This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡംസ്, ജോണ്‍ ക്വിന്‍സി (1767 - 1848)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഡംസ്, ജോണ്‍ ക്വിന്‍സി (1767 - 1848)

Adams,John Quincy

യു.എസ്സിലെ ആറാമത്തെ പ്രസിഡന്റ്. യു.എസ്സിലെ രണ്ടാമത്തെ പ്രസിഡന്റായ ജോണ്‍ ആഡംസിന്റെയും (1735-1826) അബിഗെയിലി (1744-1818) ന്റെയും പുത്രനായി, മാസാച്ചുസെറ്റ്സിലെ ക്വിന്‍സി (ബ്രെയിന്‍ട്രി) യില്‍ 1767 ജൂല. 11-ന് ജനിച്ചു. ഒരു നയതന്ത്ര ഉദ്യോഗസ്ഥനായി പിതാവ് യൂറോപ്പിലേക്കു പോയപ്പോള്‍ 10 വയസ്സായ ക്വിന്‍സി ആഡംസും അദ്ദേഹത്തെ അനുഗമിച്ചു. പാരിസിലെ ഒരു സ്വകാര്യവിദ്യാലയത്തില്‍ച്ചേര്‍ന്നു ഫ്രഞ്ചുഭാഷ പഠിച്ചു; തുടര്‍ന്നു ഡച്ചുഭാഷയില്‍ സാമാന്യജ്ഞാനവും നേടി. 14-ാമത്തെ വയസ്സില്‍ ലെയിഡന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് റഷ്യന്‍ സ്ഥാനപതിയായി നിയമിതനായ ഫ്രാന്‍സിസ് ഡാനയോ(1743-1811)ടൊപ്പം സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും ദ്വിഭാഷിയായും ആഡംസ് റഷ്യയിലേക്കു പോയത്. ഒരു വര്‍ഷത്തിനുശേഷം പാരിസില്‍ മടങ്ങിയെത്തി. അമേരിക്കന്‍ സ്വാതന്ത്ര്യസമരാനന്തരം, അവിടെവച്ച് നടന്ന സമാധാനസമ്മേളനങ്ങളില്‍ പങ്കെടുത്ത അമേരിക്കന്‍ കമ്മിഷണര്‍മാരെ ഇദ്ദേഹം അനൗദ്യോഗികമായി സഹായിച്ചു. 1787-ല്‍ ഹാര്‍വേര്‍ഡ് കോളജില്‍ ചേര്‍ന്ന് ബിരുദം നേടുകയും 1790-ല്‍ ബോസ്റ്റണില്‍ അഭിഭാഷകനായി ജീവിതം ആരംഭിക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും വര്‍ത്തമാനപത്രങ്ങളിലും ലേഖനങ്ങളെഴുതിത്തുടങ്ങി. നിഷ്പക്ഷതാനയത്തെ അനുകൂലിച്ചുകൊണ്ട് ക്വിന്‍സി ആഡംസെഴുതിയ ലേഖനം വാഷിങ്ടനെ ആകര്‍ഷിച്ചു. അതിനാല്‍ വാഷിങ്ടണ്‍ 1794 മേയില്‍ ആഡംസിനെ നെതര്‍ലന്‍ഡിലെ യു.എസ്. സ്ഥാനപതിയായി നിയമിച്ചു. 1796-ല്‍ പോര്‍ച്ചുഗലിലെ സ്ഥാനപതിയായി ആഡംസിനെ മാറ്റി; ആ വര്‍ഷം തന്റെ പിതാവ് ജോണ്‍ ആഡംസ് യു.എസ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ, ആഡംസിനെ ബര്‍ലിനിലേക്ക് സ്ഥലംമാറ്റി നിയമിച്ചു. തുടര്‍ന്ന് അദ്ദേഹം പ്രഷ്യയിലെ സ്ഥാനപതിയായി. 1797 ജൂല. 26-ന് ലണ്ടനില്‍വച്ച് ആഡംസ്, ലൂയിസ കാതറിന്‍ ജോണ്‍സ(1775-1852)നെ വിവാഹം ചെയ്തു.

ജോണ്‍ ക്വിന്‍സി ആഡംസ്

1803-ല്‍ മാസാച്ചുസെറ്റ്സ് നിയമസഭ, ഇദ്ദേഹത്തെ യു.എസ്. സെനറ്റംഗമായി തെരഞ്ഞെടുത്തു. 1808 വരെ തത്സ്ഥാനത്ത് തുടര്‍ന്നു. ഹാര്‍വേര്‍ഡ് കോളജില്‍ ഭാഷാശാസ്ത്രത്തിന്റെ ബോയ് ല്‍സ്റ്റണ്‍ പ്രൊഫസറായി 1806 മുതല്‍ 1809 വരെ ഇദ്ദേഹം സേവനം ചെയ്തിരുന്നു. 1809-ല്‍ പ്രസിഡന്റ് മാഡിസന്‍, ആഡംസിനെ റഷ്യയിലെ യു.എസ്. സ്ഥാനപതിയായി നിയമിച്ചു; തുടര്‍ന്ന് 1805-ല്‍ ബ്രിട്ടനിലെയും. 1817-ല്‍ 5-ാമത്തെ യു.എസ്. പ്രസിഡന്റ് മണ്‍റോ (1758-1831) ആഡംസിനെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു. ഫ്ളോറിഡ യു.എസ്സിന് ലഭിക്കാന്‍ കാരണക്കാരന്‍ ആഡംസായിരുന്നു. 1819-ല്‍ ഇദ്ദേഹം സ്പെയിന്‍കാരുമായി സന്ധിയുണ്ടാക്കി. അത്‍ലാന്തിക്കില്‍നിന്നും പസിഫിക്ക് വരെയുള്ള യു.എസ്സിന്റെ അതിര്‍ത്തി നിര്‍ണയിച്ചത് ആഡംസായിരുന്നു. മണ്‍റോ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മണ്‍റോ ആയിരുന്നെങ്കിലും അതിന്റെ പിന്നിലെ ശക്തി ആഡംസായിരുന്നു. 1825-ല്‍ ഇദ്ദേഹം യു.എസ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യു.എസ്സിലെ ആറാമത്തെ പ്രസിഡന്റായ ക്വിന്‍സി ആഡംസ് 1828 വരെ തത്സ്ഥാനത്തു തുടര്‍ന്നു. 1831 മുതല്‍ 48 വരെ ആഡംസ് ജനപ്രതിനിധിസഭാംഗമായി സേവനമനുഷ്ഠിച്ചു.

അടിമത്ത നിരോധനത്തിന്റെ ഒരു വക്താവുംകൂടി ആയിരുന്ന ആഡംസ് 1848 ഫെ. 23-ന് വാഷിങ്ടണ്‍ ഡി.സി.യില്‍ അന്തരിച്ചു. ക്വിന്‍സി ആഡംസ് തന്റെ 60 വര്‍ഷത്തെ ജീവിതകഥ, ഡയറിയായി എഴുതിവച്ചിരുന്നു. 12 വാല്യങ്ങളായി അത് ചാള്‍സ് ഫ്രാന്‍സിസ് ആഡംസ് മെമ്വാര്‍സ് ഒഫ് ജോണ്‍ ക്വിന്‍സി ആഡംസ് (1874-77) എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍