This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആട്

Goat

ആര്‍ടിയോഡാക്ടില (Artiodaetyla) ഗോത്രത്തില്‍ ബോവിഡേ (Bovidae) കുടുംബത്തിലെ അംഗം. ഇരട്ടക്കുളമ്പുള്ള സസ്തനികളാണിവ. മനുഷ്യന്‍ ആദ്യമായി ഇണക്കിവളര്‍ത്തിയ മൃഗങ്ങളില്‍ ഒന്ന്. ആടായിരുന്നുവെന്നു കരുതപ്പെടുന്നു. ഏകദേശം 10,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് തെക്കുപടിഞ്ഞാറെ ഏഷ്യയില്‍ കൃഷിപ്പണി മനസ്സിലാക്കിത്തുടങ്ങിയവരാകണം ആടുവളര്‍ത്തല്‍ ആരംഭിച്ചത്.

കോലാടെ(Capra)ന്നും ചെമ്മരിയാടെ(Ovis)ന്നും അറിയപ്പെടുന്ന രണ്ടിനം ആടുകളുണ്ട്. റൂമിനന്‍ഷ്യ ഉപഗോത്രത്തില്‍ വരുന്ന രണ്ട് ഉപകുടുംബങ്ങളാണിവയുടേത്. ഓവിസ് (Ovis) എന്ന ജീനസ്സാണ് ചെമ്മരിയാടിന്റേത്. കമ്പിളിനിര്‍മാണത്തിനാവശ്യമായ രോമം ശേഖരിക്കുന്നതിനുവേണ്ടിയായിരുന്നു ഇവയെ വളര്‍ത്താനാരംഭിച്ചത്. ഉദ്ദേശം ബി.സി. 4,000 കാലഘട്ടത്തില്‍തന്നെ വസ്ത്രത്തിന് കമ്പിളി ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്. ആദിമമനുഷ്യന്‍ ഒരു പക്ഷേ, കമ്പിളിക്കു പുറമേ, ആടിന്റെ പാലും ഇറച്ചിയും തോലുംകൂടി ഉപയോഗിച്ചിരുന്നിരിക്കാം.

വിവിധ സ്വഭാവങ്ങളുള്ളതാകയാല്‍ ആടിനു പൊതുവായി ഒരു വിവരണം നല്കുക പ്രയാസമാണ്. കൊമ്പ്, മുഖം, ചെവി, തല, ശരീരം, വാല് എന്നിവയില്‍ തുടങ്ങി ശരീരത്തിന്റെ നിറത്തിലും സാധാരണ രോമത്തിന്റെയും കമ്പിളിയുടെയും കാര്യത്തില്‍വരെ എല്ലാറ്റിലും ഒന്ന് മറ്റൊന്നില്‍നിന്നും വ്യത്യസ്തമായിരിക്കുന്നു. ആണിനും പെണ്ണിനും കൊമ്പുണ്ടെങ്കിലും പെണ്ണാടിന്റെ കൊമ്പ് ചെറുതായിരിക്കും. ആദ്യം പുറകോട്ടുവളരുന്ന കൊമ്പുകള്‍ക്കു താഴേക്കു വന്ന് വീണ്ടും മുന്നോട്ടാകാനുള്ള പ്രവണതയുള്ളതായി കാണാം. ആണാടിന്റെ പച്ചയോ തവിട്ടുനിറമോ ആയ കൊമ്പിനു കുറുകെ ധാരാളം 'ചുളിവുകള്‍' കാണുന്നു. ഏതിനം ആടാണെന്നതിനെ ആശ്രയിച്ച് ചില വര്‍ഗങ്ങളില്‍ ആണിനും പെണ്ണിനും കൊമ്പുണ്ടായി എന്നു വരാം. മറ്റു ചിലവയില്‍ ആണാടിനു മാത്രമേ കൊമ്പു കാണൂ. വേറേ ചിലവയില്‍ രണ്ടിനും കൊമ്പ് കാണുകയില്ല. ചുണ്ടുകള്‍ക്കു വളരെയധികം ചലനക്ഷമതയുള്ളതിനാല്‍ തറയില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന ഇലകളും, പുല്ലുകള്‍പോലും, എടുത്തു തിന്നാന്‍ ഇതിനു കഴിയുന്നു. ഇണക്കി വളര്‍ത്തപ്പെടുന്ന ആടുകളില്‍ മിക്കവയ്ക്കും നീണ്ട വാലുണ്ട്. അപൂര്‍വം ചിലതിന്റെ വാല്‍ കുറിയതായിരിക്കും. ചിലയിനം ആടുകളുടെ വാലില്‍ ഒരു നല്ല അളവ് കൊഴുപ്പ് കണ്ടെത്താം. ഇവയുടെ വാല്‍ പരന്നതായിരിക്കും. മിക്കവാറും എല്ലായിനം ആടുകളുടെയും കാലിലെ കുളമ്പുകള്‍ക്കിടയിലായി വാലുക(retort)യുടെ ആകൃതിയിലുള്ള ഒരു ഗ്രന്ഥി കാണാം. ആടുകള്‍ക്ക് പരസ്പരം തിരിച്ചറിയാന്‍ ഈ ഗ്രന്ഥിയിലെ സ്രവം സഹായിക്കുന്നു. മാനുകളിലും മറ്റും കാണുന്ന 'ക്രൂമന്‍' എന്ന ഗ്രന്ഥിയും, അത്ര വികസിതമായ രീതിയിലല്ലെങ്കിലും, ആടുകളില്‍ കാണപ്പെടുന്നുണ്ട്. അപൂര്‍വം ഇനങ്ങളില്‍ ഈ ഗ്രന്ഥികള്‍ കാണപ്പെടുന്നില്ല.

ഉദ്ഭവം. മധ്യപൂര്‍വപ്രദേശങ്ങള്‍ മുതല്‍ അയര്‍ലണ്ടിന്റെ പല ഭാഗങ്ങള്‍വരെയുള്ള സ്ഥലങ്ങളില്‍നിന്നും കണ്ടെടുത്തിട്ടുള്ള പുരാതനമനുഷ്യാവശിഷ്ടങ്ങളോടൊപ്പം ആടിന്റെ അസ്ഥികളും കിട്ടിയിട്ടുണ്ട്. മെസപ്പൊട്ടേമിയ, മധ്യഇറാന്‍ എന്നിവിടങ്ങളിലും വളരെക്കാലം മുമ്പു മുതല്‍ തന്നെ മനുഷ്യനോടൊപ്പം ആടുകളുമുണ്ടായിരുന്നു എന്നതിനു തെളിവുകള്‍ ഉണ്ട്. മതങ്ങളുടെ ചരിത്രവും മനുഷ്യനും ആടും തമ്മിലുള്ള ബന്ധത്തെ വിശദമാക്കുന്നു. എല്ലാ മതാചാരങ്ങളിലും മുന്‍ഗണന നല്കപ്പെട്ടിരുന്ന ബലിമൃഗമായിരുന്നു ആട്.

വിവിധ ഇനങ്ങള്‍.കാട്ടാടുകള്‍ ഏറ്റവുമധികം വളര്‍ച്ചയെത്തുന്നത് മധ്യേഷ്യയിലാണ്. വലിയ കൂട്ടങ്ങളായോ കുറച്ചംഗങ്ങള്‍ മാത്രമായോ ഇവ കഴിഞ്ഞുകൂടുന്നു. പര്‍വതപ്രദേശങ്ങളാണ് ആടുകളുടെ വാസസ്ഥാനം എന്നു പറയാമെങ്കിലും കോലാടുകള്‍ മാത്രമേ ഉയര്‍ന്ന പ്രദേശങ്ങള്‍ ഇഷ്ടപ്പെടുന്നുള്ളു. ചെമ്മരിയാടുകള്‍ കൂടുതലും തുറസ്സായ മേച്ചില്‍സ്ഥലങ്ങളാണ് ഇഷ്ടപ്പെടുന്നത്.

സമുദ്രനിരപ്പില്‍നിന്നും സു. 4,900 മീ. ഉയരമുള്ള പാമീര്‍ പീഠഭൂമിയാണ് ഓവിസ് പോളിയുടെ (Ovis polii) വാസസ്ഥലം. മാര്‍​ക്കോപോളോ 13-ാം ശ.-ത്തില്‍ കണ്ടെത്തിയതാണ് ഈ ഇനം. പുറത്തേക്കു വളഞ്ഞു നില്ക്കുന്ന വലിയ കൊമ്പുകള്‍ ഇവയുടെ ശ്രദ്ധേയമായ പ്രത്യേകതയാണ്.

ഓവിസ് പോളിയെക്കാള്‍ വലുപ്പം കൂടിയ ഇനമാണ് ആര്‍ഗലി എന്നറിയപ്പെടുന്ന ഓവിസ് അമന്‍(Ovis ammon). കിഴക്കന്‍ സൈബീരിയയിലെ പര്‍വതപ്രദേശങ്ങളിലും അടുത്ത സ്ഥലങ്ങളിലും കണ്ടുവരുന്ന രണ്ടിനം കാട്ടാടുകളാണ് ഓവിസ് ബോറിയാലിസും ഓവിസ് നിവിക്കോളയും. വടക്കേ അമേരിക്കയിലെ കാട്ടാടുകളോട് വളരെയധികം സാദൃശ്യമുള്ളവയാണ് ഇവ. സാധാരണമായി ആടുകളുടെ മുഖത്തു കാണുന്ന ഗ്രന്ഥികള്‍ ഇവയ്ക്കില്ലെന്നതാണ് ഇവയുടെ പ്രത്യേകത.

വളഞ്ഞു ചേര്‍ന്നിട്ടുള്ള കൊമ്പുകളോടുകൂടിയ വിവിധവര്‍ഗം ആടുകള്‍ ഏഷ്യയില്‍ ലദാഖ്, അഫ്ഗാനിസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ സാധാരണമാണ്. യൂറിയല്‍ (Urial), യൂറിന്‍ (Urin), ഷാപ്പോ (Shapo) എന്നീ പേരുകളില്‍ ഇവ അറിയപ്പെടുന്നു. ആര്‍ഗലി ഗ്രൂപ്പിലെ ആടുകളെ അപേക്ഷിച്ച് ഇവയ്ക്ക് വലുപ്പം കുറവാണ്. ഹിമാലയത്തിലെ നീലാട് (Pseudosis nahura) തിബറ്റില്‍ കാണപ്പെടുന്നു. 3,050 മീറ്ററിലേറെ ഉയരമുള്ള പര്‍വതപ്രദേശത്തെ പുല്‍ത്തകിടികളില്‍ 10 മുതല്‍ 50 വരെ അംഗങ്ങളുള്ള പറ്റങ്ങളായാണ് ഇവ കഴിയുന്നത്. ആഫ്രിക്കന്‍ സ്വദേശിയായ ഒരേയൊരു വര്‍ഗമേയുള്ളു-'ബാര്‍ബറി ആട്' എന്നറിയപ്പെടുന്ന അമോട്രാഗസ് ലെര്‍വിയ. വടക്കന്‍ പര്‍വതപ്രദേശങ്ങള്‍ തുടങ്ങി കിഴക്കോട്ടേക്ക് സുഡാന്‍ വരെയും ഇവയെ കാണാം. കോലാടുകള്‍ക്കെന്നപോലെ നീലാടിനും ബാര്‍ബറി ആടിനും മുഖത്തു ഗ്രന്ഥികളില്ല. കൊമ്പിന്റെ ഘടനയിലും ഇവയ്ക്കു സാദൃശ്യമുണ്ട്.

കാടുകളില്‍ കാണപ്പെടുന്ന ആടുകളുടെ ശരീരം രോമനിബിഡമായിരിക്കും. എന്നാല്‍ വീടുകളില്‍ വളര്‍ത്തപ്പെടുന്നവയില്‍ രോമം താരതമ്യേന കുറവാണ്. ആടിന്റെ ശരീരം മുഴുവന്‍ പൊതിഞ്ഞ് കമ്പിളിരോമം കാണപ്പെടാവുന്നതാണ്. ചില ഇനങ്ങളില്‍ മുഖം, തല, കാലുകള്‍, വയറിന്റെ അടിവശം എന്നീ ഭാഗങ്ങളില്‍ കമ്പിളി കാണുകയില്ല. ഇറച്ചി മാത്രം കിട്ടുന്ന മറ്റൊരിനം ചെമ്മരിയാടുണ്ട്. ഇവയില്‍ ഇടയ്ക്കിടെ ഉരിഞ്ഞുപോകുന്ന ഒരു രോമപാളി മാത്രമേ കാണൂ. വളര്‍ത്തപ്പെടുന്ന ആടുകള്‍ മിക്കവാറും വെള്ളയാണെങ്കിലും നേരിയ ചാരനിറമോ തവിട്ടുനിറമോ കറുപ്പുനിറമോ ഉള്ളവയും അപൂര്‍വമല്ല. പൊട്ടുകളുള്ളവയും ഉണ്ടാകാറുണ്ട്. മിക്ക ആടുകളുടെയും മുഖവും കാലുകളും വെള്ളയായിരിക്കും. നീണ്ടു കൂര്‍ത്ത് ചെറിയ മുഖങ്ങളുള്ളവ മുതല്‍ വലിയ മുഖങ്ങളുള്ളവ വരെയുണ്ട്. ചില ആടുകളുടെ ചെവികള്‍ ചെറുതും കൂര്‍ത്തതുമായിരിക്കും ചിലവയുടേത് നീണ്ട് താഴേക്കു തൂങ്ങിക്കിടക്കും രോമത്തിന്റെ ഏറ്റക്കുറവനുസരിച്ച് ശരീരാകൃതിയിലും വ്യത്യാസങ്ങളുണ്ടാകാം. ആട്ടിന്‍തോല്‍ വളരെ കനം കുറഞ്ഞതാണ്. സ്വേദഗ്രന്ഥികളും സ്നേഹഗ്രന്ഥികളും ഇതില്‍ ധാരാളമായുണ്ട്. രോമവും കമ്പിളിയും വളരുന്ന രോമകൂപങ്ങള്‍ക്കിടയില്‍ അങ്ങിങ്ങായി ചിതറിയാണ് ഈ ഗ്രന്ഥികള്‍ കാണുക.

അസ്ഥികൂടം. അസ്ഥികൂടത്തിന്റെ ആകൃതി, പേശികളുടെ ആകൃതിയും വലുപ്പവും, തൊലിക്കടിയില്‍ കാണുന്ന കൊഴുപ്പിന്റെ അളവ് എന്നിവയാണ് ആടിനു ശരിയായ രൂപം നല്കുന്നത്. നട്ടെല്ലിലെ കശേരുകകള്‍ പ്രത്യേക തരത്തിലുള്ളവയാണ്. ആടിന്റെ നട്ടെല്ലില്‍ 34 മുതല്‍ 50 വരെ കശേരുകകള്‍ കാണാം. 'വാല്‍' ഭാഗത്തെ കശേരുകകളുടെ (coccygial vertebra) എണ്ണം വ്യത്യാസപ്പെടുന്നതനുസരിച്ചാണ് ആകെയുള്ള കശേരുകകളുടെ എണ്ണവും വ്യത്യാസപ്പെടുന്നത്. കാലുകളിലെ അസ്ഥികളുടെ വലുപ്പത്തിലും വ്യക്തമായ വ്യത്യാസങ്ങള്‍ കാണാവുന്നതാണ്. മുന്‍കാലുകള്‍ക്ക് ശരീരവുമായി അസ്ഥികള്‍ മുഖേന ബന്ധമൊന്നുമില്ല. തോളെല്ലുകളെ പേശികള്‍കൊണ്ടാണ് ശരീരത്തോടുറപ്പിച്ചിരിക്കുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ ഒരാടിന് 35 മുതല്‍ 175 വരെ കി.ഗ്രാം ഭാരമുണ്ടാകും. എങ്കിലും ഏകദേശം 45 കി.ഗ്രാം ആണ് ശ.ശ. തൂക്കം.

ആട്ടിന്‍കുട്ടികള്‍ക്ക് 20 പല്ലുകളാണുള്ളത്. പൂര്‍ണവളര്‍ച്ച പ്രാപിച്ച ആടിന് ഇവയ്ക്കു പകരം 32 സ്ഥിരദന്തങ്ങളുണ്ട്. ഇവയെല്ലാം ഉളിപ്പല്ലുകള്‍ (incisors) ആണ്; 8 എണ്ണം വീതം ഓരോ വശത്തും. മേല്‍ത്താടിയുടെ മുന്‍ഭാഗത്ത് പല്ലുകള്‍ക്കു പകരം ഒരു തരുണാസ്ഥിനിരയാണുള്ളത്. കീഴ്ത്താടിയിലെ പല്ലുകളും ഈ അസ്ഥിയും ചേര്‍ത്ത് ഞെരിച്ചമര്‍ത്തിയാണ് ആട് ഇലകള്‍ ഭക്ഷിക്കുന്നത്. ഇല കടിച്ചുപിടിച്ചിട്ട് തലവെട്ടിക്കുമ്പോള്‍ അത് തണ്ടില്‍നിന്നും പറിഞ്ഞുപോകുന്നു.

ആമാശയം. ആടിനു നാലറകളുള്ള ഒരാമാശയമാണുള്ളത്. ഇതുള്ളതുകൊണ്ട് ഇവയ്ക്ക് അയവിറക്കാന്‍ സാധിക്കുന്നു. റൂമന്‍ (rumen) എന്നു വിളിക്കപ്പെടുന്ന ഏറ്റവും വലിയ ആമാശയ-അറയിലേക്കാണ് അന്നനാളി തുറക്കുന്നത്. അയവിറക്കി ചവച്ചുതുടങ്ങുന്നതിനു മുന്‍പ് ഭക്ഷണപദാര്‍ഥങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നത് ഈ അറയിലാണ്. തേനീച്ചക്കൂട്ടിലെ അറകളോട് സാദൃശ്യം വഹിക്കുന്ന ഉള്‍ഭിത്തിയുള്ള രണ്ടാമത്തെ അറ റെറ്റിക്കുലം (reticulum) എന്നറിയപ്പെടുന്നു. റൂമന്റെ തുടര്‍ച്ചയായ ഈ ഭാഗത്തിലും ശരിയായ പചനത്തിനു മുന്‍പുതന്നെ ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചേരാറുണ്ട്. അയവിറക്കിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഒമാസം (omasum) എന്നറിയപ്പെടുന്ന മൂന്നാമത്തെ അറയിലാണെത്തുക. ഒമാസം, അബൊമാസം (abomasum) എന്നറിയപ്പെടുന്ന നാലാമത്തെ അറയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതാണ് ശരിയായ ആമാശയം. ദഹനം നടക്കുന്നത് ഇവിടെവച്ചാണ്. നോ: അയവിറക്കുമൃഗങ്ങള്‍

ആയുസ്സും പ്രത്യുത്പാദനവും. ആടിനു സാധാരണ പത്തുവര്‍ഷത്തിലേറെ ആയുസ്സില്ല. എന്നാല്‍ 20 വയസ്സുവരെ ജീവിച്ചിരുന്നവയുമുണ്ട്. ആദ്യത്തെ പല്ലുകള്‍ കൊഴിഞ്ഞ് പകരം സ്ഥിരദന്തങ്ങള്‍ വരുന്നതനുസരിച്ച് ആടിന്റെ വയസ് നിര്‍ണയിക്കാവുന്നതാണ്. സാധാരണയായി നടുക്കുള്ള ഒരു ജോടി പല്ലുകള്‍ ഒരു വയസ്സുകഴിയുന്നതോടെ കൊഴിഞ്ഞുപോകും. അതിനുശേഷം ബാക്കിയുള്ളവ വര്‍ഷത്തില്‍ ഓരോ ജോടിവീതം കൊഴിഞ്ഞ് പകരം സ്ഥിരദന്തങ്ങള്‍ വരുന്നു.

ഒന്നര വയസ്സു കഴിയുന്നതോടെ, ഒരാടിനു പ്രത്യുത്പാദനശേഷി കൈവരുന്നു. 'മുട്ട'ന്‍ (ആണ്‍) ആടുകളാണ് പെണ്ണാടിനെക്കാള്‍ മുന്‍പേ പ്രായപൂര്‍ത്തിയെത്തുക. അഞ്ചുവയസ്സാവുന്നതുവരെയും ആടിന്റെ പ്രായത്തോടൊപ്പം ഉത്പാദനശേഷിയും വര്‍ധിച്ചുകൊണ്ടിരിക്കും. ഗര്‍ഭകാലം ഏതാണ്ട് 150 ദിവസമാണ്. പ്രസവിച്ചയുടന്‍ ആട്ടിന്‍കുട്ടിക്ക് 2-5 വരെ കി.ഗ്രാം ഭാരമുണ്ടാകും. എന്നാല്‍ ശ.ശ. തൂക്കം 4-5 കി.ഗ്രാം ആണ്. ആണ്‍ ആട്ടിന്‍ കുട്ടിക്ക് പെണ്‍ കുഞ്ഞിനെക്കാള്‍ എപ്പോഴും തൂക്കം കൂടുതലായിരിക്കും. ഒരു പ്രസവത്തില്‍ ഒരു കുട്ടി എന്നതാണ് ഭൂരിഭാഗം ആടുകളിലും കാണപ്പെടുന്ന സ്വഭാവവിശേഷം. എന്നാല്‍ ഇരട്ടപ്രസവവും ധാരാളം നടക്കാറുണ്ട്. മൂന്നും നാലും കുട്ടികളുടെ ജനനവും അപൂര്‍വമല്ല. ഒറ്റ പ്രസവത്തില്‍ അഞ്ചും അതിലേറെയും കുട്ടികളുണ്ടായതായും രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ഒരാടിനു രണ്ടുമുലകള്‍ മാത്രമുള്ളതിനാല്‍ രണ്ടിലേറെ കുട്ടികളെ വളര്‍ത്തിയെടുക്കുക വിഷമമാണ്. പ്രസവം കഴിഞ്ഞ് ആദ്യത്തെ ഏതാനും ആഴ്ചകളോളം ഒരാടിനെ ദിവസം നാലു പ്രാവശ്യം വരെ കറക്കാവുന്നതാണ്. അതിനുശേഷം ക്രമേണ പാലിന്റെ അളവ് കുറഞ്ഞുതുടങ്ങും. ആട്ടിന്‍ പാലില്‍ 2.8 ശ.മാ. കൊഴുപ്പ്, 3.4 ശ.മാ. പ്രോട്ടീന്‍, 4.6 ശ.മാ. ലാക്ടോസ്, 0.8 ശ.മാ. മറ്റു ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ആട്ടിന്‍ കുട്ടികള്‍ സാധാരണ മൂന്നുമുതല്‍ അഞ്ചുവരെ മാസം മുലപ്പാല്‍ കുടിക്കാറുണ്ടെങ്കിലും ആദ്യത്തെ രണ്ടുമൂന്നാഴ്ച കഴിയുന്നതോടെ മറ്റ് ആഹാരങ്ങളും കഴിച്ചുതുടങ്ങും.

എളുപ്പം ഭയപ്പെടുന്ന സ്വഭാവമുള്ളവയാണ് ആടുകള്‍. ഇവ മറ്റു ജീവികളെ ആക്രമിക്കാന്‍ മുതിരാറില്ല. 'നേതാവി'നെ അനുഗമിച്ച് പറ്റം ചേര്‍ന്നു നടക്കാനാണിവയ്ക്കിഷ്ടം. ബുദ്ധിയില്ലാത്തവയാണ് ആടുകള്‍ എന്നുതോന്നുന്നവിധത്തിലാണ് ഇവയുടെ മിക്കപ്പോഴുമുള്ള പെരുമാറ്റം. എന്നാല്‍ കാലാവസ്ഥാമാറ്റങ്ങളെക്കുറിച്ചുള്ള ബോധം, അപകടസൂചനകള്‍ മണത്തറിയാനുള്ള സാമര്‍ഥ്യം തുടങ്ങിയ പല കഴിവുകളും വളരെ വികാസം പ്രാപിച്ച സ്ഥിതിയിലാണ് ഇവയില്‍ കാണപ്പെടുന്നത്. ചില വര്‍ഗം ആടുകള്‍ വലിയ പറ്റങ്ങളായി നടക്കുന്നതിനെക്കാള്‍ ഇഷ്ടപ്പെടുന്നത് ചെറുകൂട്ടങ്ങളായി സഞ്ചരിക്കാനാണ്. പലപ്പോഴും ഇവ ഒറ്റയ്ക്കുപോലും മേഞ്ഞുനടക്കുന്നതു കാണാം. തറയോടു പറ്റിച്ചേര്‍ന്നു വളരുന്ന ചെടികളും പുല്ലുകളും ഭക്ഷിക്കാറുണ്ടെങ്കിലും, മുകളില്‍ നില്ക്കുന്ന സസ്യങ്ങള്‍ പറിച്ചെടുത്തു തിന്നാനാണ് ഇവയ്ക്ക് കൂടുതലിഷ്ടം. അതിരാവിലെ മേയാനാരംഭിക്കുന്ന ആടുകള്‍ ഏകദേശം ഉച്ചവരെ അത് തുടരുന്നു. അതിനുശേഷം വെയിലാറുന്നതുവരെ ഏതെങ്കിലും മരത്തണലില്‍ കിടന്നു വിശ്രമിക്കും. വെയിലാറിത്തുടങ്ങിയിട്ടേ മേച്ചില്‍ പുനരാരംഭിക്കൂ. സാധാരണയായി രാത്രിസമയം ആടുകള്‍ ഉറങ്ങുകയാണ് പതിവ്. പെരുമഴയില്‍ നിന്നും കൊടുംവെയിലില്‍നിന്നും രക്ഷപ്പെടാനായി ഇവ അഭയകേന്ദ്രങ്ങള്‍ തേടുക സാധാരണമാണ്. മഴയെക്കാള്‍ വേനല്ക്കാലമാണ് ഇവയ്ക്ക് കൂടുതല്‍ ഇഷ്ടം.

പട്ടിയുടെയോ കുറുക്കന്റെയോ ആക്രമണത്തില്‍നിന്നും സ്വയം രക്ഷനേടാന്‍ ആടിനു കഴിവില്ല. ഭയപ്പെട്ടുകഴിഞ്ഞാല്‍ സാമാന്യം നല്ല വേഗതയിലോടാന്‍ ഇവയ്ക്കു കഴിയുമെങ്കിലും, ഇണക്കിവളര്‍ത്തുന്ന ആടുകള്‍ പലപ്പോഴും ഇരപിടിയന്‍മാരുടെ ഇരയായിത്തീരുന്നു.

വളര്‍ത്തിനങ്ങള്‍. ആടുകള്‍ ഇരുന്നൂറിലേറെ ഇനങ്ങളുണ്ടെങ്കിലും ആറുതരത്തില്‍​പ്പെടുത്തിയിട്ടുള്ള മുപ്പത് ഇനങ്ങള്‍ക്കു മാത്രമേ വളര്‍ത്തുന്നവയില്‍ പ്രാധാന്യം നല്കിയിട്ടുള്ളൂ. ഇവയില്‍നിന്നും കിട്ടുന്ന കമ്പിളിയുടെയും മാംസത്തിന്റെയും പാലിന്റെയും അളവ്, ഗുണം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിഭജനം നടത്തിയിട്ടുള്ളത്. മിതോഷ്ണമേഖലയിലെ ചൂടുകൂടിയ ഭാഗങ്ങളില്‍ ഇവ ധാരാളമായി കാണപ്പെടുന്നു. കൂടാതെ ആസ്റ്റ്രേലിയ, ന്യൂസിലന്‍ഡ്, തെക്കേ അമേരിക്ക എന്നീ ഭൂവിഭാഗങ്ങളുടെ ദക്ഷിണമേഖലകളിലും ഇവ സുലഭമാണ്. മഴയും തണുപ്പുമുള്ള ഭാഗങ്ങളില്‍ ഇവ വളരെ അപൂര്‍വമായേ കാണപ്പെടുന്നുള്ളു.

മെറിനോ, റംബൂലാ, ഷെവിയട്ട്, കൊളംബിയ, കൊറിഡേല്‍, ഡൊഴ്സെറ്റ്, ഈല്‍ ദ് ഫ്രാന്‍സ്, ല് കൊങ്ടാങ്ടങ്, മൊന്താദേല്‍, നോ-ടെയ്​ല്‍, ഓള്‍ഡന്‍ബര്‍ഗ്, വൈറ്റ് ഹെഡ്, കറാകുല്‍, റൊമനോഫ്, ഈസ്റ്റ് ഫ്രീഷ്യന്‍, സ്വിഷ്ട്ടോഫ്, സ്റ്റാറാസഗോറാ, പനാമ, റോമല്‍ഡേല്‍, റൈലാന്‍ഡ്, ടാര്‍ഗീ , ടെക്സല്‍, വെല്‍ഷ് മൗണ്ടന്‍, ഹാംപ്ഷയര്‍, കെറിഹില്‍, ഓക്സ്ഫോര്‍ഡ്, ഷ്രോപ്ഷയര്‍, സൗത്ത് ഡെയ്​ല്‍, സൗത്ത് ഡൗണ്‍, സഫോക്, ട്യൂണിസ്, പെല്‍വിന്‍, കോട്സ്വോള്‍ഡ്, ലിങ്കണ്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട വളര്‍ത്തിനങ്ങള്‍.

സ്പെയിനാണ് മെറിനോ ഇനത്തിന്റെ ജന്‍മദേശം. 12-ാം ശ. മുതല്ക്കുതന്നെ ഇവ അറിയപ്പെട്ടിരുന്നു. ആസ്റ്റ്രേലിയ, യു.എസ്., റഷ്യ, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ വളര്‍ത്തപ്പെടുന്ന പ്രധാന ഇനമാണ് മെറിനോ. ഏറ്റവും നല്ലതരം കമ്പിളി കിട്ടുന്ന രണ്ടിനം ആടുകളാണ് മെറിനോയും റംബൂലായും. മെറിനോയുടെ രോമം വൃത്തിയാക്കിയെടുത്തു കഴിയുമ്പോള്‍ തൂവെള്ളയായിരിക്കും.

റംബൂലായുടെ ഉദ്ഭവം ഫ്രാന്‍സിലാണ്. മെറിനോ ആടുകളില്‍നിന്നും ഉത്പാദിപ്പിക്കപ്പെടുന്നവയാണിവ. ഏറ്റവും നല്ലയിനം കമ്പിളി ലഭിക്കുന്ന ആടുകളില്‍ വലുപ്പം കൂടിയതാണ് റംബൂലാ. ഫ്രാന്‍സില്‍ റംബൂല എന്ന സ്ഥലത്ത് ജന്‍മെടുത്തതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരു കിട്ടിയത്. ജര്‍മന്‍കാര്‍ പുനരുത്പാദനം മൂലം ഇതിന്റെ മാംസഗുണം വര്‍ധിപ്പിച്ചെടുത്തു. ഇപ്പോള്‍ യു.എസ്സിലും, കമ്പിളിക്കും മാംസത്തിനും വേണ്ടി ഇവയെ ധാരാളമായി വളര്‍ത്തിവരുന്നു.

ചെറുതെങ്കിലും ഇടതിങ്ങിയ രോമമുള്ള ഒരിനമാണ് ഷെവിയട്ട് (Cheviot). കൊമ്പില്ലാത്ത ഈ ഇനം സ്കോട്ട്‍ലന്‍ഡിലും ഇംഗ്ലണ്ടില്‍ നോര്‍ത്തംബര്‍ലന്‍ഡിലുമാണ് ആദ്യമായുണ്ടായത്. ഇവയുടെ കമ്പിളിയില്‍ കറുത്ത രോമങ്ങളേ കാണുകയില്ല.

ഷെവിയട്ടിനെപ്പോലെ തന്നെ കൊമ്പില്ലാത്ത മറ്റൊരിനമാണ് കൊളംബിയ (Columbia). യു.എസ്. കൃഷി വിഭാഗം ഉത്പാദിപ്പിച്ചെടുത്തതാണ് ഈ ഇനം. ലിങ്കണ്‍ ഇനത്തിലെ മുട്ടാടുകളും റംബൂലായുടെ പെണ്ണാടുകളുമായുള്ള സങ്കരസന്തതിയാണ് കൊളംബിയ. കമ്പിളിയുടെയും ആട്ടിന്‍ കുട്ടികളുടെയും ഉത്പാദനക്കാര്യത്തില്‍ ഇവ മറ്റാടുകളുടെ മുന്‍പന്തിയില്‍ നില്ക്കുന്നു.

ന്യൂസിലന്‍ഡില്‍ ഉദ്ഭവിച്ച കൊമ്പില്ലാത്ത മറ്റൊരിനമാണ് കൊറിഡേല്‍ (Corrledale). റോംനി (Romney) മുട്ടാടുകളും മെറിനോ (Merino) പെണ്ണാടുകളുമാണ് ഇവയുടെ മാതാപിതാക്കള്‍. ന്യൂസിലന്‍ഡ്, ആസ്റ്റ്രേലിയ, യു.എസ്. എന്നിവിടങ്ങളില്‍ വളര്‍ത്തുന്നു. നല്ലയിനം കമ്പിളിയും ആട്ടിന്‍കുട്ടികളെയും നല്കുന്ന കൊറിഡേല്‍ ആടുവളര്‍ത്തുകാര്‍ക്ക് പ്രിയപ്പെട്ട ഒരിനമാണ്.

ആണിനും പെണ്ണിനും കൊമ്പുള്ള ഒരിനമാണ് ഡൊഴ്സെറ്റ്. ഇംഗ്ലണ്ടാണ് ഇതിന്റെ ജന്‍മദേശം. ധാരാളം പാലുള്ള ഇവയുടെ കുട്ടികള്‍ വളരെ വേഗത്തില്‍ വളരുന്നു. തൂവെള്ളയായ കമ്പിളിരോമം പൊതുവേ നീളം കുറഞ്ഞതാണ്. യു.എസ്സിലും ആസ്റ്റ്രേലിയയിലും പ്രിയങ്കരമായ ഇനമാണിത്.

ഈല്‍ ദ് ഫ്രാന്‍സ്, ല് കൊങ്ടാങ്ടങ്, മൊന്താദേല്‍, നോ-ടെയ്​ല്‍, ഓള്‍ഡന്‍ബര്‍ഗ്, വൈറ്റ് ഹെഡ്, പനാമ, റോമല്‍ഡേല്‍, റൈലാന്‍ഡ്, ടാര്‍ഗീ, ടെക്സല്‍, വെല്‍ഷ്-മൗണ്ടന്‍ എന്നീ ഇനങ്ങളുടെ മുഖം വെളുത്തതായിരിക്കും. കൊമ്പുകളില്ലാത്ത ഈ ഇനങ്ങളെല്ലാംതന്നെ ഇടത്തരം കമ്പിളി നല്കുന്നവയാണ്. കറുത്ത മുഖമുള്ളവയാണ് ഹാംപ്ഷയര്‍, കൊറിഹില്‍, ഓക്സ്ഫഡ്, ഷ്രോപ്ഷയര്‍, സൗത്ത്ഡെയ്​ല്‍, സഫോക് എന്നിവ. ട്യൂണിസ് എന്നയിനത്തിന്റെ മുഖം തവിട്ടുനിറമാണ്.

നീളമുള്ളതും പരുത്തതുമായ കമ്പിളി തരുന്നവയാണ് ഇംഗ്ലീഷ് ലെസ്റ്റര്‍, ബോഡര്‍ ലെസ്റ്റര്‍, കോട്ട്സ്വോള്‍ഡ്, ലിങ്കണ്‍, റോമ്നി, വെന്‍സ്ലിഡേല്‍ തുടങ്ങിയവ. വെളുത്ത മുഖത്തോടുകൂടിയവയാണ് ഇപ്പറഞ്ഞവയെല്ലാം. ഇതേ ഇനത്തില്‍​പ്പെട്ട കമ്പിളിതരുന്ന കറുത്ത മുഖമുള്ള ആടാണ് സ്കോട്ട്‍ലന്‍ഡിലെ 'ബ്ലാക്ഫേസ് ഹൈലാന്‍ഡ്'. ഇവയുടെയെല്ലാം പൂര്‍വികര്‍ ഫ്ലാന്‍ഡേഴ്സ് നിവാസികളായിരുന്നു എന്നു കരുതപ്പെടുന്നു.

കറാകുല്‍, റൊമനോഫ് എന്നിവ 'ഫര്‍' ഇനത്തിലുള്ള കമ്പിളി നല്കുന്നവയാണ്. ഇറച്ചിക്കായി മാത്രം വളര്‍ത്തുന്ന കമ്പിളിയില്ലാത്ത ഇനമാണ് പേര്‍ഷ്യന്‍ ബ്ലാക്ഹെഡ്. ഈസ്റ്റ് ഫ്രീഷ്യന്‍, ലാ റസ്സാ സാര്‍ദാ, പെല്‍വിന്‍, സെലിവോ, സ്റ്റാറാ സഗോറാ, സ്വിഷ്ടോഫ് തുടങ്ങിയവ പ്രധാനമായും പാലിനുവേണ്ടി മാത്രം വളര്‍ത്തപ്പെടുന്നു. നോ: ആടുവളര്‍ത്തല്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍