This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡംസ്, ജോണ്‍ (1735 - 1826)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഡംസ്, ജോണ്‍ (1735 - 1826)

Adams,John

യു.എസ്സിലെ രണ്ടാമത്തെ പ്രസിഡന്റും ആദ്യത്തെ വൈസ് പ്രസിഡന്റും. മാസാച്ചുസെറ്റ്സിലെ ക്വിന്‍സിയില്‍ 1735 ഒ. 30-ന് ഒരു കര്‍ഷകനായ ജോണിന്റെയും സൂസന്ന ബോയില്‍സ്റ്റണിന്റെയും പുത്രനായി ജനിച്ചു. 1755-ല്‍ ഹാര്‍വര്‍ഡ് കോളജില്‍നിന്നും ബിരുദം സമ്പാദിച്ച ആഡംസ് കുറച്ചുകാലം വൂസ്റ്റിലെ ഒരു വിദ്യാലയത്തില്‍ ആധ്യാപകവൃത്തി നോക്കി; അതിനിടയ്ക്കു നിയമപഠനം തുടരുകയും ചെയ്തു. 1758-ല്‍ ബോസ്റ്റണില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. ബാല്യം മുതല്‍ക്കേ സാഹിത്യരചനയില്‍ ആഡംസിനു താത്പര്യം ഉണ്ടായിരുന്നു. മാസാച്ചുസെറ്റ്സിലെ സുപ്പീരിയര്‍ കോര്‍ട്ടില്‍ ജെയിംസ് ഓട്ടിസ് (1725-83) നടത്തിയ വാദത്തെക്കുറിച്ച് ആഡംസ് എഴുതിയ റിപ്പോര്‍ട്ട് പ്രാധാന്യം അര്‍ഹിക്കുന്നു; ഈ സംഭവം അമേരിക്കന്‍ കോളനികളുടെ കാര്യത്തില്‍ വിദേശീയര്‍ക്കു താത്പര്യം ജനിക്കാന്‍ കാരണമായി. ഇതോടുകൂടി മാസാച്ചുസെറ്റ്സിലെ വിഗ്ഗു നേതാവെന്ന നിലയില്‍ ആഡംസ് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങിയിരുന്നു. 1764 ഒ.-ല്‍ വെയ്മത്തിലെ അബിഗെയില്‍ സ്മിത്തി (1744-1818)നെ ആഡംസ് വിവാഹം ചെയ്തു.

ജോണ്‍ ആഡംസ്

1765 ആഗ.-ല്‍ സ്റ്റാമ്പുനികുതിക്കെതിരായി ജോണ്‍ ആഡംസ് നാല് ലേഖനങ്ങള്‍ പേരുവയ്ക്കാതെ ബോസ്റ്റണ്‍ ഗസറ്റില്‍ എഴുതിയത് സാരമായ രാഷ്ട്രീയ ചലനങ്ങള്‍ക്ക് ഇടയാക്കി. 1768-ല്‍ ഇദ്ദേഹം താമസം ബോസ്റ്റണിലേക്കു മാറ്റി. 1769-ല്‍ ഇദ്ദേഹം മാസാച്ചുസെറ്റ്സ് ജനപ്രതിനിധി സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1774 മുതല്‍ '78 വരെ കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന ആഡംസ് 1775 ജൂണില്‍ ജോര്‍ജ് വാഷിങ്ടണെ യു.എസ്. സര്‍വസൈന്യാധിപനാക്കുന്നതില്‍ മുന്‍കൈയെടുത്തു.

റിച്ചേര്‍ഡ് ഹെന്‍റി ലീ (1756-1818) കോളനികള്‍ക്കു സ്വാതന്ത്ര്യം വേണമെന്ന പ്രമേയം അവതരിപ്പിച്ചപ്പോള്‍ അതിനെ പിന്താങ്ങിയത് (1776 ജൂണ്‍ 7) ആഡംസായിരുന്നു. സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കാന്‍ നിയുക്തമായ കമ്മിറ്റിയില്‍ ജെഫേഴ്സണ്‍ (1743-1826), ഫ്രാങ്ക്ളിന്‍ (1706-90), ലിവിംഗ്സ്റ്റണ്‍ (1746-1813), ഷെര്‍മാന്‍ (1820-91) എന്നിവരോടൊപ്പം ആഡംസും അംഗമായിരുന്നു. ബോര്‍ഡ് ഒഫ് വാര്‍ ആന്‍ഡ് ഓര്‍ഡ്നന്‍സിന്റെ തലവനായിരുന്ന ഇദ്ദേഹം പല വിദഗ്ധ കമ്മിറ്റികളിലും അംഗമായി സേവനം അനുഷ്ഠിച്ചിരുന്നു. സൈലാസ്ഡീന്‍ കമ്മിഷനെ മറികടക്കാന്‍ 1778-ല്‍ ആഡംസ് ഫ്രാന്‍സിലെത്തി. പക്ഷേ, ഇദ്ദേഹം എത്തുമ്പോഴേക്കും സന്ധി നടന്നുകഴിഞ്ഞിരുന്നു. മാസാച്ചുസെറ്റ്സ് ഭരണഘടന (1780) നിലവില്‍ വരാന്‍ പ്രേരകമായ കണ്‍വെന്‍ഷനില്‍ ആഡംസും അംഗമായിരുന്നു. ബ്രിട്ടനുമായി ഒരു സമാധാനസന്ധിയും വാണിജ്യക്കരാറും ഉണ്ടാക്കാന്‍ 1776 സെപ്. 27-നു ആഡംസ് പ്രത്യേക പ്രതിനിധിയായി യൂറോപ്പിലേക്കു പോയി. ബ്രിട്ടീഷ് അമേരിക്കന്‍ തീരങ്ങളില്‍ മത്സ്യം പിടിക്കാനുള്ള അവകാശം യു.എസ്സിനാണെന്ന് ആഡംസ് വാദിച്ചു. ബ്രിട്ടനിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍മൂലം യു.എസ്സിന് അനുകൂലമായ സന്ധിയുണ്ടാക്കാന്‍ ആഡംസിനു കഴിഞ്ഞു (1782 ഏ. 19). യു.എസ്സിനെ പരമാധികാരരാജ്യമാക്കി അംഗീകരിപ്പിക്കാന്‍ ഹേഗില്‍ നടത്തിയ ഇദ്ദേഹത്തിന്റെ ശ്രമങ്ങളും വിജയിച്ചു; ഫ്രാന്‍സുമായി യു.എസ്സിന് അനുകൂലമായ ഒരു സന്ധിയിലൊപ്പുവയ്പിക്കാനും ആഡംസിനു സാധിച്ചു.

1785-ല്‍ ബ്രിട്ടനിലെ ആദ്യത്തെ യു.എസ്. സ്ഥാനപതിയായി ആഡംസ് നിയമിതനായി. ലണ്ടനില്‍വച്ച് 1787-ല്‍ ഇദ്ദേഹം യു.എസ്. ഭരണഘടനയെപ്പറ്റി എ ഡിഫന്‍സ് ഒഫ് ദ് കോണ്‍സ്റ്റിറ്റ്യൂഷന്‍സ് ഒഫ് ദ് ഗവണ്‍മെന്റ് ഒഫ് ദ് യുനൈറ്റഡ് സ്റ്റെയ്റ്റ്സ് എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. യു.എസ്സിലെ സ്റ്റേറ്റ് ഗവണ്‍മെന്റുകളെ പലരും വിമര്‍ശിച്ചുകൊണ്ടെഴുതിയതിന് ഒരു മറുപടിയായിരുന്നു അത്. 1789-ല്‍ യു.എസ്. വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആഡംസ് 1796 വരെ ആ പദവിയിലിരുന്നു. ഗവണ്‍മെന്റിന്റെ നയങ്ങളിലുണ്ടായ ഭിന്നതമൂലം പാര്‍ട്ടി ഭിന്നിക്കുകയും ഫെഡറലിസ്റ്റുകള്‍, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്കന്‍മാര്‍ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകള്‍ നിലവില്‍ വരികയും ചെയ്തു. ഫെഡറലിസ്റ്റ് നേതാക്കന്‍മാരില്‍ ഒരാളായിരുന്നു ആഡംസ്. വീണ്ടും പ്രസിഡന്റാകാന്‍ ജോര്‍ജ് വാഷിങ്ടണ്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 1796-ല്‍ ആഡംസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1800 വരെ തത്സ്ഥാനത്ത് തുടര്‍ന്നു. ആ വര്‍ഷം നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജെഫേഴ്സന്‍ ആഡംസിനെ പരാജയപ്പെടുത്തി. ഈ പരാജയംമൂലം ജോണ്‍ ആഡംസ് പൊതുജീവിതത്തില്‍നിന്നും വിരമിച്ചു. ക്വിന്‍സിയില്‍ 1826 ജൂല. 4-ന് ജോണ്‍ ആഡംസ് അന്തരിച്ചു. യു.എസ്സിലെ 6-ാമത്തെ പ്രസിഡന്റ് ജോണ്‍ ക്വിന്‍സി ആഡംസ് (1767-1848) ഇദ്ദേഹത്തിന്റെ മൂത്തപുത്രനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍