This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആടുവളര്‍ത്തല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആടുവളര്‍ത്തല്‍

ആടുകളെ വളര്‍ത്തുന്നതിന്റെ പ്രധാനലക്ഷ്യം മാംസവും കമ്പിളിയും ലഭ്യമാക്കുക എന്നതാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ പാലിനും മാംസത്തിനുംവേണ്ടിയാണ് കൂടുതലായും ആടുകളെ വളര്‍ത്തുന്നത്. ചെമ്മരിയാടുകളും കോലാടുകളുമാണ് വളര്‍ത്തപ്പെടുന്ന പ്രധാന ഇനങ്ങള്‍.

ചെമ്മരിയാടുകള്‍ ഓവിസ് എന്ന ജീനസ്സിലും കോലാടുകള്‍ കാപ്ര എന്ന ജീനസ്സിലും ഉള്‍​പ്പെടുന്നു. ഈ രണ്ടു ജീനസ്സുകളിലും ഒട്ടേറെ സ്പീഷീസുണ്ട്. താരതമ്യേന കൂടുതല്‍ ശക്തമായ ശരീരഘടനയും ആണാടുകളില്‍ താടിരോമത്തിന്റെ അഭാവവുമാണ് ചെമ്മരിയാടിന്റെ സവിശേഷതകള്‍. ഇന്ത്യന്‍ ചെമ്മരിയാടുകള്‍ ഓവിസ് ബറെല്‍, ഓവിസ് ബ്ലാന്‍ഫോര്‍ഡി എന്നീ ഇനങ്ങളാണ്. സാങ്കേതികമായി ഓവിസ് പോളി (Ovis polii) എന്നറിയപ്പെടുന്ന പാമീര്‍ ചെമ്മരിയാടുകളെയാണ് ഏറ്റവും നല്ല സ്പീഷീസ് ആയി കരുതിപ്പോരുന്നത്.

ആട്ടിന്‍പറ്റം

പ്രമുഖ ആടുവളര്‍ത്തല്‍ രാജ്യങ്ങള്‍ ആസ്റ്റ്രേലിയയും ന്യൂസിലന്‍ഡുമാണ്. ജമുനാപാരി, ബീറ്റല്‍, മര്‍വാറി, ബാര്‍ബാറി, സുര്‍ത്തി, കണ്ണെയാട്, ബംഗാള്‍ ഓസ്മനാബാദി, മലബാറി എന്നിവയാണ് ഇന്ത്യയില്‍ വളര്‍ത്തിവരുന്ന പ്രധാനപ്പെട്ട കോലാടുവര്‍ഗങ്ങള്‍. ഇവയില്‍ 'മലബാറി' എന്ന വര്‍ഗത്തില്‍പെട്ട ആടുകളാണ് കേരളത്തില്‍ ധാരാളമായി കണ്ടുവരുന്നത്. ഇവയെ 'തലശ്ശേരി ആടു'കള്‍ എന്നും പറഞ്ഞുവരുന്നു. ഈ മലബാറി ആടുകള്‍ ശുദ്ധജനുസ്സില്‍​പ്പെട്ടവയല്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അറേബ്യന്‍ വണിക്കുകളോടൊപ്പം കേരളത്തിലെത്തിയ ആടുകളും മലബാര്‍ പ്രദേശങ്ങളിലുണ്ടായിരുന്ന നാടന്‍ ആടുകളും തമ്മില്‍ നടന്ന വര്‍ഗസങ്കലനത്തിന്റെ ഫലമായുണ്ടായ സങ്കരവര്‍ഗമാണ് ഇവയെന്നു കരുതപ്പെടുന്നു.

കണ്ണെയാടുകള്‍ സാധാരണ തമിഴ്നാട്-കേരള അതിര്‍ത്തിയില്‍ കണ്ടുവരുന്ന ചെറിയ ഇനമാണ്. പ്രതികൂല കാലാവസ്ഥയില്‍ വളരാനുള്ള കഴിവ്, ഉയര്‍ന്ന രോഗപ്രതിരോധശേഷി എന്നിവ ഇവയുടെ പ്രത്യേകതയാണ്. കറുപ്പുനിറമുള്ള കണ്ണെയാടുകളുടെ ചെവി നീളമില്ലാത്തതും തൂങ്ങിക്കിടക്കുന്നതുമാണ്.

അങ്കോറ, കാശ്മീരി എന്നീ വര്‍ഗം ആടുകളില്‍നിന്നു കമ്പിളിരോമം ശേഖരിച്ചുവരുന്നതിനാല്‍ കാശ്മീരിലും മറ്റും കമ്പിളി വ്യവസായം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. കാശ്മീരിലെ പര്‍വതപ്രാന്തങ്ങളില്‍ കണ്ടുവരുന്ന കാശ്മീരി ആടുകള്‍ അവയുടെ കമ്പിളിരോമത്തിനു പ്രസിദ്ധിയാര്‍ജിച്ചവയാണ്. അവയില്‍നിന്നും ലഭിക്കുന്ന മൃദുവും നേര്‍ത്തതുമായ കമ്പിളിരോമം 'പഷ്മിന' എന്നപേരില്‍ അറിയപ്പെടുന്നു. ഇന്ത്യന്‍ ഇനങ്ങളെക്കൂടാതെ ആംഗ്ലോനെബിയന്‍, ടോഗന്‍ബര്‍ഗ്, സാനന്‍, അംങ്കോര തുടങ്ങിയ വിദേശ ഇനങ്ങളെയും പാലിനും മാംസത്തിനും വേണ്ടി വളര്‍ത്തിവരുന്നുണ്ട്.

ഒരു നല്ല കറവയാടിന് അതുള്‍​പ്പെടുന്ന ജീനസ്സിന്റെ ലക്ഷണങ്ങളുണ്ടായിരിക്കണം. ജീനസ്സിന്റെ ലക്ഷണങ്ങള്‍ക്കനുഗുണമായ വലുപ്പവും ശരീരദൈര്‍ഘ്യവും വലിയ അകിടും ഉത്തമലക്ഷണങ്ങളാണ്. നല്ല കറവയാടിന്റെ അകിടിനെ ആവരണം ചെയ്യുന്ന ചര്‍മം മൃദുവായിരിക്കും. സ്പര്‍ശനത്തില്‍ അകിടിനാകെ മൃദുത്വം അനുഭവപ്പെടും. അകിടിലെ സിരകള്‍ സുവ്യക്തമായിരിക്കണം. കൂടാതെ കറവയ്ക്കുമുന്‍പ് തടിച്ചുവീര്‍ത്തിരിക്കുന്ന അകിടും മുലക്കാമ്പുകളും കറവയ്ക്കു ശേഷം ചുക്കിച്ചുളിഞ്ഞുവരികയും വേണം. മുട്ടാടിനെ സംബന്ധിച്ചും ജീനസ്സിന്റെ ലക്ഷണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. നല്ല ഓജസ്സും പ്രസരിപ്പും ഉണ്ടാവണം. നീണ്ടു പുഷ്ടിയുള്ള ദേഹം, നല്ല ബലവും നീളവുമുള്ള കാലുകള്‍ എന്നിവ നല്ല ലക്ഷണങ്ങളാണ്. ഏറ്റവും കൂടുതല്‍ പാല്‍ ലഭിക്കുന്നത് സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയായ സാനന്‍ ഇനത്തില്‍ നിന്നാണ്.

ആടിന്റെ ഗര്‍ഭകാലം ശ.ശ. 150 ദിവസമാണ്. എങ്കിലും വര്‍ഷത്തില്‍ ഒരു പ്രാവശ്യം ഇണചേര്‍ക്കുകയാണ് നമ്മുടെ നാട്ടിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യം. ജനു., ഫെ., മാ. മാസങ്ങളില്‍ ആടുകള്‍ പ്രസവിക്കുകയാവും ഉത്തമം. പ്രസവകാലം നിശ്ചയിച്ച് അതിനനുസരണമായ സമയത്ത് ഇണചേര്‍ക്കണം. ആട്ടിന്‍കുട്ടികള്‍ക്ക് കൂടുതല്‍ ഭാരം ഉണ്ടാകുവാനുള്ള സാധ്യത, പച്ചിലകളുടെ ലഭ്യത എന്നിവയാണ് ഈ മാസങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പരിഗണിക്കപ്പെടുന്നത്. പെണ്ണാടുകള്‍ക്ക് 'മദി' (heat) ഉള്ള കാലത്താണ് ഇണചേര്‍​ക്കേണ്ടത്. മൂന്നാഴ്ചയിലൊരിക്കല്‍ മദി ഉണ്ടാവുകയും അത് ഒന്നുരണ്ടു ദിവസത്തേക്കു നീണ്ടുനില്ക്കുകയും ചെയ്യും.

കൂടുതല്‍ ഉത്പാദനക്ഷമതയുള്ള മുട്ടനാടുകളെ വംശോത്പാദനത്തിന് ഉപയോഗപ്പെടുത്തുന്നതിലൂടെ നല്ല വര്‍ഗം ആടുകളെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നു. എപ്പോഴും മുട്ടനാടുകളെ പെണ്ണാടുകളോടൊപ്പം വിടുന്ന സമ്പ്രദായം നന്നല്ല. പശുക്കളിലെന്നപോലെ ആടുകളിലും കൃത്രിമബീജദാനം നടത്താം. മേല്‍ത്തരം മുട്ടനാടില്‍ നിന്നു ശേഖരിക്കുന്ന ബീജം ഗുളിക രൂപത്തിലാക്കിയും സ്ട്രോയിലെടുത്തും ദ്രവനൈട്രജനില്‍ സൂക്ഷിക്കുന്നു. സ്പെക്കുലം എന്ന ഉപകരണം ഉപയോഗിച്ചാണ് കൃത്രിമ ബീജദാനം നടത്തുന്നത്.

ആട്ടിന്‍കുട്ടികളെ ആറാഴ്ചവരെ പാല്‍ കുടിപ്പിച്ചാല്‍ മതിയാവുന്നതാണ്. അതിനുശേഷം അവയെ ഖരാഹാരം കൊടുത്തു വളര്‍ത്താം. ആദ്യം 85 ഗ്രാമില്‍നിന്നാരംഭിച്ച് പ്രായപൂര്‍ത്തിയാവുമ്പോള്‍ 450 ഗ്രാമോളം ആഹാരം നല്കും.

കറവയുള്ള ഒരാടിന്റെ ആഹാരം അതു നല്കുന്ന പാലിന്റെഅളവിനനുസൃതമായി ക്രമീകരിക്കണം. സാധാരണമായി 160 കി.ഗ്രാം തൂക്കമുള്ള ഒരാടിനു ജീവസന്ധാരണത്തിന് ഒരു ദിവസത്തേക്കു 450 ഗ്രാം പാക്യജനകസമ്പന്നമായ ഖരാഹാരം ആവശ്യമാണ്. ഇതോടൊപ്പം പച്ചിലകളും കൊടുക്കണം. ഇതിനുംപുറമേ കറവയാടിന് അര കി.ഗ്രാം പാലിന് 110 ഗ്രാം എന്ന തോതില്‍ പാക്യജനകസമ്പന്നമായ ആഹാരം കൂടുതലായി നല്കുകയും വേണം. 30 ശ.മാ. കടലപ്പിണ്ണാക്ക്, 30 ശ.മാ. തേങ്ങാപ്പിണ്ണാക്ക്, 30 ശ.മാ. എള്ളിന്‍പ്പിണ്ണാക്ക്, 7 ശ.മാ. അരിത്തവിട്, 2 ശ.മാ. ഉപ്പ്, 1 ശ.മാ. ധാതുലവണങ്ങള്‍ എന്നിവയടങ്ങിയ ഒരു ഖരാഹാരമിശ്രം ആടിന് അനുയോജ്യമായ തീറ്റയാണ്. ഒരു സാധാരണ ആടിന് ഏകദേശം 2½ കി.ഗ്രാം പച്ചില വേണം. ആലില, പ്ളാവില, പുല്ല് എന്നിവ ആടുകള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നു.

ഇണചേര്‍ക്കുന്നതിനു രണ്ടുമൂന്നാഴ്ച മുമ്പുമുതല്‍ പെണ്ണാടുകള്‍ക്കു നല്ല പോഷകശക്തിയുള്ള ആഹാരം നല്കുകയാണെങ്കില്‍ പ്രസവത്തില്‍ കൂടുതല്‍ കുട്ടികളുണ്ടാകുമെന്നു ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രകൃത്യാ ആടുകള്‍ അവിടെയുമിവിടെയും ഓടിനടന്ന് പച്ചില തിന്നാന്‍ ഇഷ്ടപ്പെടുന്നു. ആവശ്യമുളളത്ര സ്ഥലമുണ്ടെങ്കില്‍ കെട്ടി മേയിക്കാം; അതിനു സൗകര്യമില്ലെങ്കില്‍ കൂട്ടില്‍തന്നെ കെട്ടിയിടേണ്ടിവരും. അങ്ങനെ ചെയ്യുമ്പോള്‍ പച്ചില ഒരു കെട്ടായി കൂട്ടില്‍ത്തന്നെ ഉയരത്തില്‍ കെട്ടിയിടുന്നതു നന്നായിരിക്കും. തീറ്റയ്ക്കുപുറമേ വെള്ളവും ഇവയ്ക്കു കൂടിയേതീരൂ.

ഒന്നോരണ്ടോ ആടുകള്‍ മാത്രമേയുള്ളുവെങ്കില്‍ അവയ്ക്കു വേണ്ടി വീട്ടിനോടു ചേര്‍ത്ത് ഒരു ചരിപ്പ് (ചാപ്പുകെട്ടി) തീര്‍ക്കുക വിഷമമുള്ള കാര്യമല്ല. ഒരാടിന് ഏകദേശം 4-5 ച.മീ. സ്ഥലം വേണം. ഈ ചരിപ്പ് ഏതാണ്ട് 1 മീ. ഉയരമുള്ള തൂണില്‍ ഉയര്‍ത്തിക്കെട്ടിയതായിരിക്കണം. മുള കൊണ്ടോ മരംകൊണ്ടോ പണിത് മേല്‍ക്കൂര ഓടോ ഓലയോ മേയുകയാണ് നല്ലത്. തറയില്‍ മലവും മൂത്രവും ചോര്‍ന്നു പോകാനാവശ്യമുള്ളത്ര വിടവിട്ട് പലകയടിക്കുകയാണുത്തമം.

ആട്ടിന്‍കുട്ടികളെ ഒന്നിച്ച് ഒരു പ്രത്യേക മുറിയിലിട്ട് വളര്‍ത്തുകയാണ് നല്ലത്. മുട്ടനാടുകളെയും കറവയാടുകളില്‍നിന്ന് അകറ്റി വളര്‍ത്തണം.

ഗര്‍ഭമുളള ആടുകളുടെ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധയാവശ്യമാണ്. അവയെ ഓടിക്കുകയോ അടിക്കുകയോ ചെയ്യരുത്. പ്രസവം അടുക്കുമ്പോള്‍ പെണ്ണാട് ഒരുതരം സംഭ്രമം പ്രകടമാക്കുന്നു; ഒഴിഞ്ഞുമാറി നില്ക്കുവാന്‍ താത്പര്യം കാണിക്കുന്നു. ആ ഘട്ടത്തില്‍ ഭഗത്തില്‍നിന്ന് ഒരുതരം കൊഴുത്ത ദ്രാവകം സ്രവിക്കുന്നതാണ്. പ്രസവലക്ഷണങ്ങള്‍ ആരംഭിച്ച് രണ്ടുമൂന്നു മണിക്കൂറിനകം പ്രസവം നടന്നില്ലെങ്കില്‍ വൈദ്യസഹായം തേടണം. പ്രസവിച്ച് മൂന്നു ദിവസത്തേക്ക് ആടിന്റെ പാല്‍ മഞ്ഞനിറമുള്ളതായിരിക്കും. ഇതു കുട്ടിക്ക് അനുപേക്ഷണീയമായ ഒരാഹാരമാണ്. അതുകൊണ്ട് ആദ്യത്തെ മൂന്നുദിവസം തീര്‍ച്ചയായും ഈ പാല്‍ കുട്ടിക്കു നല്കണം.

രോഗങ്ങള്‍. പൊതുവേ രോഗങ്ങള്‍ കുറഞ്ഞ മൃഗമാണ് ആട്. അടപ്പന്‍, കരിങ്കാല്, കുളമ്പുദീനം, അകിടുവീക്കം (നോ: അകിടുവീക്കം) ആടുവസൂരി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ആടുകളെ ബാധിക്കാറുണ്ട്. പകരുന്ന പ്യൂറോന്യുമോണിയ ആടുകളെ സംബന്ധിച്ച് ഗുരുതരമായ മറ്റൊരു രോഗമാണ്. പരജീവികളും ധാരാളമായി ആടുകളെ ബാധിക്കാറുണ്ട്. നാടവിര, ലിവര്‍ഫ്ലൂക്ക് തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. പലതരം പ്രോട്ടോസോവകളും കോക്സീഡിയകളും ആര്‍ത്രോപ്പോഡുകളും ആടുകളില്‍ പരജീവികളായി കഴിയുന്നുണ്ട്.

വിതരണം (Distribution). മേച്ചില്‍സ്ഥലങ്ങളും കാലാവസ്ഥയും ആടുവളര്‍ത്തലിനെ നിയന്ത്രിക്കുന്ന രണ്ടു പ്രധാന ഘടകങ്ങളാണ്. കൊടിയ തണുപ്പോ വലിയ ചൂടോ താങ്ങാന്‍ ഇവയ്ക്കു കഴിവു കുറവാണ്.

1950-കളുടെ മധ്യത്തില്‍ ആസ്റ്റ്രേലിയയിലെ ആടുകളുടെ ആകെ സംഖ്യയില്‍ പത്തു ശതമാനത്തോളം ആസ്റ്റ്രേലിയയുടെ വടക്കന്‍ ഭാഗങ്ങളില്‍ ആയിരുന്നതായി കണക്കുകള്‍ വെളിവാക്കുന്നു. ഇതില്‍ മുക്കാല്‍പങ്കും മെറിനോ ഇനമായിരുന്നു. ചൂടുകൂടിയ പ്രദേശങ്ങളില്‍ കാണപ്പെടുന്ന അപൂര്‍വമായ വന്ധ്യതയൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങളൊന്നും ഇവയെ സംബന്ധിച്ചില്ലായിരുന്നു. രണ്ടാം ലോകയുദ്ധത്തിനു മുന്‍പുണ്ടായിരുന്നതിന്റെ 22 ശതമാനത്തോളം ആടുകള്‍ ഈ കാലത്ത് വര്‍ധിക്കുകയുണ്ടായി. റഷ്യയിലും ആസ്റ്റ്രേലിയയിലും ആയിരുന്നു കൂടുതല്‍ വര്‍ധനവുണ്ടായത്. വ. അമേരിക്കയിലാകട്ടെ 35 ശ.മാ. കുറയുകയായിരുന്നു. ആടുകളെ വളര്‍ത്തുന്നതിലുള്ള പ്രയാസമാണ് ഈ കുറവിനു കാരണമെന്നു കരുതപ്പെടുന്നു.

അജോത്പന്നങ്ങള്‍. അജോത്പന്നങ്ങളില്‍ കമ്പിളിക്കാണ് ഇന്ന് പ്രമുഖസ്ഥാനം. അജമാംസവും അപ്രധാനമല്ലാത്ത ഒരു സ്ഥാനം വഹിക്കുന്നു. ആടില്‍നിന്നും ലഭിക്കുന്ന മറ്റൊരു ആദായമാണ് പാല്‍. ഇവകൂടാതെ ആടുകളില്‍നിന്നും കിട്ടുന്ന ഒരു പ്രധാനോത്പന്നമാണ് തുകല്‍ (pelt). രോമം നീക്കംചെയ്തു കഴിഞ്ഞ ഈ തുകല്‍ ഊറയ്ക്കിട്ടശേഷം അപ്ഹോള്‍സ്റ്ററി, ബുക്ക് ബൈന്‍ഡിംഗ്, കൈയുറകള്‍, ഷൂസിന്റെ മുകള്‍ഭാഗം തുടങ്ങി പലതിനുമായി ഉപയോഗിച്ചുവരുന്നു. രോമത്തോടുകൂടിയ തുകല്‍ രോമക്കുപ്പായങ്ങളുടെ നിര്‍മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തുവാണ്.

ആടിന്റെ ഹൃദയം, കരള്‍, വൃക്ക തുടങ്ങി പല ഭാഗങ്ങളും മനുഷ്യന്‍ ഭക്ഷണമായി ഉപയോഗിക്കുന്നു. ചില അന്തഃഗ്രന്ഥികള്‍ക്ക് ഔഷധോപയോഗവുമുണ്ട്. ആടിന്റെ ചെറുകുടലിന് അന്താരാഷ്ട്ര 'സോസേജ്' വാണിജ്യത്തില്‍ത്തന്നെ ഒരു പ്രധാനസ്ഥാനമുളളതായി കാണാം. ശസ്ത്രക്രിയയില്‍ തുന്നലുകള്‍ക്കും, തന്തുവാദ്യങ്ങളിലെ തന്തികള്‍ക്കും മറ്റും ആവശ്യമായ 'ക്യാറ്റ്ഗട്ട്' നിര്‍മാണത്തിനും ഇതുപയോഗിക്കപ്പെടുന്നു. 'ലനോളിന്‍' എന്നറിയപ്പെടുന്ന രോമക്കൊഴുപ്പ് (wool greaze) ഒരു നല്ല ഉപാഞ്ജനതൈല(lubricant) മാണ്. ഓയിന്റ്മെന്റുകളും വാസനദ്രവ്യങ്ങളും ഉണ്ടാക്കുന്നതില്‍ ഈ രോമക്കൊഴുപ്പ് ഒരു പ്രധാന ഘടകമാണ്. ആട്ടിന്‍കൊഴുപ്പ് ഭക്ഷ്യസാധനമായും അല്ലാതെയും ഉപയോഗിക്കപ്പെട്ടുവരുന്നു. ആട്ടിന്‍ കാഷ്ഠം അതേ രൂപത്തിലും മണ്ണിര കമ്പോസ്റ്റാക്കിയും വളമായുപയോഗിക്കുന്നു.

മെറിനോ ഇനത്തിന്റെ കാര്യത്തില്‍ കമ്പിളിയില്‍നിന്നുള്ള വാര്‍ഷികാദായം മാംസത്തിനായി വളര്‍ത്തുന്ന ആട്ടിന്‍കുട്ടികളില്‍ നിന്നുള്ളതിനെക്കാള്‍ കൂടുതലായിരിക്കുകയേയുള്ളു. എന്നാല്‍ ബ്രിട്ടീഷ് ദ്വീപുകളില്‍ ജന്‍മമെടുത്ത 'ഡൗണ്‍ ബ്രീഡു'കളില്‍ മിക്കവയും കമ്പിളിയുത്പാദനത്തെക്കാള്‍ മാംസോത്പാദനത്തില്‍ മുന്നിട്ടുനില്ക്കുന്നു. നോ: ആട്

(ഡോ. ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍