This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആട്ടുണൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആട്ടുണൈറ്റ്

Autunite

കാല്‍സിയം, യുറേനിയം എന്നീ മൂലകങ്ങളുടെ ജലയോജിത ഫോസ്ഫേറ്റ് : Ca (UO2)2. (PO4)2 (H2O)10-12. ഫ്രാന്‍സിലെ ആട്ടൂണ്‍ പ്രദേശത്ത് ഇതു ധാരാളമായി കണ്ടുവരുന്നു എന്നതാണ് ആട്ടുണൈറ്റ് എന്ന പേരിനു നിദാനം.

ദ്വിചതുഷ്കോണീയ പ്രിസങ്ങളോ പിരമിഡുകളോ ആയ രൂപമാണ് ഇതിന്റെ പരലുകള്‍ക്കുള്ളത്. വ്യക്തമായ വിദളനവും കാചാഭദ്യുതിയുമുണ്ട്. പവിഴംപോലെ തിളങ്ങുന്നു. പരലുകളില്‍ മഞ്ഞനിറമുള്ള തന്തുക്കള്‍ കാണാം. പൊതുവേ ചെറുനാരങ്ങയുടെമഞ്ഞ മുതല്‍ ഇളം പച്ചവരെയുള്ള നിറങ്ങളാണുള്ളത്; അള്‍ട്രാ വയലറ്റ് രശ്മികള്‍ തട്ടുമ്പോള്‍ പച്ചകലര്‍ന്ന മഞ്ഞനിറത്തില്‍ പ്രതിദീപ്തമാവുന്നു. കാഠിന്യം 2-2.5; ആ.ഘ. 3.1-3.2. ഘടനയില്‍ വലുതായ വ്യതിയാനം കാണുന്നില്ലെങ്കിലും കാല്‍സിയത്തിന്റെ സ്ഥാനത്ത് അല്പം ബേറിയമോ മഗ്നീഷ്യമോ കലര്‍ന്നിരിക്കാം. ചൂടാക്കുമ്പോള്‍ ജലാംശം ക്രമേണ കുറയുന്നു; 80°Cല്‍ ജലാംശം പൂര്‍ണമായും നഷ്ടപ്പെടും. എന്നാല്‍ ആട്ടുണൈറ്റിനു ജലവിയോജനംകൊണ്ട് ഘടനയില്‍ അസ്ഥായിത്വമുണ്ടാകുന്നില്ല. എളുപ്പത്തില്‍ ഉരുകുന്നു. അമ്ളങ്ങളില്‍ ലയിക്കുന്നു. ചതുഷ്കോണീയമായ ആധാരതലവും, അള്‍ട്രാവയലറ്റ് രശ്മികളുമായുള്ള പ്രതിദീപ്തി സ്വഭാവവും ആട്ടുണൈറ്റിന്റെ സവിശേഷതകളാണ്.

യുറേനിയത്തിന്റെ അയിരായി ഉപയോഗിച്ചുവരുന്ന ഈ ധാതു പ്രകൃതിയില്‍ യുറേനിനൈറ്റ് തുടങ്ങിയ മറ്റയിരുകളുടെ ഓക്സിഡേഷന്‍ (oxidation) മൂലമാണുണ്ടാകുന്നത്. ഓക്സിഡൈസേഷന്റെയും അപക്ഷയ(weathering)ത്തിന്റെയും മേഖലകളില്‍ ഒരു ഉപഖനിജമെന്ന നിലയില്‍ അവസ്ഥിതമായിക്കാണുന്നു. ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി, ഇംഗ്ലണ്ട്, കോംഗോ തുടങ്ങിയ രാജ്യങ്ങളിലാണ് അധികമായുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍