This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആട്ടവിളക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആട്ടവിളക്ക്

ആട്ടവിളക്ക്

കഥകളിയില്‍ രംഗത്തു വെളിച്ചത്തിനുവേണ്ടി ഉപയോഗിക്കുന്ന വലിയ ഓട്ടുനിലവിളക്ക്. രംഗവേദിയുടെ മുന്നില്‍ ഏതാണ്ട് മധ്യത്തിലായി വയ്ക്കുന്ന ഈ നിലവിളക്കിനു നാല് അടിക്കുമേല്‍ ഉയരം വരും. ധാരാളം വെളിച്ചെണ്ണ ഒഴിച്ച്, തടിച്ച തിരി തെറുത്തിട്ട് കൊളുത്തിവയ്ക്കുന്ന ഈ നിലവിളക്ക് അരങ്ങിലാകെ പ്രകാശം പരത്തുന്നു. ഇതിന്റെ തട്ടില്‍ സാധാരണമായി രണ്ട് ലിറ്ററോളം എണ്ണ ഒഴിക്കാന്‍ കഴിയും.

ഇരുവശത്തേക്കും തിരിയിട്ട് കത്തിക്കുമെങ്കിലും നടന്‍മാര്‍ ആടുന്ന വേദിയിലേക്ക് കൂടുതല്‍ തിരിയിട്ട് കൂടുതല്‍ വെളിച്ചം പരക്കത്തക്കവണ്ണമാണ് പ്രകാശം ക്രമീകരിക്കുന്നത്. പ്രകാശം നടന്‍മാരുടെ മുഖത്തുതന്നെ പതിയത്തക്കവണ്ണം വിളക്കിന്റെ പൊക്കം നിയന്ത്രിക്കാറുണ്ട്. തിരനോട്ടത്തിലും മറ്റും നടന്റെ കണ്ണുകളുടെ ചലനങ്ങള്‍ വ്യക്തമായി കാണിക്കത്തക്കവണ്ണം ഇതു സംവിധാനം ചെയ്യുന്നു. എണ്ണയും തിരിയും തീരുന്നമുറയ്ക്ക് കളിയോഗത്തിലെ പെട്ടിക്കാരോ മറ്റു ചുമതലപ്പെട്ടവരോ അവ വീണ്ടും വിളക്കില്‍വയ്ക്കുന്നു. വെളിച്ചെണ്ണയ്ക്കുപകരം നല്ലെണ്ണയും വിളക്കെണ്ണയും ഇവയെല്ലാം ചേര്‍ന്ന പല മിശ്രങ്ങളും ഉപയോഗിക്കാറുണ്ട്. വിളക്കിലെ എണ്ണ ചൂടുപിടിച്ച് തിളച്ച് തീപടരാതിരിക്കാന്‍ വാഴപ്പിണ്ടി തുടങ്ങിയവ ആവശ്യം അനുസരിച്ച് മുറിച്ച് തിരികള്‍ക്ക് തടയായി ഇടുന്നു.

ആധുനിക കഥകളിരംഗങ്ങളില്‍നിന്നു പരമ്പരാഗതരീതിയിലുള്ള ആട്ടവിളക്കുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുയാണ്. ചിലപ്പോള്‍ ആചാരത്തിനുവേണ്ടി നാമമാത്രമായി ഒരു നിലവിളക്ക് കത്തിച്ചെന്നുവരാം. എങ്കിലും പുതിയ രീതിയിലുള്ള വൈദ്യുതപ്രകാശമാണ് കൂടുതല്‍ ഉപയോഗപ്പെടുത്താറുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍