This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡംസ്, ഹെന്‍റി ബ്രൂക്സ് (1838 - 1918)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:39, 22 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആഡംസ്, ഹെന്‍റി ബ്രൂക്സ് (1838 - 1918)

Adams,Henry Brooks

യു.എസ്. ചരിത്രകാരനും നോവലിസ്റ്റും. യു.എസ്. പ്രസിഡന്റ് ജോണ്‍ ക്വിന്‍സി ആഡംസിന്റെ (1767-1848) പൗത്രന്‍; ചാള്‍സ് ഫ്രാന്‍സിസ് ആഡംസിന്റെ മകനായി 1838 ഫെ. 16-ന് ബോസ്റ്റണില്‍ ജനിച്ചു. 1858-ല്‍ ഹാര്‍വാഡില്‍നിന്നും ബിരുദം നേടി; തുടര്‍ന്ന് രണ്ടു വര്‍ഷക്കാലം ജര്‍മനിയില്‍ നിയമപഠനം നടത്തി. ലണ്ടനിലെ യു.എസ്. നയതന്ത്രപ്രതിനിധിയായിരുന്ന പിതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ആഡംസ് സേവനം അനുഷ്ഠിച്ചു. ഹാര്‍വാഡില്‍ ചരിത്രാധ്യാപകനായി (1870-77) ജോലി നോക്കി. ആംഗ്ലോ-സാക്സണ്‍ നിയമത്തെ ആധാരമാക്കി ഒരു ലേഖനസമാഹാരം (Essays in Anglo-Saxon Law) 1876-ല്‍ പ്രസിദ്ധീകരിച്ചു; ആല്‍ബര്‍ട്ട് ഗല്ലറ്റില്‍, ജോണ്‍ റാള്‍ഫ് എന്നിവരുടെ ജീവചരിത്രങ്ങള്‍ എഴുതി (1879, 1882); ഡെമോക്രസി (1880), എസ്തര്‍ (1884) എന്നിങ്ങനെ രണ്ടു നോവലുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. യു.എസ്സിലെ കക്ഷിരാഷ്ട്രീയമാണ് ഡെമോക്രസിയുടെ പ്രമേയം; ശാസ്ത്രവും മതവും തമ്മിലുള്ള സംഘട്ടനമാണ് എസ്തറിലെ പ്രതിപാദ്യം. രണ്ടു കൃതികളും തൂലികാനാമം വച്ചാണ് പ്രസിദ്ധീകരിച്ചത്. ചരിത്രഗ്രന്ഥങ്ങളാണ് ആഡംസിന്റെ അനശ്വരസ്മാരകങ്ങള്‍. തോമസ് ജെഫേഴ്സന്‍ (1743-1826), ജയിംസ് മാഡിസന്‍ (1751-1836) എന്നിവരുടെ ഭരണകാലത്തെ (1801-1817) യു.എസ്സിന്റെ ചരിത്രം (History of the United States During the Administration of Jefferson and Madison ) ഇദ്ദേഹം ഒന്‍പതു വാല്യങ്ങളിലായി (1884-89) രചിച്ചു. മധ്യകാല ഐക്യത്തിന്റെ പ്രതിരൂപമായി കന്യാമറിയത്തെ ചിത്രീകരിച്ചുകൊണ്ട് ഇദ്ദേഹം ബൃഹത്തായ ഒരു ഗ്രന്ഥം രചിച്ചു. (Mount Saint Michael and Charters;A Study in Thirteeth Century Unity, 1904). 20-ാം ശ.-ത്തിലെ യന്ത്രവത്കരണത്തെയും പൊരുത്തക്കേടുകളെയും സങ്കീര്‍ണതയെയും പശ്ചാത്തലമാക്കി രചിക്കപ്പെട്ട മറ്റൊരു കൃതിയാണ് ദി എഡ്യൂക്കേഷന്‍ ഓഫ് ഹെന്‍റി ആഡംസ്; എ സ്റ്റഡി ഒഫ് ട്വല്‍ത്ത് സെഞ്ച്വറി മള്‍ട്ടിപ്ളിസിറ്റി (1907).

1918-ല്‍ വാഷിങ്ടണില്‍ ആഡംസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍