This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡംസ് ബ്രിഡ്ജ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഡംസ് ബ്രിഡ്ജ്

Adam's Bridge

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയ്ക്കുള്ള ഇടുങ്ങിയ കടലില്‍ ഇന്ത്യന്‍ തീരത്തുള്ള രാമേശ്വരം ദ്വീപില്‍ ആരംഭിച്ച് ലങ്കാതീരത്തിനടുത്തുള്ള മന്നാര്‍ദ്വീപുവരെ ഏതാണ്ട് 48 കി. മീ. ദൂരത്തില്‍ ഇടവിട്ടുയര്‍ന്ന് കാണുന്ന മണല്‍ത്തിട്ട്. ഇതിനെ രാമന്‍പാലം (രാമന്‍സേതു) എന്നു വിളിച്ചുവരുന്നു. ഈ മണല്‍ത്തിട്ട് ഇടയ്ക്കിടെ മാത്രമേ ജലനിരപ്പിനു മുകളില്‍ എഴുന്നു നില്ക്കുന്നുള്ളുവെങ്കിലും ഇതിന് ഒരു അണക്കെട്ടുപോലെ തുടര്‍ച്ചയുള്ളതായി മനസ്സിലാക്കാം. ഇത് വേലിയേറ്റസമയങ്ങളില്‍ പൂര്‍ണമായും വെള്ളത്തിലാണ്ടുപോകുന്നു. ഇത് പ്രകൃതിദത്തമാണോ മനുഷ്യനിര്‍മിതമാണോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. 1480-ലെ കടലാക്രമണത്തിനു മുന്‍പുവരെ ഈ ഭാഗത്ത് ഇന്ത്യയെ ശ്രീലങ്കയുമായി ബന്ധിക്കുന്ന ഒരു കരമാര്‍ഗം നിലവിലുണ്ടായിരുന്നതായി ചില ചരിത്രകാരന്‍മാരും ഭൂമിശാസ്ത്രജ്ഞന്‍മാരും കരുതുന്നു.

ലങ്കയിലേക്കു പോകാന്‍ വാനരസൈന്യത്തെക്കൊണ്ട് ശ്രീരാമന്‍ കെട്ടിച്ചുണ്ടാക്കിയതായി രാമായണത്തില്‍ വിവരിച്ചിട്ടുള്ള 'സേതു'വാണ് ഇതെന്നു ഹൈന്ദവ ഭക്തന്‍മാര്‍ വിശ്വസിക്കുന്നു. ഇക്കാരണത്താല്‍ രാമന്‍പാലവും അടുത്തുള്ള രാമേശ്വരം ക്ഷേത്രവും പുണ്യതീര്‍ഥമായി ഗണിക്കപ്പെടുന്നു. രാമസേതുവിനെ മുറിച്ചുകടന്നുപോകുന്ന ഒരു കപ്പല്‍പ്പാത നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനം (2007) ഇക്കൂട്ടരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നോ: രാമേശ്വരം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍