This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആട്ടക്കാരന്‍ പക്ഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:15, 23 നവംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആട്ടക്കാരന്‍ പക്ഷി

White Browed Fantail Flycatcher

ആറ്റക്കുരുവികളോളം വലുപ്പമുള്ള ഒരു ചെറുപക്ഷി. ശാ.നാ: റീപിഡൂറ ഓറിയോള (Rhipidura aureola). വിശറിപോലെ വൃത്താകൃതിയിലുള്ള വാലും മങ്ങിയ കറുപ്പുനിറമുള്ള ശരീരവും ഉള്ള ഈ പക്ഷിയുടെ നെറ്റിത്തടവും പുരികഭാഗവും വെള്ളയാണ്. ഇരുചെവികള്‍ക്കും മധ്യേ ഒരു വെള്ളപ്പട്ടയുണ്ട്. കഴുത്തിന്റെ അടിഭാഗത്ത് വെള്ളപ്പൊട്ടുകള്‍ കാണപ്പെടുന്നു. വാലിന്റെ മധ്യത്തിലുള്ള രണ്ടു തൂവലുകളൊഴിച്ച് ബാക്കി എല്ലാറ്റിന്റെയും അഗ്രഭാഗം വെളുത്തിരിക്കും. വിശറിപോലെയുള്ള വാല്‍ വിടര്‍ത്തി മയിലിനെപ്പോലെ ഇത് ആടുകയും ചെയ്യാറുണ്ട്. വാല്‍ ഉയര്‍ത്തിപ്പിടിക്കുകയും കൂടെക്കൂടെ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന പതിവും ഇതിനുണ്ട്. ഈ സ്വഭാവം മൂലം ആട്ടക്കാരന്‍ പക്ഷി ചിലപ്പോള്‍ മണ്ണാത്തിപ്പുള്ളായി തെറ്റിദ്ധരിക്കപ്പെടുന്നു. ആട്ടക്കാരന്‍ നൃത്തത്തോടു ചേര്‍ന്ന് ഒരു ശബ്ദവും പുറപ്പെടുവിക്കുന്നു. പകല്‍ മുഴുവനും ഇപ്രകാരം ആടിക്കൊണ്ടിരിക്കുന്നതിനാലായിരിക്കണം ഈ പക്ഷിക്ക് ആട്ടക്കാരന്‍ എന്ന പേരുവന്നുതെന്നു കരുതപ്പെടുന്നു.

ആട്ടക്കാരന്‍ പക്ഷി

ചെറുമരങ്ങളും പൊന്തകളും ഇടകലര്‍ന്ന പ്രദേശങ്ങളാണ് ഇതിന്റെ വാസസ്ഥലം. മനുഷ്യവാസമുള്ളയിടങ്ങളിലും കാണപ്പെടുന്നുണ്ട്. പ്രധാന ഇരയായ പാറ്റകളെ തേടി ഇവ തൊഴുത്തുകളിലും വീടുകളുടെ വരാന്തകളിലും കടന്നുവരാറുണ്ട്. പാറ്റയെ പിടിക്കുമ്പോള്‍ 'ക്ലിക്ക്' എന്നൊരു ശബ്ദവും പുറപ്പെടുവിക്കും.

മഴക്കാലാരംഭത്തിലും വേനല്ക്കാലത്തും ആട്ടക്കാരന്‍ കൂടുകെട്ടുന്നു; തേക്കുമരത്തിലാണ് അധികമായും കൂടുകെട്ടുക. തറയ്ക്കു സമാന്തരമായി പോകുന്ന ചെറുകൊമ്പുകളിലാണ് കൂട് കെട്ടുന്നത്. കൂട് ഒരു ചെറിയ കോപ്പയുടെ ആകൃതിയിലായിരിക്കും. തെങ്ങിന്റെയും പനയുടെയും നാരുകള്‍ ചിലന്തിവലകൊണ്ട് ബന്ധിച്ചാണ് കൂടുണ്ടാക്കുന്നത്. വേനല്ക്കാലങ്ങളും മഴക്കാലത്തിന്റെ ആദ്യമാസങ്ങളുമാണ് ഇവയുടെ പ്രജനനകാലം. ഉരുണ്ട് നീളംകുറഞ്ഞ മുട്ടകള്‍ക്കു നേരിയ റോസ്നിറമാണുള്ളത്. മുട്ടകള്‍ വിരിഞ്ഞ് ചെറിയ മാംസപിണ്ഡങ്ങള്‍ പോലെ തോന്നിക്കുന്ന കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു. ഓലേഞ്ഞാലി, കാക്ക എന്നിവയ്ക്ക് ആട്ടക്കാരന്റെ മുട്ടകളും കുഞ്ഞുങ്ങളും ഇഷ്ടമുള്ള ആഹാരപദാര്‍ഥങ്ങളാകയാല്‍, സന്താനങ്ങള്‍ ജനിക്കുന്ന കാലത്ത് ആട്ടക്കാരന്‍ സദാ ജാഗ്രതയോടെ കൂടുകള്‍ക്കു സമീപപ്രദേശത്തുതന്നെ വട്ടമിട്ടുകഴിഞ്ഞുകൂടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍