിലെത്തുന്ന തരം ശ്രവണസഹായികള്‍ ഉണ്ട്; മറ്റൊരുതരത്തില്‍ എല്ലിലൂടെയാണ് ശബ്ദം സംക്രമിക്കപ്പെടുന്നത്.

ഓരോ ആവൃത്തിയിലും ആഡിയോമീറ്റര്‍ നല്കുന്ന സൂചന ഒരു പ്രാമാണിക നിലവാരത്തോടു താരതമ്യപ്പെടുത്തി ഡെസിബല്‍ (decibel : d B- ശബ്ദത്തിന്റെ ഒരു മാത്ര) ആയി അംശാങ്കനം (caibration) ചെയ്യപ്പെടുന്നു. ഒരു ചെവിയുടെ ശ്രവണശേഷിയും പ്രാമാണിക ശ്രവണശേഷിയും തമ്മിലുള്ള വ്യത്യാസത്തെ ആ ചെവിയുടെ ശ്രവണഭംഗം (hearing loss) എന്നു പറയുന്നു. ആഡിയോമീറ്ററിന് രണ്ടു പ്രധാന നിയന്ത്രകങ്ങള്‍ ഉണ്ട്: ആവൃത്തിനിയന്ത്രകം, ശ്രവണനിയന്ത്രകം. ഏതെങ്കിലും പ്രത്യേക പരിശോധനാടോണ്‍ (test tone) തിരഞ്ഞെടുക്കുന്നതിനുവേണ്ടിയാണ് ആവൃത്തി നിയന്ത്രകം. പരിശോധനാടോണിന്റെ തീവ്രത (intensity) പൊരുത്തപ്പെടുത്തുന്നതിനു വേണ്ടിയാണ് ശ്രവണഭംഗനിയന്ത്രകം. അനാവശ്യമായ മറ്റു ശബ്ദങ്ങള്‍ ഇടപെടാതെ സൂക്ഷിക്കാനുള്ള ഒരു സംവിധാനംകൂടി ഉണ്ട്.

ശ്രവണഭംഗം തിരിച്ചറിയാനും അതു ഭേദപ്പെടുത്താന്‍ വേണ്ട ചികിത്സ നിര്‍ദേശിക്കാന്‍ സഹായകമായ ആഡിയോഗ്രാം (ആവൃത്തിയും ശ്രവണഭംഗവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ആരേഖം) സൃഷ്ടിക്കാനും ചികിത്സാനന്തരമാറ്റം കണക്കാക്കാനും ആഡിയോമീറ്റര്‍ പരിശോധന പ്രയോഗിച്ചുവരുന്നു.

വാമൊഴി ആഡിയോമീറ്റര്‍. മൈക്രോഫോണ്‍ അല്ലെങ്കില്‍ ഗ്രാമഫോണ്‍ വഴി വരുന്ന വാമൊഴികൊണ്ടാണ് ഇത്തരം ആഡിയോമീറ്ററുകളില്‍ ഉത്തേജനം (stimulus) സൃഷ്ടിക്കുന്നത്. ശബ്ദത്തിന്റെ ആയതനം (sound volume) സൂചിപ്പിക്കുന്ന ഒരു മീറ്റര്‍ ഇതില്‍ ഉണ്ടായിരിക്കും. സ്ഥിരമായ തീവ്രത പാലിച്ചുകൊണ്ട് സംസാരിക്കുമ്പോള്‍ ആയതനത്തിനുവരുന്ന ഏറ്റക്കുറച്ചിലുകള്‍ ഈ മീറ്ററില്‍ കാണാം. സാധാരണ വാമൊഴിപോലും കേള്‍ക്കാന്‍ കഴിയാത്ത ശ്രവണഭംഗം, വകതിരിച്ചു മനസ്സിലാക്കാനുള്ള കഴിവില്ലായ്മ എന്നിവ കണ്ടുപിടിക്കാനാണ് ഇതു പ്രയോജനപ്പെടുത്തുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍